കഥയും കാര്യവും – ഗ്രേസി

കഥയും കാര്യവും  – ഗ്രേസി

ഫെമിനിസത്തെക്കുറിച്ചുള്ള തീവ്രവാദപ്രതിവാദങ്ങളൊക്കെ മിക്കവാറും അസ്തമിച്ചുകഴിഞ്ഞു. ഫെമിനിസം ഹ്യൂമനിസത്തിന്റെ ഒരു കൈവഴിയാണെന്ന ഉള്‍ക്കാഴ്ചയില്ലാതെയാണ് പലരും ഈ വിഷയത്തെ സമീപിച്ചത്. സ്ത്രീസ്വാതന്ത്ര്യം പുരുഷന് എതിരാണെന്ന് ആരോപിക്കുന്നത് സമൂഹത്തിന്റെ പൊതുസ്വഭാവമാണ് താനും. അതുകൊണ്ടുതന്നെ എഴുത്തുകാരികളുടെ രചനകളെ പ്രാന്തവല്‍ക്കരിക്കാനുള്ള ശ്രമം നടക്കാറുണ്ട്. ചിലരെ തിരഞ്ഞുപിടിച്ച് ഫെമിനിസത്തിന്റെ ആണിയടിച്ചിരുത്തി ബാധയൊഴിപ്പിക്കാനുള്ള നീക്കവും നടന്നിട്ടുണ്ട്. ഇത് കണ്ടറിഞ്ഞ ചിലരെങ്കിലും തങ്ങള്‍ വെറും പെണ്ണെഴുത്തുകാരികളല്ലെന്ന് തുറന്നടിക്കാനും തയ്യാറായി. ഈ കോലാഹലങ്ങള്‍കൊണ്ട് ഒരു ഗുണഫലമുണ്ടായി. കെ. സരസ്വതിയമ്മ എന്ന എഴുത്തുകാരി ഉയിര്‍ത്തെഴുന്നേറ്റു. എഴുതിയിരുന്നകാലത്ത് സരസ്വതിയമ്മ തമസ്‌കരിക്കപ്പെടുകയാണുണ്ടായത്. എഴുത്ത് നിര്‍ത്തിയതോടെ അവര്‍ പൂര്‍ണമായും വിസ്മരിക്കപ്പെടുകയും ചെയ്തു. 1975-ലാണ് സരസ്വതിയമ്മ അന്തരിച്ചത്. അവരുടെ മരണം തീരെ ചെറിയ ഒരു വാര്‍ത്തയായിരുന്നു. പാല്‍ക്കുളങ്ങര കെ. സരസ്വതിയമ്മ (റിട്ട. ലോക്കല്‍ഫണ്ട് ഇന്‍സ്‌പെക്ടര്‍) ജനറല്‍ ഹോസ്പിറ്റലില്‍വച്ച് നിര്യാതയായി എന്ന് മാത്രമായിരുന്നു ആ വാര്‍ത്ത. ഒട്ടേറെ കഥകളും ലേഖനങ്ങളും ഒരു നോവലും ഒരു നാടകവുമൊക്കെ എഴുതിയ സരസ്വതിയമ്മ എഴുത്തുകാരിയാണെന്നുള്ള സൂചനപോലും ആ ചരമവാര്‍ത്തയിലെവിടേയും ഉണ്ടായിരുന്നില്ല. സാഹിത്യത്തിലും ജീവിതത്തിലും കെ. സരസ്വതിയമ്മ സ്വീകരിച്ച ഉറച്ച ചില നിലപാടുകള്‍മൂലം സമകാലികരായ നിരൂപകര്‍ക്ക് അവര്‍ അനഭിമതയായിത്തീര്‍ന്നിരുന്നു എന്നുവേണം അനുമാനിക്കാന്‍.


