ശബ്ദം ശത്രുവാകാം ചിലപ്പോള്‍ സംഗീതവും – സത്യന് അന്തിക്കാട്
കുഞ്ഞുണ്ണി മാഷ് (കവി കുഞ്ഞുണ്ണി) ജോലിയില്‍ നിന്നു വിരമിച്ച് സ്വന്തം നാടായ വലപ്പാട് സ്ഥിരതാമസത്തിനെത്തിയകാലം. ഏതോ സിനിമയുടെ തിരക്കുകള്‍ക്കിടയില്‍ നിന്ന് നാട്ടിലെത്തിയപ്പോള്‍ ഞാന്‍ മാഷെ കാണാന്‍ പോയി. മനസ്സിലെ ഗുരുനാഥനാണ്. പഠിക്കുമ്പോള്‍ ഞാനെഴുതിയ പൊട്ടക്കഥകളും കവിതകളും ക്ഷമാപൂര്‍വ്വം വായിച്ച് തിരുത്തിത്തരികയും, ചിലതൊക്കെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം.
ഞാന്‍ ചെല്ലുമ്പോള്‍ ഏതോ സ്കൂളില്‍ നിന്ന് കുറെ കുട്ടികള്‍ വന്ന് മുറ്റത്തെ മരച്ചോട്ടിലിരിപ്പുണ്ട്. അവര്‍ക്കുമുന്നില്‍ ഒരു കസാരയിട്ട് കുഞ്ഞുണ്ണിമാഷും.
ശബ്ദത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുകയാണദ്ദേഹം. ”എല്ലാവരും കണ്ണുകളടച്ച് കാത് കൂര്‍പ്പിച്ചിരിക്കുക” മാഷ് പറഞ്ഞു. ”നിങ്ങളെന്തൊക്കെ ശബ്ദമാണ് കേള്‍ക്കുന്നത് എന്ന് ശ്രദ്ധിക്കുക. ഒരു ഇലയനക്കംപോലും വേര്‍തിരിച്ചു കേള്‍ക്കണം” കുട്ടികളോടൊപ്പം ഒരു കൗതുകത്തിന് ഞാനും കണ്ണടച്ച് ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തു. പ്രത്യക്ഷത്തില്‍ നമ്മള് കാണുന്ന കാഴ്ചകളില്‍ നിന്നുള്ള ശബ്ദങ്ങള്‍ മാത്രമല്ല. പല അടരുകളിലായി ഒട്ടേറെ ഒച്ചകള്‍.
കാറ്റിന്റെ ശബ്ദം, കാക്കയുടെ കരച്ചില്, പലതരം പക്ഷികളുടെ കലമ്പല്‍, ദൂരെയുള്ള റോഡിലൂടെ വാഹനങ്ങള്‍ പോകുന്ന ശബ്ദം, പശുവിന്റെ അമറല്‍, പട്ടിയുടെ കുര, അണ്ണാന് ചിലയ്ക്കുന്നത്, ഏതോ കിണറ്റില്‍ നിന്ന് കപ്പി ഉപയോഗിച്ച് ആരോ വെള്ളം കോരുന്നത്, ഒരു കുട്ടിയെ അമ്മ ശകാരിക്കുന്നത്, മുണ്ടലക്കുന്നത്, ഉരലില്‍ മുളക് ഇടിക്കുന്നത്, ഏതോ സമ്മേളന സ്ഥലത്തു നിന്നുള്ള അനൗണ്‍സ്മെന്റ്…
ഈശ്വരാ, അന്തംവിട്ടുപോയി! എന്തൊക്കെ ശബ്ദങ്ങളാണ് ഒരേസമയം നമുക്കു ചുറ്റും! അവയില്‍ നമ്മള് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതു മാത്രമേ നമ്മുടെ കാതുകളിലെത്തുന്നുള്ളൂ എന്നതാണ് വാസ്തവം.
ശബ്ദം പലരീതിയില്‍ നമ്മളെ സ്വാധീനിച്ചു തുടങ്ങിയ കാലമാണിത്. എന്റെയൊക്കെ കുട്ടിക്കാലത്ത് ഇത്രയേറെ ശബ്ദമാലിന്യങ്ങള്‍ ഉണ്ടായിരുന്നില്ല. ആളുകളും വീടുകളും കെട്ടിടങ്ങളുമൊക്കെ എണ്ണത്തില്‍ കുറവായിരുന്നു. പ്രധാന റോഡിലും അതിനു സമീപത്തുള്ള വീടുകളിലും മാത്രമേ വൈദ്യുതി എത്തിയിരുന്നുള്ളൂ.
മെയിന്‍ റോഡില്‍ നിന്ന് ചെറിയ ഒരു ഇടവഴിയിലൂടെ കുറച്ചുദൂരം നടന്നാലെത്തുന്ന ഒരു കൊച്ചുവീട്ടിലായിരുന്നു എന്റെ ബാല്യകാലം. വായനശാലയില്‍ നിന്ന് പുസ്തകങ്ങളൊക്കെയെടുത്ത് ഇരുട്ടുവീഴുന്നതോടെ വീട്ടിലേക്കു നടക്കുമ്പോള്‍ ചുറ്റുമുള്ള വീടുകളില്‍ നിന്ന് സന്ധ്യാനാമം ചൊല്ലുന്നതുകേള്ക്കാം. കുട്ടികള്‍ മണ്ണെണ്ണ വിളക്കിനടുത്തിരുന്ന് പാഠങ്ങള്‍ പഠിക്കുന്നത് കേള്‍ക്കാം. ചിലരുടെ മൂളിപ്പാട്ടുകള്‍ കേള്‍ക്കാം. ഇന്ന് അതല്ല സ്ഥിതി.
ടി.വി. സീരിയലുകളിലെ സ്ഥിരം സംഗീതവും സംഭാഷണങ്ങളുമാണ് നമ്മളെ അനുഗമിക്കുക. വീട്ടിലെത്തി വാര്‍ത്ത കാണാമെന്നു വിചാരിച്ച് ഏതെങ്കിലും ന്യൂസ്ചാനല്‍ ഓണ്ചെയ്താല് ചാനല്‍ ചര്‍ച്ചകളിലെ കോലാഹലം. അങ്കക്കോഴികളെപ്പോലെ പരസ്പരം പോരാടുകയും അസഭ്യം പറയുകയും ചെയ്യുന്ന ‘അതിഥി’കള്‍. എരിതീയില്‍ എണ്ണയൊഴിച്ചുകൊടുക്കുന്ന അവതാരകര്‍. നിമിഷനേരം കൊണ്ട് നമ്മുടെ സ്വീകരണമുറി ചന്തപ്പറമ്പായി മാറുന്നു. മടുപ്പോടെ നമ്മള് ടി.വി. ഓഫാക്കുന്നു.
പ്രകൃതിയുടെ ശബ്ദങ്ങള്ക്കിന്ന് പ്രാധാന്യമില്ലാതായി. ഏതെങ്കിലും ആരാധനാലയങ്ങള്ക്കടുത്താണ് താമസമെങ്കില്‍ പിന്നെ പറയാനില്ല. പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനാ ഗീതങ്ങളുമൊക്കെ ഉച്ചഭാഷിണിയിലൂടെ കേള്‍പ്പിച്ചാലേ ദൈവത്തിന്റെ കാതിലെത്തൂ എന്ന് തോന്നിപ്പോകും.