ജീവനകലയിലെ തോല്‍വി എന്ന കല – അഗസ്റ്റിന്‍ പാംപ്ലാനി
സ്വീഡിഷ് സംവിധായകന്‍ ഇംഗ്മാര്‍ ബെര്‍ഗ്മാന്റെ (Ingmar Bergman) വിഖ്യാതമായ സിനിമയാണ് ഏഴാമത്തെ മുദ്ര (The Seventh Seal). മനുഷ്യന്റെ അന്തിമപരാജയമായ മരണത്തെ സാഹസികമായും കലാപരമായും എങ്ങനെ നേരിടണമെന്ന ഭാവനാത്മകമായ ഒരു ചിത്രീകരണം ഇതിലുണ്ട്. കുരിശുയുദ്ധത്തില്‍ നിന്നു മടങ്ങിവരുന്ന പ്രഭു (Antonius Block) ഒരു വലിയ വിശ്വാസ പരീക്ഷണത്തിലൂടെ കടന്നുപോവുകയാണ്. മഹാമാരിയായ പ്ലേഗ് യൂറോപ്പിനെ കാര്‍ന്നുതിന്നുന്ന കാലം. ബ്ലോക്ക് മരണത്തെ മുഖാമുഖം കാണുകയാണ്. അദ്ദേഹം മരണത്തോട് യാചിക്കാനോ മരണത്തില്‍ നിന്ന് രക്ഷപ്പെടാനോ തയ്യാറല്ല. അനിവാര്യമായ വിധിക്കുമുന്നില്‍ തീര്‍ത്തും കാല്പനികമായ ഒരു സമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നത്. തോല്‍ക്കും എന്നറിഞ്ഞുകൊണ്ടുതന്നെ ബ്ലോക്ക് മരണത്തെ ചെസ് കളിക്കാന്‍ ക്ഷണിക്കുകയാണ്. കളിയില്‍ താന്‍ ജയിച്ചാല്‍ മരണം അദ്ദേഹത്തെ വെറുതെ വിടും. പകുതി ഘട്ടത്തിനുശേഷം വൈദികനരികില്‍ ബ്ലോക്ക് ഒരു കുമ്പസാരത്തിനു പോകുന്നുണ്ട്. കുമ്പാസരക്കൂട്ടില്‍ വൈദികന്റെ കസേരയിലിരിക്കുന്നത് മരണമാണ് എന്നറിയാതെ ബ്ലോക്ക് അദ്ദേഹത്തോട് മരണവുമായുള്ള തന്റെ ചെസ് കളിയുടെ അടുത്ത തന്ത്രങ്ങള്‍ വെളിപ്പെടുത്തുന്നു. ഒടുവില്‍ അനിവാര്യമായതു സംഭവിക്കുന്നു. ബ്ലോക്ക് തോല്‍ക്കുന്നു. പക്ഷേ, തത്സമയം ബ്ലോക്കുമായി ചെസ് കളിയിലേര്‍പ്പെട്ടിരിക്കുകയാണ് മരണം എന്നു കണ്ട് രോഗബാധിതരായ ഒരു കുടുംബം മുഴുവന്‍ മരണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നുണ്ട്.
ടെക്‌സസ് ടെക് യൂണിവേഴ്‌സിറ്റിയിലെ ഫിലോസഫി പ്രഫസറായ കോസ്റ്റിക്ക ബ്രഡാറ്റന്‍ (Costica Bradatan) ബെര്‍ഗ്മാന്റെ ദര്‍ശനത്തെ ഇപ്രകാരം ആഖ്യാനിക്കുന്നു: ”ബ്ലോക്കിന്റെ മരണവുമായുള്ള ഹ്രസ്വമായ ചെസ് കളി കൂടാതെ അദ്ദേഹത്തിന്റെ ജീവിതം മുഴുവനും നിരര്‍ത്ഥകമായിരുന്നു. പരാജയത്തെ അദ്ദേഹം ഒരു കലയായി മാറ്റുകയും പരാജയകലയെ ജീവിതകലയുടെ അവിഭാജ്യഘടകമായി മാറ്റുകയും ചെയ്യുന്നു. വിജയിക്കുക എന്നതല്ല പ്രധാനപ്പെട്ട കാര്യം. പരാജയം ഉറപ്പായ മഹാതോല്‍വിക്കുമുന്നിലും എങ്ങനെ തോല്‍ക്കണം എന്നു പഠിക്കുക എന്നതാണ് പ്രധാനം.”
