യുദ്ധത്തിനു കുഴലൂതുന്ന മാധ്യമങ്ങള്‍ – ടി.കെ. സന്തോഷ്‌കുമാര്‍

യുദ്ധത്തിനു കുഴലൂതുന്ന മാധ്യമങ്ങള്‍  – ടി.കെ. സന്തോഷ്‌കുമാര്‍

അതിവേഗം കച്ചവടവത്കരിക്കപ്പെടുകയും അധികാരവത്കരിക്കപ്പെടുകയും ചെയ്യുന്ന മാധ്യമ വ്യവഹാരങ്ങളും സ്ഥാപനങ്ങളും ഒരുനിമിഷം പോലും സാമൂഹിക താല്പര്യങ്ങളെയോ ന്യൂനപക്ഷ അവകാശങ്ങളെയോ പ്രാദേശിക സ്വരങ്ങളെയോ മനുഷ്യാവകാശ ബോധ്യങ്ങളെയോ വില കല്പിക്കുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ പൊതുവിവര വിനിമയ സംവിധാനത്തെ ജനാധിപത്യപരമായും ക്രിയാത്മകമായും പുനര്‍വിന്യസിക്കാനാകുമോ എന്ന ചോദ്യം പ്രധാനമാണ്. വാസ്തവത്തില്‍ ഭരണകൂടവും പൊതുസമൂഹവും മാധ്യമവും പൊതുജനതാല്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ് സ്വന്തം സാധുത സ്ഥാപിച്ചെടുക്കുന്നത്. ഇതില്‍ ഭരണകൂടവും മാധ്യമങ്ങളും സ്വന്തം താല്പര്യങ്ങളുടെ വിപണി സാധ്യതകള്‍ക്കാണ് ഊന്നല്‍ നല്‍കുന്നത്. സ്വന്തം നയങ്ങളും അഭിരുചികളും നിരന്തര പ്രക്ഷാളനത്തിലൂടെ പൊതുമണ്ഡലത്തിന്റേതാക്കി മാറ്റുക! ഇത് വാസ്തവത്തില്‍ ഉല്പന്നത്തിന്റെ ‘മാര്‍ക്കറ്റിംഗ്’ തന്ത്രമാണ്. വിപണിവല്‍ക്കരണമാണ്. കച്ചവടവത്കരണമാണ്. അധികാരവത്കരണമാണ്. ഇവിടെ മാധ്യമങ്ങളുടെ സ്വയം നിര്‍ണയമായ പങ്കാളിത്തമാണ് പ്രധാനം. സത്യാനന്തര ലോകജീവിതത്തില്‍ എല്ലാ മൂല്യങ്ങളും വസ്തുതകളും തലകുത്തനെ നില്‍ക്കുകയാണെങ്കില്‍ പൊതുസമൂഹത്തിലെ മൂല്യവ്യവസ്ഥയ്ക്ക് എന്ത് പ്രസക്തിയാണുള്ളത്? സത്യം ഇല്ലെങ്കില്‍ അസത്യം എന്നത് അപ്രസക്തമാണ്. അതായത് സത്യവും അസത്യവും തമ്മില്‍ ഭേദമില്ല! ഇതൊരു സന്നിഗ്ധഘട്ടമാണ്. സത്യം അപ്രസക്തമാകുന്നതോടെ, അസത്യം ഇല്ലാതാകുന്നു. അപ്പോള്‍ സത്യം എന്ന മൂല്യവ്യവസ്ഥയില്‍ എന്താണ് അവശേഷിക്കുന്നത്? മാധ്യമങ്ങളുടെ നിലനില്പുതന്നെ അപ്രസക്തമാകുകയാണ്. Facts and figures ഇത് ഇല്ലാതെ ഏതു മാധ്യമത്തിനാണ് നിലനില്‍ക്കാന്‍ സാധിക്കുന്നത്? സത്യം കാലഹരണപ്പെട്ടു എന്നു കരുതുന്ന ഒരു മാധ്യമത്തിനും നിലനില്‍ക്കാനേ സാധിക്കുകയില്ല. കച്ചവട/വിപണി താല്പര്യങ്ങള്‍ക്ക് മീതേ മാധ്യമ സ്ഥാപനങ്ങള്‍ തിരിച്ചറിയേണ്ട സ്വയം നിലനില്പിന്റെ ആദ്യ പാഠമാണിത്. സത്യം ഇല്ലാതാകുന്നതോടെ മാധ്യമങ്ങളുടെ ജനാധിപത്യപരമായ അസ്തിത്വം അപകടപ്പെടുകയാണ്. പൊതുസമൂഹത്തിന്റെ ജൈവികമായ ഉത്കണ്ഠകളാണ് മാധ്യമശബ്ദമായി മാറുന്നത്. അതിനു വിഘാതം സംഭവിക്കുമ്പോള്‍ മാധ്യമലോകത്തിന്റെ മുഴുവന്‍ നവസാങ്കേതികവിദ്യകളും തകര്‍ന്നു വീഴുകയാണ്!


