ചെപ്പേടുകളിലെ ശബരിമല : പഠനം, വ്യാഖ്യാനം, ചരിത്രം – സന്തോഷ് ഇ.

ചെപ്പേടുകളിലെ ശബരിമല : പഠനം, വ്യാഖ്യാനം, ചരിത്രം – സന്തോഷ് ഇ.

സമീപകാലത്ത് ശബരിമല, വാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും ഇടം പിടിച്ചത് യുവതി പ്രവേശനം സംബന്ധിച്ചുണ്ടായ സുപ്രീംകോടതി വിധിയും അനുബന്ധ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ്. എന്നാല്‍ ഈ ലേഖനത്തിലെ വിഷയം മേല്‍പറഞ്ഞതല്ല എന്ന് ആദ്യമെ പറഞ്ഞുവയ്ക്കട്ടെ. ശബരിമലയെ സംബന്ധിച്ച് പല കാലങ്ങളിലുണ്ടായ സുപ്രധാന ചരിത്രരേഖകളായ മൂന്നു ചെപ്പേടുകളിലൂടെ വെളിവാകുന്ന ശബരിമല എന്താണെന്ന് വിശകലനം ചെയ്യുകയും പില്‍ക്കാല രാഷ്ട്രീയ വ്യതിയാനങ്ങള്‍ അവിടെ ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എങ്ങനെയുള്ളതാണെന്ന് കുറഞ്ഞൊന്നു പരിശോധിക്കുകയും മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.


ശബരിമലയെ സംബന്ധിച്ച് ഐതീഹ്യങ്ങളും, മിത്തുകളും പലപ്പോഴായി പ്രചരിച്ചിട്ടുണ്ടെങ്കിലും, ഉപാദാനങ്ങളെ ആസ്പദമാക്കി ശാസ്ത്രീയമായി തയ്യാറാക്കിയ ചരിത്ര കൃതികള്‍ വിരളമാണ്. ശബരിമലയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുള്ള ഏറ്റവും പഴക്കം ചെന്ന തെളിവുകള്‍ മൂന്ന് ചെപ്പേടുകളാണ്. ഇവയില്‍ ആദ്യത്തെത് കൊ.വ.843 (CE 1668)ലെ ചീരപ്പന്‍ ചിറ1 ചെപ്പേടാണ്. ഇങ്ങനെ ഒന്ന് നിലവിലുള്ളതായി അറിവുണ്ടായിരുന്നു എങ്കിലും ഇതിന്റെ ഉള്ളടക്കം പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല. 1950 കള്‍ മുതല്‍ ദേവസ്വം ബോര്‍ഡുമായി ഉണ്ടായ വ്യവഹാരങ്ങളിലൊന്നും ഒരുകോടതിയിലും ഈ ചെപ്പേടിലെ ഉള്ളടക്കം ഹാജരാക്കപ്പെട്ടില്ല. എന്നാല്‍ വാവര്‍ കുടുംബത്തിനു ലഭിച്ച രണ്ട് ചെപ്പേടുകള്‍ ഹാജരാക്കപ്പെടുകയും അവര്‍ അവകാശങ്ങള്‍ ഇന്നും അനുഭവിക്കുകയും ചെയ്യുന്നുണ്ട്. ലേഖകന്‍ ആകസ്മികമായി ചീരപ്പന്‍ചിറ ചെപ്പേട് കണ്ടെടുക്കുകയും എപ്പിഗ്രാഫി സൊസൈറ്റി ഓഫ് ഇന്ത്യയുടെ 2018 ലെ വാര്‍ഷിക സമ്മേളനത്തില്‍ ഡോ. എം.ഡി. സമ്പത്ത്, ഡോ. ടി.എസ്. രവിശങ്കര്‍ (റിട്ടേയേഡ് ഡയറക്ടര്‍മാര്‍, പുരാലിഖിത വിഭാഗം, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ), ദക്ഷിണേന്ത്യാചരിത്രകാരന്മാരും പുരാലിപി വിദഗ്ധരുമായ ഡോ. വൈ. സുബ്ബരായലു, ഡോ. എം.ആര്‍. രാഘവവാര്യര്‍, ഡോ.ശാന്തലിംഗം എന്നിവര്‍ ഉള്‍പ്പെട്ട സദസ്സില്‍ അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ചരിത്രവിഭാഗത്തിന്റെ ഗവേഷണ പ്രബന്ധാവതരണ വേദിയായ Dialogues ല്‍ 2018 സെപ്തംബര്‍ 28 നു ഈ ചെപ്പേടിനെ വിശകലനം ചെയ്തു കൊണ്ട് ഒരു അവതരണം നടത്തുകയും 2018 നവംബറില്‍ തിരൂര്‍ മലയാള സര്‍വകലാശാലയില്‍ നടന്ന കേരള ഹിസ്റ്ററി കോണ്‍ഫറന്‍സില്‍ ശബരിമലയെ സംബന്ധിച്ച് അവതരിപ്പിച്ച പ്രബന്ധത്തില്‍ ഈ ചെപ്പേട് ഉപാദാനരൂപേണ അവതരിപ്പിക്കുകയും ഉണ്ടായി. ആദ്യമായി ഈ ചെപ്പേട് മലയാളത്തില്‍ പഠനത്തോടും വ്യാഖ്യാനത്തോടും ഒപ്പം ഇവിടെ പ്രസിദ്ധീകരിക്കുന്നു.


