ഗോത്രകലകളില്‍ വിരിയുന്ന പ്രപഞ്ചദര്‍ശനം – ഡോ. ജോര്‍ജ്ജ് തേനാടികുളം

ഗോത്രകലകളില്‍ വിരിയുന്ന പ്രപഞ്ചദര്‍ശനം – ഡോ. ജോര്‍ജ്ജ് തേനാടികുളം

ജീവിതത്തെ ആഘോഷമാക്കാന്‍ മറന്നുപോകാത്തവര്‍; അതിമോഹങ്ങളില്ലാത്ത, മത്സരമില്ലാത്ത, നാളെയെക്കുറിച്ച് പ്രതീക്ഷയുള്ള ഒരു ജനത. ജീവിതത്തെ ധനാത്മകമായി കാണാന്‍ അവര്‍ക്കു സാധിക്കുന്നു. ‘നല്ലതുവരും’, ‘തെറ്റുവരില്ല’ ‘എല്ലാം നല്ലതിനാണ്’ തുടങ്ങിയ ആശ്വാസവാക്കുകളാണ് ഊരുമൂപ്പന്മാരുടെ നാവില്‍ എപ്പോഴും വിരിയുന്നത്.


ഗോത്രജനതയുടെ ജീവിതത്തില്‍ നിന്ന്, അവരുടെ ഭാവനയില്‍ വിരിയുന്ന ലളിതവും സുന്ദരവുമായ ആവിഷ്‌ക്കാരങ്ങളാണ് ഗോത്രകലകള്‍. സരളമായ പ്രതിപാദനം, ജീവിതഗന്ധിയായ ഇതിവൃത്തങ്ങള്‍, കൂട്ടായ്മയുടെ അവതരണം, പ്രേക്ഷകപങ്കാളിത്തം, നാട്ടുഭാഷ, പ്രകൃതിയുമായുള്ള ആത്മബന്ധം എന്നിവയില്‍ ഗോത്രകലകള്‍ സമ്പന്നവും ജീവിതഗന്ധിയുമാണ്. സംഗീത-നൃത്ത-നാടക വിഭാഗങ്ങളിലുള്ള ഗോത്രകലകളെ രണ്ടുതരമായി തിരിക്കാവുന്നതാണ് : അനുഷ്ഠാനകലകളും അനുഷ്ഠാനേതര കലകളും. ജനനം, വിവാഹം, മരണം, മരണാനന്തരജീവിതം തുടങ്ങിയ എല്ലാ ജീവിതചക്രാചാരങ്ങളിലും (life cycle cermonies) അനുഷ്ഠാന കലകള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുണ്ട്. ഗോത്രകലകളുടെ ഉത്ഭവം തന്നെ ഒരു സമൂഹത്തിന്റെ ആചാരാനുഷ്ഠാനാവശ്യങ്ങളില്‍ നിന്നാണ് എന്നാണ് നരവംശശാസ്ത്രജ്ഞരുടെ പഠനങ്ങള്‍ തെളിയിക്കുന്നത്.1 തിരണ്ടുകല്ല്യാണത്തിനും പുലയടിയന്തിരത്തിനും വിവാഹത്തിനും നാട്ടുത്സവത്തിനും ഗോത്രജനത അനുഷ്ഠാനബദ്ധമായ പാട്ടും നൃത്തവും നാടകവുമായി ഒത്തുചേരുന്നു. കൃഷിക്കും വിളവെടുപ്പിനും നായാട്ടിനും ആഘോഷവേളകളിലും അനുഷ്ഠാനേതര കലകള്‍ക്കാണ് പ്രാധാന്യം ഉള്ളത്. ഇവയിലെല്ലാം പ്രപഞ്ച-ദൈവ-മനുഷ്യപ്രതിഭാസങ്ങളുടെ സമ്മേളനവും സമന്വയവും സംവേദനവും ഉണ്ട്.


പ്രകൃതിയും മനുഷ്യരും ദൈവവുമായുള്ള സവിശേഷമായ ബന്ധവും പരസ്പരാശ്രയത്വവും സാഹോദരബോധവും ഗോത്രജനതയുടെ അടിസ്ഥാനജീവിതദര്‍ശനമാണ്. പ്രപഞ്ചം ഈശ്വര സൃഷ്ടിയാണ്; നാം പ്രപഞ്ചത്തിന്റെ ഭാഗമാണ്, അതിനാല്‍ നാമും പ്രകൃതിയും ദൈവീകമാണ്-പരിശുദ്ധമാണ് എന്ന കാഴ്ച്ചപ്പാട് ഗോത്രസമൂഹങ്ങളെ തുറവിയിലേക്കും ബന്ധുത്വഭാവത്തിലേക്കും സുസ്ഥിതിയിലേക്കും നയിക്കുന്നു. നരവംശശാസ്ത്രജ്ഞനായ വിക്ടര്‍ ടേണറുടെ അഭിപ്രായത്തില്‍ ഒരു ജനതയെ അറിയാനും പഠിക്കാനും അവരുടെ ഉത്സവങ്ങളോ ആചാരങ്ങളോ നിരീക്ഷിച്ചാല്‍ മതി.2 ഗോത്രസമൂഹങ്ങളുടെ പുരാവൃത്തങ്ങളും ആഘോഷങ്ങളും കലകളും നാട്ടറിവുകളും അവരുടെ പ്രപഞ്ചദര്‍ശനത്തിലേക്കും ജീവിതകാഴ്ചപ്പാടുകളിലേക്കുമാണ് നമ്മെ നയിക്കുക.


