അശരണ വീഥിയിലെ നന്മ മരം – രാജേശ്വരി. പി.ആര്‍

അശരണ വീഥിയിലെ നന്മ മരം – രാജേശ്വരി. പി.ആര്‍
അനാഥത്വത്തിന്റെ കയ്പുനീരിലൂടെ അനാഥത്വത്തിന്റെ വഴിയിലൂടെ നടന്നാണ് തെരുവിലെ അനാഥര്‍ക്ക് വഴിവിളക്കായി മുരുകന്‍ മാറിയിരിക്കുന്നത്. അനാഥത്വത്തെക്കുറിച്ചുള്ള അനുഭവങ്ങളും ചിന്തകളും…
വിശപ്പാണ് ഇവനെ മനുഷ്യസ്‌നേഹിയാക്കിയത്. തെരുവില്‍ ഒടുങ്ങേണ്ടിയിരുന്ന ബാല്യത്തിനു നേരെ കാരുണ്യത്തിന്റെ കരസ്പര്‍ശമുയര്‍ന്നപ്പോള്‍ കരുണയെന്തെന്ന് അവന്‍ മനസ്സിലാക്കി. ഇന്നവന്‍ തെരുവിന്റെ സന്തതിയായി കരുണ കാത്തിരിക്കുന്നവര്‍ക്ക് ജീവിതത്തുടിപ്പാകുന്ന തെരുവോരം മുരുകനായി. 
തെരുവിന്റെ പ്രകാശമാണ് എന്നും മുരുകനു ജീവിതത്തില്‍ തുണയായത്. പീരുമേട്ടിലെ ചിദംബരം എസ്‌റ്റേറ്റില്‍ നിന്നും കൊച്ചി നഗരത്തിന്റെ തിരക്കുകള്‍ക്കിടയിലേക്ക് ചേക്കേറിയ ബാല്യമായിരുന്നു മുരുകന്റേത്. നഗരത്തിന്റെ മാലിന്യങ്ങള്‍ക്കൊപ്പം ഇഴുകിച്ചേരേണ്ടിയിരുന്ന ബാല്യത്തെ ബ്രദര്‍ മാവുരൂസ് എന്ന മനുഷ്യസ്‌നേഹിയാണ് വീണ്ടെടുത്തത്. 
ഇന്ന് നിരത്തുകളില്‍ ഉപേക്ഷിക്കപ്പെടുന്നവര്‍ക്ക് പൊതിച്ചോറോ നാണയത്തുട്ടുകളോ നല്‍കുന്നതിനു പകരം അവരെ വീണ്ടെടുത്താണ് മുരുകന്‍ എന്ന നന്മമരം സഹജീവി സ്‌നേഹം പ്രകടമാക്കുന്നത്.
അനാഥത്വത്തിന്റെ ബാല്യം 
തമിഴ്‌നാട് തിരുനെല്‍വേലി സ്വദേശി ഷണ്‍മുഖത്തിന്റെയും ചെങ്കോട്ട സ്വദേശി വള്ളിയമ്മയുടെയും മകനായ മുരുകന്റെ ബാല്യം ദാരിദ്ര്യത്തിന്റെയും വിശപ്പിന്റെയുമായിരുന്നു. മാതാപിതാക്കളുണ്ടായിട്ടും അനാഥനായി കഴിയേണ്ടി വന്ന കുട്ടിക്കാലം. നാലാം ക്ലാസ് വരെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ മുരുകന്‍ ഒമ്പതാം വയസ്സിലാണ് കൊച്ചി നഗരത്തിലെ വികൃതവും പ്രാകൃതവുമായ കോളനിയില്‍ എത്തപ്പെടുന്നത്. വിശപ്പിനാല്‍ വലഞ്ഞ ആ നാളുകളില്‍ സന്ധ്യമയങ്ങിയാല്‍ നഗരത്തിലെ ഹോട്ടലിനു പിന്നിലും ബേക്കറിക്ക് സമീപവും പ്രതീക്ഷയോടെ കാത്തിരിക്കും. അവിടുന്ന് വലിച്ചെറിയുന്ന ഭക്ഷണസാധനങ്ങള്‍ക്കായി. ഭിക്ഷയെടുത്തും ആക്രിസാധനങ്ങള്‍ പെറുക്കിയുമാണ് നഗരജീവിതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചത്. ഇതിനിടെയാണ് കാരുണ്യത്തിന്റെ കരസ്പര്‍ശമായ ബ്രദര്‍ മാവുരൂസിലൂടെ നന്മയുടെയും സ്‌നേഹത്തിന്റെയും പുതിയ ലോകമായ കൊച്ചി പള്ളുരുത്തിയിലെ ഡോണ്‍ബോസ്‌കോ സ്‌നേഹഭവനിലേക്ക് മുരുകന്‍ കടന്നു ചെല്ലുന്നത്.
സ്‌നേഹഭവനില്‍ കന്യാസ്ത്രീമാരില്‍ നിന്ന് മദര്‍ തെരേസയെ കുറിച്ച് ഒട്ടേറെ അറിവുകള്‍ പകര്‍ന്നുകിട്ടി. ഒപ്പം സ്‌നേഹഭവനിലെ അന്തേവാസികളായ വൃദ്ധരും യാചകരും അവശരുമായ നിരവധി നിരാലംബരായവരുടെ നേര്‍സാക്ഷ്യങ്ങളുമാണ് മുരുകനെ പിന്നീടുള്ള ജീവിതത്തില്‍ മുന്നോട്ടു നയിച്ചതും പ്രചോദിപ്പിച്ചതും.
