ജാഗ്രതയുള്ള വോട്ടര്‍മാരാകുക – കെ.പി. ഫാബിയന്‍
Print this article
Font size -16+
അടുത്തുവരുന്ന തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ – ഡല്‍ഹിയുടെ മനസ്സ് പുല്‍വാമ ഭീകരാക്രമണം അതിന്റെ അനന്തര ദുഷ്ഫലങ്ങള്‍, റഫാല്‍ ഇടപാട്, സമ്പദ്‌വ്യവസ്ഥയുടെ ശോചനീയമായ അവസ്ഥ എന്നിവയിലെല്ലാം വ്യാപൃതമാണ്. ഇവയില്‍നിന്നെല്ലാം ജനശ്രദ്ധ തിരിക്കാനുള്ള, എന്നാല്‍ പലപ്പോഴം വിഫലമാകുന്ന, സര്‍ക്കാരിന്റെ ശ്രമങ്ങളും പ്രത്യേകം പരാമര്‍ശിക്കേണ്ടതില്ലല്ലോ. എല്ലാറ്റിനുമുപരിയായി ഉത്തരവാദിത്വമുള്ള ഒരു പൗരനെ സംബന്ധിച്ച് ഏറ്റവും പ്രധാനമായി മനസ്സില്‍ സൂക്ഷിക്കേണ്ടത് ‘ഇന്ത്യ’ എന്ന ആശയമാണ്. വരുന്ന അഞ്ച് അല്ലെങ്കില്‍ പത്തു വര്‍ഷത്തിനുശേഷമുള്ള ഇന്ത്യയെക്കുറിച്ചുള്ള നമ്മുടെ സങ്കല്‍പം എന്താണ്?
പുല്‍വാമയില്‍ നിന്നുതന്നെ നമുക്കു തുടങ്ങാം. അടിസ്ഥാനപരമായ സുരക്ഷാ മുന്‍കരുതലുകളൊന്നും കൂടാതെ കോണ്‍വോയ് ആയി 75 ബസ്സുകളില്‍ 2500 സുരക്ഷാഭടന്മാരെ റോഡിലൂടെ ദീര്‍ഘയാത്ര ചെയ്ത് കൊണ്ടുപോകാന്‍ തീരുമാനിച്ചത് കുറ്റകരമായ നിരുത്തരവാദിത്വമാണ്. ശ്രീനഗര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കാന്‍ ഒരാള്‍ ശ്രമിക്കുന്നപക്ഷം എത്രയധികം ഗൗരവത്തോടും കൃത്യതയോടും കൂടിയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പെരുമാറുക എന്ന് നമുക്കൊക്കെ അറിയാം. കുറ്റകരമായ ഈ നിരുത്തരവാദിത്വത്തെ വിട്ടുവീഴ്ചയില്ലാതെ, നിരന്തരം ഈ പ്രശ്‌നം ഉന്നയിക്കുന്നതില്‍ പരാജയപ്പെട്ട മാധ്യമങ്ങളും പ്രതിപക്ഷ പാര്‍ട്ടികളും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പക്വതയെക്കുറിച്ച് അത്ര നല്ല വാര്‍ത്തയല്ല നല്‍കുന്നത്. അധികൃതര്‍ ഭീകരവാദികള്‍ക്ക് എതിര്‍പ്പൊന്നും നേരിടേണ്ടിവരാത്ത രീതിയില്‍ ഇരകളെ ഉന്നംവയ്ക്കാന്‍ അവസരം നല്‍കി. അവരെ അതിനു പ്രലോഭിപ്പിക്കുകയോ ക്ഷണിക്കുകയോ ആയിരുന്നു. ഈ തിരഞ്ഞെടുപ്പിനുശേഷം വരുന്ന പുതിയ സര്‍ക്കാര്‍ ദുരന്തമായി തീര്‍ന്ന ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഒരന്വേഷണം നടത്തുമെന്ന് നമുക്ക് പ്രത്യാശിക്കാം.
