മഴ വന്നാലെന്ത് ? ഇല്ലെങ്കിലെന്ത് ? – നിമി ജോര്‍ജ്
(കേരളത്തിലെ മഴയും കൃഷിയും, അവയുമായി ബന്ധപ്പെട്ട കാര്‍ഷിക സംസ്കൃതിയേയും നാട്ടറിവുകളേയും കുറിച്ച് )
തീരാത്ത ജലദോഷത്തിന്റെ പിടിയിലാണ് ഇന്ത്യന്‍ കര്‍ഷകന്റെ അവസ്ഥ. ഒന്നുകില്‍ അതിവൃഷ്ടി മൂലമുള്ള ജലദോഷം. അല്ലെങ്കില്‍ അനാവൃഷ്ടി മൂലമുള്ള ജലദോഷം. രണ്ടിലേതു ദോഷമായാലും അപഹാരം അറിയുന്നത് അന്നത്തിന്റെ കാര്യത്തിലാണെന്നു മാത്രം. വെറുതെയല്ല പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്റു ഇന്ത്യന്‍ കര്‍ഷകന്റെ ജീവിതം കാലാവസ്ഥയുമായുള്ള നിരന്തര ചൂതാട്ടമാണെന്നു പറഞ്ഞത്. മുങ്ങിമരിക്കുന്ന കിനാക്കളുടെയും കരിഞ്ഞുണങ്ങുന്ന മോഹങ്ങളുടെയും പര്യായമാണു പാടങ്ങളില്‍ മുങ്ങിപ്പോകുന്ന കതിരുകളും തോട്ടങ്ങളില്‍ ഉണങ്ങിപ്പോകുന്ന നടുതലകളുമെന്നു പറഞ്ഞാലും തെറ്റില്ല.
പണ്ടുമുതലെ ഇങ്ങനെ തന്നെയായിരുന്നോ. പൊയ്പോയൊരു കാലത്ത് അക്ഷരാര്‍ഥത്തില്‍ തന്നെ ഇങ്ങനെയായിരിക്കാനാണിട. വല്ലപ്പോഴുമെങ്കിലും കാലവും കണക്കും തെറ്റാതെ മഴയും വെയിലുമെത്തിയ ചരിത്രവുമുണ്ടാകാം. ഇന്നും ഇടയ്ക്കെങ്കിലും അങ്ങനെ സംഭവിക്കുന്നുണ്ടല്ലോ. അല്ലെങ്കില്‍ മണ്ണുമായി മാനവന് സമതാളം പങ്കിടുന്ന കാര്‍ഷിക ജീവിതത്തിന് എങ്ങനെ പ്രത്യാശയോടെയുള്ള നിലനില്പ് സാധിക്കും. അത്തരം നല്ല നാളുകളെ ആസ്പദമാക്കിയായിരിക്കാം ഞാറ്റുവേലകള്‍ കാലാവസ്ഥാഗണനയുടെ അടിസ്ഥാനമാക്കിയിരുന്നത്. ഇരുപത്തിരണ്ടു മഴയും ഒരാണ്ടില്‍ എണ്ണി ചൊരിയുന്നത് കണക്കുകൂട്ടാന്‍ സാധിക്കുമായിരുന്ന തലമുറയും കാലഗതിയടഞ്ഞല്ലോ. ചോതി പെയ്താല്‍ ചോറുറച്ചെന്നും തിരുവാതിരയ്ക്ക് തിരിമുറിയാതെ പെയ്യുമെന്നും പഴമയുടെ കൃഷി ശാസ്ത്രം പതിരില്ലാതെ പറഞ്ഞുവച്ചിരുന്നു.
