ഗോത്ര സംസ്‌ക്കാരിക പൈതൃകം, വര്‍ത്തമാനം: ഒരു നരവംശശാസ്ത്ര വിശകലനം – ഡോ.കെ.എസ് പ്രദീപ് കുമാര്‍

ഗോത്ര സംസ്‌ക്കാരിക പൈതൃകം, വര്‍ത്തമാനം: ഒരു നരവംശശാസ്ത്ര വിശകലനം  – ഡോ.കെ.എസ് പ്രദീപ് കുമാര്‍

കേരളത്തിന്റെ കിഴക്കന്‍ അതിരായ പശ്ചിമഘട്ട മലനിരകളിലെ വനപ്രദേശത്തോ, വനപ്രദേശത്തിനു സമീപത്തോ ഏറെക്കുറെ മറ്റു ജനവിഭാഗങ്ങളില്‍ നിന്നും ‘ഒറ്റപ്പെട്ട്’/’ഒറ്റപ്പെടുത്തി’ ജീവിക്കുന്ന സംസ്ഥാനത്തിലെ ബഹുഭൂരിപക്ഷം ഗോത്ര ജനതയും ദ്രവീഡിയന്‍ സിന്ധു നദീതട സംസ്‌ക്കാരത്തിന് മുമ്പെ, ഉത്തരേന്ത്യയിലെ വിശാലമായ നദീതടങ്ങളില്‍ ചരിത്രാതീതകാലം മുതല്‍ താമസിച്ചിരുന്നു എന്ന് അനുമാനിക്കാവുന്ന, ഇന്ത്യയിലെ പ്രീ-ദ്രവീഡിയന്‍ തദ്ദേശീയജനതയുടെ ഇന്നത്തെ പ്രതിനിധികളാണ്.


കിഴങ്ങുകള്‍, പഴങ്ങള്‍ തുടങ്ങിയ വനവിഭവങ്ങളുടെ ശേഖരണം; വേട്ടയാടല്‍, പുനം കൃഷി എന്നിവയിലൂടെയുള്ള ഭക്ഷണ സമ്പാദനം; മുള, തടി, മരക്കമ്പുകള്‍, പുല്ല്, മണ്ണ്, കല്ലുകള്‍ തുടങ്ങി വാസസ്ഥലത്ത് ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചുള്ള വസതി നിര്‍മ്മാണം; രക്തബന്ധകുലത്തെ അടിസ്ഥാനമാക്കിയുള്ള സാമൂഹിക വിഭജനം; പ്രകൃതി പ്രതിഭാസങ്ങളെയും പൂര്‍വ്വികരെയും അടിസ്ഥാനമാക്കിയുള്ള ആരാധന സമ്പ്രദായങ്ങള്‍ തുടങ്ങി നരജീവിതത്തിന്റെ സമസ്ത തലങ്ങളിലും വേറിട്ട സ്വാശ്രയ ജീവിതം നയിച്ചിരുന്നവരായിരുന്നു ഗോത്ര ജനസമൂഹങ്ങള്‍. ജനസംഖ്യാ വര്‍ദ്ധനവ് മൂലമോ അല്ലാതെയോ വിഭവങ്ങളുടെ ദൗര്‍ലഭ്യം അനുഭവപ്പെടുമ്പോള്‍ ഒരു കുലത്തിലെയോ അല്ലെങ്കില്‍ ഒന്നിലധികം കുലങ്ങളിലെയോ അളുകള്‍ മറ്റൊരു സ്ഥലത്തേക്ക് മാറുകയും പുതിയൊരു വാസസ്ഥലം ഉടലെടുക്കുകയും ചെയ്യും. കൃഷി, വസതി നിര്‍മ്മാണം, വനവിഭവ ശേഖരണം തുടങ്ങിയ പ്രവൃത്തികളെല്ലാം ഒത്തുചേര്‍ന്നാണ് ചെയ്തിരുന്നത്. സ്ത്രീ പുരുഷ വ്യത്യാസം അനുസരിച്ച് ജോലികളിലെ നേരിയ വേര്‍തിരിവ് ഒഴിച്ചാല്‍ തൊഴില്‍പരമോ സാമ്പത്തികമോ ആയ വിഭജനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തലമുറകളായി ഒരു ഊരിലെ/കുടിയിലെ/സങ്കേതത്തിലെ എല്ലാവരും ഒന്നിച്ച് ഒരിടത്താണ് താമസിക്കുക. വൈകുന്നേരങ്ങളില്‍, പകലത്തെ കൃഷിപണിയും ഭക്ഷണ ശേഖരണവും മറ്റും കഴിഞ്ഞ് ഊരിന്റെ മുറ്റത്ത് എല്ലാവരും ഒന്നിച്ച് കൂടി തുടി, കുഴല്, പറെ, ദവില്, മൊത്താളം തുടങ്ങിയ വാദ്യോപകരണങ്ങളുടെ താളത്തിനൊത്ത് പാട്ട്പാടി ചുവട് വയ്ക്കും.


