സ്വന്തം മണ്ണില്‍നിന്ന് അന്യവല്‍ക്കരിക്കപ്പെടുന്ന ആദിവാസികള്‍ – കെ.എ. രാമു
വനത്തെയും, വനവിഭവങ്ങളെയും, പുഴകളെയും ആശ്രയിക്കുക മാത്രമല്ല പരിസ്ഥിതി പരിപാലനവും ജൈവവൈവിധ്യസംരക്ഷണവും കാത്തുസൂക്ഷിക്കുംവിധം ദൃഢമായ ബന്ധം ഭൂമിയുമായി ആദിവാസികള്‍ക്കുണ്ട്. ഇവരുടെയിടയിലെ കഥകളിലും, പാട്ടുകളിലും ഐതിഹ്യങ്ങളിലും, മലകളും പുഴകളും വനപ്രദേശങ്ങളും കഥാപാത്രങ്ങളായും ദൈവങ്ങളായും ഇന്നും നിലനില്ക്കുന്നു.
”അന്യഥാത്വം പ്രധാനമായും ഭൂസ്വത്തുമായി ബന്ധപ്പെട്ടാകുമ്പോള്‍, താന്പ്രമാണിത്വത്തിന്റെ മുന്പില് സ്വയമേവയല്ലാത്ത കീഴടങ്ങലാണ്” എന്ന് കാറല്‍ മാര്‍ക്സ് പറഞ്ഞിട്ടുണ്ട്. അന്യഥാത്വം ഉല്‍പ്പാദന പ്രക്രിയയില്‍ ചൂഷിത-ചൂഷക ബന്ധങ്ങളില്‍ അന്തര്‍ലീനമായിട്ടുള്ളതാണ്. ഇതിന്റെ തോത് ചൂഷണത്തിന്റെ ആക്കം അനുസരിച്ച് മാറുമെന്നേയുള്ളൂ. മാര്‍ക്സിന്റെ അഭിപ്രായത്തില്‍ ഒരു മുതലാളിത്ത സമൂഹത്തില്‍ അന്യഥാത്വം ബാധിച്ച ഒരാള്‍ അന്യഥാത്വം വന്ന പ്രകൃതിയിലാണ് ജീവിക്കുന്നത്. അയാള്‍ തൃപ്തിയില്ലാത്ത ജോലിയിലേര്‍പ്പെടുകയും അതിന്റെ ഫലമായി അന്യവല്‍ക്കരിക്കപ്പെടുകയും ചെയ്യും. ഭൂമി നഷ്ടപ്പെടുക എന്നതാണ് കാര്‍ഷികവൃത്തി ആദിവാസികള്‍ക്ക് നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കു
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കള്‍ 342-നുകീഴില്‍ പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം ഇന്ത്യയില്‍ 533 ഗോത്ര വര്‍ഗക്കാരുണ്ട്. ഇത് 2001-ലെ സെന്‍സസ് കണക്കുപ്രകാരം 461 ആയി കുറച്ച് കാണിച്ചിരിക്കുന്നതായി മനസ്സിലാക്കാന്‍ സാധിക്കും. ഇന്ത്യയിലെ മൊത്തം ഗോത്ര ജനസംഖ്യ 2001-ലെ കാനേഷുമാരി കണക്കനുസരിച്ച് 8.43 കോടിയാണ്. ഇത് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ ഒന്‍പത് ശതമാനത്തോളം വരും. ലോകത്താകമാനമുള്ള 37 കോടി (370 ദശലക്ഷം) ആദിവാസികളില്‍ 23 ശതമാനവും ഇന്ത്യയിലാണെന്നും പറയപ്പെടുന്നു. കേരളത്തില്‍ 36 പട്ടിക വിഭാഗങ്ങളിലായി 4,84,839 പേര് (1.50%) ഉണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്.
