മാനവസാഹോദര്യമാണ് മതത്തിന്റെ അന്ത:സത്ത – എ. അടപ്പൂര്‍
ഈ നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ലോകവാര്‍ത്ത പോപ്പ് ഫ്രാന്‍സിസിന്റെ യു.എ.ഇ. സന്ദര്‍ശനമാണെന്ന് ആവര്‍ത്തിച്ച്, അടിവരയിട്ട് പറയേണ്ടതുണ്ട്. ക്രിസ്തുമതവും ഇസ്ലാമും തമ്മില്‍ ഉള്ളഴിഞ്ഞ സൗഹൃദം അസാധ്യമാണെന്ന ധാരണ അടിമുടി തിരുത്തിയെഴുതിയ സംഭവമായിരുന്നു അത്.
ദക്ഷിണ അറേബ്യയുടെ വികാരി ജനറല്‍ ബിഷപ് പോള്‍ ഹിന്‍ഡര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിക്കൊണ്ട് ഒരു പ്രസ്താവന നടത്തുകയുണ്ടായി. 800 കൊല്ലം മുമ്പ് വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ഈജിപ്തിലെ മാലിക്ക് അന്‍കമിന്‍ എന്ന സുല്‍ത്താനെ സന്ദര്‍ശിക്കാന്‍ സായുധ സൈനികനിരകളിലൂടെ കടന്നുപോയി. 1219ല്‍ നടന്ന ആ അപൂര്‍വ്വ സംഭവത്തിന്റെ 800 -ാം വാര്‍ഷികം ആഘോഷിക്കുകയാണ്, കത്തോലിക്കാസഭ.
യു.എ.ഇ. യില്‍ 1.80 ലക്ഷം വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ അബുദാബി സായിദ് സ്‌പോട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന കുര്‍ബ്ബാനയില്‍ മുഖ്യകാര്‍മ്മികനായിരുന്നു പോപ്പ് ഫ്രാന്‍സിസ്. സമാധാനം, ഐക്യം, സാഹോദര്യം എന്നീ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ശ്രോതാക്കളെ അദ്ദേഹം ആഹ്വാനം ചെയ്തു. അക്കാര്യം റിപ്പോര്‍ട്ട് ചെയ്യാന്‍ അബുദാബിയില്‍ എത്തിച്ചേര്‍ന്ന ബഹുശ്ശതം മാധ്യമപ്രവര്‍ത്തകര്‍ ലോകജനത മുഴുവനും ആ പേപ്പല്‍ സന്ദേശം എത്തിച്ചുകൊടുത്തു. അതില്‍ മത്തായിയുടെ സുവിശേഷം അഞ്ചാം അദ്ധ്യായത്തില്‍ നിന്നുള്ള വാക്യങ്ങള്‍ പരാമര്‍ശിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പ്രഭാഷണം നടത്തിയത്. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവരും സമ്പന്നരുമാണ് ദൈവത്തിന്റെ അനുഗ്രഹം ലഭിച്ചവര്‍ എന്ന വ്യാപകമായ ധാരണ ശരിയല്ല, മറിച്ച് പാവപ്പെട്ടവരേയും ദുര്‍ബലരേയുമാണ് ദൈവം അനുഗ്രഹിച്ചിട്ടുള്ളത്. സ്വജീവിതം കൊണ്ട് യേശു പഠിപ്പിച്ചതും അതു തന്നെ. സമ്പാദിച്ചുകൂട്ടുന്നതിലല്ല; ദാനം ചെയ്യുന്നതിലാണ് യഥാര്‍ത്ഥ മഹത്ത്വം. മരണത്തെയും പാപത്തെയും യേശു തോല്പിച്ചതു ത്യാഗത്തിന്റെയും സഹനത്തിന്റേയും പാതയിലൂടെ യാത്ര ചെയ്തുകൊണ്ടാണെന്ന് പോപ്പ് ഫ്രാന്‍സിസ് ഊന്നിപ്പറഞ്ഞു.
ഈ ആഘോഷപരിപാടികള്‍ക്കെല്ലാം യു.എ.ഇ. ഭരിക്കുന്ന മുസ്ലിം രാജകുടുംബത്തിന്റെ സമ്പൂര്‍ണ സഹകരണവും ഭാഗഭാഗിത്വവും ഉണ്ടായിരുന്നു. അതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്നതിനും ഭാവിതലമുറകള്‍ക്ക് കൈമാറുന്നതിനും വേണ്ടി അബ്രഹാം ഭവനം എന്നൊരു സ്ഥാപനത്തിനു യു.എ.ഇ. സര്‍ക്കാര്‍ രൂപംനല്‍കി. യൂദ ക്രൈസ്തവ ഇസ്ലാമിക മതങ്ങള്‍ക്കെല്ലാം സമാദരണീയനാണ്, ചരിത്രപുരുഷനാണ് അബാഹം. ഈ മൂന്നു മതങ്ങളില്‍പ്പെട്ടവര്‍ക്കു മാത്രമല്ല, മറ്റെല്ലാ മതവിശ്വാസികള്‍ക്കും അബാഹം ഭവനത്തില്‍ പ്രവേശനമുണ്ടായിരിക്കും.