സര്‍ക്കാരുടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള മാധ്യമങ്ങള്‍ മാത്രമല്ല ഇന്ന് ഇന്ത്യന്‍ സാഹചര്യത്തില്‍ നിലനില്‍ക്കുന്നത്. ഇത് ജനാധിപത്യത്തിലെ മാധ്യമസ്വാതന്ത്ര്യത്തിന്റെ മഹനീയ സംസ്‌കാരത്തെയാണ് അടയാളം ചെയ്യുന്നത്. പക്ഷേ, സ്വകാര്യ മാധ്യമങ്ങള്‍ – ജനാധിപത്യത്തിന്റെ തുറന്ന വേദികള്‍ ആകേണ്ടവ – ഭരണകൂട താല്പര്യങ്ങളുടെ കുഴലൂത്തുകാര്‍ ആകുന്നതെന്തുകൊണ്ടാണ്? ഇരിക്കുന്നതിനു പകരം മുട്ടിലിഴയുകയും മുട്ടിലിഴയുന്നതിനുപകരം നിലത്തുരുളുകയും ചെയ്യുന്ന ഗതികേട്! ഇവിടെ മെല്‍ക്കൈ നേടുന്നത് മറ്റൊന്നുമല്ല – മൂലധന താല്പര്യത്തിന്റെ അധികാര സംരക്ഷണമാണ്. ഇവിടെ മൂല്യങ്ങള്‍ക്കല്ല, മൂലധന/അധികാര സംരക്ഷണത്തിനു മാത്രമാണ് പ്രാധാന്യം. സത്യാനന്തര മാധ്യമസംസ്‌കാരം മൂലധനത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങള്‍ രൂപപ്പെടുത്തുന്ന അടയാളത്തിന്റേതാണ്. അവിടെ മൂല്യങ്ങള്‍ അപ്രസക്തമെന്നല്ല; മൂല്യങ്ങളേ ഇല്ല. എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാവുന്ന മൂകാഭിനയത്തിന്റെ നിഴല്‍ക്കൂത്തുകള്‍ മാത്രം! ഇത്തരമൊരു മാധ്യമ സന്ദര്‍ഭത്തില്‍ ദേശീയതയെപോലും അധികാരം സംസ്ഥാപനത്തിന്റെ ഉല്പന്നമാക്കിമാറ്റാന്‍ അനായാസം സാധിക്കുന്നു. ജനവികാരം ആളിക്കത്തിപ്പിക്കുവാന്‍ ഭരണകൂടങ്ങള്‍ രാജ്യസുരക്ഷയെ എക്കാലത്തും ഉപയോഗിച്ചിട്ടുണ്ട്. യുദ്ധം ആഭ്യന്തര രാഷ്ട്രീയ നിലനില്പിന്റെ ചട്ടുകമായി മാറിയ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ ലോകരാജ്യ ചരിത്രത്തിലുണ്ട്. ഇന്ത്യയിലും അതുണ്ടായിട്ടുണ്ട്. ഒ.വി. വിജയന്‍ ‘ധര്‍മ്മപുരാണം’ എന്ന നോവലില്‍ എഴുതിയത് സമൂഹമാധ്യമങ്ങളില്‍ ഒരു സൂക്തംപോലെ പറന്നു നടന്നത് ഇത്തരമൊരു കുതന്ത്ര രാഷ്ട്രീയ സ്മരണയുടെ സാക്ഷ്യമാണ്. വിജയന്റെ വാക്കുകള്‍ ഇങ്ങനെയാണ്: ”രാജാവിനെതിരെ ജനവികാരം ഉയരുമ്പോള്‍ അതിര്‍ത്തിയില്‍ യുദ്ധമുണ്ടാവുക രാജ്യതന്ത്രമാണ്.” കാശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനുനേരെ ജയ്ഷ് ഭീകരര്‍ നടത്തിയ ചാവേര്‍ കാര്‍ബോംബാക്രമണത്തില്‍ 40 ഇന്ത്യന്‍ ജവാന്മാര്‍ കൊല ചെയ്യപ്പെട്ടപ്പോള്‍ എന്തുകൊണ്ടാണ് ഒ.