കെ.എന്‍.എച്ച് 0326… – കെ.എസ്. രതീഷ്
എത്രയും വേഗം ആദ്യ നോവല്‍ പൂര്‍ത്തിയാക്കാനായിരുന്നു എന്റെ ആഗ്രഹം. കഥാനായകന്റെ ജീവിതത്തിലേക്ക് കടക്കാന്‍ അമ്മയും അമ്മാമ്മയും തന്നെ ശരണം. രാത്രിയാഹാരമൊക്കെകഴിഞ്ഞ് വീടിന്റെ മുന്നില്‍ വന്നിരിക്കുന്ന അവരുടെയരികില്‍ ഞാന്‍ ഡയറിയുമായിരിക്കും. അന്നന്ന് എഴുതി തീര്‍ക്കേണ്ട അദ്ധ്യായത്തിന്റെ വിവരങ്ങള്‍ അവരറിയാതെ അവരെക്കൊണ്ട് പറയിക്കും. അവരങ്ങനെ ഓര്‍മ്മകളിലൂടെ തുഴഞ്ഞുപോകുമ്പോള്‍ എന്റെ ഭാവന അവിടെയെല്ലാം കഥാമുഹൂര്‍ത്തങ്ങള്‍ തിരയും…
ഇന്ന് കാര്യങ്ങള്‍ ആകെ താളംതെറ്റിയിരിക്കുന്നു. എന്റെ രണ്ട് മക്കളെയും ഇനിമുതല്‍ ആറ്റില്‍ കുളിപ്പിച്ചാല്‍ മതിയെന്ന് അമ്മ ഭാര്യയോട് കട്ടായം പറഞ്ഞു.
പോരാത്തതിന് എന്റെ ചങ്ങാതിയുടെ പഞ്ചര്‍ കടയില്‍ നിന്ന് കാറിന്റെ രണ്ട് ട്യൂബ് സംഘടിപ്പിച്ച് മക്കളെ നീന്തല്‍ പരിശീലിപ്പിക്കാന്‍ തുടങ്ങി.
നെയ്യാറിലെ ചെളിനിറഞ്ഞ തണുത്ത വെള്ളത്തില്‍ മക്കള്‍ കുത്തിമറിയുന്നത് കണ്ടിട്ടും എതിര്‍ക്കാന്‍ കഴിയാതെ ഭാര്യ കരയില്‍നിന്നു. അതിന്റെ പേരില്‍ അമ്മായിയും മരുമകളും തമ്മില്‍ ചെറിയ തര്‍ക്കം നടന്നിരിക്കുന്നു. പരിഹാരമെന്ന നിലയില്‍ നാളെത്തന്നെ സ്വന്തം വീട്ടില്‍ പോകണമെന്ന വാശിയിലാണ് അവള്‍…
പ്രശ്‌നം അവതരിപ്പിക്കണമെന്ന് ആഗ്രഹിച്ച് ഞാന്‍ മുന്നില്‍ ചെന്നപ്പോള്‍തന്നെ അമ്മ നയം വ്യക്തമാക്കി…
‘നിന്നെ ഈ ആറ്റിലിട്ട് നീന്താന്‍ പഠിപ്പിച്ചത് ഈ ഞാനാണെങ്കി നിന്റെ മക്കളെയും പഠിപ്പിക്കും, അതു കഴിയുംവരെ ഇവിടെ ആരും ഒരടത്തും പോകുല്ല’
അമ്മയും അമ്മാമ്മയും ഇന്ന് നല്ല ഫോമിലാണ്. ഭൂതകാലത്തിന്റെ മലനിരകളില്‍ നിന്ന് ഓര്‍മ്മകള്‍ കുത്തിയൊഴുകി വന്ന് നിറയുന്നു…
നോവലിന്റെ നാലഞ്ച് അദ്ധ്യായങ്ങള്‍ക്കുള്ളത് അവര്‍ ഒഴുക്കി വിട്ടുകഴിഞ്ഞു. ഇനിയും അവര്‍ക്ക് മുന്നില്‍ ഭാവനയുടെ ഒരണയുണ്ടാക്കാതെ വയ്യ. എന്നിട്ട് സൗകര്യപൂര്‍വ്വം നോവലിലേക്ക് ഒഴുക്കി വിടണം. എന്റെ മൂത്തമകന്‍ അമ്മൂമ്മയുടെ മടിയിലിരുന്ന് ഒന്ന് തുമ്മിയപ്പോള്‍ ഭാര്യയുടെ തോളിള്‍ക്കിടന്ന് ഉറങ്ങാന്‍ തുടങ്ങിയ ഇളയകുട്ടി ഒന്നനങ്ങി. ഭാര്യ അവനെയും അമ്മയെയും മാറി മാറി നോക്കി. ഇതിനിടയില്‍ ഞാനെങ്ങനെയാണ് അവരുടെ ഓര്‍മ്മകളില്‍ നുഴഞ്ഞ്കയറി എന്റെ നായകന്റെ ബാല്യത്തിലേക്ക് തിരിച്ചുവിടുന്നത് ?
