മഴ വരികള്‍, മറക്കാത്ത പാട്ടുകള്‍ – സ്മിത ഗിരീഷ്  

മഴ വരികള്‍, മറക്കാത്ത പാട്ടുകള്‍  – സ്മിത ഗിരീഷ്  

അങ്ങനെ നോക്കിയിരിക്കെ ആകാശം കറുത്തിരുണ്ടു വരുന്നു. വീശിയടിച്ചു വരുന്ന കാറ്റില്‍ ഇളകിയാടുന്ന വൃക്ഷത്തലപ്പുകള്‍, പാറിപ്പറന്നു പോകുന്ന കരിയിലകള്‍, കുളത്തില്‍ തിരപോലെയിളകുന്ന താമരക്കാടുകള്‍, ഇരച്ചു വരുന്ന മഴ തടാകത്തിലെ ജലത്തില്‍ വളയങ്ങള്‍ ഇട്ട് മുങ്ങി മാഞ്ഞു പോകുന്നു. കുളക്കരയില്‍ നിന്ന് കുട നീര്‍ത്തി നടന്നു പോകുന്ന ഒരാള്‍, ആകെ നനഞ്ഞ് വെള്ളമിറ്റുന്ന മുടിയും വിറയ്ക്കുന്ന ശരീരവുമായി  ഒരു മരച്ചുവട്ടിലേക്ക് ഓടിപ്പോകുന്ന അപു, മഴയില്‍ മുടി മുന്‍പോട്ട് ഉലച്ചിട്ട് വട്ടം കറങ്ങി കുളത്തിന് മുന്‍പില്‍ നിന്ന് നൃത്തം ചെയ്യുന്ന ദുര്‍ഗ്ഗ! മഴയുടേയും കുഞ്ഞുങ്ങളുടേയും പ്രകൃതിയുടേയും മേളനമാണത്… സത്യജിത് റേയുടെ പഥേര്‍ പാഞ്ചാലിയിലെ ഈ മഴച്ചിത്രങ്ങളാണ്, മഴപ്പാട്ടുകളെ ഓര്‍മിക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് പെയ്തിറങ്ങുന്ന വരികളും, ഈണവുമില്ലാത്ത ചേതോഹരമായ ഏറ്റവും പ്രിയപ്പെട്ട ഒരു സംഗീത വികാരം. റേയുടെ പഥേര്‍ പാഞ്ചാലി പാതയുടെ ഗീതമായല്ല, മഴയുടെ ഗീതമായാണ് വ്യാഖ്യാനിക്കേണ്ടത്…


       പ്രളയത്തിന് ശേഷമുള്ള ഈ ഇടവപ്പാതിക്ക് പക്ഷേ, വെയില്‍ക്കാറ്റ് ചുട്ടെടുത്ത പുഴുക്കം ചുവപ്പിച്ച പൊടി മുഖമാണ്. വളരെ അകലെയുള്ള ആകാശത്തിന്റെ നിറങ്ങള്‍ മാറി വരുന്ന മുഖങ്ങളില്‍ മഴക്കാര്‍ തിരഞ്ഞ് മഴയെക്കാത്തിരിക്കുമ്പോള്‍ അറിയാതെ മൂളിപ്പോകുന്നത് ഈ വരികളാണ്.   ‘മഴയുടെ തന്ത്രികള്‍ മീട്ടി നിന്നാകാശം


മധുരമായാര്‍ദ്രമായ് പാടി

അറിയാത്ത കന്യതന്‍ നേര്‍ക്കെഴും

ഗന്ധര്‍വ പ്രണയത്തിന്‍ സംഗീതം

പോലെ

പുഴ പാടിത്തീരത്തെ മുള പാടി

പ്പൂവള്ളിക്കുടിലിലെ കുയിലുകള്‍ പാടി…’


    ഓ.എന്‍.വിയുടെ മന്ത്ര വരികളാണു! മേഘമല്‍ഹാര്‍ രാഗത്തില്‍ രമേഷ് നാരായണന്റെ സംഗീതമാണ്. പറയാത്ത പ്രണയം ആത്മാവിന്റെ സംഗീതം എന്ന പോലെ, മഴ ആകാശത്ത് നിന്ന് പുഴയിലേക്ക്, മുളം കൂട്ടത്തിലേക്ക്, കുയില്‍ നാദത്തില്‍ ലയിച്ച്  പാട്ടായി മല്‍ഹാര്‍ രാഗത്തില്‍ പൊഴിയുകയാണ്… അനുരാഗികളുടെ മനം കുളിരുകയാണ് !


      ‘രാത്രി മുഴുവന്‍ മഴയായിരുന്നു

        മനസ്സ് നിറയെ കുളിരായിരുന്നു…

        മൗനമേ നിന്‍ മടിയില്‍ ഞങ്ങള്‍

        മഞ്ഞുതുള്ളികളായിരുന്നു…’


ബിച്ചു തിരുമലയുടെ രചനയില്‍ ജെറി അമല്‍ദേവ് ഈണം പകര്‍ന്ന ഈ ഗാനം എണ്‍പതുകളില്‍ പ്രത്യേകതകള്‍ തോന്നിച്ച ഒരു മഴപ്പാട്ടാണ്.

