തോല്‍വിയെ പ്രചോദനമാക്കാം – ഡോ. സി.ജെ ജോണ്‍
ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതുമായ കാര്യങ്ങള്‍ നേടാന്‍ പറ്റാത്തതിനെയൊക്കെയാണ് നമ്മള് പരാജയം എന്നു വിളിക്കുന്നത്. നമ്മള് നേടണമെന്ന് സമൂഹം പ്രതീക്ഷിക്കുന്നതായിട്ടുള്ള കാര്യങ്ങള്‍ എത്തിപ്പിടിക്കാന്‍ പറ്റാതെ വരുമ്പോള്‍ അതിനെ പരാജയം തോല്‍വി എന്നെല്ലാം വ്യാഖ്യാനിക്കും. ഇതു പലതും ആപേക്ഷികമായിരിക്കാം. എല്ലാവരും എ പ്ലസ് നേടണമെന്ന് സമൂഹം ആഗ്രഹിക്കുമ്പോള്‍ ഒരു വിഷയത്തിന് എ പ്ലസ് കിട്ടാത്തവര്‍ പരാജയപ്പെട്ടവരായി കാണേണ്ടതില്ല. യഥാര്‍ത്ഥത്തില്‍ അതില്‍ പരാജയമില്ല. നമ്മുടെ തന്നെ സങ്കല്‍പ്പങ്ങള്‍ ആണ് വിജയത്തിന്റെയും പരാജയത്തിന്റെയും അളവുകോല്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ പരാജയപ്പെട്ടുവെന്നതുകൊണ്ട് ജീവിതത്തില്‍ മുഴുവന്‍ പരാജയപ്പെടണമെന്നില്ല. പരാജയപ്പെടുന്ന ആ സന്ദര്‍ഭത്തില്‍ അതിനെ മൊത്തത്തിലുള്ള പരാജയമെന്ന് ദുര്‍വ്യാഖ്യാനം ചെയ്യുമ്പോഴാണ് പ്രശ്നമാകുന്നത്.
പരാജയത്തെ വ്യാഖ്യാനിക്കുന്നതില്‍ പിഴവുകള്‍ ഉണ്ട്. ഒരാളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ നമ്മള് എന്തിനെയൊക്കെയാണ് പരാജയമായി കണക്കാക്കുന്നത് എന്ന് ആലോചിക്കണം. ഒരു കുട്ടിയെ സംബന്ധിച്ച് പരീക്ഷയിലെ മാര്ക്കൊക്കെയാണ് പരാജയത്തിന്റെ അളവുകോല്‍. അല്ലാതെ മറ്റൊരു തരത്തില്‍ അവര്‍ ചിന്തിച്ചുവെന്ന് വരികയില്ല. അതുമൊരു സാമൂഹിക പരികല്‍പ്പനയാണ്. നീ എല്ലാ പരീക്ഷകളിലും നല്ല മാര്‍ക്ക് വാങ്ങിയിരിക്കണം. നീ പങ്കെടുത്ത മത്സരങ്ങളിലെല്ലാം വിജയിക്കണം. അല്ലെങ്കില്‍ ആളുകളുടെ കയ്യടി വാങ്ങിയിരിക്കണം. മാതാപിതാക്കളുടേയോ അധ്യാപകരുടേയോ ഇത്തരം സങ്കല്‍പ്പങ്ങളെ ആധാരമാക്കിയാണ് ആ ഘട്ടത്തില്‍ പരാജയവും വിജയവുമൊക്കെ കുട്ടിയുടെ മനസ്സിലും പതിയുന്നത്.