ഫ്രഞ്ച് ചിന്തകനായ ഇമ്മാനുവല്‍ ലെവിനാസ് റിച്ചാര്‍ഡ് കേണിയു (Richard Kearny) മായുള്ള അഭിമുഖത്തില്‍ പറയുകയുണ്ടായി: ”തത്ത്വചിന്തയുടെ ഏറ്റവും നല്ല വശം അതിന് തോല്‍ക്കാന്‍ സാധിക്കുന്നു എന്നതാണ്.” കോസ്റ്റിക്ക ബ്രഡാറ്റന്റെ അഭിപ്രായത്തില്‍ ഏത് വിജ്ഞാന ശാഖയേക്കാളും തോല്‍വിയെപ്പറ്റി പ്രതിപാദിപ്പിക്കാന്‍ അവകാശമുള്ളത് ഫിലോസഫിക്കാണ്. കാരണം തോല്‍ക്കുന്ന സിദ്ധാന്തങ്ങളുടെ പരമ്പരയാണ് തത്ത്വചിന്തയുടെ ചരിത്രം. ഏതെങ്കിലും ഒരു ‘ഇസ’ത്തിന്റെ അയുക്തിയെയും തെറ്റുകളെയും പരിമിതികളെയും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഒരു പുതിയ ‘ഇസം’ കടന്നുവരുന്നത്. അതുതന്നെയാവട്ടെ വേറൊരു ഇസത്തിനാല്‍ അതേ കാരണങ്ങളാല്‍ എടുത്തെറിയപ്പെടാന്‍ വേണ്ടിമാത്രം.
ബ്രഡാറ്റന്റെ വീക്ഷണത്തില്‍ തോല്‍വിയാണ് മനുഷ്യന് തന്റെ അസ്തിത്വത്തിന്റെ നഗ്നമായ അവസ്ഥയെ കാണിച്ചുകൊടുക്കുന്നത്. ലോകം അപരാജിതമാണെന്നുള്ള ഒരു മിഥ്യാസങ്കല്പത്തില്‍ പരാജയപ്പെടാത്ത തന്റേതായ പ്രതിഷ്ഠ സ്ഥാപിക്കുവാനുള്ള പരിശ്രമമാണ് വിജയിക്കുവാനുള്ള മനുഷ്യന്റെ തത്രപ്പാടുകള്‍. താന്‍ പ്രധാനിയാണെന്നും ലോകം തനിക്കുവേണ്ടി നിലനില്‍ക്കുന്നുവെന്നും ഭൂമി കറങ്ങുന്നത് എന്റെ ചുറ്റുമായിരിക്കണമെന്നുള്ള ഒരു തരം വിഭ്രാന്തി ചിന്തയില്‍ നിന്നാണ് എന്നും എല്ലായിടത്തും വിജയിക്കുക എന്ന മനുഷ്യന്റെ ആഗ്രഹം ഉടലെടുക്കുന്നത്. താനായിരിക്കണം എല്ലായിടത്തെയും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം എന്ന് ആഗ്രഹിക്കുന്ന ശിശുവിന്റെ മനശ്ശാസ്ത്രമാണ് അമിതമായ വിജയതൃഷ്ണയുടെ അടിമകളായി വര്‍ത്തിക്കുന്നവരുടേത്.
മനുഷ്യന് എന്തായിരിക്കാന്‍ സാധിക്കും എന്നതും എന്തായിരിക്കുന്നു എന്നതും തമ്മില്‍ എപ്പോഴും ഒരു വിടവ് നിലനില്‍ക്കുന്നു എന്ന് ബ്രഡാറ്റന്‍ നിരീക്ഷിക്കുന്നു. ഈ വിടവിന്റെ ശൂന്യത എക്കാലവും നിലനില്‍ക്കുന്നതുകൊണ്ടാണ് മാനവരാശിക്ക് പുതിയ അന്വേഷണങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും ഉള്ള സാധ്യത നിലനില്‍ക്കുന്നത്. വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും ഈ ശൂന്യതയുടെ ഇടവേളയാണ് നേട്ടങ്ങളുടെ ഭൂമികയായി പരിണമിക്കുന്നത്. സ്വന്തം പരാജയങ്ങളുമായുള്ള ഏറ്റുമുട്ടലുകളാണ് മനുഷ്യനിലെ ഏറ്റവും മികച്ചതിനെ പുറത്തുകൊണ്ടുവരുന്നത് എന്നാണ് ബ്രഡാറ്റന്റെ പക്ഷം.
