ഒരു സത്യഗ്രഹിയുടെ ആത്മബലി -കെ. അരവിന്ദാക്ഷന്‍

ഒരു സത്യഗ്രഹിയുടെ ആത്മബലി -കെ. അരവിന്ദാക്ഷന്‍
ക്രൂരമായ ഹിംസകള്‍ ആഘോഷിക്കപ്പെടുകയും ഒപ്പം തന്നെ അവ നമ്മെ ഭീതിപ്പെടുത്തുകയും ചെയ്യുന്ന ഒരു കലുഷ കാലത്താണ് നമ്മുടെ ഓരോ ദിവസവും പുലരുന്നത്. അതിനാല്‍ സചേതനമായ അഹിംസ നമ്മുടെ ശ്രദ്ധയില്‍ വരാറില്ല. മാധ്യമങ്ങളും  അവയ്ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കാറില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ തെരുവുയുദ്ധങ്ങളും കൊലപാതകങ്ങളും നടത്തുമ്പോള്‍ വാര്‍ത്തയാവുന്നു. എവിടെ നിന്നെങ്കിലും ഒരു മൃതദേഹം കണ്ടെടുത്താല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രക്തസാക്ഷികള്‍ക്കും ബലിദാനികള്‍ക്കുമായി അതിന്റെമേല്‍, യുക്തിരഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു.
ബ്രിട്ടീഷ് സാമ്രാജ്യത്തം ഹിംസയുടെ ആയുധങ്ങള്‍ ഉപയോഗിച്ചാണ് ഇന്ത്യയെ അധിനിവേശപ്പെടുത്തിയത്. അതിനെതിരെ ഉയര്‍ന്ന പ്രതിരോധങ്ങള്‍ ഭൂരിഭാഗവും അഹിംസാത്മകമായിരുന്നു. അഹിംസാത്മക സമരങ്ങളില്‍ നിന്നുയര്‍ന്ന തീക്കാറ്റ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് സാമ്രാജ്യത്തത്തിന്റെ അടിത്തറ ഇളക്കിയ അഹിംസാത്മക സമരമായിരുന്നു 1930 മേയ് ഇരുപത്തിഒന്നിന് സത്യഗ്രഹികള്‍ ധരാസാന ഉപ്പ് ഡെപ്പോകളിലേക്ക് നടത്തിയ മുന്നേറ്റം. അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ വെബ്ബ് മില്ലറാണ് ആ സമരം ലോകരിലെത്തിച്ചത്. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്ന്:
‘………. രണ്ടായിരത്തഞ്ഞൂറ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഗാന്ധിതൊപ്പി വച്ച് ശുഭ്രവസ്ത്രധാരികളായി മുന്നോട്ട് നീങ്ങാന്‍ സജ്ജമായി. ശ്രീമതി സരോജിനി നായിഡു പ്രാര്‍ത്ഥനയ്ക്കായി അവരെ വിളിച്ചു. സരോജിനി നായിഡു പറഞ്ഞു: ‘ഗാന്ധിയുടെ ശരീരം ജയിലിലാണ്. പക്ഷേ, അദ്ദേഹത്തിന്റെ ആത്മാവ് നിങ്ങള്‍ക്കൊപ്പമുണ്ട്. ഇന്ത്യയുടെ അഭിമാനം നിങ്ങളുടെ കൈകളിലാണ്. ഒരു സാഹചര്യത്തിലും നിങ്ങള്‍ ഹിംസ ഉപയോഗിക്കരുത്. നിങ്ങള്‍ കഠിനമായി മര്‍ദ്ദിക്കപ്പെടും. പക്ഷേ, നിങ്ങള്‍ ചെറുക്കരുത്. ലാത്തികളും ബയണറ്റുകളും ശരീരത്തില്‍ പതിക്കുമ്പോള്‍ നിങ്ങള്‍ ചെറുവിരല്‍ പോലും ഉയര്‍ത്തരുത്…..’
