മാധ്യമങ്ങളും സര്‍വ്വേഫലങ്ങളും – ടി.കെ. സന്തോഷ്‌കുമാര്‍

മാധ്യമങ്ങളും സര്‍വ്വേഫലങ്ങളും – ടി.കെ. സന്തോഷ്‌കുമാര്‍

തിരഞ്ഞെടുപ്പ് വേളകളില്‍ മാധ്യമങ്ങള്‍ക്ക് വലിയ ഉത്തരവാദിത്തമാണുള്ളത്; വിശേഷിച്ച് സ്വതന്ത്രമാധ്യമങ്ങളെന്ന മേലങ്കി നിരന്തരം എടുത്തു വീശുന്നവര്‍ക്ക്. പത്രങ്ങളെടുത്തു പരിശോധിക്കുക – വസ്തുസ്ഥിതിയാഥാര്‍ത്ഥ്യങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് ജനപക്ഷത്തുനിന്ന് വാര്‍ത്തകള്‍ എഴുതുന്നവര്‍ എത്ര ശതമാനമുണ്ട്! വാസ്തവത്തില്‍ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഓരോ പത്രത്തിനുമുണ്ട് കക്ഷിരാഷ്ട്രീയം. കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് നിലനില്‍ക്കുന്ന ഒന്നാണ് ജനപക്ഷരാഷ്ട്രീയം. പക്ഷേ മൂലധന നിക്ഷേപത്തിന്റെ അന്തര്‍ധാരകളെ നിയന്ത്രിക്കുന്നതില്‍ കക്ഷിരാഷ്ട്രീയത്തിനുള്ള പങ്ക് ഏതു പത്രമുതലാളിക്കും ഇന്നറിയാം. അതുകൊണ്ടുതന്നെ ചില പത്രങ്ങള്‍ പല ദിവസങ്ങളിലും പാര്‍ട്ടിപത്രങ്ങള്‍ പോലെയാണ്. നോക്കുക, ഒരു മുന്നണിക്കായി ഒരു ദിവസം മൊത്തം സ്ഥലത്തിന്റെ 622 കോളം സെന്റീമീറ്റര്‍ നീക്കിവയ്ക്കുന്നു. അതേദിവസം മറ്റൊരു മുന്നണിക്കായ് 246 സെന്റീമീറ്റര്‍.


ഇതു രണ്ടുമല്ലാത്ത മുന്നണിക്കായി 129 സെന്റീമീറ്റര്‍. ഇങ്ങനെ ചെയ്യുമ്പോള്‍, ഇത് പൊതുതിരഞ്ഞെടുപ്പുകാലമാണെന്നും അത് ജനവികാരത്തെ സ്വാധീനിക്കുന്ന കാര്യമാണെന്നും മാധ്യമപ്രവര്‍ത്തകര്‍ അല്ലെങ്കില്‍ പത്രത്തിന്റെ ഉടമ തിരിച്ചറിയേണ്ടതല്ലേ? പാര്‍ട്ടിപത്രത്തെപ്പോലും പിന്നിലാക്കും വിധം ഒരു പ്രത്യേക പാര്‍ട്ടിയുടെ/മുന്നണിയുടെ നേതാക്കളുടെ വര്‍ണ്ണാഭമായ ചിത്രങ്ങള്‍, അവരുടെ മൊഴിമുത്തുകള്‍ എല്ലാം പകര്‍ത്തിവയ്ക്കുന്ന അവസ്ഥ. മാധ്യമപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍പോലും അഭ്യസിച്ചിട്ടില്ലാത്തവരുടെ കേളീരംഗമായി പത്രസ്ഥലം അലങ്കോലപ്പെട്ടുപോകുന്ന സ്ഥിതി! ഏതെങ്കിലും ഒരു മുന്നണിയില്‍ ചാരിനില്‍ക്കാതെ നിലനില്പില്ലെന്ന തോന്നല്‍ നമ്മുടെ പത്രമാധ്യമങ്ങള്‍ക്ക്, മുമ്പില്ലാത്തവിധം ശക്തമായിട്ടുണ്ടെന്നു തോന്നുന്നു. നിക്ഷ്പക്ഷതയല്ല സമതുലിതാവസ്ഥയാണ് വേണ്ടത്.


