തോല്‍വി – ഷൗക്കത്ത്

തോല്‍വി – ഷൗക്കത്ത്

വേദം എന്ന വാക്കുണ്ടായത് വേദനയില്‍ നിന്നാണെന്നു പറയും. എല്ലാം വേദിപ്പിച്ചു തരുന്നതാണ് വേദം. വേദനയാണ് പലപ്പോഴും പലതും വേദിപ്പിച്ചു തരാറുള്ളത്. പിന്നില്‍നിന്ന് ഒരു വെട്ടേറ്റാല്‍ വേദനിക്കും. വേദനയറിഞ്ഞില്ലെങ്കില്‍ നാം രക്തം വാര്‍ന്നു മരിച്ചുപോകും. എന്തോ ഒരപകടം പിണഞ്ഞിട്ടുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുകയാണ് ആ വേദന. വേദന മാറ്റാനുള്ള ശ്രമമാണ് നമ്മെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നത്. വേദന ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു. രക്തം വാര്‍ന്നുപോകുന്നത് ഉടന്‍ തടയൂ എന്ന ഓര്‍മ്മപ്പെടുത്തല്‍.


ലോകത്തിന്നുവരെ തട്ടിത്തടഞ്ഞു വീഴാതെ ഒരു കുഞ്ഞും നടന്നുതുടങ്ങിയിട്ടില്ല. മലര്‍ന്നു കിടന്ന കുഞ്ഞ് കഷ്ടപ്പെട്ടു കമിഴ്ന്നു കിടന്നതും അവിടെനിന്ന് നാലുകാലില്‍ ഇഴയാന്‍ തുടങ്ങിയതും പലപ്പോഴും മുഖമടിച്ചു വീണതും മെല്ലെമെല്ലെ നീന്താന്‍ തുടങ്ങിയതും നീന്തലിനിടയില്‍ നിയന്ത്രണംവിട്ട് വഴുതിവീണതും അവിടെയുമിവിടെയും പിടിച്ച് നടക്കാന്‍ ശ്രമിച്ചതും അവസാനം രണ്ടുകാലില്‍ ഒരുവിധം ഒപ്പിച്ചു നടന്നതുമെല്ലാം എത്ര കൗതുകത്തോടെയാണ് നാം നോക്കിനിന്നിട്ടുള്ളത്. കുഞ്ഞിന് ഒറ്റയടിക്കു നടക്കാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് നാം ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. മലര്‍ന്നു കിടപ്പില്‍നിന്ന് ഒറ്റയ്ക്കു നടക്കുകയെന്ന അവസ്ഥയിലേക്കെത്തുന്നതിനിടയില്‍ കുഞ്ഞിനു സംഭവിച്ച ഓരോ വീഴ്ചയും, ഓരോ തോല്‍വിയും പരാജയമായല്ല നാം മനസ്സിലാക്കിയത്. മുന്നോട്ടുള്ള യാത്രയ്ക്ക് ചവിട്ടുപടിയായാണ്.


നാം പഠിച്ചെടുത്ത ഏതു വിദ്യയിലേക്കും ഒന്നു തിരിഞ്ഞു നോക്കുക. പരാജയപ്പെടാതെ, തോല്‍വിയുടെ കയ്പുരസമറിയാതെ ഏതു വിദ്യയാണ് നാം സ്വായത്തമാക്കിയിട്ടുള്ളത്. മരം കയറാനും നീന്താനും സൈക്കിള്‍ ചവിട്ടാനും പാചകം ചെയ്യാനും ബൈക്കോടിക്കാനും കാറ് ഡ്രൈവ് ചെയ്യാനുമെല്ലാം നാം പഠിച്ചത് തോല്‍വിയുടെ എത്രയോ പടവുകളെ അതിജീവിച്ചാണ്. അതൊന്നും തോല്‍വികളായിരുന്നില്ലെന്നും യാത്രയിലെ അനിവാര്യമായ ഘട്ടങ്ങളായിരുന്നെന്നും നാം പിന്നീട് മനസ്സിലാക്കി. ചെറിയൊരു പുഞ്ചിരിയോടെയല്ലാതെ ഇന്ന് അതെല്ലാം നമുക്കോര്‍ക്കാനാവില്ല.


നാം ഏറ്റവുമധികം ആഗ്രഹിക്കുന്നത് സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമാണ്. എപ്പോഴാണ് നാം സ്‌നേഹം ആഴത്തില്‍ അനുഭവിച്ചിട്ടുള്ളത്. വഴങ്ങിക്കൊടുത്തപ്പോഴും തോറ്റുകൊടുത്തപ്പോഴും വിട്ടുവീഴ്ചയ്ക്കു തയ്യാറായപ്പോഴും ക്ഷമയോടെ കാത്തിരുന്നപ്പോഴും സമയം കൊടുത്തപ്പോഴുമല്ലാതെ മറ്റെപ്പോഴാണ് ആ നിറനിലാവില്‍ നാം അകമഴിഞ്ഞ് ആഹ്ലാദിച്ചിട്ടുള്ളത്!


കുഞ്ഞിന്റെ കുസൃതിയ്ക്കുമുന്നില്‍ കാമുകന്റെയും കാമുകിയുടെയും ഹൃദയത്തിനുമുന്നില്‍, സുഹൃത്തിന്റെ ആവശ്യങ്ങള്‍ക്കുമുന്നില്‍, ഗുരുവിന്റെ വിശാലതയ്ക്കുമുന്നില്‍. സൂര്യോദയത്തിന്റെയും അസ്തമയത്തിന്റെയും വരവിനുമുന്നില്‍, പൗര്‍ണ്ണമി രാത്രിയിലെ കുളിരിനുമുന്നില്‍, സംഗീതത്തിന്റെ ധ്വനികള്‍ക്കുമുന്നില്‍ എല്ലാം പരിപൂര്‍ണ്ണഹൃദയത്തോടെ അയഞ്ഞുനിന്നപ്പോഴല്ലേ സ്‌നേഹത്തിന്റെ മഹാപ്രപഞ്ചം നമ്മെ വന്ന് ആവേശിച്ചത്.


അതെ. വിനയത്തിന്റെയും വിട്ടുകൊടുക്കലിന്റെയും താഴ്‌വരതയിലാണ് ജീവിതം സജീവമാകുകയെന്നത് വെറുമൊരു ആശയമല്ല. നാമെല്ലാം എപ്പോഴൊക്കെയോ ജീവിച്ചനുഭവിച്ച ധന്യതയാണ്. മലമുകളിലേക്ക് വെച്ചടിവച്ച് പാഞ്ഞുകയറുന്ന യാത്രികന്‍ ക്ഷീണിച്ച് ഒരിടത്തിരുന്ന് താഴ്‌വരയിലേക്കു നോക്കി നിശ്ചലരായിപ്പോകാറുണ്ട്. മുകളിലെത്തുകയെന്ന ആവേശങ്ങളെല്ലാം തണിഞ്ഞ് മൗനമായിപ്പോകുന്ന ആ പ്രാണസ്പന്ദനത്തിലാണ് യാത്രയുടെ എല്ലാ സൗഖ്യവും അനുഭവമായി നിറയുക. ഉച്ചിയിലെത്തുകയെന്ന ലക്ഷ്യത്തേക്കാള്‍ സൗമ്യമായ വഴികളായിരുന്നു ഹൃദ്യമായിരുന്നതെന്ന് യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഏതു യാത്രികന്റെയും അനുഭവമാണ്.