നസ്രാണിരാജാവിന് എന്തു സംഭവിച്ചു? – വര്‍ഗീസ് അങ്കമാലി
സമുദായത്തില്‍ സമുന്നതസ്ഥാനം വഹിച്ചിരുന്ന മാര്‍ത്തോമ ക്രിസ്ത്യാനികള്‍ വിദൂരവ്യാപാരത്തിന്റെ ഇടനിലക്കാരും ആയുധവിദ്യയില്‍ നിപുണരുമായിരുന്നു. അവര്‍ പ്രബലസമുദായമായിരുന്നതിനാല് അവര്‍ക്ക് സ്വന്തമായൊരു രാജാവ് ഉണ്ടായിരുന്നുവെന്ന് പല ചരിത്രകാരന്മാരും രേഖപ്പെടുത്തിയിട്ടുണ്ട്. കൊല്ലത്തെയും കൊച്ചിയിലെയും ക്രിസ്ത്യാനികളുടെ രാജാവാണ് വില്ലാര്‍വട്ടം എന്ന പേരില്‍ ഭരണം നടത്തിയിരുന്നത്. പിന്നീട് ഉദയംപേരൂര്‍ രാജാവ് അത് ക്രൈസ്തവരില്‍നിന്നും പിടിച്ചെടുത്തു. പോര്‍ച്ചുഗീസുകാര്‍ മലബാര്‍തീരത്ത് വന്ന സമയത്ത് ക്രിസ്ത്യാനികള്‍ കൊച്ചിരാജാവിന്റെ കീഴിലായിരുന്നു. തിരുവിതാംകൂറില്‍ മാര്‍ത്തോമ ക്രിസ്ത്യാനികളുടെ എണ്ണം പരിമിതമായിരുന്നു.
പിന്തുടര്ച്ചക്കാരില്ലാതെ വംശവിച്ഛേദം വന്ന വില്ലാര്വട്ടംസ്വരൂപത്തിന്റെ രാജ്യവും സ്വത്തും പെരുമ്പടപ്പിലേക്ക് ഒതുങ്ങി. പാലിയത്തച്ചന്റെ സൂത്രധാരത്വത്തിലാണ് രാജ്യം പെരുമ്പടപ്പിലേക്ക് ഒതുങ്ങിയത്. രാജാവിന്റെ മൂലസ്ഥാനമായിരുന്ന ചേന്ദമംഗലം പാലിയത്തച്ചന് കരസ്ഥമാക്കി. പാലിയത്തച്ചന്മാര് ചേന്ദമംഗലം ദ്വീപിന്റെ മുഴുവന്‍ ജന്മിമാരായി1. അന്യംനിന്ന വില്ലാര്‍വട്ടത്തിന്റെ വസ്തുവകകളില്‍ ഭൂരിഭാഗവും പാലിയത്തച്ചന്റെ കൈവശം വന്നുചേര്‍ന്നു. ഉദയംപേരൂരുണ്ടായിരുന്ന വസ്തുക്കളില്‍ കുറേ ഭാഗം പടു തോള് മനയ്ക്കലെ നമ്പൂതിരിപ്പാടിന്റെ ഒരു ശാഖയായ കോട്ടൂര്‍ നസ്രാണിക്ക് ലഭിച്ചു; ബാക്കി ഭാഗങ്ങള്‍ കൊച്ചിക്കും2.
കോട്ടൂര്‍ നസ്രാണികളെക്കുറിച്ച് അങ്കമാലി മെത്രാനായിരുന്ന ഫ്രാന്‍സിസ് റോസ് 1604-ല്‍ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്: കാനായി തൊമ്മ വരുന്നതിനുമുമ്പ് കോട്ടൂര്‍, കടവില്‍, ഓണംതുരുത്ത്, നരിമറ്റം എന്നീ നാലു വീട്ടുകാര്‍ ഏറെ പ്രസിദ്ധരായിരുന്നു. മതംമാറ്റം നടത്തുവാന്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ക്ക് ഇവര്‍ ഏറെ സഹായം ചെയ്തിട്ടുണ്ട്. പതിനഞ്ചാം നൂറ്റാണ്ടില്‍ സാമ്പത്തികമായി മുന്നോക്കം നില്ക്കുന്ന ക്രിസ്ത്യന്‍ മാടമ്പിമാരാണ് ഇവരെന്നു വ്യക്തമാകുന്നുണ്ട്.