ഇന്ത്യന്‍ എയര്‍ഫോഴ്‌സ് നടത്തിയ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ”സര്‍ജിക്കല്‍ സ്‌ട്രൈക്കി”നെക്കുറിച്ച് ഡല്‍ഹിയില്‍ തികഞ്ഞ ആശയക്കുഴപ്പമാണ് നിലനില്‍ക്കുന്നത്. ഇത്തരമൊരു സൈനിക നടപടി ആവശ്യമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നിരുന്നാലും ഒരു പൗരനെ നിരാശപ്പെടുത്തുന്നത് സൈനിക നടപടി ഉന്നംവച്ചത് കൃത്യമായി എവിടെയാണെന്നും സൈനിക നടപടിയുടെ ആഘാതം എത്രത്തോളമായിരുന്നുവെന്നതിനെക് കുറിച്ച് സര്‍ക്കാര്‍ വിശ്വസനീയമായ വിധത്തില്‍ യാതൊരു വിവരവും നല്‍കുന്നില്ലായെന്നതാണ്. ഭരണകക്ഷിയുടെ പ്രസിഡന്റ് അമിത്ഷായും ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിംഗും അവകാശപ്പെട്ടത് യഥാക്രമം 250 ഉം 300 ഉം ‘ഭീകരവാദികള്‍’ കൊല്ലപ്പെട്ടുവെന്നാണ്. ധാര്‍മികതയുടെ ഘോരമായ ലംഘനവും ഇന്ത്യയുടെ സനാതനമൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണത്. ഭീകരരാണെങ്കിലും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെട്ടു എന്നു പറഞ്ഞ് ആഹ്ലാദത്തിമിര്‍പ്പ് കാണിക്കുന്നത് ശരിയല്ല. ഇതിനും പുറമെ ആള്‍നാശത്തെക്കുറിച്ച് യാതൊരുവിധ വിവരവും ലഭിക്കാതിരുന്നിട്ടും ഈ രണ്ടു ദേശീയ നേതാക്കള്‍ എത്രയധികം ആത്മവിശ്വാസത്തോടെയാണ് ആ പ്രസ്താവനകള്‍ നടത്തിയതെന്ന് പകല്‍പോലെ വ്യക്തമാണ്. ഏറെ ക്ഷുഭിതനായ വ്യോമസേനാ മേധാവി മാധ്യമങ്ങളോട് പറഞ്ഞത് ‘ലക്ഷ്യംവച്ചിടത്ത് തന്നെ വ്യോമസേന മിന്നല്‍ ആക്രമണം നടത്തി ലക്ഷ്യം കണ്ടു എന്നും, ആള്‍നാശത്തെക്കുറിച്ച് തങ്ങള്‍ക്കു വിവരമൊന്നുമില്ലായെന്നും അതിന്റെ കണക്കുകള്‍ നല്‍കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിന്റേതാണെന്നുമാണ്.’ എന്നിരുന്നാലും വ്യോമസേന ലക്ഷ്യം വച്ചിടത്തുതന്നെയാണോ ആക്രമണം നടത്തിയതെന്ന കാര്യത്തില്‍ സംശയം ഇനിയും അവശേഷിക്കുന്നുണ്ട്. റോയിട്ടറും ന്യൂയോര്‍ക്ക് ടൈംസും റിപ്പോര്‍ട്ട് ചെയ്തത് ബോംബ് വര്‍ഷിക്കപ്പെട്ട മദ്രസ്സ ഇപ്പോഴും നിലനില്‍ക്കുവെന്നാണ്. മോദി സര്‍ക്കാരിന് ആശയവിനിമയം ഇതിലും മോശമായ രീതിയില്‍ ഒരിക്കലും കൈകാര്യം ചെയ്യാനാവില്ലായെന്നാണ് ഒരാള്‍ക്ക് മൊത്തത്തില്‍ പറയാന്‍ കഴിയുക.