ചീരപ്പന്‍ ചിറ ചെപ്പേട്

ഈ ചെപ്പേട് 36cmX5cm. അളവുകളുള്ളതും കനം നന്നെ കുറഞ്ഞതായതിനാല്‍ കോറി എഴുതിയിട്ടുള്ളതുമാണ് (ചിത്രം 1). കോലെഴുത്തു ലിപിയിലുള്ള ഇതിന്റെ ഇടതുവശത്തായി ഏകദേശം രണ്ടു രൂപ വട്ടത്തില്‍ ‘അടിയറതീട്ടുരം2 843’ (ചിത്രം 2) എന്ന് മലയാള ലിപിയില്‍ ഒരു സീല്‍ പില്‍ക്കാലത്ത് അടിച്ചു ചേര്‍ത്തിട്ടുള്ളതിനാല്‍ അവിടെയുള്ള വരികളില്‍ ചില അക്ഷരങ്ങള്‍ വായിക്കുവാന്‍ സാധിയ്ക്കുകയില്ലെങ്കിലും ഏറിയകൂറും ചെപ്പേട് വായിക്കാവുന്ന അവസ്ഥയിലാണ്. ഈ സീല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ശബരിമല തിരുവിതാംകൂറിന്റെ കൈവശത്തിലായപ്പോള്‍ ചീരപ്പന്‍ ചിറക്കാരുടെ അവകാശം അംഗീകരിച്ചുകൊണ്ട് തിരുവിതാംകൂര്‍ പതിച്ചതാകാനാണ് സാധ്യത. ചെപ്പേടിലുള്ള പതിനഞ്ച് വരിയില്‍ ആദ്യത്തെ രണ്ട് വരിയും അവസാനത്തെ മൂന്നുവരിയും ഒന്നാം പുറത്തും ബാക്കി മൂന്നു മുതല്‍ പന്ത്രണ്ട് വരെ വരികള്‍ രണ്ടാം വശത്തുമാണ് എഴുതിയിട്ടുള്ളത്. ഇതില്‍ പതിമൂന്നാം വരിയില്‍ നാല്-അഞ്ച് അക്ഷരങ്ങള്‍ ചെറിയ അക്ഷരങ്ങളില്‍ തിരുത്തിയിട്ടുള്ളത് തേയ്മാനവും പൊടിവും ഉള്ളതിനാല്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. മലയാള ലിപിയില്‍ ഈ ചെപ്പേട് താഴെ പകര്‍ത്തുന്നു.