ഉപ്പ് നിക്ഷേപങ്ങളിലേക്കുള്ള അരനാഴിക ദൂരം സത്യാഗ്രഹികള്‍ സാവകാശം നിശബ്ദമായി നീങ്ങി…. ഉപ്പ് നിക്ഷേങ്ങള്‍ക്കുചുറ്റും വെള്ളത്തിന്റെ ചാലുകളുണ്ടായിരുന്നു. നാനൂറ് സൂറത്ത് പോലീസ് അവയ്ക്ക് കാവല്‍ നിന്നു. ആറ് ബ്രിട്ടീഷുദേ്യാഗസ്ഥര്‍ അവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. മൂട്ടില്‍ ഉരുക്ക് ഘടിപ്പിച്ച അഞ്ചടി നീളമുള്ള വടികളാണ് പോലീസിന്റെ കയ്യിലുണ്ടായിരുന്നത്. ഉപ്പ് ശേഖരണത്തിനു കാവലായി തോക്കുധാരികളായ ഇരുപത്തഞ്ച് നാടന്‍ പോലീസുകാരും.
………സത്യഗ്രഹികള്‍ ചാലുകള്‍ താണ്ടി മുന്നോട്ട് നീങ്ങി…… പോലീസിന്റെ ഇരുമ്പുവേലിയ്ക്കടുത്തെത്തി. ഉദേ്യാഗസ്ഥര്‍ മാര്‍ച്ച് നിരോധിച്ചതായി വിളിച്ചു പറഞ്ഞു. സത്യഗ്രഹികള്‍ മുന്നറിയിപ്പ് അവഗണിച്ചു, നിശബ്ദരായി.
……… പെട്ടെന്ന്, ബ്രിട്ടീഷുദേ്യാഗസ്ഥന്റെ കല്പനയനുസരിച്ച് പോലീസുകാര്‍ മുന്നോട്ട് നീങ്ങുന്ന സത്യഗ്രഹികളുടെ തലകളില്‍ ഇരുമ്പുകെട്ടിയ വടികള്‍ കൊണ്ട് ആഞ്ഞടിച്ചു. അടി തടുക്കാന്‍ സത്യഗ്രഹികളില്‍ ഒരാള്‍പോലും കൈയുയര്‍ത്തിയില്ല. അവര്‍ നിലത്തുവീണു. തുടര്‍ന്നും സത്യഗ്രഹികളുടെ തലയോട്ടികളില്‍ അടികള്‍ പതിച്ചുകൊണ്ടിരുന്നു……. രണ്ട് മൂന്ന് മിനിട്ടുകള്‍ക്കുള്ളില്‍ അവിടമാകെ വീണുകിടക്കുന്ന ശരീരങ്ങള്‍ കൊണ്ട് നിറഞ്ഞു. അവരുടെ വെള്ള വസ്ത്രങ്ങള്‍ ചോര കൊണ്ട് ചുവന്നു.
ലാത്തിയടികളില്‍ നിന്ന് രക്ഷപ്പെട്ടവര്‍ മാര്‍ച്ച് തുടര്‍ന്നു; അടികൊണ്ട് നിലത്ത് വീഴുംവരെ.
അടുത്ത ബാച്ച് സത്യഗ്രഹികള്‍ മിനുട്ടുകള്‍ക്കുള്ളില്‍ മാര്‍ച്ച് ആരംഭിച്ചു…. പോലീസ് അവരുടെ തല തല്ലിപ്പൊളിച്ചു. അവരും നിലത്ത് വീണു.