കൗമാരപ്രായത്തിലെത്തുമ്പോള്‍ ചിലപ്പോള്‍ ബന്ധങ്ങളില്‍ ഉള്ള വിള്ളലുകളും പരാജയമായി വരാം. തന്റെ ഉറ്റ ചങ്ങാതി ഇട്ടേച്ചു പോയി എന്നതോ പഠന/പാഠ്യേതര കാര്യങ്ങളോ ഇവരെ അലട്ടാം. ഇതും പരാജയത്തിന്റെ അളവുകോലാകുന്നു. വ്യക്തിഗതമായി പരാജയത്തെ നിര്‍ണ്ണയിക്കുന്നതുപോലെ സമൂഹമെന്ത് പ്രതീക്ഷിക്കുന്നുവെന്നതും പരാജയസങ്കല്പ്പത്തില് വിന്യസിക്കപ്പെടുന്നു. പ്രണയത്തില്‍ ഒരാള്‍ ഏകപക്ഷീയമായി ഇട്ടേച്ചുപോയാല്‍ തിരസ്ക്കരിക്കപ്പെടുന്നയാളുടെ പരാജയമാണെന്ന സാമൂഹിക സങ്കല്‍പ്പമനുസരിച്ച് നമ്മള് വ്യക്തിഗതമായി അതിനെ വിശകലനം ചെയ്യുന്നു. സമൂഹം പരാജയമെന്ന് എന്ത് എഴുതി വച്ചിരിക്കുന്നുവോ അതിനനുസരിച്ചാണ് വ്യക്തിഗതമായ നിര്‍ണ്ണയവും ഉണ്ടാകുന്നത്. കുറച്ചു മുതിര്‍ന്ന് യുവത്വത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ജോലി കിട്ടാതെ വരുന്നത് ഒരു പരാജയമാണ്. ജോലി കിട്ടാതെ തൊഴില്‍രഹിതനായി ഇരിക്കുക എന്നത് പരാജയപ്പെട്ട ചെറുപ്പക്കാരന്റെ ലക്ഷണമായാണ് സമൂഹം വിലയിരുത്തുന്നത്. ആ കാലഘട്ടത്തിലും ബന്ധങ്ങളിലെ തിരസ്ക്കാരവും പരാജയകാരണമായി വരുന്നു. മധ്യവയസ്സില്‍ എത്തുമ്പോള്‍ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തി ജീവിതം പരാജയപ്പെട്ടതായി വിലയിരുത്തുന്നു. ഇതു തന്നെയാണ് വാര്‍ദ്ധക്യത്തിലേയും പരാജയത്തിന്റെ അളവുകോല്‍.
പരാജയബോധമെന്ന ഭാരം
എല്ലാ ഘട്ടങ്ങളിലും നമ്മുടെ മാനസികാവസ്ഥ ശക്തികളിലേക്ക് തിരിയാതിരിക്കുകയും നമ്മുടെ പോരായ്മകളില്‍ മാത്രം അഭിരമിക്കുകയും ചെയ്യുന്നത് തോല്‍വിയെന്ന ഭാവത്തിന് കരുത്തേകും. മറ്റുള്ളവര്‍ വിജയപരാജയങ്ങളെ കുറിച്ച് എന്തു പറയുമെന്നതില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുമ്പോള്‍ പരാജയഭീതി ജീവിതകാലം മുഴുവന്‍ നമ്മുടെ സഹയാത്രികനായി ഉണ്ടാകും. നേരെമറിച്ച് എന്ത് തിരിച്ചടികള്‍ ഉണ്ടായാലും എന്നിലൊരു ശക്തിയുണ്ടെന്നും ആ ശക്തി ഉപയോഗിച്ച് തിരിച്ചടികളെ ഞാന്‍ മറികടക്കുമെന്നും അതിനെ പരാജയമായി കണക്കാക്കുകയില്ലെന്നും വിചാരിച്ച് മുന്നേറണം. തന്റെ തിരിച്ചടിയില്‍ മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്ന ആകുലതയും അനാവശ്യമാണ്.