ഝാര്‍ഖണ്ഡിലെ ഉറാവൂണ്‍ (Oraon) ഗോത്രത്തിന്റെ ഉല്പത്തി പുരാവൃത്തത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ട്: പ്രപഞ്ച ഉല്പത്തി, വീഴ്ച്ചയും ശിക്ഷയും, വീണ്ടെടുപ്പ്. ധര്‍മ്മെസ് (ദൈവം) വെള്ളത്തില്‍ നിന്നാണ് ഭൂമിയെ സൃഷ്ടിച്ചത്. ഈ സൃഷ്ടികര്‍മ്മത്തില്‍ മണ്ണിര, ഞണ്ട്, ആമ, പൊന്‍മാന്‍ തുടങ്ങിയവര്‍ സഹകാരികളാണ്. മണ്ണിര ജലാശയത്തിന്റെ അടിത്തട്ടില്‍നിന്ന് മണ്ണ് വെള്ളത്തിന്റെ ഉപരിതലത്തിലെത്തിക്കുന്നു. മണ്ണില്‍ നിന്ന് സസ്യങ്ങള്‍, ജീവജാലങ്ങള്‍, മൃഗങ്ങള്‍, മനുഷ്യര്‍ എന്നിവയെ സൃഷ്ടിക്കുന്നു. ധര്‍മ്മെസ് അവരെ പരിപാലിക്കുന്നു. സൃഷ്ടികളില്‍ ദുഷ്ടരും ശിഷ്ടരും ഉണ്ടായിരുന്നു. ഭൂമിയില്‍ തിന്മ പെരുകിയപ്പോള്‍ ധര്‍മ്മെസ് തീമഴ പെയ്യിച്ച് അവരെ നശിപ്പിച്ചു. എന്നാല്‍ ഞണ്ടിന്റെ മാളത്തില്‍ ഒളിച്ചിരുന്ന ഒരാണും പെണ്ണും തീമഴയില്‍ നിന്ന് രക്ഷപ്പെട്ടു. ഭൂമിയിലെ ജീവജാലങ്ങളും മനുഷ്യരും നശിച്ചപ്പോള്‍ ധര്‍മ്മെസിന് ആഹാരം ലഭിക്കാതായി. ആഹാരത്തിനായി നായാട്ടിനുപോയ ധര്‍മ്മെസിനെ, ഞണ്ടു മാളത്തില്‍ ഒളിച്ചിരുന്ന മനുഷ്യകുഞ്ഞുങ്ങളെ വേട്ടനായ്ക്കള്‍ കാണിച്ചു കൊടുത്തു. ധര്‍മ്മെസ് അവരെ വളര്‍ത്തി, പരിപാലിച്ചു, കൃഷികള്‍ പഠിപ്പിച്ചു. കൃഷിസംരക്ഷണത്തിനും ശത്രുക്കളില്‍ നിന്ന് രക്ഷയ്ക്കും വേണ്ടി ‘ദണ്ഡകട്ട’ പൂജ പഠിപ്പിച്ചു.3 ഉറാവൂണ്‍ സമൂഹത്തിന്റെ ആദി മാതാപിതാക്കള്‍ ഇവരാണ്. ഇവരില്‍ നിന്ന് 12 അസുര്‍ സഹോദരങ്ങളും 13 ലോത്താര്‍ സഹോദരങ്ങളും ഉണ്ടായി. ഇവരില്‍ അത്യാഗ്രഹവും കലഹങ്ങളും പെരുകി. സമ്പത്തിനായി രാവും പകലും ഇരുമ്പ് അയിര് ഖനനം ചെയ്ത ഇവര്‍ പ്രകൃതിയേയും ജീവജാലങ്ങളേയും നശിപ്പിച്ചു. ധര്‍മ്മെസ് അവരെ ശിക്ഷിച്ചു. അനാഥരായ അവരുടെ ഭാര്യമാരെ ദേവതകളാക്കി. ഇങ്ങനെയാണ് ലോകത്തില്‍ അരൂപികള്‍ (Spirits) ഉണ്ടായത്. രോഗത്തില്‍ നിന്നും തിന്മയില്‍ നിന്നും മോചനം നേടാന്‍ ‘ദണ്ഡകട്ട’ പൂജ ആരംഭിച്ചു. അതോടെ ഉറാവൂണ്‍ ഗോത്രം സുസ്ഥിതിയിലായി. ഉറാവൂണ്‍ ഗോത്രത്തിന്റെ പ്രപഞ്ചദര്‍ശനത്തേയും ജീവിതരീതികളെയും സ്വാധീനിക്കുന്നത് ഈ പുരാവൃത്തമാണ്. അവരുടെ ആഘോഷങ്ങളിലും ഉത്സവങ്ങളിലും ചഹാന്‍ (പൂജാരി) ‘ദണ്ഡകട്ട’ പൂജ നടത്തി, ഉല്പത്തിപുരാവൃത്തം അവതരിപ്പിച്ച് സ്വസമുദായത്തിന്റെ ഭൂതകാലം അനുസ്മരിക്കുന്നു. വാദ്യമേളങ്ങളുടെയും നൃത്തത്തിന്റെയും അകമ്പടിയോടെയാണ് ഈ അനുഷ്ഠാനം നടത്തുന്നത്. ഈ ഉല്പത്തി പുരാവൃത്തത്തില്‍ അനാവൃതമാകുന്ന പ്രപഞ്ച-ജീവിതദര്‍ശനം ആറുകാര്യങ്ങളില്‍ സംഗ്രഹിക്കാം.


