ഞാന്‍ ആരാധിച്ചിട്ടുള്ളത് ക്രിസ്തുവിനെ – സി.വി. ബാലകൃഷ്ണന്‍
എഴുത്തും ജീവിതവും
കഥ പറഞ്ഞാലേ ജീവിതം നിലനിര്‍ത്താനാവൂ. മറ്റൊന്നുകൊണ്ടും ജീവിതത്തെ നിലനിര്‍ത്താനാവില്ല. ഒരു കഥയില്‍ നിന്ന് മറ്റൊരു കഥയിലേക്കാണ് ജീവിതം പോകുന്നത്.
വാക്കുകള്‍ കൊണ്ട് ജോലി ചെയ്യുന്ന വെറുമൊരു എഴുത്തുകാരന്‍ മാത്രമാണ് ഞാന്‍. ജീവിതം ഓരോ സ്ഥലത്തും എന്നെ പഠിപ്പിച്ച കാര്യങ്ങളാണ് ഞാന്‍ എഴുതിയിട്ടുള്ളത്. ക്രൈസ്തവികതയുടെ ഒരു മണ്ഡലത്തിലെത്തിയപ്പോഴാണ് ഞാന്‍ ‘ആയുസിന്റെ പുസ്തകം’ എഴുതിയത്.
അന്‍പതിലധികം വര്‍ഷമായി ഞാന്‍ എഴുതിത്തുടങ്ങിയിട്ട്. എഴുതിയ രചനകള്‍ പലതും ഇക്കാലത്തിനകം മറന്നുപോയി. നമ്മള്‍ ഓരോ രചനയും എഴുതി കഴിയുമ്പോള്‍ അതിനെ നാം പിന്നില്‍ ഉപേക്ഷിക്കുകയാണ്. തുടര്‍ന്ന് നാം പിന്നെയും യാത്ര തുടരുന്നു. എഴുതിയതില്‍ ചിലത് പിന്നെയും ജീവിക്കുന്നുെണ്ടങ്കില്‍ അവയ്ക്ക് അങ്ങനെ ജീവന്‍ കൊടുക്കുന്നത് വായനക്കാരാണ്.
എഴുത്തുകാരന്‍ എന്നതിനേക്കാള്‍ ഞാന്‍ എന്നെ പരിഗണിക്കുന്നത് ഒരു വായനക്കാരനായിട്ടാണ്. വളരെ ചെറുപ്പത്തില്‍തന്നെ ഞാന്‍ വായനയില്‍ എത്തിപ്പെട്ടു. പാഠപുസ്തകങ്ങള്‍ക്കപ്പുറത്ത് വലിയൊരു പ്രപഞ്ചത്തില്‍ അങ്ങനെ ഞാന്‍ എത്തിച്ചേര്‍ന്നു.
ഓരോ പുസ്തകമായിട്ട് എടുത്ത് നാം വായിക്കുകയാണ്. അവ ഓരോന്നും നമ്മെ അത്ഭുതപ്പെടുത്തുന്നു. വായിക്കുന്നവയില്‍ സാഹിത്യമൂല്യങ്ങള്‍ ഉള്ളവയും ഇല്ലാത്തവയുമുണ്ട്. അങ്ങനെ വായിച്ചുകൂട്ടിയ ആ കൃതികളിലൂടെയാണ് എന്നിലെ അന്നത്തെ കുട്ടി ഈ ലോകമെന്തെന്ന് അറിഞ്ഞത്. ഇന്നത്തെപ്പോലെ ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാത്ത ഒരു കാലത്ത്, ഞാന്‍ ജീവിക്കുന്നതിനപ്പുറം ഒരു പുറംലോകമുണ്ടെന്ന്, വിസ്മയിപ്പിക്കുന്ന മറ്റൊരു പ്രപഞ്ചമുണ്ടെന്ന് ഞാന്‍ അറിയുന്നത് എന്റെ വായനയില്‍ നിന്നാണ്.
ജീവിതം എന്ന അനന്തവൈചിത്ര്യം
ഓരോ പുസ്തകം വായിക്കുമ്പോഴും ഞാന്‍ അന്തംവിട്ടുനിന്നു. വിസ്മയിച്ചുനിന്നു. വായനയിലൂടെ അനവധി അറിവുകള്‍ എനിക്കു കിട്ടി. മുട്ടത്തുവര്‍ക്കിയുടെ ‘ഒരു കുടയും കുഞ്ഞുപെങ്ങളും’ വായിച്ച് ഞാന്‍ കരഞ്ഞുപോയിട്ടുണ്ട്. അങ്ങനെയുള്ളൊരു വായനാരീതിയായിരുന്നു അന്ന് എന്റേത്. എന്റെ എഴുത്തും അങ്ങനെതന്നെ. ഏറ്റവും ലളിതമായ ഭാഷയിലാണ് ഞാന്‍ എന്നും എഴുതിയിട്ടുള്ളത്. ഒരിക്കലും അത്ഭുതകരമായിരുന്നിട്ടില്ല.
ഒരു സാഹിത്യസിദ്ധാന്തത്തിലും ആകൃഷ്ടനായിട്ടല്ല ഞാന്‍ എഴുതിയിട്ടുള്ളത്. ഉറൂബും തകഴിയും എസ്.കെ. പൊറ്റക്കാടും ദസ്തയേവ്‌സ്‌കിയും ഒ.വി. വിജയനും വരെ അന്ന് ഞാന്‍ വായിച്ചിരുന്നു. ജീവിതം എന്നത് അനന്തവൈചിത്ര്യമാര്‍ന്ന ഒരു പ്രദര്‍ശനശാലയാണെന്ന് അന്നത്തെ എന്റെ വായനയില്‍നിന്ന്, അനുഭവങ്ങളില്‍ നിന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സിദ്ധാന്തം കൊണ്ടും ജീവിതത്തെ അളക്കാനോ, വിലയിരുത്താനോ കഴിയില്ല.