മനുഷ്യസ്‌നേഹത്തിന്റെ ചുവടുകള്‍ 
പള്ളുരുത്തി ഡോണ്‍ബോസ്‌കോ സ്‌നേഹഭവനിലെ ജീവിതത്തിനു ശേഷം പത്രവില്‍പ്പനയും ഓട്ടോ ഓടിക്കലുമായി മുരുകന്‍ നഗരത്തില്‍ സജീവമായി. ഒപ്പം നിരാലംബരുടെ കണ്ണുകളിലെ തിളക്കവും മുരുകന്‍ കണ്ടറിഞ്ഞു. നഗരത്തിരക്കുകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെടുന്ന ജീവനുകള്‍ മുരുകനെ തെരുവുകളിലേക്ക് തിരിച്ചു വിളിക്കുകയായിരുന്നു. തെരുവുകളില്‍ അലയുന്ന ഓരോ മിഴികളിലും മുരുകന്‍ കണ്ടത് സ്വന്തം ബാല്യത്തെയാണ്. അതോടെ തെരുവോരം എന്ന ഓട്ടോറിക്ഷയും മുരുകനും ഉപേക്ഷിക്കപ്പെട്ടവര്‍ക്ക് എന്നും ഒരു കൈത്താങ്ങായി മാറി. 
രണ്ടു പതിറ്റാണ്ടിനിടെ പതിനായിരത്തില്‍പ്പരം ആലംബഹീനരെയാണ് മുരുകന്‍ തെരുവില്‍ നിന്നും വീണ്ടെടുത്തത്. അവരില്‍ കുഷ്ഠരോഗികളും മാനസികാസ്വാസ്ഥ്യമുള്ളവരും ഉണ്ട്. മദ്യത്തിനും മയക്കുമരുന്നിനും അടിമയായവരും മാറാവ്യാധികളാല്‍ ദുരിതമനുഭവിക്കുന്നവരുമുണ്ട്. മക്കളുപേക്ഷിച്ചു പോയ വൃദ്ധര്‍ മാത്രമല്ല അംഗഭംഗം വരുത്തിയും മറ്റും ഭിക്ഷാടനത്തിനു ഉപയോഗിക്കുന്ന കുരുന്നു ബാല്യങ്ങളുമുണ്ട്. തെരുവില്‍ വ്രണങ്ങളുമായ് പുഴുവരിച്ച് അലഞ്ഞവര്‍ ഉള്‍പ്പെടെയുള്ളവരെ മുരുകന്‍ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. 
അനുഭവത്തിന്റെ വെളിച്ചമാണ് മുരുകന്റെ ചുവടുകള്‍ക്ക് ശക്തിപകരുന്നത്. പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ഉള്ളവര്‍ക്കിടയില്‍ സ്വയരക്ഷ പോലും മറന്നാണ് മുരുകന്റെ പ്രവര്‍ത്തനം. അടുത്തിടെ രക്ഷകനാണെന്നറിയാതെ മാനസികാസ്വാസ്ഥ്യമുള്ളയാളുടെ ആക്രമണത്തില്‍ മാസങ്ങളായി ചികിത്സയിലാണ് മുരുകന്‍. മുട്ടുകാലിന്റെ ചിരട്ട തകര്‍ന്നതിനാല്‍ ഇപ്പോഴും നടക്കുക ശ്രമകരമാണ്. 
തെരുവിന്റെ ആലംബം 
വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌നേഹഭവന്റെ പടികള്‍ ഇറങ്ങിയത് നഷ്ടപ്പെടുന്ന തെരുവു ബാല്യങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. തെരുവില്‍ ഉപേക്ഷിക്കപ്പെട്ട് ഭിക്ഷാടനം നടത്തിവന്ന കുട്ടികള്‍ മുരുകനെന്ന തണല്‍ വൃക്ഷത്തിനു കീഴില്‍ അഭയം തേടുകയായിരുന്നു. 2007 ല്‍ തെരുവോരം എന്ന സംഘടനയിലൂടെ പ്രവര്‍ത്തന വഴികള്‍ വിപുലമാക്കി. തെരുവില്‍ നിന്നും ഉണ്ടായ ഇന്ത്യയിലെ ആദ്യ സംഘടനയാണ് തെരുവോരം. ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍ എന്നുവേണ്ട തെരുവിന്റെ മുക്കിലും മൂലയിലും അലഞ്ഞു തിരിഞ്ഞ ജീവനുകള്‍ക്ക് പ്രത്യാശയുടെ പുതുവെളിച്ചം പകര്‍ന്നേകി. 
തെരുവില്‍ നിന്നും തെരുവുവെളിച്ചത്തിലേക്ക് 
മുരുകന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി സംസ്ഥാന സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കാക്കനാട് തെരുവുവെളിച്ചം  എന്ന താല്‍ക്കാലിക പുനരധിവാസ കേന്ദ്രം തുറന്നു. 2013 ല്‍ പ്രവര്‍ത്തനം തുടങ്ങിയ തെരുവുവെളിച്ചത്തിലൂടെ ഇതിനകം 1700 ലധികം പേരെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ മുരുകനു കഴിഞ്ഞു. തെരുവുമക്കള്‍ക്കായി പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ ആദ്യത്തെ പുനരധിവാസ കേന്ദ്രമാണിത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് തെരുവുവെളിച്ചത്തില്‍ കൂടുതലായി എത്തുന്നത്. ഇവരുടെ ബന്ധുക്കളെ കണ്ടെത്തുകയും ഏറെ ശ്രമകരമാണ്.  കേരളത്തില്‍ 2300 അനാഥാലയങ്ങളാണ് ഉള്ളത്.