വി. വിജയന്റെ വാക്കുകള്‍ പൊതുജനവികാരമായി സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്? അങ്ങനെ സംശയിക്കത്തക്ക സാഹചര്യം എന്താണ്? ഏറ്റവും പ്രധാനമായി തോന്നിയത്: ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ സേനാംഗങ്ങളെ കൊണ്ടുപോകാന്‍ കാശ്മീരില്‍ ഹെലികോപ്റ്ററുകള്‍ ലഭ്യമാക്കണമെന്ന ബി.എസ്.എഫിന്റെ ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുവദിച്ചില്ല എന്ന രേഖ പുറത്തുവന്നതാണ്. അതേപോലെ സി.ആര്‍.പി.എഫും ആഭ്യന്തരമന്ത്രാലയത്തോടു ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടിരുന്നോ എന്നു വ്യക്തമല്ല. ഒരു കാര്യം വ്യക്തമാണ്, അതിശൈത്യമുള്ള മാസങ്ങളില്‍ റോഡ് മാര്‍ഗമുള്ള സേനാനീക്കം ദുഷ്‌ക്കരമാണ്. മഞ്ഞുവീഴ്ചയെത്തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത ഏതാനും ദിവസം അടഞ്ഞുകിടക്കുകയായിരുന്നു. അതിനെത്തുടര്‍ന്ന് സി.ആര്‍.പി.എഫ്. നീക്കം നിലച്ചിരുന്നു. പിന്നീട് തുറന്നപ്പോള്‍ പതിവു സുരക്ഷാ കീഴ്‌വഴക്കങ്ങള്‍ മാറ്റിവച്ച് 2547 ജവാന്മാരെ 78 വാഹനങ്ങളില്‍ കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. വീരമൃത്യു വരിച്ച ജവാന്മാരുടെ ജീവനെപ്പറ്റി വിലപിക്കുന്ന ഭരണകൂടം വാസ്തവത്തില്‍ അവര്‍ സുരക്ഷിതരായിരിക്കുവാന്‍ വേണ്ട നടപടി കൈക്കൊണ്ടിരുന്നോ? എന്തുകൊണ്ട് ഹെലികോപ്റ്റര്‍ വഴിയുള്ള സേനാനീക്കം ചെയ്തില്ല? ബി.എസ്.എഫ്. ആവശ്യപ്പെട്ട ഹെലികോപ്റ്റര്‍ വിട്ടുനല്‍കാത്ത കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ ആരാണ് വാസ്തവത്തില്‍ പ്രതിനിധീകരിക്കുന്നത്? സംശയം വേണ്ടാ – ആഭ്യന്തരവകുപ്പു മന്ത്രി. ആ മന്ത്രി (മിസ്റ്റര്‍ രാജ്‌നാഥ് സിംഗ്) വീരമൃത്യു വരിച്ച ജവാന്മാരുടെ ശവപേടകം ചുമലില്‍വച്ച് നടക്കുന്നത് മരിച്ച