ശാസ്ത്രവാദങ്ങള്‍ അശാസ്ത്രീയമാകുമ്പോള്‍ – ബിനോയ് പിച്ചളക്കാട്ട്

ശാസ്ത്രവാദങ്ങള്‍ അശാസ്ത്രീയമാകുമ്പോള്‍ – ബിനോയ് പിച്ചളക്കാട്ട്

2019 ജനുവരി 3 മുതല്‍ 7 വരെ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന 106-ാമത് ദേശീയ സയന്‍സ് കോണ്‍ഗ്രസ്സില്‍ ഉന്നയിക്കപ്പെട്ട പൗരാണിക ശാസ്ത്രവാദങ്ങളാണ് ഈ ലേഖനത്തിനാധാരം. വിത്തുകോശ (Stem cell) ഗവേഷണത്തിന് മഹാഭാരതത്തില്‍ തെളിവുണ്ടെന്നും കൗരവരുടെ ജനനത്തിന് പിന്നില്‍ ടെസ്റ്റ്ട്യൂബ് സംവിധാനം പ്രവര്‍ത്തിച്ചെന്നും ആന്ധ്ര യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറും രസതന്ത്രം  പ്രഫസറുമായ ജി. നാഗേശ്വര റാവു പറയുകയുണ്ടായി. സുദര്‍ശനചക്രമെന്ന പേരില്‍ ഒരു ഗൈഡഡ് മിസൈല്‍ ഉണ്ടായിരുന്നെന്നും പുഷ്പകവിമാനത്തിന് പുറമേ ഇരുപത്തിനാല് തരം വിമാനങ്ങളും വിമാനത്താവളങ്ങളും ഉണ്ടായിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐസക് ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ സിദ്ധാന്തവും ആല്‍ബര്‍ട്ട് എൈന്‍സ്‌റ്റെന്റെ ആപേക്ഷിക സിദ്ധാന്തവും തെറ്റാണെന്നൊരു പ്രബന്ധം തമിഴ്‌നാട്ടില്‍ നിന്നുള്ള ശാസ്ത്രപ്രതിനിധി കെ.ജി. കൃഷ്ണന്‍ അവതരിപ്പിച്ചു. ഡൈനസോറുകളെ കണ്ടുപിടിച്ചത് ബ്രഹ്മനാണെന്നും വേദങ്ങളില്‍ ഇതിന്റെ സൂചനയുള്ളതായും, വിഷ്ണുവിന്റെ ദശാവതാരം പരിണാമ സിദ്ധാന്തത്തിന്റെ തെളിവാണെന്നും അവകാശപ്പെട്ടത് സജീവ ഗവേഷണത്തില്‍ വ്യാപൃതരായിരിക്കുന്ന ശാസ്ത്രജ്ഞര്‍ തന്നെയാണെന്നതാണ് ദൗര്‍ഭാഗ്യകരം. ഇത്തരം വാദങ്ങള്‍ നമുക്ക് പുതുമയല്ല. പൗരാണിക ഭാരതത്തില്‍ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നെന്ന് മൂന്നുവര്‍ഷം മുമ്പ് ഇതേ വേദിയിലാണ് രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. എന്തിനേറെ, വിവരസാങ്കേതികവിദ്യ ആരംഭിച്ചത് പ്രാചീന ഭാരതത്തിലാണെന്ന അവകാശവാദം നടത്തിയ രാഷ്ട്രീയ നേതാവും ഇവിടെയുണ്ട്. അവിശ്വസനീയവും അശാസ്ത്രീയവുമായ ഈ വാദങ്ങള്‍ കേട്ടില്ലെന്ന് നടിക്കാന്‍ വയ്യ. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ വൈജ്ഞാനികരംഗത്ത് ഇന്ത്യയുടെ ഭാവി എന്തായിരിക്കും?


കുലീനമായ ഒരു ശാസ്ത്രപാരമ്പര്യം ഭാരതത്തിനുണ്ട്. യൂറോപ്പില്‍ സര്‍വകലാശാലകള്‍ സ്ഥാപിക്കുന്നതിന് അനേകം നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ഭാരതത്തില്‍ സര്‍വകാശാലകള്‍ സ്ഥാപിതമായി. നളന്ദ, തക്ഷശില, വിക്രമശില, പുഷ്പഗിരി, സോമപുര എന്നിവ പുരാതന സര്‍വകലാശാലകളായിരുന്നു. ഗണിതം, ഭൗതികം, രസതന്ത്രം, ജ്യോതിശാസ്ത്രം, ആയുര്‍വേദം തുടങ്ങിയ വിഷയങ്ങള്‍ ഇവിടെ പഠിപ്പിച്ചിരുന്നു. ആര്യഭടന്റെ ആര്യഭടീയവും (ജ്യോതിശാസ്ത്രം) വരാഹമിഹിരന്റെ കൃഷിശാസ്ത്രവും, കണാദന്റെ വൈശേഷികസൂത്രവും (ഭൗതികശാസ്ത്രം) ഇതിനുദാഹരണങ്ങളാണ്. പൂജ്യവും ദശഗണിതവ്യവസ്ഥയും (Decimal system) ഭാരതം ലോകത്തിന് നല്‍കിയ മികച്ച ഗണിതശാസ്ത്ര സംഭാവനകളായി കരുതപ്പെടുന്നു. കേരളീയനും നിള സ്‌കൂളിന്റെ സ്ഥാപകനുമായ മാധവനും കൂട്ടരുമാണ്, ന്യൂട്ടനും ലീബ്‌നിറ്റിസിനും 300 വര്‍ഷം മുമ്പ്,  കാല്‍ക്കുലസെന്ന ഗണിതശാഖയുടെ അടിസ്ഥാന തത്വങ്ങളും പ്രമേയങ്ങളും കണ്ടുപിടിച്ചത്. കാല്‍ക്കുലസിന്റെ ശില്പിയായി മാധവനെ കണക്കാക്കണം.