പുറം 1


1. കൊലലമ 843 തു തനുവ ഞായറില പനതളതത കൊവില നിനനുമ

കലപപിചച എഴുതിയ അടിയറതതീടടുരയൊലകകാരിയ


2 മാവിത കൊവിലതികാരികള തങകളുകക ചവുരിമല തെചതത കൊവിലതികാരികള തങ കളുകകുളള കുലതറുമ്മതെവവ


പുറം 2

3 ചെതതറങങളി ചവുരിമല ചെതതറതതില മകരവിളകക ഉലതതവമ മുത ലായ അടിയനതിരാതികളില മെടി3തെചതത


4 കൊയിലതികാരികള തങകളുകകുളള ചെതതറങങളില ചവുരിമല ചെത തറതതില തണണിറമുകകമ തെചതത ചിരപപമ ചിറയില കുഞഞന കുഞഞന പണികകന മുത


5 ല പെര മെടി ചെതതറതതില നടതതി വരുനനതു പൊലെ പതിനെട ടാമ പടികകു നെരെ കിഴകകു കാണികക ഇടുനന കലകകുഴിയുടെ കിഴകകു വചമ നിങങള കുടിലു കെടടി താമതികകു


6 നനതിനു കിഴകകുവചമ ചരുകില കുഴിചചിടടുളള കുഴിയിലുമ എടതതു വചമ ചരുകില കുഴിചചിടടുള്ള കുഴിയിലുമ മലനടയിലുമ മാളികപപു റതതുമ


7 -(ടലമഹ)-മയിലുമ വചച കതിനാ വെടിയുമ മാളികപപുറതത നെയ വിളക കുമ കിഴനടയില പുളളുവന പാടട വെലന പാടട മുതലായതുമ ആഞഞാ അനുതരണമ


8 .-(ടലമഹ)-.മപി അടകകമ കലപപിചച തനനിടടുളള പൊനചരിക വീരചങ ങല പൊനമുടി പൊനനുങകാവവാള വീരവാളിപപടട മുതലായ താനമ


9 -(ടലമഹ)-ളൊടുകൂടി പതിനെടടാംപടികകു നെരെ കിഴകകു വടകകുമാറി നിങങള കരിങകലലാ കെടടിചചിടടുളള ആലതതറയില ഇരുനന നടത തികകുനന


10 -(ടലമഹ)-കുഞഞന കുഞഞന പണികകന മുതല പെരു കൈയാലകൊ ടുതത അനനതരാമന പണമ 3001 മ ഇനത പണം മൂവായിരതതിഒനനുമ മകരഞായ


11 -(ടലമഹ)-രവിളകക അടിയനതിരതതിന കലപപിചചതനനിടടുളള തിട ടൂരപപിറകാരമ കുഴികളി കതിനാ വെടിയുമ മാളികപപുറതത നെയവി


12 ളകകുമ കിഴനടയില ഒളള വഴിപാടുകളില നിനനുമ വഴിപാടടുകാരില നിനനുമ കിടടുനന ആതായമ എടുതതുമ കാലാകാ


പുറം 1

13 ലമവരെ മുടകകമ വരുതതാതെ നടതതികകൊളളുനനതിനനുമ കലപ പിചച എഴുനനളളുന്ന—–25 കലിപണമ തിരുമ കാഴചചയുമ വചച


ഊണരി

14 യുമ അനുകകരകമ വാങങി മടങങിയുമ അപപരിചെ കലപപിചച എഴു തിയ മെകകുമ അറിയുമ താഴകകി


15 ഉനനില തെചതത ഉനനില വീടടില നാരായണന എരവിയുമ തണ ണിറമുകകമ തെചതത വെങങാലയില വീടടില നാരായണന കുഞഞ നുമ അറികെ. ആധുനിക മലയാളം: കൊല്ലവര്‍ഷം 843 ധനു മാസം പന്തളത്ത് കോവില്‍