സ്ത്രീ സുന്ദരിയും ബുദ്ധിമതിയും ആരേയും കൂസാത്തവളും ആകുമ്പോള്‍ അധികമായി ചാര്‍ത്തിക്കിട്ടുന്ന ഒരു ബഹുമതിയാണ് പുരുഷവിരോധി എന്നത്. സരസ്വതിയമ്മയ്ക്കും അങ്ങനെയൊരു ബഹുമതി കിട്ടിയിട്ടുണ്ട്. പക്ഷേ, അവരുടെ കഥകള്‍ സമഗ്രമായി പരിശോധിക്കുമ്പോള്‍ മനസ്സിലാവും സ്ത്രീക്ക് ആത്മബലമുണ്ടാകേണ്ടതിന്റെ ആവശ്യകതയില്‍ ഊന്നുന്നതോടൊപ്പംതന്നെ പുരുഷനേയും അനുതാപത്തോടെ സരസ്വതിയമ്മ പരിഗണിച്ചിരുന്നു എന്ന്. സരസ്വതിയമ്മയ്ക്ക് കഥ ജീവല്‍പ്രധാനമായ ഒന്നായിരുന്നു. തന്റെ ഉള്ളിലുള്ള ആശയങ്ങളേയും ആദര്‍ശങ്ങളേയും വിശ്വാസങ്ങളേയും ആവിഷ്‌കരിക്കാനുള്ള ഉപകരണം കഥയായിരുന്നു. ആ ലക്ഷ്യം നിറവേറ്റാനുള്ള ശ്രമത്തില്‍ അവരുടെ കഥ പലപ്പോഴും സംവാദമോ ഉപന്യാസമോ പോലെയായിത്തീര്‍ന്നു. കഥയെ കഥയുടെ പാട്ടിനുവിടാതെ തെളിച്ചുകൊണ്ടുപോകുന്ന ഒരു പ്രതീതി ഉണ്ടായതും മറ്റൊന്നുകൊണ്ടുമല്ല. ‘ഈശ്വരന്റെ കൈയില്‍’ എന്ന കഥ ഒരുദാഹരണമാണ്. അതീവ നിഷ്‌ക്കളങ്കമയയായ ഒരു സ്ത്രീയുടെ മാനസികനില തെറ്റിപ്പോകുന്നതാണ് കഥാതന്തു. കഥ ഹൃദ്യമായി പറഞ്ഞിട്ടുണ്ട്. പക്ഷേ, അവസാനത്തെ രണ്ട് വാചകങ്ങള്‍ കഥാകൃത്തിന്റെ ഇടപെടലിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ്. ചില ചിത്രങ്ങള്‍ എന്ന കഥ മറ്റൊരുദാഹരണമാണ്. ഒരു കഥ വായിച്ചുതീരുമ്പോള്‍ വായനക്കാരുടെ ഉള്ളില്‍ ഉരുത്തിരിഞ്ഞ് വരേണ്ട ചില ചിന്തകളുണ്ട്. എന്നാല്‍ അവര്‍ക്ക് അതിനവസരം കൊടുക്കാതെ കഥാകാരിതന്നെ അതങ്ങ് പൂരിപ്പിച്ചുകളയും. ഈ ഗണത്തില്‍പെടുത്താവുന്ന കുറേ കഥകള്‍ സരസ്വതിയമ്മയുടേതായിട്ടുണ്ട്.


അതുകൊണ്ട് സരസ്വതിയമ്മ ഒരു മികച്ച കഥാകൃത്തല്ല എന്ന് സ്ഥാപിക്കാനാവുകയില്ല. കാരണം, അതിമനോഹരമായ ചില കഥകള്‍ അവരുടെ രചനാശേഖരത്തിലുണ്ട്. പൊന്നുംകുടം, പുസ്തകപ്രേമം, ചോലമരങ്ങള്‍ എന്നിങ്ങനെ ഒട്ടേറെ കഥകള്‍ അതിമനോഹരമായ ആവിഷ്‌കാര രീതികൊണ്ട് അവിസ്മരണീയമാക്കാന്‍ സരസ്വതിയമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ജഗല്‍ക്കര്‍ത്താവ് പ്രപഞ്ചപ്രവാഹത്തിലേക്ക് അലക്ഷ്യമായിട്ടെറിഞ്ഞ രണ്ട് കൃഷ്ണകുസുമങ്ങളായ കരിമന്റേയും വള്ളിയുടേയും കഥയാണ് പൊന്നുംകുടം. ഇരുവരുടേയും അമ്മമാര്‍ കൂട്ടുകാരികളായിരുന്നെങ്കിലും കരിമന്‍ മീന്‍പിടിക്കാനിറങ്ങുകയും വള്ളി സ്‌കൂളില്‍ പോകാന്‍ തുടങ്ങുകയും ചെയ്തതോടെ അവരുടെ ജീവിതവഴികള്‍ വേര്‍പിരിഞ്ഞു. വല വീശുമ്പോള്‍ ഒരു പൊന്നുംകുടം കിട്ടുമെന്നും അപ്പോള്‍ വള്ളിയെ വിവാഹം ചെയ്യാനാവുമെന്നും കരിമന്‍ വിശ്വസിച്ചു. പക്ഷേ, പൊന്നുംകുടം കരിമന്റെ വലയില്‍ കുടുങ്ങുകയുണ്ടായില്ല. വള്ളിക്ക് വേറെ വിവാഹം നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ വിവാഹത്തലേന്ന് ഒരു മണ്‍കുടം നാടകൊണ്ട് സ്വന്തം കഴുത്തില്‍ ബന്ധിച്ച് വള്ളി പുഴയിലേക്കിറങ്ങിപ്പോയി. കരിമന്റെ വലയില്‍ കുടത്തോടൊപ്പം വള്ളിയുടെ മൃതശരീരവും കുടുങ്ങുമ്പോഴാണ് കഥയിലെ പൊന്നുംകുടം അര്‍ത്ഥവത്തായ ഒരു പ്രതീകമായി മാറുന്നത്. ഇതൊരു പൈങ്കിളി പ്രണയകഥയാവാതെ പോയത് സരസ്വതിയമ്മയുടെ സവിശേഷമായ രചനാരീതികൊണ്ടാണ്. സരസ്വതിയമ്മയുടെ ഏറ്റവും മികച്ച കഥ ചോലമരങ്ങളാണെന്ന് നിസ്സംശയം പറയാം.