കേരളത്തിലെ ആദിവാസികളുടെ 65 ശതമാനത്തിനുമുകളിലുള്ളവര് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലാണ് വസിക്കുന്നത്. ഏറ്റവും കൂടുതല്‍ ആദിവാസികളുള്ളത് വയനാട് ജില്ലയിലാണ്. കേരളത്തിലെ കാടര്‍, കുറുമ്പര്‍, ചോലനായ്ക്കര്‍, കാട്ടുനായ്ക്കര്‍, കൊറഗര്‍ എന്നി അഞ്ച് സമുദായങ്ങളെ ഇന്ത്യയിലെതന്നെ പ്രാക്തന ആദിവാസി വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവരില്‍ കൊറഗര്‍ ഒഴിച്ച് ബാക്കി എല്ലാവരുംതന്നെ കേരളത്തിലെ ചില പ്രത്യേക വനപ്രദേശങ്ങളില്‍ മാത്രം ജീവിച്ചുപോരുന്നവരാണ്. വനത്തെയും വനവിഭവങ്ങളെയും കാലിവളര്ത്തലിനെയും ആശ്രയിച്ചു ജീവിക്കുന്ന ഗോത്രവിഭാഗക്കാര്‍, തനത് കാര്‍ഷിക സംസ്കൃതി നിലനിര്‍ത്തി നൂറ്റാണ്ടുകളായി അതിജീവിച്ചുപോരുന്നത്. ഇവര്‍ക്കിടയിലെ സാംസ്കാരിക പൈതൃകം ആചാരാനുഷ്ഠാനങ്ങള്‍കൊണ്ട് വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും അവരുടെ ജീവിതവും മണ്ണും പ്രകൃതിയും പര്സ്പര പൂരകങ്ങളാണ്. അതുകൊണ്ടുതന്നെ ആദിവാസിയും മണ്ണും അവന്റെ ആവാസകേന്ദ്രവും തമ്മില്‍ പൊക്കിള്‍ക്കൊടി ബന്ധമാണുള്ളത്.
വനത്തെയും, വനവിഭവങ്ങളെയും, പുഴകളെയും ആശ്രയിക്കുക മാത്രമല്ല പരിസ്ഥിതി പരിപാലനവും ജൈവവൈവിധ്യസംരക്ഷണവും കാത്തുസൂക്ഷിക്കുംവിധം ദൃഢമായ ബന്ധം ഭൂമിയുമായി ആദിവാസികള്‍ക്കുണ്ട്. ഇവരുടെയിടയിലെ കഥകളിലും, പാട്ടുകളിലും ഐതിഹ്യങ്ങളിലും, മലകളും പുഴകളും വനപ്രദേശങ്ങളും കഥാപാത്രങ്ങളായും ദൈവങ്ങളായും ഇന്നും നിലനില്ക്കുന്നു. മാത്രമല്ല, തങ്ങള്‍ അധിവസിച്ചുപോന്നിരുന്ന പ്രദേശങ്ങളും അവരുടെ സ്വന്തമെന്ന ബന്ധുത്വ മനോഭാവത്തോടെയുള്ള ഇടപെടലുകളായിരുന്നു ഭൂമിക്കുമേല്‍ അവര്‍ക്കുണ്ടായിരുന്നത്.
ബ്രിട്ടീഷ് ആധിപത്യകാലത്തു തന്നെ പുറത്ത് നിന്നുള്ളവരുടെ വരവ് വയനാട്, ഇടുക്കി മേഖലകളില്‍ തുടങ്ങിയിരുന്നു. കാട് തെളിച്ച് ബ്രിട്ടീഷുകാര്‍ തോട്ടങ്ങളില്‍ തൊഴിലെടുക്കുന്നതിനായാണ് പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നത്. മൂന്നാര്‍, ഏലമല, പീരുമേട് മേഖലയിലെ ചായേത്താട്ടങ്ങളിലും ഏലേത്താട്ടങ്ങളിലും തൊഴിലെടുക്കാനായി ധാരാളം തമിഴരെത്തി. 1835 തൊട്ടുതന്നെ വയനാട്ടില്‍ കാപ്പിേത്താട്ടങ്ങള് ഉണ്ടാക്കിതുടങ്ങിയിരുന്നു. ലോകമഹായുദ്ധകാലത്ത് നടപ്പാക്കിയ ”ഗ്രോ മോര് ഫുഡ്” എന്ന ആശയമാണ് പുറംനാട്ടുകാരെ ആദിവാസി മേഖലകളില്‍ ധാരാളമായി എത്തിച്ചത്. ഇടുക്കിയിലും, വയനാട്ടിലും ഇത് സമാനമായി നടന്നു. ഈ പ്രക്രിയയുടെ പേരില്‍ വനമേഖലകളില്‍ ധാരാളം കുടിയേറ്റങ്ങള്‍ ഉണ്ടായി.