1503-ല്‍ വാസ്കോദഗാമ കൊച്ചിയില്‍ വന്നപ്പോള്‍, നസ്രാണികള്‍ കൊടുങ്ങല്ലൂരില്‍നിന്ന് കോഴികളും പഴങ്ങളും കൊണ്ടുവന്ന് സമ്മാനം വച്ചു. ഞങ്ങള്‍ എല്ലാവരും നിങ്ങളുടെ വരവുകൊണ്ട് വളരെ സന്തോഷിച്ചിരിക്കുന്നു. പണ്ട് ഈ രാജ്യത്ത് ഞങ്ങളുടെ വംശത്തില്‍ ഒരു തമ്പുരാന് ഉണ്ടായിരുന്നു. അവന് പുരാണപെരുമാക്കന്മാര് കൊടുത്ത ചെങ്കോലും രാജ്യപത്രികയും ഇതാ നിങ്ങള്‍ക്കു തരുന്നു. 30000 പേരോളം ഞങ്ങള്‍ എല്ലാവരും ഒത്തിരിക്കുന്നു. ഇനി പോര്‍ച്ചുഗല്‍ രാജാവിന് ഞങ്ങളുടെ മേല്‍ക്കോയ്മ ഉണ്ടായിരിക്കും. അവന്റെ നാമം ചൊല്ലിയല്ലാതെ ഇനി യാതൊരു കുറ്റക്കാരെയും ഞങ്ങള്‍ വിധിക്കയില്ല എന്നു പറഞ്ഞ് ആധാരവും ആ ദണ്ഡും കൊടുത്തു. അതു ചുവന്നതും രണ്ടു വെള്ളിമണികളും ഉള്ളതും ആകുന്നു” എന്ന് കേരളപ്പഴമയില്‍ ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ട് വിവരിക്കുന്നു. വാസ്തവത്തില്‍, പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തിയത് പൗരസ്ത്യദേശത്തു പ്രസിദ്ധനും ധനികനുമായ ഇന്ത്യയിലെ രാജാവിനെ അന്വേഷിച്ചായിരുന്നു.
കേരളത്തില്‍ ഒരു ക്രിസ്തീയ രാജാവ് ഉണ്ടായിരുന്നുവെന്ന വാദത്തിന് അടിസ്ഥാനമായ തെളിവുകളാണ് ഇവ. പോര്‍ച്ചുഗീസ് രേഖകളിലും ഡച്ച് രേഖകളിലും ‘ബില്ലാര്ട്ടെ’ എന്ന പേരില്‍ ഈ രാജവംശത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. കൊച്ചിന് ഗ്രന്ഥവരിയില്‍ ഈ രാജവംശത്തെപ്പറ്റി ‘വില്ലാര്‍വട്ടം സ്വരൂപം’ എന്നാണ് പരാമര്‍ശം. പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്റെ അധികാരസീമയിലും പാലിയത്തച്ചന്റെ നിയന്ത്രണത്തിലുമായിരുന്നു വില്ലാര്വട്ടംസ്വരൂപം.