റഫാല്‍ ഇടപാടിനെക്കുറിച്ചും ഇതുതന്നെ പറയാന്‍ സാധിക്കും. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതയില്‍ പറഞ്ഞത് പ്രതിരോധവകുപ്പിന്റെ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്നും അവയാണ് ‘ദ ഹിന്ദു’ പത്രത്തില്‍ എന്‍. റാം ഉപയോഗിച്ചതെന്നുമാണ്. (പിന്നീട് അദ്ദേഹം മാറ്റിപ്പറഞ്ഞെങ്കിലും) അറ്റോര്‍ണി ജനറലിന്റെ പ്രസ്താവന കാര്യഗൗരവത്തോടെതന്നെ നടത്തിയതാണ് എന്നുതന്നെ നമുക്ക് അനുമാനിക്കാം. സ്വാഭാവികമായും, പ്രതിരോധമന്ത്രാലയത്തില്‍ മൗലികമായ ഈ രേഖകള്‍ ഇപ്പോള്‍ ഇല്ലായെന്നുവേണം തുടര്‍ന്നു മനസ്സിലാക്കാന്‍. കളവു നടക്കുമ്പോള്‍ ഇന്ത്യയുടെ പ്രശസ്തനായ കാവല്‍ക്കാരന്‍ ഉറങ്ങുകയായിരുന്നോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യം ഏറെ പ്രസക്തിയുള്ളതാകുന്നു. റഫാല്‍ ഇടപാടിനെത്തുടര്‍ന്ന് ഭരണകക്ഷിയുടെ മുഖത്ത് ഏറെ അമ്പരപ്പും ആകുലതയും കാണാം.
സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് എത്രത്തോളം സുതാര്യതയില്ലായ്മയാണ് കേന്ദ്ര സര്‍ക്കാര്‍ വച്ചുപുലര്‍ത്തുന്നത്! നാഷണല്‍ സാമ്പിള്‍ സര്‍വ്വേ സമാഹരിച്ച സ്ഥിതിവിവരകണക്കുകള്‍ വര്‍ദ്ധിച്ച തോതിലുള്ള തൊഴിലില്ലായ്മ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ഈ സ്ഥിതിവിവരക്കണക്കുകള്‍ പുറംലോകം കാണാതെ ഒളിച്ചുവച്ചിരിക്കുകയാണ്. ജിഡിപി വര്‍ധനയെക്കുറിച്ച് സര്‍ക്കാര്‍ നടത്തിയ പ്രസ്താവനപോലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
ഇന്ത്യ എന്ന ആശയത്തെക്കുറിച്ചുള്ള ചോദ്യത്തിലേക്കാണ് ഇതു നമ്മെ നയിക്കുക. ചരിത്രം തിരുത്തിയെഴുതാനുള്ള യജ്ഞത്തിലാണ് ഭരണനേതൃത്വത്തിലുള്ളവര്‍. അവര്‍ക്ക് വേണ്ടത് ഏകവര്‍ണമുള്ള ഒരിന്ത്യയാണ്. ദേശീയപതാകയ്ക്ക് മൂന്നു നിറങ്ങളുണ്ടെന്ന വസ്തുത അവര്‍ മനഃപൂര്‍വം മറക്കുകയാണ്. എതിരഭിപ്രായങ്ങളെ അവര്‍ അടിച്ചമര്‍ത്തുകയാണ്. രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് അടിസ്ഥാനമില്ലാത്ത ചെറിയ കാര്യങ്ങള്‍ മതി. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുകയും പ്രതിഷ്ഠിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയെന്ന സങ്കല്‍പത്തെ തകര്‍ക്കാനുള്ള തുടര്‍പദ്ധതികള്‍ക്ക് നാം ഒരറുതി വരുത്തേണ്ടതുണ്ട്.