നന്മ നിറഞ്ഞവള്‍ അഷിത – ബെന്നി ഡൊമിനിക്
അഷിതയെ ഇതെഴുതുന്നയാള്‍ നേരില്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. തമ്മില്‍ എഴുത്തുകുത്തും ഉണ്ടായിട്ടില്ല. മുഖപുസ്തക സുഹൃത്തായിരുന്നിട്ടും ഒരു വരി പോലും ടൈംലൈനില്‍ എഴുതാന്‍ വകതിരിവുണ്ടായതുമില്ല. അഷിതയോട് ആരാധനയും തോന്നിയിട്ടില്ല.
എന്നാല്‍ മാതൃഭൂമിയില്‍ അവരുടെ അഭിമുഖം വന്നതു വായിച്ചതുമുതല്‍ അഷിത എന്റെ വായനയില്‍ നിറഞ്ഞു. അതാവട്ടെ അവര്‍ ജീവിതത്തില്‍ അനുഭവിച്ച നിശബ്ദമായ സഹനത്തോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു സമമായിരുന്നു. എങ്കിലും മരണശേഷം ഏവരും തുനിയുന്ന വാഴ്ത്തുപാട്ടിന് മുതിരാതെ വസ്തുനിഷ്ഠമായി ആ എഴുത്തിനെ, ആ വ്യക്തിത്വത്തെ ഉള്‍ക്കൊള്ളാനും കൂടിയുള്ള എളിയ ശ്രമമാണീ ലേഖനം.
ജീവിതത്തിന്റെ സുകൃതങ്ങള്‍ നിഷേധിക്കപ്പെട്ട ഒരു ബാല്യവും കൗമാരവും അഷിതയ്ക്കുണ്ടായിരുന്നു. അതിന്റെ വിങ്ങലുകള്‍ അവരില്‍ എക്കാലവും നിറഞ്ഞു നിന്നിരുന്നു. പുറമേക്ക് കലപില കൂട്ടുന്ന ഒരു പ്രതികരണമായല്ല അവ പ്രത്യക്ഷപ്പെട്ടത്. ആന്തരമായ ഒരു ഉരുകല്‍ അവരില്‍ എവിടെയോ സംഭവിക്കുന്നുണ്ടായിരുന്നു എന്നു വേണം കരുതാന്‍. ഒരു പാട് വിലക്കുകളും അവകാശ നിഷേധങ്ങളും അവഗണനകളും ആ മനസ്സിനെ വ്യഥിതമാക്കിയിട്ടുണ്ട്. സ്നേഹവും സംരക്ഷണവും നല്കേണ്ടവര് തന്നെ അത് ക്രൂരമാം വിധം നിരസിക്കുന്ന കാഴ്ച പുറമേ നിന്നു വീക്ഷിക്കുന്നവരെപ്പോലും ഹതാശരാക്കി മാറ്റും. എത്ര വലിയ ദുരനുഭവങ്ങളിലൂടെയാണ് ഈ എഴുത്തുകാരി ഉഴറി നടന്നതെന്ന് ഒരു നടക്കത്തോടു കൂടി മാത്രമേ ചിന്തിക്കാനാവൂ. സത്യമെന്നു വിശ്വസിക്കാന്‍ പ്രയാസം നേരിടുന്ന അനുഭവങ്ങളെക്കുറിച്ചാണ് വൈകിയാണെങ്കിലും അവര്‍ ഏറ്റുപറയുന്നത്. ആ തീവ്ര വേദനയെ ചൂണ്ടി അഷിത പറയുന്നു: ‘അതു ഞാനായിരുന്നു.’ ‘ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ പായുന്ന ഒരാര്‍ത്ത നാദം’ പോലായിരുന്നു അവരുടെ ജീവിതം.
മകളെക്കുറിച്ച് അഭിമാനിക്കണം നിങ്ങള്‍ എന്ന് അവളുടെ പ്രഫസര്‍ പറയുമ്പോള്‍ അച്ഛന് പറയുന്ന വാക്കുകള്‍ അങ്ങേയറ്റം കാരുണ്യ രഹിതമാണ്. ‘maternity is a fact, Paternity is a matter of opinion’ എന്ന് മറ്റുള്ളവരുടെ മുന്പില് വച്ച് പരസ്യമായി അപമാനിക്കാന്‍ മടിക്കാത്ത ഒരു പിതാവ്. സ്വന്തം പിതാവില്‍നിന്ന് ഇത്തരം മനുഷ്യത്വരഹിതമായ അനുഭവങ്ങള്‍ ആരെയാണ് തകര്ത്തെറിയാത്തത്?