സാമൂതിരി പാലസ് രേഖകളില്‍ ”വില്ലാര്വട്ടസ്വരൂപത്തിങ്കെന്ന അടൂര്‍ ഗ്രാമത്തില്‍ കൊള്ളിവെച്ചതിനും ദേവന്റെ തോണി കൊണ്ടുപോയതിനും മറ്റു ബ്രാഹ്മണരോട് അന്യായവ്യാപരിച്ചതിനും കൂടി മാപ്രാമ്പള്ളി പാലിയത്തച്ചന് വില്യാര്വട്ടത്തെ നാടുവാഴിക്ക് പിഴ കല്പിച്ചു” എന്നു കാണുന്നു (എന്‍. എം. നമ്പൂതിരിയാണ് ഈ രേഖ എം. ആര് രാഘവവാര്യരുടെ ശ്രദ്ധയില്‍പെടുത്തിയത്)3. അമ്പലത്തില്‍ കയറി ശല്യം ചെയ്ത ഈ സ്വരൂപം ഹിന്ദുക്കളല്ലെന്ന് വ്യക്തമാകുന്നു. പിന്നീട് ഈ സ്വരൂപത്തെ ആസ്പദമാക്കി ഏതെങ്കിലും സൈനികപ്രസ്ഥാനം നിലനിന്നിരുന്നതായി തെളിവില്ല. ഈ ഗ്രന്ഥവരിയില്‍ പരാമര്‍ശിക്കുന്ന അഡൂര്ഗ്രാമം ചാലക്കുടിപ്പുഴയുടെ തീരത്ത് അന്നമനടയ്ക്കു സമീപം സ്ഥിതിചെയ്യുന്നു. അന്നമനട ക്ഷേത്രമാണ് വില്ലാര്‍വട്ടത്തെ യോദ്ധാക്കള്‍ ആക്രമിച്ചതെന്നു വ്യക്തം. അന്നമനടയ്ക്കടുത്തുള്ള കല്ലൂര്‍, മാള, വൈന്തല തുടങ്ങിയ ഗ്രാമങ്ങള്‍ വില്ലാര്വട്ടംസ്വരൂപത്തിന്റെ കീഴിലായിരുന്നു. കൊടുങ്ങല്ലൂരിനും വടക്കന്‍ പറവൂരിനും വടക്കുകിഴക്കായി പെരിയാറിന്റെ കരയിലെവിടെയോ, ചാലക്കുടിക്കും ഇരിങ്ങാലക്കുടയ്ക്കും തെക്കുമാറിയാകാം വില്ലാര്‍വട്ടത്തിന്റെ ആസ്ഥാനം. ചേന്ദമംഗലമോ ഉദയംപേരൂരോ അല്ല ആസ്ഥാനമെന്ന് ഈ രേഖകള്‍ വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, എ.ഡി 1500-ല്‍ നാമാവശേഷമായ ഒരു സ്വരൂപം ഇരുനൂറു വര്‍ഷങ്ങള്‍ക്കു ശേഷം പ്രബലമായ സൈന്യങ്ങളോടുകൂടി കൊള്ളയും കൊള്ളിവെപ്പും നടത്തിയെന്നും ഈ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു:
”കൊല്ലവര്‍ഷം 884 (എ.ഡി. 1709) വൃശ്ചികമാസം ഒരു ഞായറാഴ്ച (രണ്ടാം തീയതി) വില്ലാര്‍വട്ടം സ്വരൂപം അഡൂര്‍ ഗ്രാമത്തില്‍ കൊള്ളിവെപ്പ് നടത്തി; ബ്രാഹ്മണരോട് ‘അന്യായവും’ കാട്ടി. ബലിക്കല്‍ പ്പുരയില് യോഗം തികഞ്ഞു. വിസ്താരം കൂടാതെ വിധിയുണ്ടായി. പ്രായശ്ചിത്തം വച്ച തൊട്ടിയും വളരും* എരമങ്ങലത്ത് നമ്പൂതിരിയായ പരമേശ്വരനെ ഏല്പിച്ചു. എരമംഗലം അന്നമനടെ മേനായ അംഗമാണ്. പരമേശ്വരന് അഡൂര്‍ പൊതുവാളുടെയടുത്ത് (കുലശേഖരഭരണം മുതല്‍ ഉള്ള ഉദ്യോഗമാണ് പൊതുവാളുടേത്) അവ സോപാനത്തുവച്ചു. സ്വത്തുകേന്ദ്രീകരണത്തില് കൊരട്ടികൈമ്മളും മങ്ങാട്ടച്ചനും എടുക്കുന്ന താല്പര്യം കൊല്ലം 720 (ക്രിസ്തുവര്‍ഷം 1545) മുതല്‍ വ്യക്തമാണ്”4. കല്ലൂര്‍ ഗ്രാമത്തിന്റെ ദേശവാഴിസ്ഥാനം വില്ലാര്‍വട്ടം സ്വരൂപത്തിലായിരുന്നു.
