മളച്ചെത്തം – ഷൈജു അലക്‌സ്

മളച്ചെത്തം  – ഷൈജു അലക്‌സ്

‘മഴ കുടുംബ സ്വത്താണ്

മഴ കൊണ്ട്

മുത്തച്ഛനും മുത്തശ്ശിയും

മരിച്ചിരുന്നു.

എങ്കിലും

മഴയെ സ്‌നേഹിക്കാതെ വയ്യ’.

കര്‍ക്കടകം – പി.വൈ. ബാലന്‍


ഒന്ന്


കുഞ്ഞുനാളില്‍ ‘മഴ മഴ മഴ മഴ പെയ്യുന്നു ചറപറ ചറപറ പെയ്യുന്നു’ എന്ന് മലയാളം ക്ലാസ്സില്‍ ടെല്‍മ ടീച്ചര്‍ പഠിപ്പിച്ചത് ഇന്നും ഓര്‍ക്കുന്നു. വൈകുന്നേരത്ത് ഒരു ചാറ്റല്‍ പെയ്താല്‍, മാനമൊന്ന് കറുത്താല്‍ സ്‌കൂളിലെ പ്യൂണ്‍ ചേട്ടന്‍ നേരത്തേ ബെല്ലടിക്കും. പുറത്തേക്കിറങ്ങുമ്പോഴായിരിക്കും മഴകൊട്ടിയിറങ്ങുന്നത്. വഴിക്കുവച്ച് ചേമ്പിലക്കാട്ടില്‍ നിന്നും ഒരു ചേമ്പില പറിച്ചെടുത്ത് മഴനനയാതെ വീട്ടിലേക്ക് ഓടുന്ന കാഴ്ച, ഇന്നും കണ്‍മുന്നില്‍ത്തന്നെയുണ്ട്. പിന്നെ വീട്ടിലേക്ക് എത്തുമ്പോഴാണ് ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കടപ്പുറത്തെ ഉപ്പുകാറ്റേറ്റ് അമ്മ കാത്തിരിക്കുന്നത്. ആകാശം ദിക്കുപൊട്ടുന്ന ഉച്ചത്തില്‍ ഇടിശബ്ദമുണ്ടാക്കി കവിതയായി ഈ ദൃശ്യത്തെ പകര്‍ത്തിവയ്ക്കും.


”മളവയ്ണ് തലക്കൊടത്തില് മളയെ ഏന്തിക്കൊണ്ട് എന്ന മക്ക വന്താര്”


രണ്ട്


രാത്രിയില്‍ കലത്തിലെ അവസാന വറ്റും എനിക്കെടുത്ത് വച്ച് അമ്മ ചോറ്റുവെള്ളം കുടിച്ച് ഉറങ്ങാന്‍ കിടക്കും. തിരിഞ്ഞും മറിഞ്ഞും ഞാനും നേരം വെളുപ്പിക്കാന്‍ ശ്രമിക്കും, അപ്പോഴൊക്കെ ഒരു കരച്ചിലിന്റെ ഏക്കത്തിന്റെ ചെത്തം കേട്ട് പതിയെ കണ്‍തുറക്കുമ്പോള്‍ തിരുഹൃദയപ്പടത്തിന് മുന്നിലിരുന്ന് അമ്മയുടെ നിലവിളി :


”തിന്നേം കുടിച്ചേം പണമില്ലേ ഓലകെട്ട്‌ണേക്കും പൈസായില്ലേ മളപെയ്ഞ്ചാ ഒറങ്കപറ്റാതും ഒളുവുണ വെള്ളം പിടിച്ചേ പാത്രങ്കലും പിടിച്ചുപോം കണ്ണെല്ലാം വീങ്കികണ്ണെല്ലാം നീരടിച്ചിരിക്ക്ണ്, മക്കള പാത്ത സങ്കടം സഹിച്ച വയ്യാ

പിഞ്ചുകൊളന്തയെ നെഞ്ചത്തുവച്ച് ചൂടു കൊടുത്ത് ചൂടു കൊടുത്ത് ഇരിക്കുവീ”


അപ്പോഴാണ് അടുത്ത ചെറ്റപ്പുരയില്‍ നിന്നും അമ്മയുടെ നിലവിളിയെ നിര്‍മലചേച്ചി ഏറ്റെടുക്കുന്നത്.