ദീര്‍ഘകാലം സ്വതന്ത്രരാജ്യങ്ങളായിരുന്ന കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍ എന്നിവ ലയിച്ചാണ് കേരളമുണ്ടാകുന്നത്. ഈ മൂന്ന് നാട്ടുരാജ്യങ്ങളിലെയും ഭൂ ഉടമസ്ഥതയും ഭൂ ബന്ധങ്ങളും വ്യത്യസ്തമായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ആദ്യം തിരുവിതാംകൂറിലെ കൃഷിയോഗ്യമായ ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗം സ്റ്റേറ്റിന്റേതായിരുന്നു. 1865 ജൂണ്‍ രണ്ടിലെ പണ്ടാരപാട്ടവിളംബരമനുസരിച്ച് സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തവര്‍ക്ക് സ്ഥിരാവകാശം നല്കി. ഇത് വിപുലമായൊരു വിഭാഗത്തെ ഭൂ ഉടമസ്ഥരാക്കി മാറ്റി. ഇതിനു സമാനമായ നിയമം കൊച്ചിയില്‍ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ വക ഭൂമി തുച്ഛമായിരുന്നതുകൊണ്ട് അത് വലിയ പ്രയോജനം ചെയ്തില്ല.
ഇതില്‍ നിന്ന് ഭിന്നമായിരുന്നു മലബാറിലെ സ്ഥിതി. 1792-ല്‍ ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ വരുന്നതോടെ ഭൂമിയുടെ ഉടമസ്ഥര്‍ ജന്മിമാരാണെന്ന നിയമം ഉണ്ടാകുന്നുണ്ട്. അതുകൊണ്ടുതന്നെ മലബാറില്‍ പാട്ടകുടിയാന്മാരുടെ എണ്ണം വളരെ കൂടുതലായിരുന്നു. സവിശേഷമായ ഈ ഭൂ ഉടമാ ബന്ധമാണ് ജന്മി കുടിയാന് സംഘര്‍ഷങ്ങളുടെ മേഖലയാക്കി മലബാറിനെ മാറ്റിയത്. ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനം നാട്ടിലെ ജാതി കേന്ദ്രീകൃതമായ സമൂഹത്തിനും, കാട്ടിലെ ഗോത്ര സംസ്കാരമായി ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന ജനതയ്ക്കും വ്യത്യസ്ത അനുഭവങ്ങളാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. ആദിവാസികളുടെ കാര്യത്തില്‍ തുടക്കത്തില്‍ ബ്രിട്ടീഷുകാര്‍ വിചാരിച്ചത് ലാഭകരമല്ലാത്ത മുതല്‍മുടക്ക് വേണ്ടിവരുമെന്നതുകൊണ്ട് അവരുടെ വികസന കാര്യത്തില്‍ ഇടപെടേണ്ടയെന്ന നയമാണ് സ്വീകരിച്ചിരുന്നത്. എന്നാല്‍ ബ്രിട്ടീഷുകാര്‍ പിന്നീടു നടപ്പിലാക്കിയ നയങ്ങള്‍ ആദിവാസിള്ക്ക് ദുരിതങ്ങളുടെ പരമ്പരതന്നെ സമ്മാനിക്കുകയുണ്ടായി. 1793-ല്‍ ബ്രിട്ടീഷ് ജന്മി സമ്പ്രദായത്തിന് സമാനമായി ഇവിടെയുള്ള സെമീന്ദാര്മാര്ക്കുവേണ്ടി ഭൂവുടമസ്ഥാവകാശം സ്ഥിരപ്പെടുത്തുന്ന നയം നടപ്പിലാക്കുകയുണ്ടായി. ആദിവാസികള്‍ വിഹരിച്ചിരുന്ന വനപ്രദേശങ്ങള്‍ ജന്മിമാര് സ്വന്തമാക്കുകയും ആദിവാസികളെ ഉപയോഗിച്ച് കൃഷി നടത്തി ലാഭം കൊയ്യുകയും ചെയ്തു. സ്ഥിര കൃഷിക്ക് യോഗ്യമാക്കാനും വേണ്ടി നിബിഡവനങ്ങള്‍ നശിപ്പിച്ചു. ഇത്തരത്തിലുണ്ടായ കടന്നുകയറ്റം ആദിവാസികളുടെ സ്വതന്ത്ര ജീവിതരീതിക്ക് വലിയ ആഘാതമുണ്ടാക്കി പലതരം ചൂഷണങ്ങള്‍ക്ക് വിധേയരാക്കുകയും ചെയ്തു. 