ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ദൂഷ്യം എന്താണ്? – സണ്ണി ജേക്കബ്

ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഏറ്റവും വലിയ ദൂഷ്യം എന്താണ്?  – സണ്ണി ജേക്കബ്

ഏറെക്കാലമായി എന്റെ മനസ്സിനെ ഗ്രസിച്ചിരുന്ന ഒരു പ്രശ്‌നമാണിതെങ്കിലും വ്യക്തമായ നിഗമനങ്ങളിലെത്തിച്ചേരാനായി ഞാന്‍ ഇന്നും ബുദ്ധിമുട്ടുകയാണ്. വിദ്യാഭ്യാസം ലഭിച്ച ഒരു സമൂഹത്തിന്റെയോ ദേശത്തിന്റെയോ അടയാള ങ്ങളല്ലാത്ത വളരെ കാര്യങ്ങള്‍ ഇവിടെ കാണുമ്പോള്‍, ഈ ചോദ്യം എന്നെ ഇപ്പോള്‍ കൂടുതല്‍ അലട്ടിക്കൊണ്ടിരിക്കുന്നു.


വിദ്യാഭ്യാസം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം എന്താണെന്നു കണ്ടെത്തുവാന്‍ പോലും നമുക്ക് സാധിച്ചിട്ടില്ലെന്നു വേണം കരുതാന്‍. നമ്മുടെ സമൂഹത്തിലെ സംവിധാനങ്ങളെല്ലാം നമ്മുടെ മനസ്സിന്റെ അനന്തമായ സാധ്യതകളെയെല്ലാം പരിമിതപ്പെടുത്തുകയാണ് ചെയ്തത്. ഉയര്‍ന്നത്, താഴ്ന്നത്, സമ്പന്നര്‍, ദരിദ്രര്‍, ഭൂരിപക്ഷം, ന്യൂനപക്ഷം, പുരുഷന്‍, സ്ത്രീ എന്നിങ്ങനെയുള്ള പഴയ മനസ്ഥിതി തന്നെയാണ് ഇന്നും നമ്മെ അഭിഗമിക്കുന്നത്. മനുഷ്യത്വത്തിന്റെ  ഗുണങ്ങള്‍ എല്ലാം ഏതാണ്ട് മരിച്ചുകഴിഞ്ഞു. ഇത്തരം ഇടുങ്ങിയ കാഴ്ച്ചപ്പാടിന്റെ പ്രിസത്തിലൂടെയാണ് നാം എല്ലാറ്റിനെയും നോക്കിക്കാണുന്നത്. ഈ മാതൃക തകര്‍ത്തുകൊണ്ട് ലോകത്തെ പരിവര്‍ത്തിപ്പിക്കുന്നവര്‍ എത്രയോ വിരളമാണ്. ഇക്കാര്യത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തിന് യാതൊരു പങ്കുമില്ലേ?


നമ്മുടെ വിദ്യാഭ്യാസത്തെക്കുറിച്ചു ചിന്തിക്കുമ്പോള്‍ എനിക്ക് വളരെ സങ്കടമുണ്ട്. ഈ പ്രപഞ്ചം ഒരു കുടുംബമാണെന്ന ചിന്ത നമ്മുടെ കുട്ടികളില്‍ വളര്‍ത്താന്‍ നമുക്കായില്ല. പക്വത പ്രാപിക്കുന്ന രീതിയിലുള്ള വിദ്യാഭ്യാസം അവര്‍ക്കു നല്‍കുന്നതിലും നാം പരാജയപ്പെട്ടു. മനുഷ്യത്വം നിറഞ്ഞ ഹൃദയമുള്ള നേതാക്കളായി അവരെ വളര്‍ത്തിയെടുക്കുന്നതിലും നാം വിജയിച്ചില്ല. നമ്മുടെ കുടുംബങ്ങളെയും സമൂഹത്തെയും സ്‌നേഹിക്കണമെന്നു നമ്മുടെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതില്‍ നാം പരാജയപ്പെട്ടു. അഴിമതി നമ്മുടെ സമൂഹഗാത്രത്തിലെ അര്‍ബുദമാണെന്നു അവരോടു പറയുന്നതിലും നാം പരാജിതരായി.