”എന്ന മാപ്പിള കടലിലാക്കും ആണ്ടവരേ… കാപ്പാത്തുമീ…. നൊത്തോലി ഒണക്കാതെ പെരുത്ത് നാളാച്ച്…. മളപെയ്താ എല്ലാര്ക്കും സന്തോസമാ എങ്കള്‌ക്കെല്ലാം.. കണ്ണീരും കടലും താനമ്മാ…”


ഓരോ കുടിലുകളില്‍ നിന്നും ദീര്‍ഘനിശ്വാസങ്ങളുടെ ഏങ്ങലടികള്‍ ഉയരും, കുട്ടികളുടെ കരച്ചിലും മഴയുടെ ഞരക്കവും ഇരുട്ടിന്റെ അണിയറ നീക്കങ്ങളും പിറ്റേന്ന് പ്രഭാതത്തിന്റെ സൂര്യകിരണങ്ങളേറ്റുവാങ്ങാന്‍ വെമ്പും.


”കടലായ പെണ്ണ് ചോദിച്ചു; ഉപ്പിന്റെ വിലയറിയാമോ? അമ്മയുടെ കണ്ണീരിന്റെ ഉപ്പാണ് ഞാനറിഞ്ഞ ആദ്യരുചി”


കാലവര്‍ഷം അടുത്തെത്തുമ്പോള്‍ തീരപ്രദേശമാകെ ആധിയാണ്. ചങ്കിലെവേദന നൊന്തുനൊന്ത് പഴുത്ത് പുറത്തേക്കു ചാടുന്നത് നൊമ്പരക്കാഴ്ചയാണ.്


മൂന്ന്


കടലറിവുകളുമായി ബന്ധപ്പെട്ട ഒരു ക്ലാസ്സില്‍ തീരത്തെ എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ കരുംകുളം വിര്‍ജിന്‍ പറഞ്ഞു: ”കടല്‍ വെറും ജലമല്ല, ഏതോ ഗ്രഹത്തില്‍ നിന്ന് ഭൂമിയിലെത്തിച്ചേര്‍ന്ന ജലരൂപം ഘനീഭവിച്ച് ജലതന്മാത്രകളാകുന്നു, അവ മഴയായി, പുഴയായി ഭൂമിയുടെ ഏറ്റവും താണയിടങ്ങളിലെത്തി, കടല്‍തന്നെയാണ് മഴ, മഴതന്നെയാണ് കടല്‍” ശരി എന്ന അര്‍ത്ഥത്തില്‍ എല്ലാവരും തലയാട്ടി. ‘കടലെന്തിനു കരയില്‍ വരുന്നു, കരയെന്തേ കടലിലേക്ക് പോകുന്നില്ല’ എന്ന കുഞ്ഞു ചിന്തയും എന്റെ തലയിലുദിച്ചു.


”പുറത്തെ ഇരുട്ടിലേക്ക് മുന്നറിയിപ്പുകളില്ലാതെ മഴ പെയ്തിറങ്ങിയപ്പോള്‍ വേദനയോടെ ഓര്‍ത്തുപോയി. കഴിഞ്ഞ വേനലില്‍ എനിക്കാരും തണല്‍ നല്‍കിയിരുന്നില്ല ഇനി മഴക്കാലത്ത് എനിക്കാര് കുടതരും?”


നാല്


മുക്കുവര്‍ കടലിലേക്ക് പ്രതീക്ഷകളുടെ ഭാരവും ചുമന്ന് തുഴഞ്ഞു പോകുന്നു, ചുറ്റും ജലമല്ലാതെ മറ്റൊന്നുമില്ല അപ്പോഴാണ് കാര്‍മേഘത്തിന്റെ വരവ്, ജാഗ്രതക്കണ്ണുകളുമായി അവര്‍ ഉറ്റുനോക്കുന്നു, ക്ലീറ്റസ് ജെ. എന്ന മത്സ്യത്തൊഴിലാളി ഉറക്കെ വിളിച്ചു പറയുന്നു :


”ടേയ് കാത്ത് വയ്ണടാ, പ്ലാസ്റ്റിക് മൂടിയിരിയാ, പയങ്കര തണുപ്പടാ, മുറുക്കാന്‍ ചവച്ചാമടാ… നേര് കൊണ്ടല്* പാഞ്ചുവെയ്ണ് മള ചൊരിഞ്ചെറങ്ക്ണ് തലയെല്ലാം കീളെയിടുമിനാ…”


