നവോത്ഥാനം പാശ്ചാത്യപരികല്പന പരിഷ്‌ക്കരണത്തിന്റെ ആവശ്യം – എം.ആര്‍ രാഘവവാര്യര്‍

നവോത്ഥാനം പാശ്ചാത്യപരികല്പന  പരിഷ്‌ക്കരണത്തിന്റെ ആവശ്യം  – എം.ആര്‍ രാഘവവാര്യര്‍

പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദിയിലുമായി ഭാരതത്തിലെ പ്രാദേശിക സംസ്കൃതിയിലൂന്നിയ നവോത്ഥാനം പൊതുവേ ബ്രട്ടീഷ് സ്വാധീനത്തിന്റെ സത്ഫലമായിട്ടാണ് വിശദീകരിച്ചുപോരുന്നത്. പരന്ന ഏകമുഖമായ ഈ നിമിത്തകഥനത്തിന് വലിയൊരു പരിമിതിയുണ്ട്. പൗരസ്ത്യവാദച്ചായ്വുള്ള ഈ കാഴ്ചപ്പാട് ആവര്ത്തിച്ചുറപ്പിക്കുന്നത്, കോളനിസംസ്ക്കാരങ്ങള്ക്ക് സ്വയം പരിവര്ത്തനത്തിനുള്ള ആന്തരികശേഷി ഇല്ലെന്നാണ്. അതിനെത്തുടര്ന്ന്, നാട്ടുപരിഷ്കൃതികള് തമ്മിലും അവയോരോന്നും വൈദേശികസംസ്കൃതികളുമായും സമ്പര്ക്കത്തിലാവുമ്പോള് ഉള്ള പ്രതികരണങ്ങളുടെ സൂക്ഷ്മഭേദങ്ങളെ ആ വാദം മൂടിവച്ചുകളയുന്നു.


യൂറോപ്യന് സംസ്കാരം കോളനികളിലേക്ക് വ്യാപിക്കുന്നതിന് ഒരു സ്ഥിരമാതൃകയുണ്ട്. ജ്ഞാനോദയ മാനവികതയുടെ ആശയാദര്ശങ്ങളാല് സ്വാധീനിക്കപ്പെട്ട യൂറോപ്യന് ശക്തികള്, തങ്ങളൊരു ആധുനിക സംസ്കൃതജനതയാണെന്നും അതുകൊണ്ടുതന്നെ മറ്റുള്ളവരെക്കാള് ഉയര്ന്നവരാണെന്നും വന്കരകളായ വന്കരകളിലെങ്ങും പ്രചരിപ്പിക്കുന്നതില് വിജയം വരിച്ചവരായിരുന്നു. സ്വയം ആധുനികരും പരിഷ്കൃതരുമായി ചമയുന്നവര് തങ്ങളില്പ്പെടാത്തവരെ പ്രാകൃതരും പിന്നോക്കക്കാരും ഒക്കെയായി കരുതുന്നതാണ് പതിവ്. കോളനിജനതയെയും അവരുടെ പരിഷ്കൃതികളെയും താണതെന്നും കരണശേഷിക്കുറവിന്നാല് എപ്പോഴും വിധേയസ്ഥാനത്തു നില്ക്കുന്നതെന്നും വിവരിക്കുന്ന അധീശപാഠങ്ങള് നിര്മ്മിക്കുക കോളനി മേധാവികളുടെ രാഷ്ട്രീയപ്രവര്ത്തനപരിപാടിയുടെ ഒരു ഭാഗമായിത്തീരുന്നു. പൗരസ്ത്യവാദമെന്ന വ്യവഹാരം പൊതുവേ ഈ പദ്ധതിയിലായതും ഇതിന്റെ പരിപാടികള് നിറവേറ്റുന്നവയുമാണ്. അതുകൊണ്ട് അവയ്ക്ക് പിന്തുടരുവാന് പൊതുവായ ഒരു സ്ഥിരമാതൃകയുണ്ട്.