ജവാന്മാരോടുള്ള ആദരവാണോ? എല്ലാ സുരക്ഷാ സംവിധാനങ്ങളും പ്രദാനം ചെയ്തിട്ടായിരുന്നു അതെങ്കില്‍ അര്‍ത്ഥപൂര്‍ണ്ണമായിരുന്നേനേ? ഇവിടെ രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി (രാജ്യരക്ഷാമന്ത്രിയല്ല) ശവപേടകം ചുമലിലേറ്റി നടന്ന ചിത്രം മാധ്യമ വാര്‍ത്തയില്‍ പ്രാധാന്യം നേടി എന്നതിനപ്പുറം പൊലിഞ്ഞുപോയ ജീവിതത്തിന്മേല്‍ എന്തുകാരുണ്യമാണ് ബാക്കിയായത് ? മാത്രമല്ല, ജയ്ഷ് മുഹമ്മദ് എന്ന ഭീകരസംഘടനയുടെ പിറവിക്കു കാരണമായത്, 1999 ലെ ഒന്നാം എന്‍.ഡി.എ. സര്‍ക്കാരിന്റെ കാലത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും സുരക്ഷാ സംവിധാനത്തിനുമുണ്ടായ പാളിച്ചയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ജയിലില്‍ അടയ്ക്കപ്പെട്ട മസൂദ് അസറിനെ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാന റാഞ്ചലിനെത്തുടര്‍ന്ന് വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ. സര്‍ക്കാര്‍ മോചിപ്പിച്ചു. പാക്കിസ്ഥാനിലെത്തിയ മസൂദ് അസര്‍ ജയ്ഷ് മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്ക് രൂപം നല്‍കുകയാണ് ആദ്യം ചെയ്തത്. 2001 ലെ പാര്‍ലമെന്റ് ആക്രമണം, 2008 ലെ മുംബൈ ആക്രമണം, 2016 ലെ പത്താന്‍കോട്ടെ വ്യോമത്താവള ആക്രമണം – ഇപ്പോള്‍ പുല്‍വാമ. രാജ്യത്തിന്റെ സുരക്ഷ-ഇന്റലിജന്‍സ് വീഴ്ചയുടെ മകുടോദാഹരണങ്ങളാണ് ഇവയെല്ലാം. ഇത്തരം തിരിച്ചറിവുകള്‍ ഇല്ലാതായപ്പോഴാണ് വീരജവാന്റെ മൃതദേഹപേടകത്തിനരികില്‍ നിന്ന് സെല്‍ഫിയെടുക്കാന്‍ കേന്ദ്രമന്ത്രിക്ക് തോന്നിയത്! കേരളത്തിലെ മഹാപ്രളയകാലത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ക്കിടന്ന് ഫോട്ടെയെടുത്ത് മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അതേ മാനസികാവസ്ഥ. അല്‍ഫോണ്‍സ് കണ്ണന്താനം എന്ന കേന്ദ്രമന്ത്രിക്ക് വീരമൃത്യു വരിച്ച ജവാന്റെ ജീവന്റെ വില അറിയില്ല എന്ന് സ്വയം ലോകത്തെ അറിയിച്ച നിമിഷമായിരുന്നു ആ സെല്‍ഫി.