എന്നാല്‍ ഇത്തരം കടുത്ത അനുഭവങ്ങള്‍ അഷിതയെന്ന കുഴമണ്ണിനെ കശക്കി രൂപപരിണാമം വരുത്തുകയായിരുന്നു. കുഴച്ച മണ്ണ് ഇടിച്ചും പിഴിഞ്ഞും മര്‍ദ്ദിച്ചും പുതിയൊരു സര്‍ഗ്ഗസൃഷ്ടിയായി പരിണമിക്കുന്നതുപോല് അഷിത പഴയന്നൂര്‍ കുറുപ്പത്ത് എഴുത്തുകാരിയായ അഷിതയായി രൂപപ്പെടുകയായിരുന്നു. ക്ലേശനിര്‍ഭരമായ ഒരു ജീവിതത്തിലൂടെ അഥവാ ഇടിച്ചു പിഴിയപ്പെട്ട മണ്ണ് സുന്ദര ശില്പമാകുന്നതു പോലാണ് അഷിത എന്ന എഴുത്തുകാരി രൂപപ്പെട്ടത് എന്നു പറയുകയാവും ശരി. ആ കഥകള്‍ എല്ലാം തന്നെ തികഞ്ഞ ഭദ്രതയാര്‍ന്ന ശില്പത്തിന്റെ സൗകുമാര്യം ആര്‍ജ്ജിച്ചിരുന്നു എന്നതും ഇതോടൊപ്പം കൂട്ടി വായിക്കണം.
അഷിതയുടെ സാഹിത്യത്തെക്കുറിച്ചു മാത്രമല്ല ഇവിടെ പറയുന്നത്; ജീവിതത്തെക്കുറിച്ചു കൂടിയാണ്. അഷിതയുടെ ചില തെരഞ്ഞെടുപ്പുകള്‍ അച്ഛനും അമ്മയ്ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. അത് പഠിപ്പിന്റെ കാര്യത്തിലായാലും എഴുത്തിന്റെ കാര്യത്തിലായാലും. മനുഷ്യര്‍ക്കിടയില്‍ ജീവിതം വല്ലാതെ ഊഷരമായിപ്പോകുന്നതിനു പിന്നില്‍ അവരില്‍ നഷ്ടമാവുന്ന സര്‍ഗ്ഗാത്മകത തന്നെയാവാം കാരണം.
ശ്രീ. സദനം ഹരികുമാര്‍ ഈയിടെ ഒരു പ്രഭാഷണമധ്യേ പറയുകയുണ്ടായി. പാലക്കാട് സി.എസ്.കൃഷ്ണയ്യര്‍ ഹരികുമാറിനെ സംഗീതം (വായ്പ്പാട്ട്)പഠിപ്പിക്കുകയാണ്. ഒരേ വരികള്‍ പത്തു തവണ ആവര്‍ത്തിച്ചു പാടിച്ചു അദ്ദേഹം.