വാസസ്ഥലത്തിനോട്, താമസിക്കുന്ന ചുറ്റുപാടുകളോട് വൈകാരിക ബന്ധം പുലര്‍ത്തുന്നവരാണ് ഗോത്രജനത. ആ ഒരു വൈകാരികത തലമുറകളായുള്ള അവരുടെ ജീവിതചര്യയുടെ ഭാഗമായിട്ട് ഉടലെടുത്തതാവാം. പരസ്പരം വേര്‍തിരിക്കുവാനാവാത്ത പാരസ്പര്യം, ഒന്ന് മറ്റൊന്നിനോട് ഇഴചേര്‍ന്നു നില്‍ക്കുന്ന ജൈവികത, അതായിരുന്നു ഗോത്ര ജനതയുടെ മുഖമുദ്ര. പ്രകൃതിയുടെ ഭിന്നഭാവങ്ങളില്‍ തങ്ങളുടെ ജീവിതത്തിന്റെ ഗതിവിഗതികളെ നിശ്ചയിക്കുന്ന അമാനുഷികതയും അവര്‍ ദര്‍ശിച്ചു. ജനനം, പ്രായപൂര്‍ത്തിയാകല്‍, വിവാഹം, മരണം തുടങ്ങിയ ജീവിത വഴികളെയും കൃഷി, ഉത്സവങ്ങള്‍ തുടങ്ങിയ വാര്‍ഷിക സാമൂഹിക പ്രവൃത്തികളെയും അടയാളപ്പെടുത്തുന്നതിനും കൂട്ടായ്മയുടെ ഭാഗമാക്കുന്നതിനുമായി എല്ലാവരും ഒത്തുചേര്‍ന്ന് വാദ്യോപകരണങ്ങളുടെ നിമ്‌നോന്നതങ്ങള്‍ക്കനുസൃതമായി പാട്ടിലും നൃത്തത്തിലും മുഴുകും. ഇത്തരത്തില്‍ കാട്ടരുവിയുടെ താളാത്മകതയോടെ മരങ്ങള്‍ തളിര്‍ക്കുന്നതും ചെടികള്‍ പൂക്കുന്നതും പുഴ കരകവിയുന്നതും മുളകള്‍ പുഷ്പിക്കുന്നതും കാലഗണനയായെണ്ണി ഉയര്‍ന്ന സംഘബോധത്തോടെ സ്വാഭിമാനത്തോടെ ആകുലതകളൊഴിഞ്ഞതായിരുന്നു ഗോത്ര ജീവിതം. വേറിട്ട ഭാഷ, ഭക്ഷണ ശീലങ്ങള്‍, വസ്ത്രധാരണ ശൈലി, മെയ്യലങ്കാരങ്ങള്‍, വാമൊഴി സാഹിത്യം, താളാത്മകത എന്നിവയിലൂടെ ഓരോ ഗോത്ര ജനതയും ആധുനികതയുടെ ഏകാത്മകതാ വീക്ഷണത്തെ ഉല്ലംഘിക്കുന്ന ബഹുസ്വരതയുടെ ആഘോഷങ്ങളാകുന്നു.