വാര്ത്തുവെച്ച മാതൃകയിലുള്ള ഈ സംസ്ക്കാരിക വിനിവേശത്തില്നിന്ന് വേറിട്ടൊന്നായിരുന്നു കോളനിയിലെ പ്രാദേശികപരിഷ്കൃതികളുടെ പ്രതികരണം. എന്തുകൊണ്ടെന്നാല് അവയുടെ പ്രതികരണം കരുപ്പിടിപ്പിച്ചതും ചലിപ്പിച്ചതും ജീവിതപരിസരവുമായി അനുരഞ്ജനപ്പെടുന്നതിനുള്ള അവയുടെ പരമ്പരാഗതവാസനകളാണ്. തന്നെയുമല്ല, ഭാരതത്തെപ്പോലെ സംസ്ക്കാരങ്ങളുടെ ഇടമുറിയാത്ത ചരിത്രമുള്ള ജനതകള്ക്ക് താന്താങ്ങളുടേതായ നവോത്ഥാനാനുഭവങ്ങള് ഉണ്ടുതാനും.


ഇന്ത്യയിലും അതുപോലെ കൊറിയ, ജപ്പാന്, എന്നിവിടങ്ങളിലും ഉണ്ടായ ഭാഷാസ്വാതന്ത്ര്യപരമായ വികാസങ്ങള് കാണിക്കുന്നത് നവോത്ഥാനം പശ്ചിമാര്ദ്ധഗോളത്തില് മാത്രം ഒതുങ്ങിപ്പോയ ഒന്നല്ലെന്നാണ്. മറിച്ച്, അതൊരു ആഗോളപ്രതിഭാസമായിരുന്നു. ഈ ഒരു വശം കൂലങ്കഷമായി പഠിക്കേ ണ്ടതുണ്ട്. എന്നാലേ ആ പ്രതിഭാസത്തിന്റെ നാനാവശങ്ങള് തേടിച്ചെല്ലാനും സമവായീകരിക്കാനും അവതരിപ്പിക്കാനും അങ്ങനെ അതിന്റെ പൊതുഘടകങ്ങള് വിശദീകരിക്കാനും കഴിയൂ എന്ന് കവിതയും നവേത്ഥാനവും എന്ന സമീക്ഷപ്പതിപ്പില് (1974) എം. ഗോവിന്ദന് നിരീക്ഷിച്ചത് ഇവിടെ ഓര്ക്കാം. അത്തരമൊരു പഠനം നവോത്ഥാനത്തിന്റെ വ്യാപ്തിയെയും പങ്കിനെയും കുറിച്ചുള്ള പല അബദ്ധധാരണങ്ങളെയും ദൂരീകരിച്ചുകൊള്ളും. നവോത്ഥാനത്തെ ഒരു പരിവര്ത്തനപ്രക്രിയയായി കാണുന്നതിനും അത്തരം പ്രക്രിയകളുടെ ഒരു പിന്തുടര്ച്ചാക്രമംതന്നെയും പരികല്പിക്കുവാനും സാംസ്ക്കാരികപഠിതാക്കളെ പ്രേരിപ്പിക്കുന്നത് സംസ്കാരചരിത്രത്തിലെ ഇത്തരം ഘട്ടങ്ങളുടെ ആവര്ത്തനമാണ്. ആവിധമൊരു പരികല്പനയെ ആസ്പദിച്ചുള്ള ഈ പ്രബന്ധം കുമാരനാശാന്റെ മുഖ്യദൗത്യത്തിലുണ്ടായ കേരളീയ നവേത്ഥാനത്തിന് ഭാരതീയവും കേരളീയവുമായ പൂര്വ്വ നവോത്ഥാനാനുഭവങ്ങളുമായുള്ള ബന്ധങ്ങളെ തേടിച്ചെല്ലുന്നു.