ഞായറിന്റെ, അതായത് സൂര്യന്റെ, നിലകളെ ആസ്പദമാക്കിയുള്ള ഈ കണക്കുകൂട്ടലുകളും ഒരു കൃഷിശാസ്ത്രം തന്നെയായിരുന്നു. വിത്തും വിളവും വിപണിയുമൊക്കെ സങ്കരമാകുന്നതിനു മുമ്പുള്ള കൃഷിശാസ്ത്രം. എന്‍.പി.കെ എന്ന മൂന്നക്ഷരങ്ങള്‍ പാടങ്ങള്‍ കയ്യേറുന്നതിനു മുമ്പുള്ള അറിവുകളുടെ പത്തായം. അവിടെ ശാസ്ത്രത്തിനും നാട്ടറിവുകള്ക്കുമിടയില് വേലികെട്ടിത്തിരിക്കാന്‍ ഗവേഷകരില്ലായിരുന്നു. അല്ലെങ്കില്‍ മികവു തെളിയിച്ച കൃഷിക്കാരൊക്കെ ഗവേഷകര്‍ കൂടിയായിരുന്നു.
ആരോഗ്യംകാക്കാന് ആയുര്‍വേദം, കൃഷിപ്പണികള്‍ക്കു ഞാറ്റുവേലകള്‍, കഴിക്കാന്‍ കഞ്ഞിയും പുഴുക്കും, നെല്ലിനായാലും കായ്കറികള്ക്കായാലും പൊലിമയേകാന്‍ കാലിവളവും പച്ചിലകളും, അവനവന്റെ ആഹാരത്തിനും പിറ്റേ കൃഷിക്കു വിത്തിനുമുള്ളത് കഴിഞ്ഞാല്‍ കാര്യമായൊന്നും കണ്ടേക്കില്ല. എങ്കിലെന്ത്? മണ്ണിന്റെ നന്മയിലും വിളദായക ശേഷിയിലും വിശ്വാസമര്‍പ്പിച്ച് പോയൊരു കാലത്ത് കൊച്ചു ജീവിതങ്ങള്‍ തൃപ്തിയടഞ്ഞിരുന്നു. പഴമയില്‍ കൃഷിപ്പണികള്‍ക്ക് ഒരേയൊരു അടിസ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. ഞാറ്റുവേലകള്‍ മാത്രം. അതാകട്ടെ ഗ്രഹങ്ങളുടെ നിലയെമാത്രം അടിസ്ഥാനമാക്കി കണക്കാക്കിയിരുന്നതും. മഴയും വെയിലുമൊക്കെ ഞാറ്റുനിലകള്ക്കനുസരിച്ച് സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഞാറിനെ നിയന്ത്രിക്കുന്ന ഞായര്‍ അഥവാ സവിതാവ് ഇടയ്ക്കിടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിക്കുകയും ചെയ്യും. അതിനു കാരണമാകുന്ന ദൈവങ്ങളുടെ കോപത്തിനു പരിഹാരവും വൈകില്ല. ഉര്‍വരതാ സങ്കല്‍പ്പങ്ങളും വിളവുത്സവങ്ങളും മാത്രമല്ല, പേറുകഴിഞ്ഞ പെണ്ണിനെന്ന പോലെ കൊയ്ത്തു കഴിഞ്ഞ മണ്ണിനും വിശ്രമവും സുഖചികിത്സയുമൊക്കെ നാട്ടുനടപ്പുകള്‍ മാത്രമായിരുന്നു. മണ്ണില്‍ നിന്ന് ഒന്നും കവര്‍ന്നെടുക്കുന്നില്ല, തരുന്നത് വിനയത്തോടെ സ്വീകരിക്കുക മാത്രം ചെയ്തിരുന്നു. മണ്ണിനെ കീഴടക്കുന്ന കര്‍ഷകരില്ലായിരുന്നു, മണ്ണുമായി പൊരുത്തപ്പെട്ടു ജീവിതത്തിന്റെ താളം കണ്ടെത്തിയ മണ്ണിന്റെ മക്കളേയുണ്ടായിരുന്നുള്ളൂ. അതിനിടെയുള്ള സാമൂഹികമായ ഉച്ചനീചത്വങ്ങളും ദുരാചാരങ്ങളും എണ്ണിപ്പറയുന്നവര്‍ പോലും കാര്‍ഷിക ജീവിതത്തിന്റെ ഹരിതകങ്ങളെ കാണാതെ പോകരുത്.