ഗോത്ര ജീവിതം: പ്രസക്തി, സമീപകാല മാറ്റങ്ങള്‍


മണ്ണ്, ജലം, വായു എന്നിവ മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്പിന് അത്യന്താപേക്ഷിതമാണ്. പട്ടണങ്ങളിലും അവയുടെ തുടര്‍ച്ചയായിട്ടുള്ള ഗ്രാമങ്ങളിലുമുള്ളവരില്‍ ബഹുഭൂരിപക്ഷവും, നൂതന സാങ്കേതിക വിദ്യകളുടെ സഹായത്താല്‍, പുഴകളും തോടുകളും കുളങ്ങളും നീര്‍ത്തടങ്ങളും വയലുകളും കുന്നുകളും അവയിലുള്ള ജീവജാലങ്ങളുമെല്ലാം ഉള്‍പ്പെടുന്ന സ്വാഭാവിക പരിസ്ഥിതിയെ മലിനീകരിച്ച്, അവയെ ‘മറന്ന്’ ജീവിക്കുമ്പോള്‍ ഗോത്ര ജനത നാനാവിധത്തിലുള്ള സസ്യങ്ങളും അത്രതന്നെ വിവിധങ്ങളായ ജന്തുകളെയുംകൊണ്ട് സമ്പന്നമായ സ്വാഭാവിക പരിസ്ഥിതിയുടെ ഭാഗമായി പ്രകൃതിയെ ‘അറിഞ്ഞ്’ ജീവിക്കുന്നവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ മറ്റാളുകള്‍ പ്രകൃതിയോട് ഗണിതാത്മകമായി സമീപിക്കുമ്പോള്‍ ഗോത്ര സമൂഹങ്ങള്‍ക്ക് പ്രകൃതിയുമായി ധ്യാനാത്മകമായ സഹവര്‍ത്തിത്വമാണ് ഉള്ളതെന്ന് പറയാം.


ചുറ്റുവട്ടത്തു നിന്നു ശേഖരിക്കുന്ന ഭക്ഷ്യവസ്തുക്കളിലൂടെയും പുനം കൃഷിയിലൂടെയും മാത്രമായിരുന്നു ഗോത്ര ജനത ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്. ഇന്ന് ഇടുക്കി എറണാകുളം ജില്ലകളിലെ മുതുവാന്‍1 ഗോത്ര സമൂഹത്തിന്റെ വനാന്തര്‍ ഭാഗത്തുള്ള ചില കുടികളിലും, പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയിലെ അതീവ ദുര്‍ബല ഗോത്ര സമൂഹമായ കുറുമ്പരുടെ ഊരുകളിലും മാത്രമാണ് പുനം കൃഷി കാണുവാന്‍ സാധിക്കുക. റാഗി (കേപ്പ), ചോളം, മുതിര, തൊവര, മധുരക്കിഴങ്ങ്, ചീനിവാള, തൊപ്പി, മൊച്ച, തിന, വറഗ്, ചാമഅരി, മരത്തക്കാളി, വെങ്കായം (ചുവന്നുള്ളി), മധുരക്കിഴങ്ങ് തുടങ്ങിയവയാണ് പാരമ്പര്യമായി മുതുവാന്‍ജനത പുനം കൃഷി ചെയ്തുവരുന്ന പ്രധാന വിളകള്‍. മലപ്പൂട്ട് എന്നത് സമുദായക്കാര്‍ പാരമ്പര്യമായി കൃഷിചെയ്തുവരുന്ന, എത്രവര്‍ഷം വേണമെങ്കിലും കേടുകൂടാതെ സൂക്ഷിച്ചുവെയ്ക്കാവുന്ന ഒരു പ്രത്യേക വെളുത്തുള്ളി ഇനമാണ്. മഴയെ ആശ്രയിച്ചാണ് കൃഷി. അതിനാല്‍ വര്‍ഷത്തില്‍ ഒറ്റ തവണയെ കൃഷി ചെയ്യാറുള്ളൂ. മറ്റ് ജലസേചന ഉപാധികള്‍ ഉപയോഗിക്കാറില്ല. മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍ കാടുവെട്ടി തീയിടും, ജൂണ്‍ – ജൂലൈയില്‍, മഴ തുടങ്ങുന്നതോടുകൂടി കൃഷി ആരംഭിക്കുകയും ചെയ്യും. രാസവളങ്ങള്‍ ഉപയോഗിക്കാറില്ല. തീയിട്ടുണ്ടാവുന്ന കരിയും ചാരവുമാണ് വളം. ഒരിക്കല്‍ കൃഷിചെയ്തിടത്ത് ഏഴ് വര്‍ഷത്തിനുശേഷം മാത്രമെ വീണ്ടും കൃഷി ചെയ്യാറുള്ളൂ. കുറുമ്പരില്‍ പഞ്ചക്കാട് കൃഷി (പുനം കൃഷി) ക്ക് മേല്‍നോട്ടം നല്‍കുന്നത് മണ്ണൂക്കാരനാണ്.