നിന്നും കല്‍പ്പിച്ചെഴുതിയ അടിയറതീട്ടുരയോലക്കാര്യമാകുന്നു ഇത്. കോവിലധികാരികള്‍ തങ്ങള്‍ക്ക് ചവുരിമല ദേശത്ത്, കോവിലധികാരികള്‍ തങ്ങള്‍ക്കുള്ള കുലധര്‍മ്മദേവതാ ക്ഷേത്രങ്ങളില്‍ ചവുരിമല ക്ഷേത്രത്തില്‍ മകരവിളക്ക് ഉത്സവം മുതലായ അടിയന്തിരാദികളില്‍ മേപ്പടി ദേശത്ത് കോവിലധികാരികള്‍ തങ്ങള്‍ക്കുള്ള ക്ഷേത്രങ്ങളില്‍ ചവുരിമല ക്ഷേത്രത്തില്‍ തണ്ണീര്‍ മുക്കം ദേശത്ത് ചീരപ്പന്‍ ചിറയില്‍ കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കന്‍ മുതല്‍പേര്‍ മേപ്പടി ക്ഷേത്രത്തില്‍ നടത്തി വരുന്നതുപോലെ പതിനെട്ടാം പടിക്ക് നേരെ കിഴക്ക് കാണിക്ക ഇടുന്ന കല്‍ക്കുഴിയുടെ കിഴക്കുവശം ചരുകില്‍ കുഴിച്ചിട്ടുള്ള കുഴിയിലും ഇടത്തുവശം ചരുകില്‍ കുഴിച്ചിട്ടുള്ള കുഴിയിലും മലനടയിലും മാളികപ്പുറത്തും……വച്ച് കതിനാവെടിയും മാളികപ്പുറത്ത് നെയ് വിളക്കും കിഴക്കെ നടയില്‍ പുള്ളുവന്‍ പാട്ടും വേലന്‍ പാട്ട് മുതലായതും ആജ്ഞ അനുസരിച്ച് ……അടക്കം കല്‍പ്പിച്ചു തന്നിട്ടുള്ള പൊന്‍ ചുരിക വീരശൃംഗല പൊന്‍മുടി പൊന്നുങ്കാവ് വാള്4 വീരവാളിപട്ട് മുതലായ സ്ഥാനങ്ങളോടുകൂടെ പതിനെട്ടാം പടിക്കു നെരെ കിഴക്കുവടക്കുമാറി നിങ്ങള്‍ കരിങ്കല്ലാല്‍ കെട്ടിച്ചിട്ടുള്ള ആല്‍ത്തറയില്‍ ഇരുന്ന് നടത്തിക്കുന്ന….കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ മുതല്‍പേര്‍ കൈയാല്‍ കൊടുത്ത അനന്തരാമന്‍ പണം 3001 ഉം ഈ പണം മൂവായിരത്തി ഒന്നും മകരമാസം …..വിളക്ക് അടിയന്തിരത്തിന്ന കല്‍പ്പിച്ച് തന്നിട്ടുള്ള തീട്ടുരപ്രകാരം കുഴികളില്‍ കതിനാവെടിയും മാളികപ്പുറത്ത് നെയ് വിളക്കും കിഴക്കെ നടയില്‍ ഉള്ള വഴിപാടുകളില്‍ നിന്നും വഴിപാടുകാരില്‍ നിന്നും കിട്ടുന്ന ആദായം എടുത്തും കാലാകാലം വരെ മുടക്കം വരുത്താതെ നടത്തിക്കൊള്ളുന്നതിനും കല്‍പിച്ച എഴുന്നള്ളുന്ന…. 25 കലിപണം തിരുമുല്‍കാഴ്ചയും വച്ച് ഊണരിയും അനുഗ്രഹവും വാങ്ങി മടങ്ങിയും. അപ്രകാരം കല്‍പ്പിച്ച് എഴുതിയ പോലെ അറിയും സാക്ഷി ഉന്നില ദേശത്ത് ഉന്നിലവീട്ടില്‍ നാരായണന്‍ എരവിയും തണ്ണീര്‍മുക്കം ദേശത്ത് വെങ്ങാലയില്‍ വീട്ടില്‍ നാരായണന്‍ കുഞ്ഞനും അറികെ.