സാമൂഹ്യസാംസ്ക്കാരിക മേഖലകളില് ഇരുപതാം ശതകാരംഭത്തോടുകൂടിയുണ്ടായ നവോ ത്ഥാനത്തില് കുമാരനാശാന്റെ പങ്കാളിത്തത്തെപറ്റി നല്ല പഠനങ്ങളുണ്ടായിട്ടുണ്ട്. ജാതി വിവേചനമാണ് എല്ലാറ്റിലും മുഖ്യം. ‘ചണ്ഡാലഭിക്ഷുകി’, ‘ദുരവസ്ഥ’ എന്നീ ഖണ്ഡകാവ്യങ്ങളിലും ‘ഒരു തീയക്കുട്ടിയുടെ വിചാരം’ തുടങ്ങിയ രചനകളിലും ജാതിപ്രശ്നം തന്നെയാണ് പ്രധാനം. ആശാന്റെ ജാതിവിമര്ശം കോളനിമേധാവികളുടെ ജാതിദൂഷണത്തിന്റെ മാറ്റൊലിയുമല്ല. പ്രാചീനബുദ്ധമതപാരമ്പര്യത്തിന്റെ ജാതിസങ്കല്പവുമായിട്ടാണ് ആശാന്റെ വിമര്ശത്തിന് ബന്ധം എന്നത് അര്ത്ഥവത്താണ്. ആശാന്റെ സാമൂഹികപ്രവര്ത്തനം പഠിക്കുന്നവര് ആശാന്റെ ഗദ്യലേഖനങ്ങളില് വേണ്ടത്രശ്രദ്ധ ചെലുത്തിക്കാണാറില്ല. ‘ജാതി സങ്കടം’ എന്ന ലേഖനം ബുദ്ധമതത്തിന്റെ സാമൂഹികതത്ത്വബോധത്തെ ആശ്രയിച്ചുകൊണ്ടുള്ള പഠനമാകുന്നു. ജാതിവിമര്ശത്തിന് ബൗദ്ധകഥകളിലെ മാതാംഗീചരിതംതന്നെ തിരഞ്ഞെടുത്തത് വെറുതെയല്ല. സാമൂഹികതിന്മകളെ ആക്രമിക്കുന്നതിനുള്ള ആയുധങ്ങള് ഒരുക്കൂട്ടിയത് പ്രാദേശികസംസ്കൃതികളില്നിന്നോ ഭാരതീയസംസ്കാരത്തില്നിന്നോ ആണെന്നത് നവോത്ഥാനനായകനായ ആശാന്റെ കാര്യത്തില് ശ്രദ്ധേയമായ ഒരു വസ്തുതയാണെന്ന് എടുത്തുപറയുകതന്നെ വേണം. വൈദികസമൂഹത്തിന്റെ ജീര്ണ്ണതയ്ക്കെതിരെ പ്രാചീന ഭാരതീയസമൂഹത്തില് ഉണ്ടായ ഒരു ബോധോദയവും അതിന്റെ സാമൂഹിക വിമര്ശനവുമൊക്കെ ഭാരതീയമായ ഒരു പ്രാചീന നവോത്ഥാനാനുഭവമാണെന്ന കാര്യത്തില് സംശയിക്കേണ്ടതില്ല. എന്നുവച്ച് പുരോഗതിയിലേക്കും ഐശ്വര്യത്തിലേക്കുമുള്ള വഴി, അത് പടിഞ്ഞാറന്രീതികളെ അനുസരിക്കുന്നുണ്ടെന്നുവെച്ച് വിട്ടുകളയാന് ആശാന് തയ്യാറുമല്ല.


‘നിര്ബന്ധവിദ്യാഭ്യാസം’, ‘ബോര്ഡിങ്ങ്സ്ക്കൂള്’, ‘വ്യവസായം’, ‘കൂട്ടുവ്യാപാരങ്ങളുടെ ആവശ്യകത’, ‘സ്നേഹവും ധര്മ്മവും അല്ലെങ്കില് ഉത്തമമായ രാജഭക്തി പ്രകടനം’ ഇത്യാദി ലേഖനങ്ങളില്നിന്ന് ഇപ്പറഞ്ഞതിന്റെ പൊരുള് വേണ്ടത്ര ഗ്രഹിക്കാനാവും. ഊന്നല് എപ്പോഴും ഭാരതീയാദര്ശങ്ങളിലായിരുന്നുവെന്നാണ് പറഞ്ഞുറപ്പിക്കാന് ഉദ്ദേശിച്ചത്. ഒരുപക്ഷേ, മാറ്റം സ്വയം ഉള്ളില് നിന്നുതന്നെ വരണമെന്നാണദ്ദേഹം സൂചിപ്പിച്ചത്.


മാറ്റുവിന്ചട്ടങ്ങളെ സ്വയ, മല്ലങ്കില് മാറ്റുമതുകളീ നിങ്ങളെത്താന്

എന്നു പാടിയപ്പോള് ആശാന് ഉദ്ദേശിച്ചത് ഇക്കാര്യമായിരിക്കണം. മാറ്റംപോലതന്നെ പ്രധാനമാണ് അതിന്റ വരവ് ഉള്ളില്നിന്നുതന്നെയാവണമെന്ന കാര്യവും. കുമാരനാശാന്റെ സാമൂഹികാശയങ്ങളും ഭാരതീയ സാമൂഹ്യവിപ്ലവാശയങ്ങളും തമ്മിലുള്ള ജന്യജനകബന്ധം ഫലഭൂയിഷ്ഠമായ ഒരന്വേഷണമേലയാണ്.