ആയിരിക്കുന്നതും ആയിരിക്കാവുന്നതും തമ്മിലുള്ള വിടവിന്റെ മേഖലയിലാണ് മനോനിര്‍മ്മിതമായ തങ്ങളുടെ ആദര്‍ശലോകങ്ങളുടെ (utopias) ആഖ്യാനം കണ്ടെത്തേണ്ടതെന്നാണ് അദ്ദേഹത്തിന്റെ വാദം. നമ്മളില്‍ ഇല്ലാത്തവയുടെയും നമ്മുടെ കുറവുകളുടെയും ആവിഷ്‌കാരമാണ് യഥാര്‍ത്ഥത്തില്‍ ഉട്ടോപ്പിയകള്‍. അഥവാ, തിരിച്ചു വായിച്ചാല്‍ നമ്മുടെ പരാജയങ്ങളുടെ വര്‍ണശബളിമയാര്‍ന്ന ഏറ്റുപറച്ചിലുകളാണ് ഉട്ടോപ്പിയകള്‍. ഇതിനിടെ നമ്മള്‍ മനപ്പായസങ്ങള്‍ ഉണ്ണാന്‍ ശ്രമിക്കരുതെന്നല്ല. സ്വപ്നാടനം നടത്താന്‍ ശേഷിയില്ലായിരുന്നെങ്കില്‍ മാനവരാശിക്ക് ഇന്നുള്ളതില്‍ നിന്നും തീര്‍ത്തും മോശമായ ലോകമേ ഉണ്ടാകുമായിരുന്നുള്ളൂ. എല്ലാം തികഞ്ഞ, എല്ലാം പൂര്‍ത്തിയായ ലോകത്തില്‍, എല്ലാം നേടിക്കഴിഞ്ഞ ലോകത്തില്‍ നമുക്ക് ജീവിക്കാന്‍ സംഗത്യമില്ല; നമ്മള്‍ വെറും കമ്പ്യൂട്ടര്‍ സമാന സംവിധാനങ്ങള്‍ മാത്രമായി മാറും.
സമകാലീന രാഷ്ട്രീയത്തിലെ വിജയപരാജയ സങ്കല്‍പ്പങ്ങള്‍ ബ്രഡാറ്റന്റെ ഈ കാഴ്ച്ചപ്പാടിനെ ശരിവയ്ക്കുന്നു. ഇരുട്ടി വെളുക്കുമ്പോഴേക്കും കൂടുവിട്ട് കൂടു മാറുന്ന രാഷ്ട്രീയത്തിലെ കാലുവാരല്‍ വിദഗ്ധന്‍മാര്‍ ഉട്ടോപ്യയുടെ വിപരീത മനശ്ശാസ്ത്രത്തിന്റെ സാക്ഷ്യമാണ്. എന്തായിരിക്കുന്നു എന്നതില്‍ ഉപരി എന്തായിരിക്കണമെന്ന സ്വയം നിര്‍മ്മിത ഉട്ടോപ്യയിലെ ലോകത്തിലെ വീരപുരുഷന്‍മാര്‍! ലോകം തനിക്കുവേണ്ടി നിലനില്‍ക്കുന്നുവെന്നും താനായിരിക്കണം എന്നും എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമെന്നും ആഗ്രഹിക്കുന്ന ജയിക്കാനായി മാത്രം ജനിച്ച പ്രായപൂര്‍ത്തിയായ ശിശുക്കള്‍!
ബ്രഡാറ്റന്റെ ദാര്‍ശനിക ചിന്തയ്ക്ക് സമാനമായ ദൈവശാസ്ത്രവീക്ഷണവും പരാജയത്തെക്കുറിച്ച് കണ്ടെത്താനാവും. ആലങ്കാരികമായി നോക്കിക്കണ്ടാല്‍ യഹൂദ-ക്രൈസ്തവ പാരമ്പര്യത്തിലെ ദൈവശാസ്ത്ര ദര്‍ശനങ്ങള്‍ മുഴുവന്‍ ഇതള്‍ വിരിയുന്നത് ‘വീഴ്ച-വീണ്ടെടുപ്പ്’ (fall-redemption) എന്ന പരാജയ കേന്ദ്രിതമായ മനുഷ്യാവസ്ഥയുടെ പച്ചയായ വായനയിലൂടെയാണ്. ആദിപാപത്തെ സര്‍വ്വേശപുത്രനെ ഭൂമിക്ക് നല്‍കിയ ഭാഗ്യപ്പെട്ട പാപം എന്നാണ് വി. അഗസ്റ്റിന്‍ വിശേഷിപ്പിക്കുന്നത്. മനുഷ്യബന്ധങ്ങളുടെയും സാഹോദര്യത്തിന്റെയും പ്രഥമ ആഖ്യാനമായ കായേന്റെയും ആബേലിന്റെയും കഥ പറയുന്നതും പരാജയത്തിന്റെ കഥ തന്നെയാണ്. പരാജയപ്പെട്ടു ആദിബന്ധത്തിനുശേഷവും മനുഷ്യബന്ധങ്ങള്‍ ഇന്നും നിലനില്‍ക്കുന്നത് ചരിത്രത്തിലെ പരാജയങ്ങളുടെ അന്തതയുടെ നേര്‍ക്കാഴ്ചയും വിജയതൃഷ്ണയുടെ പിടിച്ചുകെട്ടാനാവാത്ത ആജ്ഞാശക്തിയുടെ ആവിഷ്‌കാരവുമായി മാറുന്നു.