കേരള ചരിത്രത്തിലും ക്ഷേത്രചരിത്ര പഠനത്തിലും അനാവരണം ചെയ്യപ്പെടാതെ കിടക്കുന്ന പല പ്രശ്‌നങ്ങളിലേക്കും വിരല്‍ ചൂണ്ടുന്ന തെളിവാണ് ഈ രേഖ. ശബരിമല ക്ഷേത്രം പിന്നിട്ട ഒരു പ്രതേ്യക ചരിത്ര കാലഘട്ടത്തെയും ഈ രേഖ തുറന്നു കാണിക്കുന്നു. കൊ.വ. 843 (CE 1668)ലെ ഈ ചെപ്പേടിലെ ആദ്യ സൂചന ശബരിമലയുടെ അന്നത്തെ പേരിനെ-ചവുരിമല (വരി രണ്ട്, മൂന്ന്, നാല്) -സൂചിപ്പിക്കുന്നു. 1816-20 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ കൊച്ചി പ്രദേശങ്ങള്‍ സര്‍വ്വെ ചെയ്ത വാര്‍ഡും കോണറും Chowrymulla എന്നാണ് വിളിക്കുന്നത്.5 അഥവാ 19-ാം നൂറ്റാണ്ടിന്റെ ആദ്യം പോലും ചവുരിമല എന്നാണ് (ചവുരി പോലെ ഇടതിങ്ങിയ) ശബരിമല അറിയപ്പെടുന്നതെന്നര്‍ത്ഥം 19-ാം നൂറ്റാണ്ടിന്റെ മദ്ധ്യത്തില്‍ ഉണ്ടായ ശ്രീഭൂത നാഥോപാഖ്യാനം എന്ന സംസ്‌കൃത കൃതിയാണ്, ‘ശബരി പര്‍വ്വതശ്ചേതി നാമ്‌നായം ഗിരിസത്തമ: ഭവിഷ്യതി ന സന്ദേഹ: ശബര്യാ: സ്മരണാര്‍ത്ഥകം’ (അദ്ധ്യായം 6. 80) എന്ന് ചവുരിമലയെ ശബരിയുമായി ബന്ധപ്പെടുത്തി ശബരിമലയാക്കി ഉറപ്പിക്കുന്നത്. പന്തളത്തെ പദ്മദളരാജ്യം, കുമ്പളം തോടിനെ കുഡ്മള തീര്‍ത്ഥം, അഴുതയെ അലസ എന്നെല്ലാം വിശേഷിപ്പിക്കുന്ന ഈ കൃതിയിലാണ് ആദ്യമായി അയ്യപ്പന്‍ ശാസ്താവിന്റെ അവതാരമായും പന്തളം രാജാവിന്റെ വളര്‍ത്തുപുത്രനായും അവതരിപ്പിക്കപ്പെടുന്നത്. സംസ്‌കൃതാധിഷ്ഠിതമായ അഖില ഭാരത ബൃഹത് പാരമ്പ്യരത്തോട് യോജിപ്പിക്കുന്നതിന് മുമ്പുള്ള ശബരിമലയുടെ ഒരു കാലഘട്ടമാണ് ചവുരിമല എന്ന നാമധേയം സൂചിപ്പിക്കുന്നത്.