രാഷ്ട്രനേതാക്കളുമായി സൗഹൃദം പങ്കുവയ്ക്കാന്‍ യു.എ.ഇ.യിലെ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്ന പോപ്പ് ഫ്രാന്‍സിസിന് സ്‌നേഹോഷ്മളമായ സ്വാഗതമാണു ലഭിച്ചത്. സായുധസേനയുടെ ഉപസര്‍വ്വസൈന്യാധിപനും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് അല്‍ സമാന്‍ ആണ് അദ്ദേഹത്തെ സ്വീകരിച്ചത്.
സഹിഷ്ണുതാവര്‍ഷം ആചരിക്കുന്ന യു.എ.ഇ. ഉയര്‍ത്തിപ്പിടിക്കുന്ന വിശ്വമാനവസാഹോദര്യത്തിന്റേയും ബഹുസ്വരതയുടേയും മൂല്യങ്ങളോട് ചേര്‍ന്നുനിന്നുകൊണ്ടാണ് ആഗോള കത്തോലിക്കാസഭയുടെ തലവനായ പോപ്പ് ഫ്രാന്‍സീസ് അവിടെ സന്നിഹിതനായത്. ഈജിപ്റ്റിലെ ഇസ്ലാമിക പണ്ഡിതനായ അല്‍ അസര്‍ ഗ്രാന്റ് ഇമാം ഡോ. അഹമ്മദ് അല്‍ത്വയിബുമൊത്തായും മാര്‍പാപ്പായും തമ്മിലും ചര്‍ച്ച നടന്നു.
മതത്തിന്റെ പേരിലുള്ള അക്രമം ന്യായീകരിക്കാനാവില്ല. ദൈവത്തിന്റെ അള്ളാഹുവിന്റെ പേരിലും അക്രമം ന്യായീകരിക്കാനാവില്ല. സുന്നി മതപണ്ഡിതന്മാരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് പോപ്പ് ഫ്രാന്‍സിസ് ഈ പ്രസ്താവന നടത്തിയത്. യെമനില്‍ വെടിനിര്‍ത്തല്‍ നടപ്പാക്കണമെന്നും ദരിദ്രര്‍ക്കു ഭക്ഷണവും രോഗികള്‍ക്ക് ഔഷധങ്ങളും നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചശേഷമാണ് പോപ്പ് ഫ്രാന്‍സിസ് വത്തിക്കാനിലേക്ക് മടങ്ങിയത്.
യാത്രയിലുടനീളം പോപ്പിനു സ്വാഗതമരുളാന്‍ റോഡിന്റെ ഇരുവശത്തും കാത്തുനിന്ന ജനക്കൂട്ടത്തിലുണ്ടായിരുന്ന കൊച്ചുകുട്ടികളെ വാരിപ്പുണര്‍ന്ന് അനുഗ്രഹിക്കുകയും ചുംബിക്കുകയും ചെയ്ത മാര്‍പാപ്പയെപ്പറ്റിയുള്ള ഓര്‍മ്മ ജനമനസ്സുകളില്‍ ദീര്‍ഘകാലം നിലനില്‍ക്കും. നൂറ്റാണ്ടുകളായി നിലനിന്നു പോന്നിട്ടുള്ള മതാന്തരവിദ്വേഷം ഒരാളുടെ ഏതാനും നല്ല വാക്കുകള്‍ കൊണ്ടോ ആംഗ്യങ്ങള്‍കൊണ്ടോ ഇല്ലാതാക്കാനാവില്ലെന്നത് പകല്‍പോലെ സ്പഷ്ടം. പക്ഷേ, ഇതൊരു തുടക്കമാണ്. ക്രൈസ്തവ മുസ്ലിം ബന്ധങ്ങളില്‍ നിര്‍ണ്ണായകമായ ദിശാമാറ്റം അടയാളപ്പെടുത്തിയ ചരിത്രസംഭവം മാനവകുടുംബത്തിന്റെ അഞ്ചിലൊന്നുവരുന്ന ഹിന്ദുസമൂഹം ഈ നവീകരണപ്രക്രീയയുടെ ഭാഗമായിട്ടില്ല എന്ന ദു:ഖസത്യം അവശേഷിക്കുന്നു. അതിന്റെ നേരെ കണ്ണടയ്ക്കുന്നത് ശരിയാണെന്നും തോന്നിയിട്ടില്ല. അതിനെ തുറന്ന മനസ്സോടെ നേരിട്ടേ തീരൂ. ഇന്ത്യയിലെ ബഹുകോടി ക്രൈസ്തവര്‍ മാര്‍പാപ്പയുടെ സന്ദര്‍ശനം പ്രതീക്ഷിക്കുന്നുണ്ട്. അവരെ സന്ദര്‍ശിക്കാന്‍ പോപ്പ് ഫ്രാന്‍സിസ് ആഗ്രഹിക്കുന്നുണ്ടെന്നതും സത്യം. ഔദ്യോഗികതലത്തില്‍ ക്ഷണം കിട്ടാതെ പക്ഷേ, അദ്ദേഹത്തിന് ഇന്ത്യ സന്ദര്‍ശിക്കാനാവില്ല. ഇതെല്ലാം നന്നായിട്ടറിയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നാളിതുവരെ അദ്ദേഹത്തെ ക്ഷണിക്കാന്‍ കൂട്ടാക്കിയിട്ടില്ല.