1. പ്രകൃതിയിലെ നിസ്സാരമെന്നു തോന്നുന്ന ജീവജാലങ്ങളുടെ സഹായത്തോടെയാണ് ഈശ്വരന്‍ പ്രപഞ്ചസൃഷ്ടി നടത്തുന്നത്. സൃഷ്ടികര്‍മ്മത്തില്‍ സൃഷ്ടിജാലങ്ങളുടെ സഹകരണം തേടുന്ന പുതിയൊരു ദൈവസങ്കല്പത്തെയാണ് ഈ മിത്ത് അവതരിപ്പിക്കുന്നത്.


2. ഈ പ്രപഞ്ചം നന്മ തിന്മകളുടെ സമ്മിശ്രമാണ്. നന്മ സുസ്ഥിതിയിലേക്കും തിന്മ നാശത്തിലേക്കും നയിക്കുന്നു. ബൈബിളിലെ ഉല്പത്തി പുരാവൃത്തവും ഈ മിത്തിനോട് സാമ്യമുള്ളതാണ്.


3. പ്രപഞ്ചത്തെ നാശത്തില്‍നിന്ന് ദൈവം രക്ഷിക്കുന്നത് ‘ദണ്ഡകട്ട’ പൂജയിലൂടെയാണ്. ജനജീവിതത്തില്‍ ആചാരങ്ങളുടെ (rituals) പങ്കാണ് ഇതു സൂചിപ്പിക്കുന്നത്.


4. ലളിതവും അവക്രവുമായ ജീവിതവീക്ഷണം ഗോത്രസമൂഹങ്ങള്‍ക്കുണ്ട്. ആരോഗ്യം, മക്കള്‍, വിളവ്, സമ്പത്ത് തുടങ്ങിയവ നന്മയുടെ പ്രതീകങ്ങളും; അനാരോഗ്യം, മക്കളില്ലാത്തഅവസ്ഥ, വിളനാശം, ദാരിദ്ര്യം തുടങ്ങിയവ തിന്മയുടെ അടയാളങ്ങളായും ഇവര്‍ കാണുന്നു. കലകളും ആചാരങ്ങളും ഉത്സവങ്ങളും നന്മയെ വളര്‍ത്താനും തിന്മയെ പ്രതിരോധിക്കാനുമുള്ള ഉപാധികളാണ്.


5. ഗോത്രജനതയുടെ ആഘോഷങ്ങള്‍ പ്രകൃതിയും മണ്ണും അതിജീവനോപാധികളുമായി ബന്ധപ്പെട്ടുകിടക്കുന്നു. അവര്‍ ജീവിതം ആഘോഷിക്കുന്നവരാണ്. ഇന്നില്‍ ജീവിക്കുന്നവരാണ്. ഫഗുവാ (പുതുനാമ്പിന്റെ ഉത്സവം) സര്‍ഗുള്‍ (വസന്തോത്സവം), ഹരിയാരി (ഞാറ്റുത്സവം) കരം-നയാഖാനി (പുതുവിള ഉത്സവം), സൊഹറാദ് (വിളവെടുപ്പ് ഉത്സവം) തുടങ്ങിയ ആഘോഷങ്ങള്‍ ഉറാവൂണ്‍ സമൂഹത്തിന്റെ പ്രകൃതി-മനുഷ്യ-ദൈവ ബന്ധത്തിന്റെ പ്രകാശനങ്ങളാണ്.


6. കലാവതരണങ്ങളും ആഘോഷങ്ങളും ഗോത്രകൂട്ടായ്മ ഊട്ടിയുറപ്പിക്കുന്ന അവസരങ്ങളാണ്. ഗോത്രജീവിതത്തില്‍ വ്യക്തിയേക്കാള്‍ സമൂഹത്തിനാണ് പ്രാധാന്യം ഉള്ളത്. സമസ്തജീവജാലങ്ങളോടുള്ള പാരസ്പര്യവും താളാത്മക ജീവിതവും സമൂഹകേന്ദ്രീകൃത ജീവിതവീക്ഷണവും പ്രകൃതിയോടുള്ള ജൈവീകബന്ധവും ആധുനികലോകത്തിന് ഗോത്രസമൂഹങ്ങള്‍ നല്കുന്ന ജീവിതപാഠങ്ങള്‍ ആണ്.