കാലാവസ്ഥകളില്‍ ഇടപെടാന്‍ മാനവന് അധികാരമില്ല, അതുകൊണ്ടാണല്ലോ ഖസാക്കിന്റെ ഇതിഹാസത്തില്‍ രവി മാഷിന്റെ പെട്ടിയെടുത്തുകൊണ്ട് കൂമന്‍കാവില്‍ നിന്ന് ഒപ്പം കൂടുന്നയാള് മലമ്പുഴയില്‍ അണകെട്ടാന്‍ പോകുന്നതിനെയോര്‍ത്ത് ഖിന്നനാകുന്നത്. അവിടെ മുറിയുന്നത് പ്രകൃതിയുമായുള്ള താളമാണെന്ന് കാലത്തിന്റെ നന്മകളെ തിരിച്ചറിയുന്നൊരാള്‍ ഖേദത്തോടെ ഓര്‍മിപ്പിക്കുന്നു. ശാസ്ത്രജ്ഞാനം കൊണ്ട് സര്വസ്വവുമായെന്നു തെറ്റിദ്ധരിക്കുന്ന പുതിയ തലമുറയെപ്പോലെ പഠിപ്പുള്ള രവിമാഷ് അതിനെ മൂളിയിരുത്തുക മാത്രം ചെയ്യുന്നു. എന്തായാലും പ്രകൃതിക്കു കീഴടങ്ങിയും പൊരുത്തപ്പെട്ടും ജീവിക്കുന്നതിന്റെ വിശ്വാസപ്രമാണങ്ങളെ ഞാറ്റുവേലകളെന്നു വിളിക്കാം.
ലളിതമായ അര്‍ഥത്തില്‍ ഞാറ്റുവേലകളൊരു കൃഷി കലണ്ടറാണ്. ഒരു വര്‍ഷത്തെ കൃഷിവേലകളെല്ലാം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഈ കലണ്ടറിന്റെ അടിസ്ഥാനത്തിലാണ്. ചാക്രികമായ രണ്ടു കാര്യങ്ങളാണ് ഞാറ്റുവേലകളുടെ അടിസ്ഥാനം. ഒന്നാമത്തേത് കാലാവസ്ഥയുടെ ആവര്ത്തനങ്ങള്ക്കനുസരിച്ചുള്ള ഋതുചക്രവും രണ്ടാമത്തേത് ഗ്രഹനിലകളെ ആശ്രയിച്ചുള്ള രാശിചക്രവും. ഇവ രണ്ടും തമ്മിലുള്ള പൊരുത്തമാണ് ഞാറ്റുവേലകള്‍ മുന്നോട്ടുവയ്ക്കുന്നത്. കേരളീയമായ കാലഗണനയനുസരിച്ച് ഒരാണ്ടില്‍ ഇരുപത്തേഴു നാളുകളാണുള്ളത്. അശ്വതിയില്‍ തുടങ്ങി രേവതിയില്‍ അവസാനിക്കുന്ന നാളുകള്‍. ഇവ ആണ്ടുതോറും ചക്രം തിരിയുന്നതു പോലെ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുന്നു. ആദിയും അന്തവുമില്ലാത്ത ആവര്‍ത്തനം. രേവതി കഴിയുമ്പോള്‍ ഇടവേളയില്ലാതെ വീണ്ടും അശ്വതിയിലേക്ക്. നാളുകള്ക്കനുസരിച്ചാണ് ഞാറ്റുവേലകളും. ഓരോ നാളിനും ഓരോ ഞാറ്റുവേല. ഓരോന്നിന്റെയും ദൈര്‍ഘ്യം പതിമൂന്ന് അല്ലെങ്കില്‍ പതിനാലു ദിവസം. ഓരോ വര്‍ഷവും മേടം ഒന്നിന് അശ്വതി ഞാറ്റുവേല ആരംഭിക്കുകയാണ്. അങ്ങനെ മേടമാസത്തിലെ വിഷു, കാര്‍ഷിക വര്‍ഷത്തിന്റെ ആരംഭമായി മാറുന്നു. ഒരു