1865-1878 കാലഘട്ടത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ ആദിവാസികളോട് യാതൊരുവിധ കൂടിയാലോചനയുമില്ലാതെ, അവരുടെ ആവാസകേന്ദ്രങ്ങളും, ഉപജീവനമാര്ഗ്ഗങ്ങള്ക്കുവേണ്ടി ഉപയോഗിച്ചിരുന്ന വനപ്രദേശങ്ങളും സര്‍ക്കാരിന്റേതാണെന്ന് പ്രഖ്യാപിച്ചു. അതിനുപുറമെ കന്നുകാലി സമ്പത്തിന് ആധാരമായ മേച്ചില്പുറങ്ങള് കൂടി സര്‍ക്കാരിന്റേതാണെന്ന് പ്രഖ്യാപിച്ചു. ആദിവാസികളുടെ കാര്‍ഷിക സംസ്കൃതിയോടൊപ്പം ഏകവരുമാനമാര്ഗ്ഗമായിരുന്ന കന്നുകാലി സമ്പത്തിന് പ്രഖ്യാപനം വിലങ്ങുതടിയായി. പ്രസ്തുത പ്രഖ്യാപനത്തിനെതിരെ ബിര്‍സാമുണ്ട അടക്കമുള്ളവര്‍ പോരാട്ടത്തിനിറങ്ങി. ഇങ്ങനെ ചെറുതും വലുതുമായ 140 കലാപങ്ങള്‍ ആദിവാസികള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തി. 1803-ലെ മലബാറിലെ വനങ്ങള്‍ ഇംഗ്ലീഷ് ഈസ്റ്റിന്ത്യ കമ്പനി ഏറ്റെടുത്ത് മരം മുറിക്കാനുള്ള കുത്തകാവകാശം സ്ഥാപിച്ചപ്പോള്‍ ജനങ്ങള്‍ അതിനെ എതിര്‍ത്തു. ജനങ്ങളെ മര്‍ദ്ദിച്ചൊതുക്കാന്‍ കേണല്‍ വാട്സണ് എന്ന പോലീസ് ഉദ്യോഗസ്ഥനെ കണ്‍സര്‍വേറ്ററായി നിയോഗിച്ചു. ബ്രിട്ടീഷ് സര്‍ക്കാര്‍ നിരവധി തവണ വനം കൈവശപ്പെടുത്താന്‍ ശ്രമിക്കുകയും ആദിവാസികള്‍ ചെറുത്തുനില്ക്കാന് നിര്‍ബന്ധിതരാവുകയും ചെയ്തിട്ടുണ്ട്.
1805-ല്‍ പഴശ്ശി സമരം അടിച്ചമര്‍ത്തപ്പെട്ടു. ആദിവാസികളുടെ വിശേഷിച്ച് കുറിച്ച്യരുടെ ഭൂസ്വത്ത് തട്ടിയെടുക്കാനായി പിന്നത്തെ ശ്രമം. അതിനായി ഭൂനികുതി ഉല്‍പ്പന്നമായിട്ടല്ലാതെ പണമായി നല്‍കണമെന്ന നിയമം കൊണ്ടുവന്നു. പണം ലഭിക്കണമെങ്കില്‍ ഭൂമി വില്‍ക്കാതെ പറ്റില്ലായിരുന്നു. ആദിവാസികള്‍ ആ നിയമത്തെ എതിര്‍ത്ത് തോല്‍പ്പിച്ചു. കേരളത്തിലെ ആദ്യത്തെ കര്ഷകതൊഴിലാളിസമരമെന്ന് വിശേഷിപ്പിക്കാവുന്ന ഈ കലാപമാണ് 1812-ലെ കുറിച്യലഹള എന്നറിയപ്പെടുന്നത്.
1925-ലെ നാഷണല്‍ ഫോറസ്റ്റ് പോളിസി ആദിവാസികളുടെ പരമ്പരാഗത അവകാശങ്ങളെ വെറും ആനുകൂല്യങ്ങളാക്കി മാറ്റി. എന്നാല്‍, 1858-ലെ ഫോറസ്റ്റ് പോളിസിയിലൂടെ ആദിവാസികളുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. 1961-ലെ വനനിയമം ആദിവാസികളുടെ അവകാശങ്ങളെ സംബന്ധിച്ച് മൗനം പാലിച്ചു. 1852-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വനനയം ആദിവാസികളുടെ അവകാശങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 1961-ലെ വനനിയമം 76-ാം വകുപ്പ് (എ) ഉപവകുപ്പില്‍, ഗിരിജനങ്ങളുടെ സംരക്ഷണവും പുരോഗതിയും ലക്ഷ്യമാക്കി, ചട്ടങ്ങള്‍ ഉണ്ടാക്കുവാന്‍ സര്‍ക്കാരിന് അധികാരം നല്‍കിയിരുന്നു. അതനുസരിച്ച് 1964-ല്‍ കേരള ഗിരിജന ചട്ടങ്ങള്‍ നിലവില്‍ വന്നു (ഹില്‍മാന്‍ ആക്ട്).