മണ്ണില്‍ പൊന്നുവിളയിക്കും – ഐ.ടി മാജിക്ക്

Print this article
Font size -16+
ബിനു പങ്കജാക്ഷന് ഇലക്ട്രിക്കല്‍ എഞ്ചിനീയറാണ്. 1994-ല്‍ ഇടുക്കി ഹൈഡ്രോഇലക്ട്രിക്ക് പ്രോജക്ടില്‍ (മൂലമറ്റം) ഒരു വര്‍ഷം ഇലക്ട്രിക്കല്‍ എഞ്ചിനീയറായി ജോലി ചെയ്തു. അതിനുശേഷം ഡല്‍ഹിയില്‍ ഉപരിപഠനം. അവിടെനിന്നും എം.ബി.എ. പിന്നീട്, Xerox കമ്പനിയില്‍ സോഫ്ട്വെയര് ഡിവിഷനില്‍ ജോലി. തുടര്‍ന്ന് ഡല്‍ഹി, ബാഗ്ലൂര്, ചെന്നൈ, മോണ്ട്രിയല് (കാനഡ) എന്നിവിടങ്ങളിലെ പല കമ്പനികളിലും പ്രവര്‍ത്തിച്ചു. രണ്ടു പതിറ്റാണ്ടുകാലത്തെ ഐടി മേഖലയിലെ ജോലിക്കു ശേഷം 2012-ല്‍ എറണാകുളത്ത് സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു. 2017 വരെ ഇന്‍ഫോപാര്‍ക്കില്‍ ആയിരുന്നു. പിന്നീടാണ് പുതിയ സംരംഭത്തിലേക്ക് തിരിഞ്ഞത്.
? സാങ്കേതികവിദ്യയിലെ പുത്തന്‍ പ്രവണതകള്‍ കാര്‍ഷിക മേഖലയില്‍ പരീക്ഷിക്കുവാനും കൃഷിയില്‍ താല്പര്യം ഉണ്ടാകുവാനുള്ള സാഹചര്യം എന്താണ്?
ഇന്നത്തെ പ്രവണത, എല്ലാ ഉപകരണങ്ങളും ഇന്റര്‍നെറ്റുമായി കണക്ട് ചെയ്യുക എന്നതാണ്. വീട്ടിലെ കമ്പ്യൂട്ടര്‍, ലാപ്ടോപ്പ് എന്നിവ ഇന്റര്‍നെറ്റുമായി കണക്ട് ചെയ്തു. പിന്നെ മൊബൈല്‍ കണക്ട് ചെയ്തു. വരുംകാലങ്ങളില്‍ വണ്ടി, ടിവി, ഫ്രിഡ്ജ് തുടങ്ങിയവയൊക്കെ ഈ രീതിയില്‍ ബന്ധിപ്പിക്കേണ്ടിവരും. ഇന്റര്‍നെറ്റുമായി കണക്ടഡ് ആകുമ്പോള്‍ മൊബൈലില്‍ നമുക്ക് മെസേജ് വരും. അതുകൊണ്ട് വീട്ടിലിരുന്ന് ഉപകരണങ്ങളെ നിയന്ത്രിക്കാനും കഴിയും. ബ്രോഡ്ബാന്‍ഡ് സംവിധാനം വളരെ കാര്യക്ഷമമാണ്. നിലവില്‍ വളരെ ചെറിയ നിരക്കില്‍ ഡേറ്റാ നമുക്ക് കിട്ടും. ഇപ്പോള്‍ എല്ലായിടത്തും 4ജി സംവിധാനമാണ്. 5ജി വരാന്‍ പോകുന്നു. ഓഫീസില്‍ നിന്നിറങ്ങുമ്പോള്‍ത്തന്നെ, വീട്ടിലെ എ.സി. ഓണ്‍ചെയ്യാന്‍ സാധിക്കും. ഇതിനായി സെന്‍സര്‍ ഘടിപ്പിച്ചാല്‍ മതി. പലയിടങ്ങളില്‍ നിന്ന് നമുക്ക് ഡേറ്റാ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഡേറ്റായുടെ അതിപ്രസരം. എങ്ങനെ ഡേറ്റാ ഉപയോഗിക്കണമെന്ന് അറിയണമെങ്കില്‍ അത് ആനലൈസ് ചെയ്യണം. ഡേറ്റാ ആനലിറ്റിക്സ്, മെഷീന് ലേണിംഗ് – ഇതെല്ലാം പ്രത്യേകമായിത്തന്നെ പഠിക്കണം.