സദനം ആകെ അസ്വസ്ഥനായി. താന്‍ പാടുന്നത് തീരെ ശരിയാകാത്തതു കൊണ്ടാണോ ഗുരുനാഥന് വീണ്ടും വീണ്ടും പാടിപ്പിക്കുന്നത്? ഗുരു പറഞ്ഞു, ഹരീ നീ പാടിയത് ഗ്രമാറ്റിക്കലി നൂറു ശതമാനം ശരി. പക്ഷേ, ഈസ്തെറ്റിക്കലി കറക്ടല്ല. ഗ്രമാറ്റിക്കലി കറക്ടെന്ന് സ്വയം ധരിച്ചു വശായ ഉള്ളു പൊള്ളയായ മനുഷ്യരുടെ മനോഭാവത്തെ ഈസ്തെറ്റിക്കലി കറക്ടാക്കാനാണ് അഷിത ശ്രമിച്ചത്. അത് മനസ്സിന്റെ വിഭ്രമമായി (mentally not stable) ചിലര്‍ കരുതും. മനുഷ്യരെ യാന്ത്രികമായി വീക്ഷിക്കുന്നവരെ സംബന്ധിച്ച് അതിലപ്പുറം പോകാന്‍ കഴിയില്ല. ഡോക്ടറാവുക എന്ന ഗ്രാമര്‍ ശരിയെക്കാള്‍ എഴുത്തുകാരിയാവുക എന്ന ഈസ്തെറ്റിക് ശരി, അഷിത തെരഞ്ഞെടുത്തു എന്നതാണ് അവര്‍ ചെയ്ത തെറ്റ്. അതാണ് അഷിതയുടെ കുഴപ്പമെന്ന് അച്ഛനമ്മമാര്‍ കരുതുന്നിടത്ത് അഷിതയില്‍ മന: പോരാട്ടങ്ങള്‍ തുടങ്ങുന്നു. (mental agonies)
അഷിത എന്ന എഴുത്തുകാരി രൂപപ്പെട്ടത് നിര്‍ദ്ദയമായ ഈ ജീവിതാനുഭവങ്ങളുടെ സമ്മര്‍ദ്ദത്താലാണ്. ഇത്രമേല്‍ ദുരനുഭവങ്ങള്‍ ഉണ്ടായിട്ടും അഷിതയുടെ കഥകളില്‍ അവ അനുപാതരഹിതമായി പ്രത്യക്ഷപ്പെടുന്നില്ല. ആ കഥാഗാത്രത്തെ വില കുറഞ്ഞ സെന്റിമെന്റ്സ് തീണ്ടുന്നില്ല എന്നര്‍ത്ഥം. വിഷാദത്തിന്റെ കരിനീലത്തടാകങ്ങള് ആ രചനകളില്‍ എങ്ങുമേയില്ല! അഷിത എന്ന വാക്കിന്റെയര്‍ത്ഥം ഗുജറാത്തി ഭാഷയില്‍ ‘അനുഗ്രഹിക്കപ്പെട്ടവള്‍’ എന്നും ജാപ്പനീസ് ഭാഷയില്‍ ‘പ്രത്യാശ’ എന്നുമാണെന്ന് ഒരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കുന്നുണ്ട്. മലയാളത്തില്‍ അഷിത എന്ന വാക്കിന് അര്‍ത്ഥമെന്താവും? കേവലമൊരു വാക്കിലൊതുങ്ങാതെ അവര്‍ എഴുതിയതും പറഞ്ഞതുമായ എല്ലാ വാക്കുകളിലും മുഖരിതമാവുന്ന ഏതോ ഒരര്ത്ഥമാവും ആ പേരിന്…
‘ഞാനൊരു തോറ്റു പോയ സ്ത്രീയാണ്’ അഷിത പറയുന്നു. എല്ലാ എഴുത്തുകാരും ഒരര്‍ത്ഥത്തില്‍ ജീവിതത്തില്‍ തോറ്റു പോയവര്‍ തന്നെ. അവര്‍ വാക്കുകളുടെ ലഹരി കൊണ്ട് പരാജയത്തെ വിജയമാക്കി മാറ്റുന്നു. ഇത് വാക്കുകളുടെ വീഞ്ഞ് അനിയന്ത്രിതമായി ചഷകങ്ങളില്‍ നിറയ്ക്കുന്നതുകൊണ്ടല്ല. അഷിതയില്‍ ഒരു ശില്പിയുണ്ടായിരുന്നു. ഒരു ശില്പിയുടെ കൈയടക്കത്താല്‍ വാക്കുകളെ അവര്‍ ചെത്തിയൊരുക്കി. ചിത്രരചന വഴങ്ങുമായിരുന്നെങ്കില് എഴുതുമായിരുന്നില്ല എന്ന് അഷിത പറയുന്നുണ്ട്. (അതു ഞാനായിരുന്നു) അവരുടെ എഴുത്തിന്റെ മാനിഫെസ്റ്റോവിലെ വിളംബര വാക്യമായി ഈ പ്രസ്താവനയെ കണക്കാക്കണം. അഷിതയെഴുതുമ്പോള് വാക്കുകള്‍ ദൃശ്യങ്ങളാവുന്നു. ചിത്രകലയോടെന്നതിനേക്കാള് ശില്പകലയോടാണ് ആ കഥകള്‍ക്ക് അടുപ്പം എന്നു തോന്നുന്നു. മിക്ക കഥകളും വളരെ ദൈര്‍ഘ്യം കുറഞ്ഞവയാണ്. ഏറിയാല്‍ അഞ്ചു പുറത്തിനുള്ളില്‍ അവ സാക്ഷാത്കരിക്കപ്പെടുന്നു. അനാവശ്യമായ ഒരു വാക്ക് കഥയിലേക്ക് അടിച്ചു കയറുന്നില്ല. ചെത്തിമിനുക്കി കുറവുകള്‍ തീര്‍ത്തിട്ടേ അവ അച്ചടിമഷി പുരളുന്നുള്ളു. കഥകളുടെ ദൈര്ഘ്യമില്ലായ്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ അഷിതയുടെ ജീവിതത്തിലേക്കു തന്നെ നോട്ടമെത്തിച്ചേരുന്നു. ചെറുപ്പത്തില്‍ എഴുതാനിരിക്കുന്ന അഷിതയ്ക്ക് റേഷന്‍ അനുവദിക്കുന്നതു പോലെ നാലേ നാലു പേപ്പര്‍ മാത്രം നല്‍കിയിരുന്ന അച്ഛന്റെ ശീലഗുണം അബോധാത്മകമായി ഈ എഴുത്തുകാരിയില്‍ പ്രബലമായതാവണം ആ സംക്ഷിപ്തതയുടെ രഹസ്യം!
ധ്വനിപ്പിക്കലാണ് തനിക്ക് പഥ്യമെന്ന് അഷിത പറയുന്നുണ്ട്. പ്രതിരൂപാകത്മകതയുടെ സമ്പന്നമായ ഒരു ലോകം ആ കഥകളില്‍ അരങ്ങു വാഴുന്നുണ്ട്. പല കഥകളിലും ഭാഷ പ്രതിരൂപാത്മകമായിത്തീരുകയും സാന്ദ്രത മുറ്റുകയും ചെയ്യുന്നതായി അനുഭവപ്പെടുന്നു. ‘അലസമായി വെയില് കായുന്ന കരിമ്പൂച്ചയെപ്പോലെ തുറിച്ചു നോക്കുന്ന ഏകാന്തത’, ‘എത്ര വലിച്ചടച്ചാലും കൊളുത്തൂരി തുറന്നു പോകുന്ന ജനാല പോല്‍’ ഓര്‍മ്മകള്‍… സ്ത്രീ ശരീരത്തിന്റെ മദഭരതയെ ഓര്‍മ്മിപ്പിക്കുന്ന ‘അന്തരീക്ഷം മുഴുവന്‍ തങ്ങി നില്ക്കുന്ന, അടുക്കളയില്‍ നിന്നുയരുന്ന ഇറച്ചി വേവുന്ന ഗന്ധം’, ‘ജനാലയിലൂടെ കടന്നു വരുന്ന ഒരു വെയില്‍പ്പാളി’, വീശിയടിച്ച് മുറിയിലെ സകല ജനാലകളും തള്ളിത്തുറന്ന ഒരു കാറ്റിനെപ്പോലെ ആ ചോദ്യം അന്നമ്മയുടെ മനസ്സ് മലര്‍ക്കെ തുറന്നിട്ടു… ( അപൂര്‍ണ്ണവിരാമങ്ങള്‍ ), ‘തന്റെ നേര്‍ക്ക് നോക്കി നിന്ന് നേര്‍ക്കുനേര്‍ നിലവിളിക്കുന്ന കരിമ്പൂച്ച’ കാമത്തിന്റെ നിശിതമായ ബിംബമായിത്തീരുന്നുണ്ട്. (വാരാന്ത്യങ്ങള്‍) നിശബ്ദം എരിഞ്ഞടങ്ങുന്ന ചില സങ്കടങ്ങള്‍, ആത്മാവിനെ എന്നും നീറ്റുന്ന അത്ര ലഘുവല്ലാത്ത ചില മുറിവുകള്‍… ഇവയൊക്കെ ആ കഥകള്‍ക്ക് അസാധാരണമായൊരു തലം നല്‍കുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് എവിടെ നിന്നോ പല രൂപത്തിലും ഭാവത്തിലും എത്തുന്ന കാറ്റിന്റെ സീല്ക്കാരവും നിലവിളിയും ഒന്നും കഥയുടെ അന്തരീക്ഷത്തെ കണക്കിലേറെ കമ്പനം കൊള്ളിക്കുന്നില്ല. പതിഞ്ഞ ഈണത്തില്‍ പാടുന്ന ഗാനങ്ങള്‍ പോലാണ് ആ കഥകള്‍. ആത്മാവിന്റെ വന്യ താളമല്ല, അലയൊടുങ്ങിയ സമുദ്രത്തിന്റെ ഭീതിയൊഴിഞ്ഞു മാറാത്ത ശാന്തതയാണ് ആ കഥകളുടെ മുഖമുദ്ര.
