ടെലിവിഷന്‍കാലത്തെ ലിംഗസമത്വത്തിന്റെ നാനാര്‍ത്ഥങ്ങള്‍ -ടി.കെ സന്തോഷ്‌കുമാര്‍
Print this article
Font size -16+
ഒരു ജനപ്രിയ ചാനലിലെ ഏറ്റവും ജനപ്രിയമായ കുടുംബ കോമഡി പരിപാടിയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി നിഷ സാരംഗ് ആ പരിപാടിയുടെ സംവിധായകന് എതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തുവന്നത് ടെലിവിഷന്‍ രംഗത്ത് സ്ത്രീകള്‍ പുരുഷന്റെ ഇംഗിതങ്ങള്‍ക്ക് ശാരീരികവും മാനസികവും ആയി വഴങ്ങേണ്ടിവരുന്നു എന്നതിന്റെ പ്രത്യക്ഷമാണ്. ആ ‘സിറ്റ്‌കോം സീരിയല്‍’ ജനപ്രിയമായിത്തീര്‍ന്നതില്‍ പ്രധാന പങ്കുവഹിച്ച നടിയായിട്ടുപോലും അവര്‍ക്ക് തന്റെ തൊഴിലില്‍ നിലനില്‍ക്കണമെങ്കില്‍ ‘വഴങ്ങി’ക്കൊടുക്കണം, അല്ലെങ്കില്‍ ‘വിളിച്ചു പറയണം’ എന്ന സ്ഥിതി! രാജ്യത്തു നിലനില്‍ക്കുന്ന സ്ത്രീകേന്ദ്രീകൃത നിയമങ്ങളുടെയും ഇത്തരം സംഭവങ്ങളോട് വിവിധങ്ങളായ മാധ്യമങ്ങള്‍ നടത്തുന്ന പ്രതികരണങ്ങളുടെയും അടിസ്ഥാനത്തില്‍ നിഷാ സാരംഗിന് തന്റെ തൊഴിലില്‍ തുടരാന്‍ അവസരം ഉണ്ടായി. ആ സംവിധായകന്റെ ‘പണി’ പോയി. താന്‍ മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും ലൈംഗിക ചൂഷണം എതിര്‍ത്തതിന്റെ പേരില്‍, തന്നെ തന്റെ തൊഴിലില്‍ നിന്ന് ഒഴിവാക്കിയെന്നും നടി തുറന്നു പറഞ്ഞില്ലായിരുന്നുവെങ്കില്‍ എന്തായിരുന്നു സംഭവിക്കുമായിരുന്നത്? സംശയം വേണ്ടാ – നടി ‘പുറത്തും’ സംവിധായകന്‍ ‘തുടര്‍ന്നും’ പോകുമായിരുന്നു. ദൃശ്യമാധ്യമരംഗത്തെ ഇത്തരം തുറന്നുപറച്ചിലുകള്‍ക്ക് വാസ്തവത്തില്‍ പ്രേരണയായത്, താന്‍ ആക്രമിക്കപ്പെട്ടപ്പോള്‍ ചലച്ചിത്രനടി നടത്തിയ വെളിപ്പെടുത്തലുകള്‍ തന്നെയാണ്.
വാസ്തവത്തില്‍ നിഷ സാരംഗിനോടുള്ളത് ഒരു സീരിയല്‍ നടിയോട്/കലാകാരിയോട് പുരുഷ കേന്ദ്രീകൃത സമൂഹം വച്ചുപുലര്‍ത്തുന്ന പൊതുസമീപനത്തിന്റെ ഉദാഹരണമാണ്. പൊതുമണ്ഡലത്തില്‍ സ്ത്രീ, പുരുഷന്റെ ‘ഇംഗിത’ത്തിനനുസരിച്ച് ജീവിക്കണം എന്ന മനോഭാവം സമൂഹത്തിലാകെ വേരോടിക്കിടക്കുന്ന ഒന്നാണ്. പുരുഷന്റെ സാമൂഹികാധികാര സ്വത്വത്തോട് ചേര്‍ത്തല്ലാതെ സ്ത്രീയെ കാണാന്‍ ഇന്നും നമ്മുടെ മുഖ്യധാരാ സാമൂഹികവ്യവസ്ഥയ്ക്ക് സാധിക്കുന്നില്ല. അതുകൊണ്ടാണ്, ഈ നടി തന്റെ കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്നപ്പോള്‍ ”കുട്ടികളുടെ അച്ഛന്‍ എവിടെ? അച്ഛന്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ കുറച്ചുകൂടി ഉത്തരവാദിത്തം പ്രതീക്ഷിക്കാമായിരുന്നു” എന്ന പ്രതികരണം സ്‌കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായത്. അതായത് സ്ത്രീക്ക് സ്വതന്ത്രമായ അസ്തിത്വം/സ്വാതന്ത്ര്യം അനുവദിച്ചു നല്‍കാന്‍ ഇനിയും ആണത്തമീമാംസകള്‍ക്ക് സാധിച്ചിട്ടില്ല! ഈ മനോഭാവത്തിന്റെ പ്രതിസ്പന്ദമാണ് ആ സംവിധായകനും ഉള്ളത്. ഭര്‍ത്താവ് കൂടെയില്ലെങ്കില്‍ ‘ഇവള്‍’ക്ക് എങ്ങനെ സ്വതന്ത്രയാകാന്‍പറ്റും എന്ന തോന്നല്‍. എങ്കില്‍പ്പിന്നെ ആ ‘റോള്‍’ തനിക്കു തന്നുകൂടേ എന്ന വിചാരം! നടക്കാതാകുമ്പോള്‍, അവളെ തൊഴിലില്‍ നിന്ന് തെറിപ്പിക്കാനുള്ള തീരുമാനം. ശരീരത്തിനും കാമത്തിനും പുറത്ത് സ്ത്രീയെ സംബന്ധിച്ച് ഒന്നുമില്ല എന്ന തെറ്റിദ്ധാരണയുടെ ഫലമാണിത്. ആ ധാരണ തിരുത്തുവാന്‍ അവള്‍ക്ക് സ്വയം ഇടപെടേണ്ടിവരുന്നു എന്നത് പുരുഷലൈംഗികതയുടെ അരാജകത്വത്തെയും നിരക്ഷരതയേയുമാണ് സൂചിപ്പിക്കുന്നത്. സ്ത്രീയെ പുരുഷന്‍ ആഗ്രഹിച്ചാല്‍ മാത്രം പോരാ, അവളുടെ ആഗ്രഹം കൂടി വേണം – ഡിസയര്‍ റ്റു ബി ഡിസയര്‍ഡ് ബൈ ദ അദര്‍.
മാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധ ലീലകള്‍ നിലനില്‍ക്കുമ്പോഴാണ് ആഗോള വാര്‍ത്താ ഏജന്‍സിയായ തോംസണ്‍ റോയിട്ടേഴ്‌സിന്റെ ജീവകാരുണ്യപ്രവര്‍ത്തന വിഭാഗമായ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ ഓരോ രാജ്യത്തെയും സ്ത്രീജീവിത സുരക്ഷിതത്വത്തെപ്പറ്റി നടത്തിയ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം പുറത്തുവന്നത്. അതാകട്ടെ ഇന്ത്യയെ സംബന്ധിച്ച് അഭിമാനകരമല്ല. ലോകത്ത് സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ രാജ്യം ഇന്ത്യയാണത്രേ! ഏറ്റവും അപകടകരമായ നാലുനഗരങ്ങളിലൊന്ന് രാജ്യതലസ്ഥാനമായ ദില്ലിയും! (2018 മാര്‍ച്ച് 26 മുതല്‍ മേയ് നാലുവരെ നടത്തിയ സര്‍വേയുടെ വിലയിരുത്തലാണിത്). ദില്ലിയിലെ ‘നിര്‍ഭയ’, കാശ്മീര്‍ കഠുവയിലെ ബാലിക, കേരളത്തില്‍ തീവണ്ടിയില്‍നിന്ന് തള്ളിയിട്ട് മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടി, പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി, ഓടുന്ന വാഹനത്തില്‍ പാതിരാത്രിയില്‍ അപമാനിതയായ ചലച്ചിത്ര നടി – ഇങ്ങനെ ഓര്‍ത്തെടുത്താല്‍ എത്രയെത്ര സ്ത്രീവിരുദ്ധ അതിക്രമങ്ങള്‍. ഇതിനൊപ്പം കണ്ണടച്ച് ഇരുട്ടാക്കാന്‍ കഴിയാത്ത മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട് – നമ്മുടെ രാജ്യത്ത് ഓരോ ഇരുപതു മിനിറ്റിലും ഒരു ബലാല്‍സംഗവും ഓരോ മൂന്നു മിനിറ്റിലും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമവും സ്ത്രീകള്‍ക്കുനേരെ നടക്കുന്നു എന്നാണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്ക്. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞാലും ഈ കണക്ക് നമുക്ക് എങ്ങനെ നിരാകരിക്കാനാകും? ഇത്തരമൊരു സാഹചര്യത്തില്‍ ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ ലിംഗസമത്വത്തിനായി കൈക്കൊള്ളുന്ന നിലപാടുകള്‍ പ്രസക്തമാണ്.