വര്‍ഷത്തെ കൃഷിപ്പണികള്‍ മുഴുവന്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ഞാറ്റുവേലകള്ക്കനുസരിച്ചാണ്. എല്ലാ ഞാറ്റുവേലകള്‍ക്കും അടിസ്ഥാനം മഴയാണെന്നു പറയാം. കാരണം ഈര്‍പ്പമില്ലാത്ത മണ്ണില്‍ വിളവുണ്ടാകുന്നതെങ്ങനെ. അതായത് മഴയുടെ സാന്നിധ്യത്തിലോ അസാന്നിധ്യത്തിലോ കൃഷിപ്പണികള്‍ എങ്ങനെയായിരിക്കണമെന്നാണ് ഓരോ ഞാറ്റുവേലയും പറയുന്നത്. അങ്ങനെ സാന്നിധ്യം കൊണ്ടും അസാന്നിധ്യം കൊണ്ടും ഞാറ്റുവേലകളിലൂടെ മഴ തന്നെ കാര്‍ഷിക കലണ്ടറിന്റെ അടിസ്ഥാനമായി മാറുന്നു. ഋതുഭേദങ്ങളെപ്പറ്റിയുള്ള അറിവുകളാണ് വാമൊഴികളിലൂടെ കര്‍ഷകര്‍ക്കു തലമുറതോറും പകര്‍ന്നു കിട്ടിയിരുന്നതും.
അശ്വതിയിലിട്ട വിത്തും ഭരണിയിലിട്ട മാങ്ങയും കേടുവരില്ലെന്ന് പഴയ പ്രമാണം. എന്തേ ഇങ്ങനെ പറയുന്നു? മേടം ഒന്നു മുതല്‍ പതിനാലു ദിവസമാണ് അശ്വതി ഞാറ്റുവേല. നെല്‍കൃഷിയില്‍ പൊടിവിത നടത്തുന്ന സമയമാണിത്. വേനല്‍മഴയുടെ കാലവും ഇതു തന്നെ. ഇടവപ്പാതിയില്‍ കേരളത്തിന്റെ മഴക്കാലം തുടങ്ങുന്നുവെന്നു കണക്കാക്കിയാല്‍ ഒരാണ്ടിലെ മൂന്നാം മഴക്കാലമാണ് വേനല്മഴയുടേത്. ഈ മഴയുടെ നനവു നില്ക്കുന്ന പാടങ്ങളാണ് ഉഴുതൊരുക്കുന്നത്. അതിന്റെ ചെറുനനവുള്ള പൊടിയിലാണ് വിത്തു വിതയ്ക്കുന്നത്.
പൊടിവിതയെന്നു പറയുമ്പോള്‍ അരിയാഹാരം കഴിക്കുന്ന മലയാളിയൊക്കെ അറിഞ്ഞിരിക്കേണ്ടൊരു കൃഷിശാസ്ത്രമുണ്ട്. നെല്ലിനെ സംബന്ധിക്കുന്ന ഈ കൃഷിശാസ്ത്രവും മഴയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഒന്നാം കൃഷിയായ വിരിപ്പ് നട്ടു നനയേണ്ടതാണ്. അതായത് അശ്വതി, ഭരണി ഞാറ്റുവേലകളില്‍ പൊടിയില്‍ വിതച്ച് ഇടവപ്പാതിയുടെ പെരുമഴ മുഴുവന്‍ ഏറ്റുവാങ്ങി ചിങ്ങത്തിലെ പത്തുമഴ വിട്ടുള്ള തെളിവിലും പൊന്നുരുകുന്ന കന്നിയിലുമായി കൊടുക്കേണ്ടത്. എന്നാല്‍ രണ്ടാം കൃഷിയായ മുണ്ടകനാകട്ടെ നട്ടുണങ്ങേണ്ടതാണ്. കാരണം തുലാമഴയിലെ പെരുമഴയിലാണ് കണ്ടം പൂട്ടി ഞാറു പറിച്ചു നട്ട് മുണ്ടകന്‍ തുടക്കം കുറിക്കുന്നത്.