തിരിച്ചടിയുണ്ടാകുമ്പോള് എന്റെ ശക്തി അല്ലെങ്കില്‍ മറ്റു കഴിവുകള്‍ ഉപയോഗിച്ച് മറികടക്കും എന്ന ചിന്ത പരാജയബോധത്തെ മറികടക്കാന്‍ ഇടയാക്കും. പക്ഷേ, വ്യക്തികളെ വിജയം, പരാജയം എന്ന രണ്ട് കള്ളികളില്‍ വേര്‍തിരിക്കാനാണ് സാമൂഹിക പൊതുബോധം ശ്രമിക്കുക. കറുപ്പും വെളുപ്പും പോലെ സമൂഹത്തിന്റെ പൊതുബോധത്തില്‍ വിജയത്തിന്റെയും പരാജയത്തിന്റെയും രണ്ടു തലങ്ങള്‍ മാത്രമേയുള്ളൂ. ഈ രണ്ട് തലങ്ങളില്‍ നിന്നുകൊണ്ട് ആളുകള്‍ സ്വയം വിശകലനം ചെയ്യുമ്പോള്‍ അവരെ മികച്ച രീതിയില്‍ മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുന്ന ഒരുപാട് ഗുണങ്ങള്‍ തമസ്ക്കരിക്കപ്പെട്ടു പോകും. ഈ പരാജയവും അവഗണനയും തുടര്‍ന്ന് മുന്നേറാനുള്ള ആത്മവിശ്വാസത്തെ കെടുത്തികളയും. അതൊരു ദൂഷിതവലയമായി നമുക്കുചുറ്റും വട്ടം കറങ്ങിക്കൊണ്ടിരിക്കും. പരാജയഭീതി, ആത്മവിശ്വാസക്കുറവ് ഇത് തുടര്‍ പരാജയ സാഹചര്യങ്ങളിലേക്ക് വഴുതി വീഴാന്‍ ഇടയാക്കും. ഭൂരിഭാഗം പേരും പരാജയഭീതി കൊണ്ടുനടക്കുന്ന ആളുകളാണ്. ചില കാര്യങ്ങള്‍ സ്വയം ചോദിച്ചാല്‍ നമുക്ക് പരാജയഭീതി ഉണ്ടോയെന്ന് തിരിച്ചറിയാന്‍ കഴിയും. നമ്മളെക്കുറിച്ച് മറ്റുള്ള ആളുകള്‍ എന്താണ് ചിന്തിക്കാന്‍ പോകുന്നത് എന്നു ആലോചിച്ചു നടക്കുന്നവരെ പരാജയഭീതി വിട്ടൊഴിയില്ല. തിരിച്ചടിയുണ്ടാകുമ്പോള് മുന്നോട്ടു പോകുന്നതിനെക്കുറിച്ച് അകാരണമായി ആകുലപ്പെടുന്ന ഒരു മാനസികാവസ്ഥയുള്ളവരെയും പരാജയഭീതി നിരന്തരം ശല്യം ചെയ്യും. എന്തുകാര്യവും നന്നായി ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ക്ക് നമ്മളില്‍ താല്പര്യമുണ്ടാകില്ലെന്ന് ചിന്തിക്കുന്നവരിലും പരാജയഭീതിയുണ്ട്. ഒരു തിരിച്ചടിയുണ്ടാകുമ്പോള് താന്‍ കഴിവുകെട്ടവനാണെന്ന ധാരണയും തുടര്‍ ജീവിതത്തില്‍ പരാജയഭീതിക്ക് ഇടയാക്കുന്നു. ഒരിക്കല്‍ ഒരു തിരിച്ചടിയുണ്ടാകുമ്പോള് മറ്റൊരു തരത്തില്‍ ചെയ്തിരുന്നെങ്കില്‍ പരാജയപ്പെടുകയില്ലായിരുന്നുവെന്ന പോസിറ്റീവ് ചിന്ത ശീലമില്ലാത്തവരിലും പരാജയഭീതിയുണ്ട്. എന്തുചെയ്യാന്‍ തുടങ്ങുമ്പോഴും തലവേദന, വയറുവേദന, നെഞ്ചിടിപ്പ് തുടങ്ങിയവ ഉണ്ടാകുന്നവരും പരാജയഭീതി കൊണ്ടുനടക്കുന്നവരാണ്. ചെയ്യേണ്ട കാര്യങ്ങള്‍ യഥാസമയം ചെയ്യാതെ നീട്ടിവയ്ക്കുന്നവരും പരാജയഭീതിയുള്ളവരാണ്. ഇത്തരം മാനസികാവസ്ഥയുള്ളവര്‍ എന്തിനെയും പരാജയമായി വ്യാഖ്യാനം ചെയ്യും. അങ്ങനെയൊരു മാനസികാവസ്ഥ നമ്മളില്‍ പലരിലും ഒളിഞ്ഞു കിടപ്പുണ്ട്. ആ ചിന്തയെ അതിജീവിക്കണം.