പാരമ്പര്യമായി ഭക്ഷ്യവിളകള്‍ മാത്രമാണ് ഗോത്രജനത പുനം കൃഷിചെയ്യുക. കൃഷിചെയ്തുണ്ടാക്കുന്ന വിഭവങ്ങള്‍ കുടുംബത്തിന്റെയും കുടിയിലെ മറ്റാളുകളുടെയും ഭക്ഷ്യആവശ്യം നിറവേറ്റുന്നതിന് മാത്രമാണ് ഉപയോഗിക്കുന്നത്. പാരമ്പര്യമായി കൃഷിചെയ്തുവരുന്ന അധികമുള്ള ഭക്ഷ്യവിഭവങ്ങള്‍ കമ്പോളത്തില്‍ കൊടുത്ത് മറ്റു സാധനങ്ങള്‍ വാങ്ങാം എന്ന ചിന്ത പൊതുവില്‍ സമുദായംഗങ്ങളുടെ ഇടയില്‍ ഇല്ല. അധികം ലഭിക്കുന്നത് ആവശ്യക്കാരന് നല്‍കും. ഇത്തരത്തില്‍ പരമ്പരയാ യി അനുവര്‍ത്തിച്ചുവരുന്ന കൂട്ടായ്മയുടെയും പരസ്പര സഹകരണത്തിന്റെയും പങ്കുവയ്ക്കലിന്റെയും സാമൂഹിക പരിസരമാണ് ഗോത്ര ജനതയുടെ പുനംകൃഷി സമ്പ്രദായത്തിലൂടെ പ്രകടമാവുന്നത്.


എന്നാല്‍ ഇന്ന്, വനാന്തര്‍ഭാഗത്തുള്ള ചുരുക്കം ചില കുടികളിലൊഴിച്ച് മുതുവാന്‍ ജനതയുടെ ഏതാണ്ടെല്ലാ കുടികളിലും കാര്‍ഷിക വിളകളിലും, കൃഷി രീതികളിലും മനോഭാവങ്ങളിലും മാറ്റം വന്നിട്ടുണ്ട്. ഏലം, കാപ്പി, പുല്‍ത്തൈല പുല്ല്, എന്നിവയുടെ കൃഷി മുപ്പതുകൊല്ലത്തോളമായി മറയൂര്‍ ഭാഗത്തെ മുതുവാന്‍ സമുദായക്കാര്‍ തുടങ്ങിയിട്ടുണ്ട്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളില്‍ ഉരുളക്കിഴങ്ങ് കൃഷി തുടങ്ങിയിട്ടുണ്ട്. ഇടമലക്കുടിയിലെ മുളകുതറ, കീഴ്പത്തം, നെണ്‍മണല്‍ക്കുടി എന്നിവിടങ്ങളില്‍ റബ്ബര്‍, കവുങ്ങ്, കുരുമുളക്, തെങ്ങ്, എന്നിവ വ്യാപകമായ തോതില്‍ ആളുകള്‍ കൃഷിചെയ്ത് വരുന്നുണ്ട്. കാന്തല്ലൂര്‍, വട്ടവട പഞ്ചായത്തുകളിലെ കുടികളില്‍ ഗ്രാന്റിസ് കൃഷി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ പാരമ്പര്യ ഭക്ഷ്യവിളകളില്‍ നിന്ന് വിപണന മൂല്യമുള്ള ഭക്ഷ്യവിളകളിലേക്കും നാണ്യവിളകളിലേക്കും മുതുവാന്‍ സമുദായത്തിലെ ബഹുഭൂരിപക്ഷം സങ്കേതങ്ങളും പൂര്‍ണ്ണമായോ, ഭാഗികമായോ മാറിയിട്ടുണ്ട്. ആ ഒരു വ്യതിചലനത്തിനുള്ള പ്രധാന കാരണം മറ്റുള്ളവരുമായുള്ള വര്‍ദ്ധിച്ച ഇടപഴകലിന്റെ ഫലമായി സംഭവിച്ച, സാമുദായിക കൂട്ടായ്മയ്ക്കുപരിയായി വ്യക്തിയെയും കുടുംബത്തെയും അടിസ്ഥാനമാക്കിയുള്ള മാറിയ കാഴ്ച്ചപാടുകളും മനോഭാവങ്ങളുമാണ്. നാണ്യവിള കൃഷി വ്യാപകമായതോടുകൂടി മണ്ണിനോടുള്ള ആളുകളുടെ മനോഭാവവും മാറി. കൂട്ടമായി കൃഷിചെയ്തിരുന്ന പാരമ്പര്യ ഭക്ഷ്യവിള കൃഷിയോട് ആളുകള്‍ക്ക് താല്പര്യമില്ലാതായി. ഓരോ കുടുംബവും അവര്‍ പുനംകൃഷിചെയ്തിരുന്ന മണ്ണില്‍ തൈലപുല്ല്, ഏലം, ഉരുളക്കിഴങ്ങ്, റബ്ബര്‍, കവുങ്ങ്, കുരുമുളക്, തുടങ്ങിയവ ഒറ്റയ്ക്ക് കൃഷിചെയ്യുവാന്‍ തുടങ്ങി. മണ്ണ് എന്നത് വിളവ് നല്‍ക്കുന്ന, വിളവ് വര്‍ദ്ധിപ്പിക്കുന്ന, ധന സമ്പാദനത്തിനുള്ള ഉപാധിയായി മാറ്റപ്പെട്ടു. ചിലര്‍ കൈവശത്തിലുള്ള പുനംകൃഷിഭൂമിയില്‍ തനിയെ കൃഷി ചെയ്യുവാന്‍ സാധിക്കാതെ വന്നപ്പോള്‍ മറ്റാവശ്യങ്ങള്‍ക്കുള്ള ധനസമ്പാദനത്തിനായി സ്വസമുദായത്തില്‍പ്പെട്ടവര്‍ക്കും അല്ലാത്തവര്‍ക്കുമായി കൃഷിഭൂമി വിറ്റു, മണ്ണ് വില്‍പന ചരക്കായി. തലമുറകളായി മണ്ണിനോടുണ്ടായിരുന്ന വൈകാരികത നഷ്ടമായി. അത് സ്വകാര്യ സ്വത്തായും പണസമ്പാദനത്തിനുള്ള മാര്‍ഗ്ഗമായും മാറ്റപ്പെട്ടു. പാരമ്പര്യ കാര്‍ഷിക പൈതൃകവും കൂട്ടായ്മയും ജീവിതചര്യയും തലമുറകളായി നിലനിന്നിരുന്ന മണ്ണു സങ്കല്പവും കൈമോശം വന്നു.