മണിഗ്രാമപ്പട്ടവും ചേരമാന്സാമ്രാജ്യത്തിലെ ഏറ്റവും വലിയ കച്ചവടക്കാരന് എന്ന വിശേഷണവും 72 കുത്തകവകാശവും നല്കി പെരുമ്പടപ്പുസ്വരൂപത്തിലെ വീരരാഘവ ചക്രവര്‍ത്തി ബഹുമാനിച്ച ഇരവികോര്ത്തനായിരിക്കാം വില്ലാര്‍വട്ടം സ്വരൂപത്തിന്റെ തലവന്‍ എന്ന് ചരിത്രകാരനായ ജോണ്‍ ഓച്ചന്തുരുത്ത് സംശയം പ്രകടിപ്പിക്കുന്നുണ്ട്5. ഒന്‍പതും പതിനാലും നൂറ്റാണ്ടുകള്‍ക്കിടയില്‍ ക്രിസ്ത്യാനികള്‍ പ്രബലരാവാന് കാരണം ക്രിസ്ത്യന്‍ രാജാവിന്റെ ഭരണവും സംരക്ഷണവും ആണ്. 1439-ല്‍ യൂജിന്നാലാമന് മാര്‍പ്പാപ്പ അയച്ച കത്തില്‍ വില്ലാര്‍വട്ടം രാജാവിനെ ‘മിശിഹായില്‍ നമ്മുടെ ഏറ്റവും പ്രിയപുത്രന് ഭാരതീയവരുടെ പ്രശസ്ത ചക്രവര്‍ത്തി തോമയ്ക്ക്” എന്ന് അഭിസംബോധന ചെയ്തിരിക്കുന്നു.6 1709 ന് ശേഷം ഈ രാജവംശത്തെക്കുറിച്ച് ചരിത്രപരാമര്ശങ്ങളൊന്നും ലഭ്യമല്ല.
വാസ്കോദ ഗാമ കേരളതീരത്തെത്തിയപ്പോള്‍ മാര്‍ത്തോമ ക്രിസ്ത്യാനികളുടെ പ്രതിനിധിയില്‍നിന്ന് ഒരു അധികാരദണ്ഡ് സ്വീകരിക്കുകയുണ്ടായല്ലോ. അവര്‍ക്ക് പണ്ടുണ്ടായിരുന്ന രാജാവിന്റെ ചെങ്കോലും രാജ്യപത്രികയുമാണ് ഗാമയ്ക്കു സമര്‍പ്പിച്ചത്. വെള്ളികെട്ടിയ വെള്ളിമണികള് തൂക്കിയതായിരുന്നു അധികാരദണ്ഡ്. പെരുമാക്കന്മാര് വില്ലാര്‍വട്ടം രാജാവിനു നല്കിയതായിരുന്നു ഈ പദവിചിഹ്നം. ഗാമ ഈ രാജാംഗം എന്തുചെയ്തുവെന്നതിന് രേഖകളൊന്നുമില്ല.
കൊച്ചിരാജാവിന്റെ സാമന്തനായിരുന്ന വില്ലാര്‍വട്ടം സ്വരൂപത്തിന്റെ കീഴിലുള്ള ഒരു ചെറുകിട നാടുവാഴിയായിരുന്നു പാലിയത്തച്ചന് എന്ന് ചില ചരിത്രകാരന്മാര് രേഖപ്പെടുത്തുന്നുണ്ട്. 1622-ല്‍ കൊച്ചിരാജാവ് പാലിയത്തച്ചനെ വൈപ്പിന്‍കരയുടെ അധിപനാക്കി. കുറേക്കഴിഞ്ഞ് കൊച്ചിരാജ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനവും പാലിയത്തച്ചന് നല്കപ്പെട്ടു.
ഫ്യൂഡല്‍ കാലഘട്ടത്തില്‍ കേരളത്തിലെ ഓരോ നാടുവാഴിക്കുമുണ്ടായിരുന്ന സൈനികശക്തിയെപ്പറ്റി ഡച്ച് കുമേദാറായിരുന്ന വാന്റീഡ് 1677-ല്‍ രേഖപ്പെടുത്തിയ മെമ്മോറാണ്ടത്തില്‍ വില്ലാര്‍വട്ടം സ്വരൂപത്തിന്റെ സൈനികശക്തി 15000 എന്നും ഈ സ്വരൂപം കുറൂര്നാടില് ഉള്‍പ്പെടുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു. കുറൂര്നാട്ടില്ത്തന്നെ ഉള്‍പ്പെടുന്ന കുറൂര്‍ മൂത്തകോയിലിന്റെ സൈനികശേഷി 15000 ആണ്. വാന്റീഡ് പരാമര്‍ശിച്ച നാടുവാഴികളില്‍ വില്ലാര്വട്ടമൊഴികെയുള്ളവര് സവര്‍ണ്ണരായിരുന്നു7.