നേരത്തെ സൂചിപ്പിച്ചതുപോലെ, ക്രൈസ്തവികതയുടെ ഒരു മണ്ഡലത്തിലെത്തിയപ്പോഴാണ് ഞാന്‍ ‘ആയുസിന്റെ പുസ്തകം’ എന്ന നോവല്‍ എഴുതിയത്. ഓരോ സ്ഥലത്തും ആചാരം, ഭാഷ, സംസ്‌കാരം അങ്ങനെ എല്ലാം വ്യത്യസ്തമായിരിക്കും. ‘ആയുസിന്റെ പുസ്തകം’ എഴുതിയത് അങ്ങനെയൊരു സ്ഥലത്ത് ജീവിച്ചപ്പോഴുള്ള പശ്ചാത്തലത്തില്‍ നിന്നാണ്.
പുസ്തകങ്ങള്‍ ജനിക്കുന്നത്…
ശൂന്യതയില്‍ നിന്ന് ഒരു പുസ്തകവും ഉണ്ടാവില്ല. മൂര്‍ത്തമായ സാഹചര്യങ്ങളില്‍ നിന്നാണ് അവ ജനിക്കുന്നത്. ഓരോ പുസ്തകം എഴുതുമ്പോഴും ഇത് എന്റെ അവസാനത്തെ പുസ്തകം എന്നു ഞാന്‍ കരുതും. മരിക്കുന്നതിനു മുന്‍പേ പൂര്‍ത്തിയാക്കണമെന്നു കരുതി വളരെ വേഗത്തിലാണ് ഞാന്‍ അത് എഴുതിത്തീര്‍ക്കുന്നത്. ഒരു കൃതി അപൂര്‍ണമായി അവശേഷിപ്പിച്ചിട്ടുപോയി എന്ന് ആരും പറയരുതല്ലോ. അങ്ങനെ ഓരോ പുസ്തകവും എഴുതിത്തീര്‍ത്ത് ഞാന്‍ അടുത്തതിലേക്ക് കടക്കുന്നു.
കഥ പറഞ്ഞാലേ ജീവിതം നിലനിര്‍ത്താനാവൂ. മറ്റൊന്നുകൊണ്ടും ജീവിതത്തെ നിലനിര്‍ത്താനാവില്ല. ഒരു കഥയില്‍ നിന്ന് മറ്റൊരു കഥയിലേക്കാണ് ജീവിതം പോകുന്നത്. പറയുന്ന കഥ മനുഷ്യര്‍ക്ക് ഇഷ്ടപ്പെടുന്നില്ലെങ്കില്‍ ജീവിതം അവിടെ തീരുന്നു. കഥയെഴുത്ത് അവിടെ അവസാനിക്കുന്നു.
തകഴി, ദേവ്, എസ്.കെ. പൊറ്റക്കാട്, ഉറൂബ്, ലളിതാംബിക അന്തര്‍ജനം തുടങ്ങി എല്ലാ മഹാരഥന്മാരും എഴുതിക്കൊണ്ടിരിക്കുന്ന കാലത്താണ് ഞാന്‍ എഴുതാന്‍ തുടങ്ങുന്നത്. ഒ.വി. വിജയന്‍, മാധവിക്കുട്ടി, പത്മരാജന്‍ തുടങ്ങി എല്ലാവരുമുണ്ട്. അവര്‍ക്കിടയില്‍ നിലനിന്നുപോവുക എന്നത് സാഹസികതയായിരുന്നു. മാതൃഭൂമി വീക്കിലിയില്‍ ഒരു പുതിയ എഴുത്തുകാരന്റെ കവര്‍ചിത്രം വരുക എന്നതൊക്കെ അന്ന് തീര്‍ത്തും അചിന്ത്യമാണ്.
അങ്ങനെയൊരു കാലത്ത് തകഴിക്കും ദേവിനും ലളിതാംബിക അന്തര്‍ജനത്തിനുമൊക്കെ ഒപ്പം സാഹിത്യവേദികളില്‍ ഇരിക്കാന്‍ അവസരം കിട്ടി എന്നതാണ് സാഹിത്യജീവിതത്തില്‍ ഞാന്‍ എന്നും ഓര്‍മ്മിക്കുന്ന മറക്കാന്‍ കഴിയാത്ത വസ്തുതകളിലൊന്ന്. എന്റെ കൃതികള്‍ മറ്റുള്ളവര്‍ എങ്ങനെ കണക്കിലെടുക്കുന്നു, വിലയിരുത്തുന്നു എന്ന് ഒരിക്കലും ഞാന്‍ ശ്രദ്ധിക്കാറില്ല; കണക്കിലെടുക്കാറില്ല.
ആയുസ്സിന്റെ പുസ്തകം
ഏതെങ്കിലും ഒരു സ്ഥലത്തുനിന്നുകൊണ്ട് മാത്രമോ, സ്ഥലപരിമിതികളില്‍ നിന്നുകൊണ്ടോ അല്ല ഞാന്‍ എഴുതിയിട്ടുള്ളത്. ക്രൈസ്തവികതയുടെ ഒരു പശ്ചാത്തലത്തില്‍ എത്തിയപ്പോള്‍, നേരത്തെ പറഞ്ഞതുപോലെ ‘ആയുസിന്റെ പുസ്തകം’ ഞാന്‍ എഴുതി. എന്നെ വളരെ സ്വാധീനിച്ചിട്ടുള്ള ഒന്നാണ് ബൈബിളും ക്രിസ്റ്റ്യാനിറ്റിയും.