മലയാഴ്മയുടെ ജോര്ജ്മാത്തനച്ചന് – പ്രഫ. എം. കൃഷ്ണന്‍നമ്പൂതിരി
മലയാളഭാഷയുടെ ആധുനികീകരണത്തിനു തുടക്കംകുറിച്ച മാതൃഭാഷാ പ്രണയി, ശാസ്ത്രീയമായി തയ്യാറാക്കിയ പ്രഥമ മലയാള വ്യാകരണഗ്രന്ഥത്തിന്റെ കര്‍ത്താവ്, ആദ്യ മലയാളി പത്രാധിപര്‍, ക്രിസ്തുമത പരിഷ്കരണങ്ങളുടെ സമാരംഭകന്‍, സി.എം.എസ്. സഭയിലെ ആദ്യമലയാളി പുരോഹിതന് തുടങ്ങിയ സ്ഥാനബഹുമതികള്ക്കര്ഹനായ റവ. ജോര്‍ജ് മാത്തന്റെ ഇരുനൂറാം ജന്മവാര്ഷികമായിരുന്നു 2019 സെപ്റ്റംബര്‍ 25. റവ. ജോര്‍ജ് മാത്തന്റെ ഭാഷാ സാഹിത്യ സേവനങ്ങള്‍ അനുസ്മരിക്കപ്പെടുകയാണ് ഇവിടെ.
ചരിത്രത്തില്‍ അര്‍ഹിക്കുന്ന വിധത്തില്‍ വേണ്ടത്ര ആഴത്തില്‍, അടയാളപ്പെടാതെ പോകുന്ന ചില മഹത് വ്യക്തിത്വങ്ങളുണ്ട്. സങ്കുചിതമായ ചില പരിഗണനകളും താത്പര്യങ്ങളും മുന്‍നിര്‍ത്തി ചിലരെ മഹത്വവത്കരിച്ചും മറ്റു ചിലരെ തമസ്കരിച്ചും ചിത്രീകരിക്കുന്ന രീതി ചരിത്രത്തിന്റെ വൈരുദ്ധ്യമായി കണ്ടാല്‍ മതി. മലയാള ഭാഷയ്ക്കും സാഹിത്യത്തിനുംവേണ്ടി അഹോരാത്രം പരിശ്രമിച്ച റവ. ജോര്‍ജ് മാത്തന് അത്തരത്തില്‍ തമസ്കരണം ഏറ്റുവാങ്ങിയ വ്യക്തിയാണെന്നു പറയേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഇരുനൂറാം ജന്മവാര്ഷികത്തിലും കാര്യഗൗരവമുള്ള പരിപാടികള്‍ സംഘടിപ്പിച്ച് അദ്ദേഹത്തിന്റെ ഭാഷാസേവനങ്ങളെ പുതുതലമുറയ്ക്ക് പരിചിതമാക്കാന് നമ്മുടെ സാഹിത്യസാംസ്കാരിക സ്ഥാപന ങ്ങള് തയ്യാറാകുന്നില്ല എന്നത് ഖേദകരമാണ്. ഭരണത്തിന്റേയും അധ്യയനത്തിന്റെയും പരീക്ഷകളുടെയും കോടതിവ്യവഹാരങ്ങളുടെയും മാധ്യമം മലയാളമാകണമെന്ന് വാദിക്കുന്ന സമകാലികതയില്‍ മാത്തനച്ചന്റെ ഏതത് വിഷയകമായ സേവനങ്ങളും കര്‍മപദ്ധതികളും പ്രത്യേകം പഠിക്കപ്പെടേണ്ടതാണ്.