ഇടവത്തിലെ അവസാന ആഴ്ചയിലാണ് മകയിരം ഞാറ്റുവേല വരുന്നത്. അതായത് ഇടവപ്പാതിതകര്ത്തു പെയ്യുന്ന സമയം. കേരളത്തില്‍ ഒരു വര്‍ഷം കിട്ടുന്ന മഴയുടെ മൂന്നില്‍ രണ്ടോളം കിട്ടുന്നതും ഇടവം മുതല്‍ കര്‍ക്കിടകവും കടന്ന് ചിങ്ങം വരെ നീളുന്ന വര്ഷകാലത്താണല്ലോ. മതിമറന്നു മഴപെയ്യുന്ന ഇക്കാലത്തു വരുന്ന മകയിരം ഞാറ്റുവേല കൃഷിക്കൊന്നും പറ്റിയതല്ല. അതുകൊണ്ട് പഴമയുടെ കൃഷിശാസ്ത്രം പറയുന്നു ‘മകയിരത്തില്‍ നട്ടാല്‍ മദിക്കുകയേയുള്ളൂ.’ എന്നു പറഞ്ഞാല്‍ ഈ സമയത്ത് നടുന്ന പച്ചക്കറികള്‍ക്ക്, വിശേഷിച്ച് പയറിന്, നല്ല തോതില്‍ ഇലത്തഴപ്പുണ്ടാകും. കായ്പിടുത്തം നന്നേ കുറവായിരിക്കും.
തിരിമുറിയാതെ മഴപെയ്യുന്ന സമയമാണ് തിരുവാതിര ഞാറ്റുവേല. മിഥുനം ഏഴോടെയാണ് ഈ ഞാറ്റുവേലയുടെ ആരംഭം. തിരിമുറിയാതെ മഴ എന്നാല്‍ തോരാത്ത മഴ. ഇടവം, മിഥുനം, കര്‍ക്കിടകം മാസങ്ങളിലെ മഴയുടെ പ്രത്യേകത അങ്ങനെയാണ്. തിരുവാതിര ഞാറ്റുവേലയില്‍ മഴയുടെ കാഠിന്യം അല്പം കുറയും, എന്നാല്‍ തോര്ച്ചയുണ്ടാകുകയുമില്ല. ഈ ഞാറ്റുവേലയില്‍ പെയ്യുന്ന മഴയെ നേരിട്ടാശ്രയിക്കുന്ന രണ്ടു വിളകളാണ് വിരിപ്പില്‍ നട്ടിരിക്കുന്ന നെല്ലും കറുത്ത പൊന്നായ കുരുമുളകും. കുരുമുളകില്‍ തിരിയിട്ട് വിരിയുന്ന പൂക്കള്‍ പരാഗണം നടക്കുന്നത് തിരുവാതിര ഞാറ്റുവേലയിലെ നൂലുപോലുള്ള തോരാമഴയിലാണ്. അതിലാണ് സാമൂതിരിയുടെ പഴയ സമാശ്വാസത്തിന്റെ അര്‍ഥം നാം കണ്ടെത്തുന്നതും. പോര്‍ട്ടുഗീസുകാര്‍ ഇവിടെനിന്നു കുരുമുളകിന്റെ വള്ളികള്‍ കടത്തിക്കൊണ്ടുപോയെന്ന് ദൂതന്മാര് സാമൂതിരിയെ അറിയിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം ‘അവര്‍ കൊടിത്തലയല്ലേ കൊണ്ടുപോയുള്ളൂ, നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ടുപോയിട്ടില്ലല്ലേല്ലോ. അതിനര്‍ഥം തിരിമുറിയാത്ത മഴയില്ലെങ്കില്‍ അവര്‍ കൊണ്ടുപോയ കൊടിത്തല കൊണ്ട് എന്തു പ്രയോജനം എന്നതു തന്നെ.