ആധുനികതയിലും ഉത്തരാധുനികതയിലും ഭാരതം ഉദാത്തമായ ശാസ്ത്രപാരമ്പര്യം തുടരുന്നു. ഭൗതികത്തില്‍ നൊബേല്‍ സമ്മാനം നേടിയ സര്‍ സി.വി. രാമനും, വിദ്യുത്കാന്തിക തരംഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയ ജെ.സി. ബോസും, പ്രശസ്ത സസ്യശാസ്ത്രജ്ഞയായ ഇ.കെ. ജാനകിയമ്മാളും, അണുശക്തി ഗവേഷണം ഇന്ത്യയില്‍ ആരംഭിച്ച ഹോമി ഭാഭയും, ബഹിരാകാശപദ്ധതിയുടെ ആചാര്യനായ വിക്രം സാരാഭായിയും, ഗണിതത്തില്‍ അത്ഭുതങ്ങള്‍ വിരിയിച്ച ശ്രീനിവാസ രാമാനുജനും ഭൗതികത്തില്‍ ‘ചന്ദ്രശേഖര്‍ പരിധി’ (Chandrasekhar limit) നിര്‍ണയിച്ച സുബ്രഹ്മണ്യം ചന്ദ്രശേഖറും, ഇന്ത്യയുടെ ‘മിസൈല്‍ മനുഷ്യനായ’ എ.പി.ജെ. അബ്ദുള്‍ കലാമും, ജ്യോതിശാസ്ത്രരംഗത്ത് ലോകോത്തര സംഭാവനകള്‍ നല്‍കിയ ജയന്ത് നര്‍ലിക്കറും ആധുനിക ശാസ്ത്രപുരോഗതിക്ക് വഴി തെളിച്ച മഹാപ്രതിഭകളാണ്.


ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐ.എസ്.ആര്‍.ഒ) എന്ന ബഹിരാകാശ ഗവേഷണ സ്ഥാപനവും കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്റ് ഇന്‍ഡസ്ട്രിയല്‍ റിസേര്‍ച്ച് (CSIR) എന്ന ഗവേഷണ കൗണ്‍സിലും സമകാലിക ശാസ്ത്രസാങ്കേതിക രംഗത്ത് ഭാരതീയ ശാസ്ത്രമുന്നേറ്റത്തിന്റെ പര്യായങ്ങളാണ്. കഴിഞ്ഞ ദശാബ്ദത്തിലെ ഏറ്റവും വലിയ കണ്ടുപിടുത്തങ്ങളിലൊന്നായ ഗുരുത്വാകര്‍ഷണ തരംഗങ്ങള്‍ കണ്ടുപിടിക്കുന്നതില്‍ ഭാരതീയരായ 37 ശാസ്ത്രജ്ഞരുടെ പങ്കുണ്ട്. ജനിതകം, ആരോഗ്യം, വിനിമയം, വിവരസാങ്കേതികവിദ്യ തുടങ്ങി നാനാമേഖലകളില്‍ അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഭാരതത്തിന് കഴിഞ്ഞു.