വില്ലാര്‍വട്ടം എന്ന് അറിയപ്പെടുന്നവര്‍
കൊരട്ടിക്ക് വടക്കുപടിഞ്ഞാറ് അന്നമനട ഉള്‍പ്പെടുന്ന പ്രദേശങ്ങളാണ് വില്ലാര്‍വട്ടത്തിന്റെ ഭൂമിക എന്ന് വ്യക്തം. അന്നമനടയ്ക്കു സമീപം മേലഡൂര് എന്നാണ് ഈ സ്ഥലം ഇന്നറിയപ്പെടുന്നത്. കൊരട്ടി, മേലൂര്‍, ആലപ്പാട്ട് എന്നിവിടങ്ങളില്‍ വില്ലാര്‍വട്ടം എന്ന നാമത്തില്‍ അറിയപ്പെടുന്ന ചില കുടുംബങ്ങളുണ്ട്. സ്വരൂപത്തിന്റെ കീഴിലുള്ള പടയാളികളില്പ്പെട്ടിരുന്ന അവരാരുംതന്നെ ക്രിസ്ത്യാനികളല്ല. ഈഴവരുടെയും ചവളക്കാരന്മാരുടെയും പിന്മുറക്കാരാണ് ഈ കുടുംബക്കാര്. വാളൂര്‍, കൊരട്ടി എന്നിവിടങ്ങളിലെ ചവളരുടെ ബാഹുല്യം സൂചിപ്പിക്കുന്നത് ഇവര്‍ പടയാളികളും ഒഴിവുസമയ കൃഷിക്കാരുമായിരിക്കാമെന്നാണ്. ചവളര്‍ എന്നതിന് കുന്തക്കാരന് എന്നും അര്‍ത്ഥമുണ്ടല്ലോ. ഈയടുത്ത കാലം വരെ കൊരട്ടിസ്വരൂപത്തിന്റെ ഉടമസ്ഥതയിലുള്ള കോള്‍നിലങ്ങള്‍ കൃഷിചെയ്തിരുന്നത് ചവളക്കാരന്മാരാണ്. ഏനമ്മാവിന് സമീപമുള്ള ആലപ്പാട്ട് പ്രദേശങ്ങളിലുള്ള വില്ലാര്‍വട്ടം വീട്ടുകാര്‍ കടല്പ്പടയാളികളായിരുന്നു. ഇപ്പോള്‍ ഇവര്‍ കൃഷിപ്പണിക്കാരും മീന്‍പിടുത്തക്കാരും ആണ്.
ഈഴവസമുദായത്തില്‍ ലയിച്ചുചേര്‍ന്ന ഒരു ജനവിഭാഗമാണ് ”വില്ലോര്‍”. മികച്ച യോദ്ധാക്കളായിരുന്നു ഇക്കൂട്ടര്‍. മറവര്‍, കുറവര്‍, മഴവര്‍, വേടര്‍ തുടങ്ങിയ ഗണങ്ങളില്‍ നിന്നാകണം വില്ലോര്‍ ഉത്ഭവിച്ചത്. അങ്കം വെട്ടുന്നതില്‍ പ്രസിദ്ധരായ ചേകവന്മാര് പഴയ വില്ലോര്‍മാരുടെ പിന്മുറക്കാരാണ്. കാസര്‍കോഡ് താലൂക്കിലെ ‘വില്ലവര്‍’ ഈഴവര്‍ ആണ്. എന്നാല്‍ ഇവരൊന്നുംതന്നെ വില്ലാര്‍വട്ടം എന്ന വീട്ടുപേരില്‍ അറിയപ്പെടുന്നില്ല.