ഇനി ‘കോവിലധികാരികള്‍ തങ്ങള്‍ക്കുള്ള ക്ഷേത്രങ്ങളില്‍’ (വരി നാല്) എന്ന പ്രയോഗം പരിശോധിക്കാം. പന്തളം അക്കാലത്തെ കേരളത്തിലെ പല സ്വരൂപങ്ങളില്‍ ഒന്നു മാത്രമത്രേ. പന്തളം തിരുവിതാംകൂറിന് കൈമാറിയത് ശബരിമല ഉള്‍പ്പടെ 48 ക്ഷേത്രങ്ങളാണ്. സ്വരൂപ വാഴ്ചക്കാലത്ത് (പെരുമാള്‍ ഭരണം അവസാനിച്ച 1124 മുതല്‍ C.1750 വരെ) അതാത് പ്രദേശത്ത് അധികാരം കയ്യാളിയിരുന്ന സ്വരൂപികള്‍ അവര്‍ക്ക് സ്വാധീനമുള്ള പ്രദേശങ്ങളില്‍ എല്ലാം അവിടവിടെ ഓരോ ക്ഷേത്രവും അതിന്റെ പ്രവര്‍ത്തനത്തിനായി വേണ്ട ഭൂമിയും നിലനിര്‍ത്തുകയും അവ പാട്ടഭൂമിയായി കുടിയാന്‍മാര്‍ക്കും, വിരുത്തി6യായി ശാന്തിക്കാര്‍ തുടങ്ങിയ ജീവനകാര്‍ക്കും നല്‍കുകയും ഇതില്‍ നിന്നുള്ള ആദായവും സേവനങ്ങളും വഴി ക്ഷേത്രങ്ങള്‍ പരിപാലിക്കുകയും ചെയ്തിരുന്നു. ഫ്യൂഡല്‍ വ്യവസ്ഥിതിയില്‍ സ്വരൂപികള്‍ക്ക് താഴെ നിന്നിരുന്ന എല്ലാ വിഭാഗങ്ങളും ഇത്തരം ക്ഷേത്രങ്ങളോട് വിധേയത്വം പുലര്‍ത്തണമെന്ന് വ്യവസ്ഥ ചെയ്യപ്പെട്ടിരുന്നു. ഈ ദേവതകളെ തങ്ങളുടെ ധര്‍മ്മദേവത (പരദേവത) ആയി അംഗീകരിക്കുകയും ദേശദേവത, തട്ടകദേവത എന്നിങ്ങനെ സ്ഥാനങ്ങള്‍ കല്‍പ്പിക്കുകയും ഈ ക്ഷേത്രങ്ങളുടെ അധികാരികളായി സ്വയം ചിത്രീകരിക്കുകയും വഴി തങ്ങള്‍ കയ്യാളിയിരുന്ന പ്രദേശത്തിന്റെ നാഥന്‍ എന്ന സ്ഥാനം ഉറപ്പിക്കുന്നതിന് സ്വരൂപികള്‍ക്ക് സാധിച്ചു. പെരുമ്പടപ്പു മൂപ്പിന്ന് (പില്‍ക്കാലത്ത് കൊച്ചി രാജാവ്) ഗംഗാധര തിരുകൊവിലധികാരികള്‍ എന്ന് സ്വയം സംബോധന ചെയ്യുന്നത് ഇവിടെ ഓര്‍ക്കാം. ധര്‍മ്മദൈവം, കൊവിലധികാരികള്‍ എന്നീ പദങ്ങളെ ഈ സാമൂഹ്യ ചരിത്ര ചുറ്റുപാടുകളില്‍ നിന്നുവേണം മനസ്സിലാക്കാന്‍.


ചെപ്പേടുപരാമര്‍ശിക്കുന്ന മറ്റൊരു പ്രധാനവിഷയം അവിടെ നിലനില്‍ക്കുന്ന ആരാധനാ രൂപങ്ങളാണ്. നെയ് വിളക്ക്, പുള്ളുവന്‍ പാട്ട്, വേലന്‍പാട്ട്, മകരവിളക്ക് എന്നിവയാണവ. ഇവയെല്ലാം ശബരിമലയില്‍ ഇന്നും തുടര്‍ന്നുവരുന്നവയും സംഘകാലം മുതല്‍ തന്നെ കേരളത്തില്‍ നിലനിന്നുവരുന്ന ദ്രാവിഡ ആരാധനാ രീതികളുമാണ്. സംഘകാലത്ത് വേന്തന്‍7മാരുടെ വീരകൃത്യങ്ങളെ പാടിപ്പുകഴ്ത്തുന്ന ഗായകരായും, വെറിയാട്ടു പോലുള്ള ആചാരങ്ങള്‍ ചെയ്യുന്നവരായും പാണന്‍, വേലന്‍, പുള്ളുവര്‍ എന്നിവരെ നമുക്കു കാണാം. ഒരു ക്ഷേത്ര ഭൂമികയില്‍ ഇവരുടെ ഗാനാലാപനം ആചാരമായി നിലനില്‍ക്കുന്നത് ഇതോടു ചേര്‍ത്താണ് വായിക്കേണ്ടത്. സൂക്ഷ്മമായി പരിശോധിച്ചാല്‍ ശ്രീകോവിലും പ്രതിഷ്ഠ തന്നെയും തികച്ചും ദ്രാവിഡമാണെന്നു കാണാം. ദീര്‍ഘ ചതുരാകൃതിയിലുള്ള ഈ ശ്രീകോവിലിനോട് സാമ്യമുള്ളവ കേരളത്തില്‍ മാത്രം ലാവണമുള്ള വേട്ടയ്‌ക്കൊരുമകന്‍ കാവുകളാണ്.