ശാസ്ത്ര – സാങ്കേതിക മേഖലയില്‍ അഭിമാനകരമായ നേട്ടങ്ങള്‍ കൈവരിച്ചിട്ടും ഭാരതീയ മനസ്സിന് ശാസ്ത്രബോധം അന്യമാകുന്നില്ലേയെന്ന് ഗൗരവപൂര്‍വ്വം സംശയിക്കേണ്ടിയിരിക്കുന്നു. ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഉന്നയിക്കപ്പെട്ട പൊള്ളവാദങ്ങള്‍ അതിന് തെളിവാണ്. ഇത്തരം വാദങ്ങള്‍ ബഹുസ്വരതയുടെ പേരിലോ ശാസ്ത്രരംഗത്തെ വൈദേശികാധിപത്യത്തോടുള്ള പ്രതികരണമായോ അംഗീകരിക്കാന്‍ കഴിയില്ല. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടതിന്. അന്ധവിശ്വാസങ്ങളും ശാസ്ത്രസംബന്ധമായ വിഡ്ഢിത്തങ്ങളും ഭാരതീയ ജനതയുടെ പൊതുബോധത്തെ മാത്രമല്ല പ്രതിഭാധനരായ ശാസ്ത്രജ്ഞരെയും കാര്യമായി ബാധിച്ചിരിക്കുന്നു. 2007-ല്‍ അമേരിക്കയിലെ കണ്ണക്ടിക്കട്ടിലുള്ള ട്രിനിറ്റി കോളെജ്, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്ന 1100 ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെയിടയില്‍ നടത്തിയ സര്‍വെപ്രകാരം 69% ശാസ്ത്രജ്ഞരും ജ്യോതിഷത്തില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണ്. ശാസ്ത്രമായോ ബദല്‍ ശാസ്ത്രമായോ ജ്യോതിഷത്തെ കണക്കാക്കാന്‍ പറ്റില്ല. കാരണം അതിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ യുക്തിരഹിതമാണ്. സാമ്പ്രദായിക ശാസ്ത്രത്തിന്റെ നിശ്ചിതത്വപരതയ്ക്ക് വിരുദ്ധമായ നിലപാടുകളോടെ ആവിര്‍ഭവിച്ചിട്ടുള്ള അന്വേഷണമാണ് ബദല്‍ ശാസ്ത്രത്തിലുള്ളത്. ഒരാളുടെ ജനനസമയം അയാളുടെ ഭൂതവും ഭാവിയും നിര്‍ണയിക്കുമെന്ന സങ്കല്പനം ശുദ്ധശാസ്ത്രത്തിന് വിരുദ്ധമാണ്. ശാസ്ത്രത്തില്‍നിന്നും ഭിന്നമായി ബദല്‍ ശാസ്ത്രത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് അപവാദങ്ങള്‍ അനുവദനീയാണ്. അതുകൊണ്ടാണ് ശാസ്ത്രത്തോടൊപ്പം ഇന്ന് ബദല്‍ശാസ്ത്രവും പുരോഗമിക്കുന്നത് (ഉദാ: പ്രകൃതി ചികിത്സ). 


ദേശീയ ശാസ്ത്ര കോണ്‍ഗ്രസ്സില്‍ ഉന്നയിക്കപ്പെട്ട ‘ശാസ്ത്രവാദങ്ങള്‍’ രീതിശാസ്ത്രപരമായി അശാസ്ത്രീയമാണ്. പരീക്ഷണവും നിരീക്ഷണവും ശാസ്ത്രസപര്യയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഇവയെ ഒഴിവാക്കിയുള്ള എല്ലാത്തരം വിചിന്തനങ്ങളും ശാസ്ത്രപൂര്‍വ്വമെന്നോ, ശാസ്ത്രസംബന്ധമെന്നോ വിശേഷിപ്പിക്കാം. മതവും ദര്‍ശനവും വിശ്വാസവും ഈ ഗണത്തില്‍പ്പെടുന്നു. ശാസ്ത്രസിദ്ധാന്തങ്ങളുടെ രൂപകല്പനയില്‍ ഭാവനാത്മകമായ മാതൃകകള്‍ക്ക് (ഉദാ. ബിഗ് ബാങ്ങ് മോഡല്‍) സ്ഥാനമുണ്ടെങ്കിലും പരീക്ഷണ-നിരീക്ഷണാടിസ്ഥാനത്തിലല്ലാതെ ഒരു സിദ്ധാന്തവും സ്ഥിരീകരിക്കപ്പെടില്ല. കാള്‍ പോപ്പറുടെ തിരുത്തല്‍ ക്ഷമതാ മാനദണ്ഡം (Falsifiability) ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് പ്രസക്തമാണ്. ഒരു സിദ്ധാന്തത്തിന്റെ ഏതെങ്കിലും പ്രവചനം പിഴച്ചാല്‍ ആ സിദ്ധാന്തം തകരുന്നു. ഒരു പുതിയ സിദ്ധാന്തംവരുന്നെന്ന് സൂചന. പൗരാണിക ശാസ്ത്രം ഈ വക മാനദണ്ഡങ്ങള്‍ക്കനുസൃതമല്ലെന്നു മാത്രമല്ല തികച്ചും അശാസ്ത്രീയമായി ശാസ്ത്രത്തെ പുരാണവുമായി കൂട്ടിക്കുഴയ്ക്കുന്നു. അതിലുമുണ്ട് രീതിശാസ്ത്രപരമായ പ്രശ്‌നം. ശാസ്ത്രസംബന്ധമായ കാര്യങ്ങളില്‍ തീര്‍പ്പ് കല്പിക്കാന്‍ മതത്തിനോ, മതസംബന്ധമായ കാര്യങ്ങളില്‍ വിധി നടത്താന്‍ ശാസ്ത്രത്തിനോ അവകാശമില്ല. രണ്ടും വ്യത്യസ്ത മണ്ഡലങ്ങളാണെന്ന് സാരം. ശാസ്ത്രവും മതവും പരസ്പര പൂരകങ്ങളാണെന്ന സമകാലിക വീക്ഷണത്തെ അധികരിച്ച് ഈ മേഖലകളിലുള്ളവര്‍ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നത് ഓരോന്നിന്റെയും അനന്യത ബലികൊടുത്താകരുത്.