നിലവില്‍ ആരും കൃഷിചെയ്യാന്‍ മുതിരുന്നില്ല. ഉല്പാദനമേഖലകളില് പലതിനും സ്തംഭനം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകരുടെ ജീവിതത്തില്‍ എന്ത് മാറ്റം വരുത്താമെന്നതിനെപ്പറ്റി ചിന്തിച്ചത്. കേരളത്തിലെ കൃഷിരീതി ഇന്ന് വളരെ മോശമാണ്. കാര്‍ഷികമേഖല നിലവില്‍ ലാഭകരമല്ല. ഒരു ഹെക്ടറില്‍ കൃഷി ചെയ്താല്‍ 8000 – 9000 രൂപയാണ് ലഭിക്കുക. കാലാവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായാല്‍ ഇതുപോലും കിട്ടില്ല. കര്‍ഷകര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷയുമില്ല. ഗവണ്മെന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി ഉണ്ടെങ്കിലും അത് വാഗ്ദാനം ചെയ്യുന്ന പരിരക്ഷ വളരെ കുറവാണ്. കൃഷിയോഗ്യമായ ഭൂമി ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നതാണ് അഭിമാനകരമായ ഒരു വസ്തുത. അമേരിക്ക, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വലിയ വിസ്തീര്‍ണമുള്ള ഭൂവിഭാഗങ്ങളുണ്ട്. എന്നാല്‍ അതൊന്നും കൃഷിക്ക് യോജിച്ചതല്ല. എന്നാല്‍ ഏറ്റവും കുറഞ്ഞ ഉല്പാദനക്ഷമത ഇന്ത്യയിലാണുതാനും. അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും വേണ്ട രീതിയില്‍ കൃഷി നടത്താന്‍ കഴിയുന്നില്ല. ചെറിയ രാജ്യമായ ഇസ്രയേലില്‍ നിന്ന് പച്ചക്കറികള്‍ കയറ്റി അയയ്ക്കുകയാണ്. അവര്‍ ടെക്നോളജി ഉപയോഗിക്കുന്നു. ലോകത്തില്‍ ഉപയോഗിക്കുന്ന മത്സ്യത്തില്‍ 65 ശതമാനവും വരുന്നത് ചൈനയില്‍നിന്നാണ്. കടലിലെ മത്സ്യസമ്പത്ത് തീര്‍ന്നുകൊണ്ടിരിക്കുന്നു. മറ്റു രാജ്യങ്ങളില്‍ താപനില ഒരു പ്രശ്നമാണ്. ഇന്ത്യയില്‍ അങ്ങനെയല്ല. ചെമ്മീന്‍, തിലാപ്പിയ തുടങ്ങിയവയുടെ കൃഷിക്ക് പറ്റിയ ഇടമാണ് ഇന്ത്യ. താപനിലയും മറ്റും അനുകൂലമാണെങ്കിലും നമ്മള് ടെക്നോളജി കാര്യമായി ഉപയോഗിക്കുന്നില്ല. എല്ലാവരും പരമ്പരാഗതമായ കൃഷിതന്നെ ചെയ്യുന്നു. ടെക്നോളജി ഉപയോഗിക്കാത്തതാണ് കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്ക് പ്രധാന കാരണം. ഇതൊക്കെയാണ് എനിക്ക് കൃഷിയില്‍ താല്പര്യം ജനിക്കാനുള്ള മുഖ്യകാരണം.