പാര്‍ലമെന്റ് തിരഞ്ഞെടുപ്പു വരികയാണ്. തിരഞ്ഞെടുപ്പിന്റെ കമ്പോളത്തില്‍ വിറ്റഴിക്കാവുന്ന ഏറ്റവും നല്ല ഉല്പന്നമാണ് രാജ്യസ്‌നേഹം. സ്വാഭാവികമായും അതിനു നേതൃത്വം നല്‍കുന്നവര്‍ ‘ഹീറോമാരാകും’. സ്വന്തം സുരക്ഷാവീഴ്ചയെക്കുറിച്ച് ഒരക്ഷരം ഉരിയാടാതെ തിരിച്ചടിയെക്കുറിച്ചുമാത്രം സംസാരിക്കുന്നത് ജനവികാരം മറച്ചുപിടിക്കാന്‍ അതിര്‍ത്തിയില്‍ യുദ്ധമുണ്ടാക്കുന്ന രാജ്യതന്ത്രം മാത്രമാണ്. ഭരണകൂടത്തിന്റെ ഈ തന്ത്രം മാധ്യമങ്ങള്‍ ഏറ്റെടുക്കുകകൂടി ചെയ്യുമ്പോള്‍ ജനം വിഡ്ഢികളായിത്തീരുന്നു. ദേശീയ ചാനലുകള്‍ വാസ്തവത്തില്‍ ‘സ്റ്റുഡിയോ യുദ്ധം’ നടത്തുകയായിരുന്നു. എന്‍.ഡി.ടി.വിയിലെ രവീഷ്‌കുമാര്‍ ചാനലുകളുടെ ആ യുദ്ധക്കൊതിയെ, വിദ്വേഷപ്രചരണത്തെ തന്റെ ചര്‍ച്ചയില്‍ എടുത്തുപറഞ്ഞത് ഇതിന്റെ പ്രത്യക്ഷമാണ്. റിപ്പബ്ലിക് ചാനലിലെ അര്‍ണാബ് ഗോസ്വാമി ”തിരിച്ചടിയല്ലാതെ ഇന്ത്യയ്ക്കു മുന്നില്‍ മറ്റ് വഴിയുണ്ടോ?” എന്നു ചോദിച്ച് പലവട്ടം പൊട്ടിത്തെറിച്ചു. ”ഇന്ത്യയ്ക്ക് വേണ്ടത് പ്രതികാരം” എന്നായിരുന്നു റിപ്പബ്ലിക് ചാനലിന്റെ തലക്കെട്ടുതന്നെ. ഇന്ത്യാ ടുഡേയുടെ രാഹുല്‍ കന്‍വാള്‍ ‘നിയന്ത്രിത യുദ്ധംഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കണം” എന്ന് ആഹ്വാനം ചെയ്തു. ടൈംസ് നൗവിലെ രാഹുല്‍ ശിവ്ശങ്കറാകട്ടെ ”സൈന്യത്തെക്കുറിച്ച് മോശമായി സംസാരിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാന്‍ സമയമായില്ലേ?” എന്നാണ് ചോദിച്ചത്. ‘സീ ന്യൂസി’ലെ അവതാരകന്‍ പറഞ്ഞത് ”പുല്‍വാമയിലെ ചിത്രങ്ങള്‍ കണ്ടാല്‍ പ്രതികാരമല്ലാതെ മറ്റൊന്നും നമുക്കു മുന്നില്‍ ഇല്ല” എന്നാണ്! ഇത്തരം ”എടുത്തുചാട്ടങ്ങള്‍”ക്കൊപ്പം എ.ബി.പി. ന്യൂസ് മറ്റൊരു ക്രൂരതകൂടി ചെയ്തു – അടുത്തിടെ പുറത്തിറങ്ങിയ ‘ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന ബോളിവുഡ് സിനിമയിലെ ചില ദൃശ്യങ്ങള്‍ ഭീകരാക്രമണ വാര്‍ത്തയ്‌ക്കൊപ്പം പ്രദര്‍ശിപ്പിച്ചു! ഈ മാധ്യമപ്രവര്‍ത്തകരുടെയൊക്കെ ദൃശ്യവാര്‍ത്താവബോധം മാധ്യമനൈതികതയ്ക്ക് എത്രമാത്രം എതിരായിരിക്കുന്നു എന്നു മനസ്സിലാക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു തെളിവുകള്‍ വേണം! അതുകൊണ്ടാണ് രവീഷ്‌കുമാര്‍ (എന്‍.