എവിടെയോ ഉടക്കി മുറിഞ്ഞുനീറി അല്പാല്പമായി ചോര കിനിയുന്ന ഒരു വ്രണം (trauma) ആ കഥകളില്‍ അടിയൊഴുക്കായി വര്‍ത്തിക്കുന്നുണ്ട്. അവഗണിക്കപ്പെട്ട ബാല്യത്തിന്റെ വ്യഥിതമായ ഒരു കൗമാരത്തിന്റെ, അസംതൃപ്തമായ ഒരു യൗവനത്തിന്റെ ക്ഷതങ്ങള്‍ (traumatic experiences) ആ കഥകളില്‍ ഊറിക്കൂടുന്നുണ്ട്. അരക്ഷിതമായ സ്ത്രീത്വം കഥകളില്‍ ആവര്‍ത്തിച്ചുവരുന്നു. വാക്കുകളെ വലിച്ചു നീട്ടാതെ ഒതുക്കിപ്പറയുന്നതിന് അപൂര്‍ണ്ണവിരാമങ്ങള്‍ എന്ന കഥ മികച്ച ഉദാഹരണമാണ്. കഥയുടെ പേരു തന്നെ അഷിതയുടെ കഥാരചനയുടെ സവിശേഷതകളിലേക്ക് വെളിച്ചം വീശുന്നു. ജയില്‍വിമോചിതയായ അന്നമ്മയെ പോലീസുകാരന് ഇരുളിന്റെ മറവിലേക്ക് ആട്ടിത്തെളിക്കുമ്പോള്‍ വായനക്കാരാ ഈ കഥയ്ക്ക് എങ്ങനെയാണ് ഞാന്‍ ഒരു പൂര്‍ണ്ണ വിരാമമിടുക? എന്ന ചോദ്യത്തില്‍ കഥയുടെ പൂര്‍ണ്ണത ഇരിപ്പുണ്ട്. ചെറുതെങ്കിലും ശക്തമായ കഥയാകുന്നു അപൂര്‍ണ്ണവിരാമങ്ങള്‍. ഭര്‍ത്താവുപേക്ഷിച്ച് റോഡില്‍ പിറുപിറുത്തു കൊണ്ട് അലഞ്ഞു തിരിഞ്ഞ അന്നമ്മ ഫെര്‍ണാണ്ടസ്സിനെ ജയിലില്‍ പിടിച്ചിടുന്നു. പത്തു വര്‍ഷത്തെ കാരാഗൃഹവാസത്തിനു ശേഷം പുറത്തിറങ്ങിയ അവളുടെ വരാനിരിക്കുന്ന ജീവിതം വളരെ സൂക്ഷ്മമായി രേഖപ്പെടുത്തിയിരിക്കുന്നു. ‘നഗരത്തിന്റെ തിരക്കും ഗന്ധങ്ങളും വഹിക്കുന്ന ഒരു കാറ്റ് അന്നമ്മയെ തൊടാതെ കടന്നു പോയി. ഒരു കരിയില വട്ടം ചുറ്റി, ഒടുവില്‍ ചീറിപ്പായുന്ന വാഹനങ്ങള്ക്കിടയില്പ്പെട്ട് ചതയുന്നത് അന്നമ്മ കണ്ടു.’
അഷിതയുടെ കഥകളില്‍ ആവര്‍ത്തിച്ച് കടന്നു വരുന്ന ഒരു രൂപകമുണ്ട്. ആധുനിക കാലത്തെ അനുഭവമലിനീകരണത്തിന്റെയും അയഥാര്ത്ഥതയുടെയും ശക്തമായ ഒരു രൂപകമായി മാറുന്നു ടെലിവിഷന്‍ സെറ്റ്.