ലഘുജീവചരിത്രവും ജീവിതവൃത്തിയും
ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ കിഴക്കേതലയ്ക്കല്‍ മാത്തന് തരകന്റെയും പുത്തന്‍വീട്ടില്‍ അന്നാമയുടെയും മകനായി 1819 സെപ്റ്റംബര്‍ 25ന് ജോര്‍ജ് മാത്തന് ജനിച്ചു. മാത്തന് ജനിക്കുന്നതിനു മുമ്പുതന്നെ പിതാവ് മരണപ്പെട്ടതിനാല്‍ പിതൃസഹോദരനായ കുര്യന് കത്തനാരാണ് രക്ഷാകര്‍ത്താവായത്. ജോര്‍ജ് മാത്തനെ വൈദികവൃത്തിയിലേക്കു നയിച്ചതും ഈ കുര്യന് കത്തനാരായിരുന്നു. കോട്ടയം പഴയ സെമിനാരിയില്‍ ചേര്‍ന്ന് ഇംഗ്ലീഷ്, ഗ്രീക്ക്, സംസ്കൃതം ഭാഷകള്‍ പഠിച്ചു. അക്കാലത്ത് ബെഞ്ചമിന്‍ ബെയ്ലി, ഫെന്‍, ബേക്കാര് തുടങ്ങിയ മിഷനറി പ്രവര്‍ത്തകരുമായി മാത്തന് പരിചയപ്പെടുകയുണ്ടായി. 1937ല്‍ മദിരാശിയില്‍ ഉപരിപഠനത്തിനുപോവുകയും ഗണിതം, തത്ത്വശാസ്ത്രം തുടങ്ങിയ വൈജ്ഞാനിക വിഷയങ്ങളിലും ലാറ്റിന്‍ ഭാഷയിലും പ്രാവീണ്യം നേടുകയും ചെയ്തു. 1844 ജൂണ്‍ മാസത്തില്‍ വൈദികപട്ടം സ്വീകരിച്ച് മാവേലിക്കരയില്‍ വൈദികനായി സേവനം ആരംഭിച്ചു. തുടര്‍ന്ന് 1840 മുതല്‍ 1860 വരെയുള്ള 15 വര്‍ഷക്കാലം മല്ലപ്പള്ളിയില്‍ വൈദികവൃത്തി അനുഷ്ഠിച്ചു. സാമൂഹികസേവനത്തിലും സഭാപ്രവര്‍ത്തനങ്ങളിലും ഭാഷാസാഹിത്യപ്രവര്ത്തനങ്ങളിലും ഒരുപോലെ വ്യാപൃതനായി റവ. ജോര്‍ജ് മാത്തന്. തന്റെ കര്മണ്ഡലത്തെ സാര്‍ത്ഥകമാക്കുകയായിരുന്നു മല്ലപ്പള്ളിയിലെ ജീവിതത്തിലൂടെ. മല്ലപ്പള്ളിയിലെവിടെയും അദ്ദേഹത്തിനുണ്ടായിരുന്ന സ്വാധീനവും അംഗീകാരവും വെളിപ്പെടുത്തുന്നതാണ് ‘മല്ലപ്പള്ളീലച്ചന്‍’ എന്ന വിളിപ്പേര്. ഈ കാലഘട്ടത്തില്‍ത്തന്നെ വിദ്യാസംഗ്രഹം, ജ്ഞാനനിക്ഷേപം എന്നീ മാസികകളുടെ പത്രാധിപത്യവും ജോര്‍ജ് മാത്തന് വഹിക്കുകയുണ്ടായി.
ഭാഷാസാഹിത്യ സംഭാവനകള്‍
വൈദികവൃത്തിക്കൊപ്പംതന്നെ ഭാഷ, സാഹിത്യം, പൊതുവിജ്ഞാനം, സാമൂഹികപ്രവര്‍ത്തനം എന്നിവയ്ക്കുകൂടി സമര്‍പ്പിച്ച ജീവിതമായിരുന്നു ജോര്‍ജ് മാത്തന്റേത്. മാതൃഭാഷയായ മലയാഴ്മയിലും അതിന്റെ പ്രയോഗഭേദങ്ങളിലും സവിശേഷതാത്പര്യം മാത്തനച്ചന് എല്ലാക്കാലത്തും പ്രകടിപ്പിച്ചിരുന്നു. ഒരു പ്രഭാഷകന്‍ എന്ന നിലയില്‍ വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ അനവധി വേദികളില്‍ അദ്ദേഹം പ്രാസംഗികനായി ക്ഷണിക്കപ്പെട്ടിരുന്നു. പ്രസംഗത്തിനായി എത്തിച്ചേരുന്ന പ്രദേശങ്ങളിലെ വ്യാവഹാരിക മലയാളം അച്ചന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ശുദ്ധമലയാളത്തില്‍ ഏതു ഗൗരവപ്പെട്ട വിഷയവും കൈകാര്യം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും കഴിവുമാണ് നവീനമലയാള ഗദ്യത്തെ രൂപപ്പെടുത്തിയത്. ആധുനിക മലയാള ഗദ്യത്തിന്റെ പിതാവായി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാനെയാണ് സുകുമാര്‍ അഴീക്കോട് അടക്കമുള്ളവര്‍ വിശേഷിപ്പിക്കുന്നത്. ഇതിനെ ചോദ്യം ചെയ്യാനും തിരുത്താനും പ്രേരിപ്പിക്കുന്നതാണ് ജോര്‍ജ് മാത്തന്റെ ഗദ്യരചനകളും പ്രഭാഷണങ്ങളുമെന്ന് ഇന്ന് തിരിച്ചറിയുന്നു.