സത്യഗ്രഹികള്‍ രീതി മാറ്റി. ഇരുപത്തഞ്ച് പേരുടെ സംഘമായി മാര്‍ച്ച് ചെയ്ത് ഉപ്പളങ്ങളുടെ സമീപം നിലത്ത് കുത്തിയിരുന്നു. പോലീസ് അവരോട് പിരിഞ്ഞു പോകാനാവശ്യപ്പെട്ടു. അവര്‍ തങ്ങള്‍ക്കുനേരെ പതിക്കുന്ന ലാത്തിയുടെ നേരെ മുഖം പോലുമുയര്‍ത്തിയില്ല. സത്യഗ്രഹികളുടെ ശരീരങ്ങള്‍ ഒന്നിനുമേല്‍ ഒന്നായി പതിച്ചു. തലയിലെ മുറിവുകളില്‍ നിന്ന് ചോരയൊഴുകി.
സത്യഗ്രഹികള്‍ ഒരു ചെറുവിരല്‍ പോലും ഉയര്‍ത്താതായപ്പോള്‍ പോലീസിന്റെ കോപം ഇരട്ടിയായി. പോലീസ് പൈശാചികതയോടെ അവരുടെ വയറ്റിലും വൃഷണങ്ങളിലും ലാത്തികൊണ്ട് കുത്തി. സത്യഗ്രഹികളെ വലിച്ചിഴച്ചു. ചോരയൊലിക്കുന്ന ചിലരെ ചാലിലെ വെള്ളത്തിലേക്കിട്ടു…..’ (തോമസ് വെബര്‍: ON THE SALT MARCH: 1997)
ഈ സമരം ദിവസങ്ങളോളം തുടര്‍ന്നു, വെബ്ബ് മില്ലര്‍ ലോകത്തെ അറിയിച്ചുകൊണ്ടിരുന്നു.
എന്നാല്‍, നൂറ്റിപ്പതിനൊന്ന് ദിവസങ്ങള്‍ ഗാന്ധിയന്‍ ഉപവാസ സത്യഗ്രഹത്തിലേര്‍പ്പെട്ട് 2018 ഒക്‌ടോബര്‍ പതിനൊന്നിന് അന്ത്യശ്വാസം വലിച്ച പാരിസ്ഥിതിക ശാസ്ത്രജ്ഞന്‍ പ്രഫ. ജി. ഡി. അഗര്‍വാളിന്റെ (സ്വാമി ജ്ഞാന സ്വരൂപ് സാനന്ദ്) മരണം മാധ്യമങ്ങളില്‍ ഒരു ചെറിയ വാര്‍ത്ത മാത്രമായി ഒതുങ്ങി.  അതേസമയം, ശബരിമല സ്ത്രീ പ്രവേശത്തിനെതിരെയും അനുകൂലിച്ചും തെരുവുകളില്‍ നടന്ന അക്രമങ്ങളും ആക്രോശങ്ങളും നമ്മുടെ മാധ്യമങ്ങളിലും ചാനലുകളിലും നിറഞ്ഞൊഴുകി. ശബരിമല പൂങ്കാവനം ശാന്തിയുടെയും സമാധാനത്തിന്റെയും പരിപാവന ഭൂമിയാക്കി എന്നെന്നും നിലനിര്‍ത്തണമെന്നുള്ള വിവേകികളുടെയും മനുഷ്യസ്‌നേഹികളുടെയും ശബ്ദങ്ങള്‍ ഹിംസയുടെ ഹുങ്കാരത്തില്‍ മുങ്ങിപ്പോയി. യഥാര്‍ത്ഥ വിശ്വാസികളും ഭക്തരും ശാന്തമായ പ്രാര്‍ത്ഥനകള്‍ ഉരുവിടുന്നത് കേള്‍ക്കാനുള്ള ധാര്‍മ്മികതയോ പക്വതയോ നമ്മുടെ രാഷ്ട്രീയക്കാര്‍ക്കില്ല. വോട്ടുകള്‍ക്കുവേണ്ടിയുള്ള തെരുവ് യുദ്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഭക്തിയുടെ ആത്മീയത എങ്ങനെ അറിയാനാണ്?
