ഇന്ത്യയില്‍ ഒച്ചയുടെ വേതാളനൃത്തം – എസ്. പൈനാടത്ത് എസ്.ജെ.

ഇന്ത്യയില്‍ ഒച്ചയുടെ വേതാളനൃത്തം – എസ്. പൈനാടത്ത് എസ്.ജെ.

വിദേശത്ത് എവിടെയെങ്കിലും പഠിക്കാനോ ജോലി ചെയ്യാനോ പോയിട്ടുള്ളവര്‍ക്കറിയാം ഇന്ത്യയെപ്പോലെ പൊതുയിടങ്ങളില്‍ ഇത്രമാത്രം ഒച്ചുയുണ്ടാക്കുന്ന മറ്റൊരു രാജ്യമില്ലെന്ന്. നിരത്തുകളിലും അങ്ങാടികളിലും ബസ്സ്റ്റാന്റുകളിലും കളിസ്ഥലങ്ങളിലുമെന്നുവേണ്ട മനുഷ്യര്‍ തടിച്ചുകൂടുന്ന എല്ലാ ഇടങ്ങളിലും ഒച്ചയുണ്ടാക്കുകയെന്നത് ഇന്ത്യയുടെ മുഖമുദ്രയായിത്തീര്‍ന്നുകഴിഞ്ഞു. ഒന്നു ശ്രദ്ധിച്ചാല്‍ മനസ്സിലാവും ഈ ശബ്ദകോലാഹലത്തിലധികവും അനാവശ്യവും അര്‍ത്ഥശൂന്യവുമാണെന്ന്. ഒരു സംസ്‌കാരച്യുതിയുടെ സൂചനയാണിത്. ഋഷിമാരുടെ നിശ്ശബ്ദമായ ധ്യാനസാധനയില്‍ വിടര്‍ന്നതാണല്ലോ ഭാരതത്തിന്റെ സംസ്‌കാരം. ആത്മബോധത്തിന്റെ അഗാധതലങ്ങളില്‍ നിന്ന് അവര്‍ ചികഞ്ഞെടുത്ത ജ്ഞാനാനുഭൂതികളിലാണ് ഈ നാടിന്റെ ആത്മീയസംസ്‌കൃതി വികസിച്ചത്. ഇന്ന് നമുക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ഉദാത്തമായ നിശ്ശബ്ദതയുടെ ഈ സംസ്‌കാരമാണ്.


വിമോചനാത്മകമായ ബൗദ്ധികവളര്‍ച്ച നടക്കുന്നതു നിശ്ശബ്ദതയിലാണ്. കവിയിലെ സര്‍ഗ്ഗാത്മകത വിടരുന്നതും കലാകാരന്റെ ഭാവന ചിറകുവിരിക്കുന്നതും ചിന്തകനിലെ ഉള്‍ക്കാഴ്ചകള്‍ക്കു താത്ത്വികഘടന കിട്ടുന്നതും സാമൂഹിക പ്രവര്‍ത്തകരുടെ സമര്‍പ്പണത്തിന് ആര്‍ജ്ജവമുണ്ടാകുന്നതും നിശ്ശബ്ദതയിലാണ്. വിദ്യാര്‍ത്ഥികള്‍ക്കു പഠിക്കണമെങ്കില്‍ നിശ്ശബ്ദത വേണം, ഗവേഷകന്‍ ആഴമായ അന്വേഷണം നടത്തുന്നതു നിശ്ശബ്ദതയിലാണ്, അമ്മ കുഞ്ഞിനു മുലപ്പാലുകൊടുക്കുന്നതും നിശ്ശബ്ദതയിലല്ലേ. 