ഡി.ടി.വി) ”രക്തത്തില്‍ മുക്കിയ വാക്കുകള്‍ സഹപ്രവര്‍ത്തകരായ ചില ചാനല്‍ അവതാരകര്‍ ഉപയോഗിക്കുന്നു” എന്നു പറഞ്ഞത്. വാസ്തവത്തില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രകോപനപരമായ വാക്കുകളും ദൃശ്യങ്ങളും മാധ്യമങ്ങള്‍ ഒഴിവാക്കുകയായിരുന്നു ചെയ്യേണ്ടത്. അപ്പോഴാണ് യഥാര്‍ത്ഥ രാജ്യസ്‌നേഹം പ്രകടമാകുന്നത്. രവീഷ്‌കുമാര്‍ മുമ്പും ഇത്തരത്തില്‍ പ്രതികരിച്ചിട്ടുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകനാണ്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ കനയ്യകുമാര്‍ എന്ന വിദ്യാര്‍ത്ഥി രാഷ്ട്രീയ നേതാവ് ദേശവിരുദ്ധമായി സംസാരിച്ചു എന്നാരോപിച്ചുകൊണ്ട് വ്യാജനിര്‍മ്മിതമായ വീഡിയോ പുറത്തുവന്നപ്പോള്‍, അതിന്റെ മൗലികതയെപ്പറ്റി അന്വേഷിക്കാതെ അതൊരു വാര്‍ത്താഘോഷമാക്കിമാറ്റിയ ദൃശ്യമാധ്യമ സംസ്‌കാരത്തോടുള്ള പ്രതികരണം രവീഷ്‌കുമാര്‍ നടത്തിയത് എന്‍.ഡി.ടി.വിയുടെ പ്രൈംടൈമില്‍ ഇരുട്ടുനിറച്ചുകൊണ്ടായിരുന്നു. തന്റെ കാലഘട്ടത്തിലെ ടെലിവിഷന്‍ സ്‌ക്രീനില്‍ അന്ധകാരം നിറഞ്ഞിരിക്കുന്നു, ദൃശ്യമാധ്യമ പ്രവര്‍ത്തനം ഇരുട്ടില്‍ ആണ്ടുപോയിരിക്കുന്നു എന്ന് പ്രതീകാത്മകമായി രവീഷ്‌കുമാര്‍ അന്ന് ദൃശ്യപ്പെടുത്തുകയായിരുന്നു. എന്‍.ഡി.ടി.വി. സ്ഥാപകനും എക്‌സിക്യൂട്ടീവ് കോ-ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ് നടത്തിയപ്പോള്‍ (2017 ജൂണ്‍ അഞ്ചിന്) രവീഷ്‌കുമാര്‍ ഫെയ്‌സ്ബുക്കില്‍ എഴുതിയത്, ”എല്ലാ മാധ്യമങ്ങളും നിങ്ങളുടെ മടിയില്‍ കളിക്കുന്ന കാലത്ത് അങ്ങനെ ചെയ്യാന്‍ തയ്യാറാകാത്ത ഒരു മാധ്യമം ഉണ്ട്.” എന്‍.ഡി.ടി.വിയെപ്പറ്റിയാണ് രവീഷ്‌കുമാര്‍ പറഞ്ഞത്, ഇത് പ്രധാനമാണ്. അധികാരവൃന്ദങ്ങളുടെ അടിമപ്പണി ചെയ്യുന്ന മാധ്യമവൈതാളികത യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനമല്ല. പുല്‍വാമയിലെ ഭീകരാക്രമണം വാസ്തവത്തില്‍ ഭരണകൂടത്തിന്റെ കാശ്മീര്‍ നയത്തിന്റെ പരാജയമാണ്.