ഗോത്രജനതയുടെ പാരമ്പര്യ ജീവിത വീഷണത്തില്‍ മണ്ണിനെ ധനസമ്പാദന മാര്‍ഗ്ഗമായി കണ്ടിരുന്നില്ല. പാരമ്പര്യമായി കൃഷിചെയ്തു വരുന്ന ഭക്ഷ്യവിളകള്‍ രാസവളമുപയോഗിച്ച് കൂടുതല്‍ വിളവുണ്ടാക്കി വിറ്റ് പണം സമ്പാദിക്കുകയും ചെയ്തിരുന്നില്ല. യഥാര്‍ത്ഥത്തില്‍ ഗോത്രജനതയുടെ പുനം കൃഷിയിടങ്ങള്‍ പൂര്‍ണ്ണമായും ജൈവ കൃഷിയിടങ്ങളാണ്. എന്നാല്‍ ഗോത്രജനതയുടെ കൃഷിരീതികളെ ജൈവകൃഷിരീതിയായിട്ടോ ഭക്ഷ്യവിളകളെ ജൈവഭക്ഷ്യ ഇനങ്ങളായോ പരിഗണിക്കപ്പെടുന്നില്ല. പട്ടണങ്ങളിലെ ശീതികരിച്ച കടകളിലെ ആകര്‍ഷകമായ കവറുകളില്‍ ഉയര്‍ന്ന വിലയില്‍ ജൈവ ഉല്‍പ്പന്നം എന്ന് പേരെഴുതി വയ്ക്കുന്നത് മാത്രമാണ് ആളുകള്‍ക്ക് ജൈവം. എത്ര വിലകൊടുത്തുവേണമെങ്കിലും അവ വാങ്ങും. വില കൂടുംതോറും ഗുണം കൂടും എന്നാണ് വിശ്വാസം. മോടിയേറിയ വസ്ത്രധാരണമോ, ആംഗലേയവല്‍കൃത ഭാഷയോ, വാക്ചാതുര്യമോ ഒന്നും വശമില്ലാത്തതിനാല്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ യഥാര്‍ത്ഥ ജൈവ ഉല്‍പന്നങ്ങള്‍ക്ക് അംഗീകാരവും ആവശ്യക്കാരുമില്ല.