വിദ്യാഭ്യാസമുള്ളവരെന്നു കരുതപ്പെടുന്ന വ്യക്തികള്‍ ദിനംപ്രതി ടെലിവിഷനിലൂടെ വിഷം ചീറ്റുന്നതു ഞാന്‍ കാണുന്നു. പൗരനെന്ന അന്തസ്സോടെ ഒരിടത്തും ജീവിക്കാന്‍ അനുവദിക്കുകയില്ലായെന്ന തരത്തില്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ ഭീഷണി മുഴക്കുന്ന, ദശലക്ഷക്കണക്കിനാളുകളെ വെല്ലുവിളിക്കുന്ന, ഉത്തരവാദിത്വപ്പെട്ട നേതാക്കളെയും കാണാം. മൃഗീയകൊലപാതകങ്ങളില്‍ ഏര്‍പ്പെടുകയും വിവിധ തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കു കൂട്ടുനില്‍ക്കുകയും ചെയ്യുന്ന അഭ്യസ്തവിദ്യരായ ആള്‍ക്കാരും ഉണ്ട്. ജാതിമതചിന്തകള്‍ക്കതീതമായി ചിന്തിക്കുന്ന, പ്രണയിക്കുന്ന കാമുകീകാമുകന്മാരെ ദുരഭിമാനക്കൊല നടത്തുന്നതും നാം കാണുന്നു. എന്നിട്ടും നാം നമ്മെ വിദ്യാസമ്പന്നരെന്നു സ്വയം വിളിക്കുന്നു!


ഏതുവിധേനയും കൂടുതല്‍ പണം സമ്പാദിക്കാനുള്ള ഭ്രാന്തുപിടിച്ച ഓട്ടവും ഞാന്‍ കാണുന്നു. അത്തരക്കാരില്‍ മറ്റുള്ളവരേക്കുറിച്ചുള്ള യാതൊരു കരുതലോ പരിഗണനയോ ഇല്ല. വിദ്യാസമ്പന്നരായ ഉദ്യോഗസ്ഥര്‍ അഴിമതി നടത്തുന്നത് നമ്മുടെ വിദ്യാഭ്യാസത്തിനു തന്നെ ഒരു തീരാകളങ്കമാണ്.


വിദ്യാസമ്പന്നരായ യുവതീയുവാക്കള്‍ വിവാഹിതരാവുകയും നിസ്സാരകാര്യങ്ങളുടെ പേരില്‍ ഒട്ടും വൈകാതെ വിവാഹമോചനം നേടുകയും ചെയ്യുന്നു. ചെറിയ ബുദ്ധിമുട്ടുകള്‍പോലും നേരിടാനോ സഹിക്കാനോ അവര്‍ക്കാകുന്നില്ല. ബിരുദധാരികള്‍പോലും യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ ദൈനംദിന ജീവിതം നയിക്കാന്‍ കഴിയാത്തവരാണ്. ഭരണഘടനാ മൂല്യങ്ങള്‍ക്ക് അപചയം സംഭവിക്കുന്നതുപോലെതന്നെ കുടുംബത്തെക്കുറിച്ചുള്ള മൂല്യസങ്കല്‍പ്പങ്ങളും തകര്‍ന്നടിയുന്ന കാഴ്ചയാണിന്ന്. അധരവ്യായാമവും പുരപ്പുറ വാചകകസര്‍ത്തും സംസ്‌കാരസമ്പന്നമായ ഒരു സമൂഹത്തിന്റെ അടയാളമല്ല.


മനുഷ്യജീവിത യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് നമ്മുടെ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതില്‍ നാം പരാജയമടഞ്ഞു. ഉന്നതവിദ്യാഭ്യാസമുളള എത്രയോ  എഞ്ചിനീയറിംഗ്, എംബിഎ ബിരുദധാരികള്‍ തങ്ങളെക്കുറിച്ചുമാത്രം വേവലാതിപ്പെടുന്നവരാണ്. സുഖസൗകര്യങ്ങള്‍ നമുക്കു വേണം. അതേസമയം, ജീവിതത്തിലെ ചില ബുദ്ധിമുട്ടുകളും അസൗകര്യങ്ങളും ഒക്കെ സഹിക്കാനും അവയെ തരണം ചെയ്യാനും നാം പഠിക്കണം. ജീവിതം എപ്പോഴും ഒരു പുഷ്പമെത്തയല്ലായെന്ന ചിന്ത ഉണ്ടാവണം. വേദനയും സഹനവും ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും ഒരാളുടെ ജീവിതത്തിന്റെ ഭാഗമാണെന്നും രോഗവും ആരോഗ്യവും മനുഷ്യന്റെ അസ്തിത്വത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയണം.


അരികുവത്കരിക്കപ്പെട്ടവരോട് സഹാനുഭൂതിയുള്ള വ്യക്തികളേക്കാള്‍, ബുദ്ധിരാക്ഷസന്‍മാരെയാണ് നമ്മുടെ വിദ്യാഭ്യാസം സൃഷ്ടിക്കുന്നത്. ചുറ്റുപാടും ഉള്ള ക്രൂരകൃത്യങ്ങള്‍ ചെയ്തുകൂട്ടുന്നത് വിദ്യാഭ്യാസമില്ലാത്തവരും, നിരക്ഷരരായവരും മാത്രമല്ല എന്നതും ഒരു വസ്തുതയാണ്.