മറ്റ് തൊഴില്‍ മേഖലയ്ക്ക് കാറ്റെന്നോ മഴയെന്നോ ഉള്ള ഭയപ്പാട് വേണ്ട, ഇവിടെ ഉള്ളില്‍ അതിജീവനത്തിന്റെ പോരാട്ടമാണ് നടക്കുക. മഴ അനുഭൂതിയുടെ കലവറെയന്നും പ്രകൃതിയുടെ സുന്ദര ബിംബമെന്നും കാഴ്ചയുടെ വസന്തമെന്നും ഘോഷിക്കുമ്പോഴും മഴ മത്സ്യത്തൊഴിലാളികള്‍ക്ക ്എന്താണ് എന്ന് സ്വയം ചോദിച്ചാല്‍ അത് കരുത്തു തരുന്ന സമ്പാദ്യം തന്നെയാണ്. ഉള്‍ക്കടലിലെ മഴയെക്കുറിച്ച് വിഴിഞ്ഞം പൂവാര്‍ സ്വദേശി അന്ത്രയോസ് പറയുന്നതിങ്ങനെ:


”മാനം കറുത്തോണ്ട് വരും, കാത്തും മിന്നലും സഹിച്ച പറ്റാതും, കരിങ്കല്ല് മേലില് കൊള്ള്ണപോലെ മളത്തുള്ളികള് എമ്പാടും കനത്തില് വീളും, ദശകിട്ടാതെ വള്ളത്തിലിരുന്ത് സകല ആണ്ടവ്ങ്കളേയും വിളിച്ചുപോം. കൂട്ടത്തിലൊള്ള മൂത്തോങ്ക ചൊല്ല്‌വാര് കരപത്തണം. അപ്പളാക്കും മറുകാത്ത് വയ്‌ണെ എമ്പാടും നേരംവള്ളത്തില് നനഞ്ച് വെറച്ച് ഇര്ക്ക്‌പോം…. അപ്പോ നാങ്ക ആലോചിച്ചുവോം നാമ ചത്തുപോണാ പൊണ്ടാട്ടിക്കും കൊളന്തകള്ക്കും ആരൊണ്ട്, പിന്നെ മാനം തെളിയുമ്പോളാക്കും ചീവന്‍ വിളുന്തെയ്”


ഇങ്ങനെ ദുഃഖ പ്രഖ്യാപനങ്ങളുടെ ആകെത്തുകയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് മഴയോര്‍മ്മ.


അഞ്ച്


കൂടത്തിന്റെ അടിയിലോ, വള്ളങ്ങളുടെ കീഴെയോ മഴയേല്‍ക്കാതിരിക്കാന്‍ ഓടിക്കൂടുന്ന ജനം, അഭയത്തിന്റെ നനവൂറുന്ന മണ്ണിലേക്ക്, രക്ഷയുടെ പറുദീസയിലേക്ക്

നാടുകടത്തപ്പെട്ടവര്‍, തലതാഴ്ത്തപ്പെട്ടവരുടെ വേരുകള്‍ ഒളിഞ്ഞിരിക്കുന്ന മുദ്ര പേറുന്നവര്‍… ചോദ്യങ്ങള്‍ തൊടുക്കുന്ന കണ്ണുകളും വിശന്നൊട്ടിയ വയറുകളും കിടപ്പാടം നഷ്ടപ്പെട്ട എല്ലുന്തിയ നെഞ്ചകങ്ങളും ഇന്നും തുറയിലുണ്ട്, അതുകൊണ്ടുതന്നെ, ആനി,ആടി മാസങ്ങള്‍ കടപ്പുറവാസികള്‍ക്ക് പഞ്ഞത്തിന്റെ മുള്ളുമെത്ത സമ്മാനിക്കും. ആവലാതികളുടെ പങ്കായം തുഴഞ്ഞെത്തുന്ന മാസങ്ങളില്‍ കൊടിയ ദാരിദ്ര്യത്തിന്റെ നൂല്‍നൂല്‍ക്കും. അതുകൊണ്ടുതന്നെ തീരത്തിന് മഴയെന്താണ്?


സ്വപ്നം കാണാന്‍ പഠിപ്പിക്കുന്ന വഴിത്താരയാണോ? കാഴ്ചയുത്സവത്തിന്റെ പ്രതീകമാണോ? ആനന്ദത്തിന്റെ കതിരുകളാണോ?


ഒറ്റവാക്കില്‍ പറഞ്ഞാല്‍, ”തോരാത്ത ധൈര്യത്തിന്റെ പാഠപുസ്തകമാണ് മഴ.

കണ്ണീരിന്റെ നിക്ഷേപം സൂക്ഷിക്കുന്ന വിശുദ്ധ അള്‍ത്താരയാണ് മഴ. പ്രത്യാശയുടെ വലവിരിക്കുന്ന കടലാണ,്മഴ.”