ഇങ്ങനെ ചിന്തിച്ചപ്പോള്‍ത്തന്നെ അമ്മ ആ കാലത്തിലേക്ക് ഒരു യൂടേണെടുത്തു…
‘നാല് വയസ്സില് ഹോമില് പോകണതിന്റെ തലേന്ന് നീ കാഞ്ചീമൂട്ടിലെ ചാക്രി ജോസപ്പിന്റെ വീട് തൊട്ട് പന്തയിലെ സകലവീട്ടിലും ചെന്ന് ‘മാമീ ഞാന്‍ ഹോമീപ്പോണേന്ന്’ പറഞ്ഞ്. അന്ന് അവരെല്ലാം നെനക്ക് ഒന്നും രണ്ടും രൂപ വച്ച് തന്ന്. കൊല്ലത്തെ ഹോമീന്ന് നിന്നെ ചേര്‍ക്കാന്‍ കാര്‍ഡ് വന്നപ്പോ ഞാനെന്ത്മാത്രം ദൈവത്തിനെ വിളിച്ചെന്നാ. നീയും കൂടെ ആയാല്‍ രണ്ട് പിള്ളേര് എവിടെയെങ്കിലും വല്ലതും തിന്ന് കെടക്കുമല്ലോ…’
ഈ ഭാഗമാണ് ഇന്നെനിക്കെഴുതേണ്ടത്. ഡയറി എടുക്കാന്‍ പോയാല്‍ ഒരുപക്ഷേ…?
ഭാര്യയും പരിഭവമെല്ലാം മറന്ന് അമ്മയുടെ പറച്ചിലില്‍ ലയിച്ചിരിക്കുന്നു.
ഞാന്‍ അന്ന് വീടുകളില്‍ ചെന്ന് പറഞ്ഞ സീനുകള്‍ ഞാന്‍ ഓര്‍ത്തുനോക്കി. എല്ലാ വീട്ടിലേക്കും അമ്മ അന്ന് എന്നെ പറഞ്ഞ് വിട്ടതിലും ചില കാരണങ്ങളുണ്ട്..
ആറ്റിന്റെ കരയിലോ, ആനത്തടി മുക്കിലെ തൊമ്മന്‍ പുളിച്ചി മാവിന്റെ ചുവട്ടിലോ, വയലിലോ ഞങ്ങളെ കണ്ടില്ലെങ്കില്‍ ഈ നാട്ടുകാര്‍ സംശയിക്കും പിന്നെ അവര്‍ ചിലത് ഭയക്കും…
‘ഇന്ന് കടവത്തിന്റെ പിള്ളാരെ കാണാനില്ലല്ലാ…
ആ വിജയമ്മപ്പെണ്ണ് വല്ല കടുങ്കയും കാണിച്ചാന്താരി…’
നാട്ടുകാര്‍ കടവം മണിയനെന്ന് വിളിക്കുന്ന ഞങ്ങളുടെ അപ്പന്‍ ഞങ്ങളെഉപേക്ഷിച്ച് പോയതില്‍ പിന്നെ അമ്മയ്ക്ക് മനസ്സിന് ഒരല്പം പ്രശ്‌നമുണ്ടായിരുന്നു. വീട്ടുകാരെ ധിക്കരിച്ച് അപ്പന്റെ ഒപ്പം ഇറങ്ങിപ്പോയതുകൊണ്ട് അമ്മയുടെ സഹോദരങ്ങളും തീരെ സഹകരിക്കുന്നില്ല…
ഒരു ദിവസം വിശന്നു കരഞ്ഞ ഞങ്ങള്‍ക്ക് ഐസ്‌ക്രീം വാങ്ങിത്തരാമെന്നു പറഞ്ഞ് കുളിപ്പിച്ച് ഒരുക്കി നെയ്യാര്‍ ഡാമിലേക്ക് അമ്മ കൊണ്ടുപോയി. പോകുന്ന വഴിയില്‍ പൊരിയും വാങ്ങിത്തന്നു. അതും തിന്ന് നെയ്യാര്‍ ഡാമിന്റെ മുകളില്‍ ചെന്നിരുന്നിട്ടും അമ്മ ഐസ്‌ക്രീം വാങ്ങി തന്നില്ല… കരഞ്ഞപ്പോള്‍ ഒരു കവര്‍ പൊരി കൂടെ വാങ്ങിത്തന്നു. അതും തിന്നിരിക്കുന്ന ഞങ്ങള്‍ അറിയുന്നോ. മൂന്ന് മക്കളെയും പാലത്തില്‍ നിന്ന് വലിച്ചെറിഞ്ഞ് ആത്മഹത്യ ചെയ്യാന്‍ ആളൊഴിയുന്നതും കാത്താണ് ഈ അമ്മയിരിക്കുന്നതെന്ന്…