പത്രങ്ങള്‍ എത്രയോ ഭേദമെന്നു തോന്നിപ്പിക്കുംവിധമാണ്, തിരഞ്ഞെടുപ്പുവേളയില്‍ ടെലിവിഷന്‍ ചാനലുകള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരുവശത്ത്, ഏതടവുപയറ്റിയാല്‍ റേറ്റിംഗ് ഒന്നാം സ്ഥാനത്ത് എത്താം എന്ന വ്യാമോഹം. മറുവശത്ത്, സ്ഥാപന ഉടമയുടെ രാഷ്ട്രീയതാല്പര്യങ്ങള്‍ സംരക്ഷിക്കുക എന്ന സമ്മര്‍ദ്ദം. ഇതിനു രണ്ടിനുമിടയില്‍പെട്ട് നിഷ്പക്ഷരെന്നു വിളംബരം നടത്തുന്ന വാര്‍ത്താചാനലുകളുടെ മുഖം കീറിപ്പോയിരിക്കുന്നു. പാര്‍ട്ടിച്ചാനലുകള്‍ എത്രയോ ഭേദം എന്നു തോന്നിപ്പോകും! ദേശീയ മാധ്യമങ്ങള്‍ എന്നു വിളിപ്പേരിലറിയപ്പെടുന്ന ഇംഗ്ലീഷ് ഭാഷാചാനലുകള്‍ക്ക് മാത്രമല്ല, മലയാള ചാനലുകള്‍ക്കും അസാമാന്യമാംവിധം രാഷ്ട്രീയതിമിരം ബാധിച്ചിട്ടുണ്ട്. ഇതു ബോധ്യപ്പെടാന്‍ ചിലരുടെയൊക്കെ തിരഞ്ഞെടുപ്പ് സര്‍വേഫലങ്ങള്‍ വിശകലനം ചെയ്താല്‍ മതി. ഒരു ചാനല്‍ ആദ്യം പുറത്തുവിട്ട സര്‍വേഫലത്തില്‍ കേരളത്തിലെ 20-ല്‍ നാലെണ്ണം ഇടതുപക്ഷത്തിന്. മറ്റൊരു ചാനല്‍ സര്‍വേഫലത്തില്‍ ഇടതുപക്ഷത്തിന് രണ്ട്; പിന്നീടുവന്ന ചാനല്‍ സര്‍വേഫലത്തില്‍ ഇടതുപക്ഷത്തിന് മൂന്ന്. അതും കഴിഞ്ഞുവന്ന സര്‍വേഫലം പ്രവചിച്ചത് ഇടതുപക്ഷത്തിന് നാല്.


നോക്കുക – ഇതില്‍ പലതും വ്യത്യസ്തമണ്ഡലങ്ങളാണ്. എന്തൊരു വൈരുദ്ധ്യമാണ്. അഭിപ്രായ സര്‍വേഫലം ചാനലുകള്‍ക്ക് തമാശക്കളിയായി മാറിയിട്ടുണ്ട് എന്നതല്ലേ ഇതു സൂചിപ്പിക്കുന്നത്? എല്ലാ ചാനലിന്റെയും സര്‍വേഫലം ഒരുപോലെയായിരിക്കണം എന്നല്ല. ഏകദേശം യുക്തിഭദ്രമായി പ്രേക്ഷകര്‍ക്ക് തോന്നിയാല്‍ അത്, ദൃശ്യവാര്‍ത്താ മാധ്യമത്തിന് വിശ്വാസ്യത നല്‍കും എന്നതാണ് വസ്തുത. അങ്ങനെയൊരു സാധ്യതയുണ്ടാകണമെങ്കില്‍, സര്‍വേകളില്‍ രാഷ്ട്രീയ താല്പര്യം കലരാതെയിരിക്കണം. നിഷ്പക്ഷ നാട്യം നടത്തിയ ചാനലുകളില്‍ നിന്ന് ഭിന്നമായി പാര്‍ട്ടിചാനലുകളുടെ സര്‍വേഫലം എന്താണ് സൂചിപ്പിക്കുന്നത്? അവരവരുടെ മുന്നണികള്‍ തൂത്തുവാരും. അങ്ങനെയല്ലാതെ മറ്റെന്താണ് ആ ചാനലുകള്‍ക്ക് പറയാന്‍ കഴിയുക? അവരുടെ ജന്മദൗത്യം അവര്‍ നിര്‍വഹിക്കുന്നു. പക്ഷേ ഈ പാര്‍ട്ടിചാനലുകളല്ല ഇവിടെ അപകടകാരികള്‍. ജനാഭിപ്രായം എന്നമട്ടില്‍ ഒളിഞ്ഞിരുന്ന് ചില പ്രത്യേക മുന്നണികള്‍ക്കുവേണ്ടി നിഷ്പക്ഷതയുടെ ആട്ടിന്‍തോലണിഞ്ഞ് നടത്തുന്ന സര്‍വേഫലങ്ങള്‍, യഥാര്‍ത്ഥ മാധ്യമധര്‍മ്മത്തെ (ജനാധിപത്യ സംസ്‌കാരത്തെ) അട്ടിമറിക്കുകയാണ്!