എണ്‍പത്താറുകാരനായ ഗാന്ധിയന്‍ സത്യഗ്രഹി പ്രഫ. അഗര്‍വാള്‍ എന്തിനുവേണ്ടിയാണ് തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്? ഭാരതത്തിന്റെ ലക്ഷോപലക്ഷം മനുഷ്യരുടെ ജീവനാഡിയായ ഗംഗാമാതാവിനെ മാലിന്യത്തില്‍ നിന്ന് മുക്തമാക്കാന്‍, ഗംഗാജിയെ രക്ഷിക്കാന്‍. വാരണാസിയില്‍ നിന്നുള്ള എം.പി. കൂടിയായ പ്രധാനമന്ത്രിക്ക് പ്രഫ. അഗര്‍വാള്‍ മൂന്ന് കത്തുകളെഴുതി. ഉപവാസം തുടങ്ങുന്നതിന് മുമ്പ് ഫെബ്രുവരി 18ന്, തന്റെ സമരപരിപാടി അറിയിച്ചുകൊണ്ട്. ഉപവാസം തുടങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്, ജൂണ്‍ 13ന്. അവസാനം ആഗസ്റ്റ് 5ന്. ഉപവാസം തുടങ്ങി നാല്പത്തിനാലാം ദിവസം. ആഗസ്റ്റ്  5 ന് പ്രധാനമന്ത്രിക്കുള്ള കത്തില്‍ സത്യാഗ്രഹ ഭൂമിയായ ഗംഗയുടെ കരയിലുള്ള ഹരിദ്വാറിലെ മാത്രിസദന്‍ ആശ്രമത്തില്‍ നിന്ന് ഇങ്ങനെ കുറിച്ചു: ‘താങ്കള്‍ രണ്ടടി മുന്നോട്ട് പോകുമെന്നായിരുന്നു ഞാന്‍ വിചാരിച്ചിരുന്നത്. ഗംഗാമാതാവിനെ രക്ഷിക്കാനായി പ്രതേ്യക ശ്രമങ്ങള്‍ നടത്തുമെന്നും. കാരണം ഗംഗാജിയുമായി ബന്ധപ്പെട്ട് താങ്കള്‍ ഒരു മന്ത്രാലയം തന്നെ രൂപീകരിച്ചിരുന്നല്ലോ. എന്നാല്‍, കഴിഞ്ഞ നാല് വര്‍ഷങ്ങളായി താങ്കളുടെ സര്‍ക്കാര്‍ നടത്തിയ എല്ലാ പ്രവൃത്തികളും ഒരിക്കലും ഗംഗാമാതാവിന് അനുകൂലമായിരുന്നില്ല. ഗംഗാമാതാവിന് പകരം ആ നേട്ടങ്ങളെല്ലാം കോര്‍പ്പറേറ്റ് വിഭാഗത്തിനും മറ്റനവധി വന്‍കിട കച്ചവട സ്ഥാപനങ്ങള്‍ക്കുമായിരുന്നു. ഇന്നുവരെ, താങ്കള്‍ ചിന്തിച്ചത് ഗംഗാജിയില്‍ നിന്ന് എന്തെല്ലാം ലാഭങ്ങള്‍ സമ്പാദിക്കാമെന്ന് മാത്രമാണ്. താങ്കള്‍ എന്തെങ്കിലും ഗംഗാമാതാവിന് നല്‍കിയതായി കാണുന്നില്ല. ഗംഗാജിയുമായി ബന്ധപ്പെട്ട താങ്കളുടെ എല്ലാ പദ്ധതികളും അങ്ങനെയൊരു തോന്നലാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു പ്രസ്താവന നടത്തുമ്പോള്‍ പോലും താങ്കള്‍ പറയുന്നത് ഗംഗാജിയില്‍ നിന്ന് ഒന്നും എടുക്കാനല്ല, നമ്മുടെ ഭാഗത്തുനിന്നും കൊടുക്കാന്‍ മാത്രമാണെന്നാണ്’.