നമ്മള് വിജയിക്കേണ്ട ആളാണ് എന്ന ചിന്ത ഉണ്ടാകണം. ഓരോ തോല്‍വിയിലും നമുക്ക് ജയിക്കാനുള്ള പാഠങ്ങളാണ് നല്‍കുന്നത്. തോല്‍വി നമ്മളെ തളര്‍ത്തുകയല്ല മറിച്ച് ഒരു അവസരമാണ് നല്‍കുന്നത്. നമുക്ക് കൂടുതല്‍ നന്നായി മുന്നേറാനുള്ള ഒരു പാഠം എല്ലാ തിരിച്ചടിയിലും പരാജയത്തിലും ഒളിഞ്ഞിരിപ്പുണ്ട് എന്ന് ചിന്തിക്കുന്നവര്‍ക്ക് തോല്‍വിയോ പരാജയമോ ഒരു പ്രശ്നമല്ല. പരാജയഭീതി പോലും അവര്‍ക്കുണ്ടാകില്ല.
എങ്ങനെ പ്രണയതിരസ്ക്കാരം തോല്‍വിയാകും
പ്രത്യേകിച്ച് ഒരു കാരണമില്ലാതെ അവനോ അവളോ തള്ളിക്കളഞ്ഞുവെന്ന ചിന്ത വാശിയും വൈരാഗ്യവും ഉണര്‍ത്തും. അത് പരാജയബോധത്തിന്റെ സൃഷ്ടിയാണ്. താന്‍ അനുയോജ്യനല്ലാത്ത ആളാണെന്നതാണ് തിരസ്ക്കാരത്തിനു കാരണമാകുന്നതെങ്കിലും ഇതൊക്കെതന്നെ ഉണ്ടാകും. താന്‍ ഒന്നിനും കൊള്ളാത്തയാളാണെന്നത് കൊണ്ടാണ് അവനോ അവളോ ഇട്ടേച്ചു പോയതെന്നു തോന്നുമ്പോള്‍ അപകര്‍ഷതാബോധവും പരാജയബോധവും തലപൊക്കും. അത് വ്യക്തികളെ കൂടുതല്‍ വിഷാദത്തിലേക്ക് തള്ളിവിടും. തുടര്‍ന്നുള്ള എല്ലാ വ്യക്തിബന്ധങ്ങളിലും പരാജയഭീതി സ്വാധീനം ചെലുത്തും. നല്ല വ്യക്തിബന്ധമുണ്ടാക്കാന് അത് തടസ്സമായി മാറാം. പ്രണയ പരാജയം തോല്‍വിയല്ല, രണ്ട് വ്യക്തികള്‍ തമ്മില്‍ ഒത്തുപോകില്ല എന്നതിന്റെ സാക്ഷ്യം മാത്രമാണ്. അതിനെ ആരോഗ്യകരമായി നേരിടുകയാണ് വേണ്ടത്.