  ‘പുഴയിലേതോ കേവു വള്ളം

  പുലരി തേടുകയായിരുന്നു

   നഖശിഖാന്തം ഞങ്ങള്‍ രണ്ടും

    നിധികള്‍ പരതുകയായിരുന്നു…’ 

അക്കാലത്തെ കര്‍ക്കിടക രാവുകളില്‍ രാപ്പാട്ടായി റേഡിയോവില്‍ ഈ ഗാനം മിക്കപ്പോഴും വന്നിരുന്നു… കൗമാരത്തിലേക്ക് എത്തിനോക്കാന്‍ വെമ്പുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ മനസ്സില്‍ ഈ പാട്ട് എത്ര ഉദാത്തമായി മഴയും സ്വപ്നങ്ങളും വിതറി മയക്കിയുറക്കിയിട്ടുണ്ടെന്നോ! പ്രേമികളുടെ ആത്മാവില്‍ സ്വപ്‌നോന്മാദം നിറച്ച ഈ മഴപ്പാട്ട് ആലപിച്ചത് യേശുദാസ് ആണ്.


     ചുടുകാറ്റ് വീശി മനം വരണ്ട മരുഭൂമി ദിനങ്ങളിലെപ്പോഴോ ആണ്  റേഡിയോവില്‍ ഒരിക്കല്‍ ‘മഴയേ.. തൂമഴയേ…’ എന്ന പാട്ട് ആദ്യമായി കേള്‍ക്കുന്നത്… സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് വലിയ പ്രത്യേകതകള്‍ ഒന്നും തോന്നിയില്ലെങ്കിലും  മനസ്സിനെ ഊര്‍ജ്ജപ്പെടുത്തുന്ന  യുവത്വത്തിന്റെ പ്രണയോന്മാദം മഴയായി, ജയചന്ദ്രന്റെ ഈണത്തില്‍ ഹരം കൊള്ളിച്ചു… ഹരിചരണിന്റെ വേറിട്ട ശബ്ദവും ഈ പാട്ടിന്റെ പ്രത്യേകതയാണ്. വേനല്‍ ച്ചൂടും ആവിയും പുകയുന്ന ആത്മാവിലേക്ക്, അകക്കണ്ണിലേക്ക് തൂമഴയായി പാട്ട് ചാറിപ്പതിക്കുകയാണ്. പട്ടം പോലെ പാട്ടിനൊപ്പം ഉയരെപറക്കയാണ്…!


   അതിവിദൂരമായ കുട്ടിക്കാല ഓര്‍മ്മകള്‍ക്ക് നടപ്പാതകളിലെ നനഞ്ഞ പുല്ലുകളുടെ ഗന്ധമാണ്, മഴവെള്ളത്തിന്റെ നിറമാണ്, മഴ നനഞ്ഞ പറവകളുടെ നനുത്ത സ്പര്‍ശമാണ്… അതുകൊണ്ട് തന്നെയാവാം ഏകാന്തം എന്ന സിനിമയില്‍ കൈതപ്രം എഴുതി അഭിനയ ചക്രവര്‍ത്തിമാര്‍ തിലകനും മുരളിയും ചേര്‍ന്ന് അഭിനയിച്ച 


‘കൈയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം

മഴവെള്ളം പോലെ ഒരു കുട്ടിക്കാലം’

എന്ന പാട്ടിലെ ഈ  വരികളോട് ഏറെ ഇഷ്ടവും, സ്വന്തമെന്ന  ഗൃഹാതുരത്വവും തോന്നുന്നത്…!


      പുന്നഗൈ മന്നനിലെ ‘വാന്‍ മേഘം പൂ പൂവായ് തൂവും’ എന്ന ഇളയരാജപ്പാട്ടോളം മഴ നനയാന്‍ കൊതിപ്പിക്കുന്ന മറ്റൊരു പാട്ടും വേറെ ഒരു സിനിമയിലും കണ്ടിട്ടില്ല… ആ പാട്ടിലെ രേവതിയെ അനുകരിച്ച്  ഒരു മഴക്കാല വൈകുന്നേരം സ്‌ക്കൂള്‍ വിട്ടു പോകുമ്പോള്‍ കൂട്ടുകാരിയുമായി കുട പുഴയിലേക്ക് പറത്തി, മഴവെള്ളം ചവിട്ടിത്തെറിപ്പിച്ച് നനഞ്ഞു കുതിര്‍ന്ന യൂണിഫോമും പുസ്തകസഞ്ചിയുമായി വീടുകളിലേക്ക് ചിരിച്ചുല്ലസിച്ച് ഓടിപ്പോയ ഒരു മഴയോര്‍മ്മയുണ്ട്…


   മഴയില്‍ കുട നിവര്‍ത്തി ‘പ്യാര്‍ ഹുവാ


ഇക് രാര്‍ ഹുവാ’ എന്ന് മന്നാഡേ ശബ്ദത്തില്‍ പാടി   ചാപ്‌ളിന്‍ ചുവടുകളോടെ നര്‍ഗ്ഗീസിനെ പ്രീണിപ്പിച്ച് കൂടെ ലതാജിയുടെ മധുര സ്വരത്തില്‍ പാടിക്കുന്ന  രാജ്കുമാറിന്റെ ബ്‌ളാക്ക് ആന്റ് വൈറ്റ്  ചിത്രം വളരെ പഴയ കൗതുകമുള്ള ഒരു കുട്ടിക്കാല മഴപ്പാട്ട് ഓര്‍മ്മയാണ്…!