സംസ്‌കാരച്യുതി


ഒച്ചയുടെ കുത്തിയൊഴുക്കില്‍ തകര്‍ന്നടിയുന്നത് ആദരവിന്റെ സംസ്‌കാരമാണ്. എല്ലാവരും ഒന്നിച്ച് ഒച്ചയുണ്ടാക്കുന്നിടത്ത് ആരും ആരെയും ശ്രദ്ധിക്കുന്നില്ല. താഴ്ത്തട്ടിലെ ഗ്രാമസഭകള്‍ മുതല്‍ മേല്‍ത്തട്ടിലെ പാര്‍ലമെന്റുവരെ ഇന്നും ശബ്ദമുഖരിതമാണ്. മോഡറേറ്റര്‍ക്കോ സ്പീക്കര്‍ക്കോ നിയന്ത്രിക്കാനാകാത്തവിധം കാര്യങ്ങള്‍ മാറിക്കഴിഞ്ഞു. എല്ലാവരും ഒപ്പം സംസാരിക്കുന്നു; ഏറ്റവും കൂടുതല്‍ ഒച്ചയുണ്ടാക്കുന്നയാള്‍ വേദി കയ്യടക്കുന്നു. എതിര്‍കക്ഷിക്ക് എന്താണ് പറയാനുള്ളത് എന്നത് അവധാനപൂര്‍വം കേള്‍ക്കാനുള്ള ക്ഷമപോലുമില്ലാത്ത സ്ഥിതിവിശേഷം. ടി.വിയില്‍ നടക്കുന്ന സായാഹ്ന ചര്‍ച്ചകളില്‍ ഈ വിപര്യയം സ്പഷ്ടമായി കാണാം. വൈവിധ്യം അംഗീകരിക്കാനുള്ള വിമുഖതയാണ് ഇവിടെയെല്ലാം വ്യക്തമാകുന്നത്. തുറവിയോടെ മറ്റുള്ളവരുമായി ചര്‍ച്ച ചെയ്ത് സത്യവും ധര്‍മ്മവും കണ്ടെത്താനുള്ള സാധനയ്ക്കുപകരം തന്നിഷ്ടം മറ്റുള്ളവരുടെമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമായി അധഃപതിക്കുന്നില്ലേ നമ്മുടെ ചര്‍ച്ചായോഗങ്ങള്‍? കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നു വന്നാല്‍ തകര്‍ന്നടിയുന്നത് ഈ രാജ്യത്തിന്റെ ജനാധിപത്യമാണ്, ബഹുസ്വരതയുടെ സംസ്‌കാരവും.


കേരളത്തില്‍

സാക്ഷരതയില്‍ മുന്നിട്ടുനില്‍ക്കുന്നുവെന്നഭിമാനിക്കുന്ന കേരളത്തിലും പൊതുയിടങ്ങള്‍ ഒച്ചയുടെ പിടിയിലമര്‍ന്നുകഴിഞ്ഞു. ഉദാഹരണത്തിന്, ഒരു പ്രൈവറ്റ് ബസ്സ്റ്റാന്റില്‍ ചെന്നു നോക്കുക; ഓരോ ബസ്സും എവിടേക്കു പോകുന്നുവെന്ന് വിളിച്ചുകൂകിക്കൊണ്ടിരിക്കുന്ന കുറേപ്പേര്‍ അവിടെയുണ്ട്. അവരുണ്ടാക്കുന്ന ആരവം ഏതു യാത്രക്കാരനും അസ്വസ്ഥതയുളവാക്കുന്നതാണ്. ലക്ഷ്യസ്ഥാനത്തേക്കുള്ള ബസ്സില്‍തന്നെ കയറാനുള്ള വിവേകം മലയാളിക്കുണ്ടല്ലോ. വടക്കോട്ടു പോകേണ്ടയാള്‍ തെക്കോട്ടുള്ള ബസ്സില്‍ കയറുകയില്ല. എന്നിട്ടെന്തിനാണ് ഈ വിളിച്ചുകൂകല്‍? കെ.എസ്.ആര്‍.ടി.സി. സ്റ്റാന്റില്‍ ഇതില്ലാഞ്ഞിട്ടും ആളുകള്‍ ലക്ഷ്യംനോക്കി ബസ്സില്‍ കയറുന്നില്ലേ? യാത്രക്കാര്‍ക്ക് ശല്യമായിത്തീരുന്ന മറ്റൊന്നാണ് പ്രൈവറ്റ് ബസ്സുകളിലെ കാസറ്റുപാട്ടുകള്‍. ശാന്തമായി യാത്രചെയ്യാനോ മറ്റുള്ളവരുമായി സംസാരിക്കാനോ സാധ്യമല്ലാത്തവിധം അത്ര ഉച്ചത്തിലാണ് ഈ പാട്ടുകള്‍. ഇതൊന്നുമില്ലാതെ സ്റ്റേറ്റ് ബസ്സുകളില്‍ എത്രയോ മണിക്കൂര്‍ ശാന്തമായി യാത്രചെയ്യാനാകുന്നുണ്ടല്ലോ.


നമ്മുടെ അങ്ങാടികള്‍ ആരവത്തിന്റെ വേദികളായിത്തീര്‍ന്നിരിക്കുന്നു. എവിടെനിന്ന് എന്തു വാങ്ങണം എന്നു തീരുമാനിക്കാനുള്ള മൗലികസ്വാതന്ത്ര്യം പോലും നിഷേധിക്കുന്നവിധത്തിലാണ് കച്ചവടക്കാരുടെ വിളിച്ചുകൂകല്‍. വഴിയോരങ്ങളിലും നാല്‍ക്കവലകളിലും രാഷ്ട്രീയപാര്‍ട്ടികളുടെ വിശദീകരണ യോഗങ്ങള്‍ യാത്രക്കാര്‍ക്കും പരിസരവാസികള്‍ക്കും വലിയ അസ്വസ്ഥതയുണ്ടാക്കുന്നുണ്ട്. ഒരു തിരഞ്ഞെടുപ്പ് വന്നാല്‍ ഒച്ചയുടെ കാര്യത്തില്‍ മത്സരിച്ചാണ് പാര്‍ട്ടികള്‍ പൊതുയിടങ്ങള്‍ കയ്യടക്കുക.


പൊതുനിരത്തുകളില്‍ ഇത്രമാത്രം ഹോണടിക്കുന്ന മറ്റൊരു രാജ്യം ഭൂമുഖത്തുണ്ടോ! അപകടസൂചന നല്‍കുന്നതിനു ഹോണടിക്കുന്നതു മനസ്സിലാക്കാം. എന്നാല്‍ നമ്മുടെ നിരത്തുകളില്‍ വാഹനങ്ങള്‍ ഹോണടിക്കുന്നത് ‘ഫസ്റ്റ്, ഫാസ്റ്റ്, ബെസ്റ്റ്’ ആയി ഞെളിയാനത്രേ. എല്ലാവര്‍ക്കും മുമ്പേ എനിക്കു പോകണം എന്ന താന്‍പോരിമയാണ് ഇവിടെ കരുത്തുകാട്ടുന്നത്. ഇതു വഴിനടക്കാര്‍ക്കും സമീപവാസികള്‍ക്കും എന്തുമാത്രം ശല്യമാകുന്നുണ്ട് എന്നതു പരിഗണിക്കാന്‍പോലുമുള്ള സഹാനുഭൂതി നഷ്ടമായിക്കൊണ്ടിരിക്കുന്നു. പൊതുനിരത്തിലെ പെരുമാറ്റശൈലിയാണല്ലോ ജനകീയ സംസ്‌കാരത്തിന്റെ നിദര്‍ശനം.


മതങ്ങളും

ഒച്ചയുടെ സംസ്‌കാരം വീര്‍പ്പിക്കുന്നതില്‍ നിര്‍ഭാഗ്യവശാല്‍ മതങ്ങളും പങ്കുപറ്റുന്നുണ്ട്. തനിക്കകത്തും പുറത്തും എല്ലാത്തിലും നിറയുന്ന ഐശ്വര്യസാന്നിധ്യത്തിലേക്ക് മനുഷ്യമനസ്സിനെ ഉയര്‍ത്താന്‍ നിയുക്തമായ മതങ്ങള്‍ ഇന്ത്യയില്‍ ഒച്ചയുണ്ടാക്കുന്നതില്‍ ഒട്ടും പിന്നിലല്ല. നിശ്ശബ്ദമായ ധ്യാനസാധനയിലൂടെ അവബോധത്തെ പാരമാര്‍ത്ഥികതലത്തിലേക്ക് ഉണര്‍ത്തുന്നതിനുപകരം മതങ്ങള്‍ ഒച്ചയുടെ തടവറയില്‍ മനുഷ്യാത്മാവിനെ തളച്ചിടുകയാണ് ചെയ്യുന്നത്.