മണ്ണുടയോരുടെ മനോവ്യഥ – നാരായന്‍/മനു അച്ചുതത്ത്

മണ്ണുടയോരുടെ മനോവ്യഥ – നാരായന്‍/മനു അച്ചുതത്ത്
അനുഷ്ഠാനങ്ങളുടെ ലോകത്തുനിന്ന് സാഹിത്യാവിഷ്‌കാരത്തിന്റെ ലോകത്തേക്ക് ആദ്യമായി കടന്നുവന്ന ഒരാദിവാസി. മലമടക്കുകളിലെ ജീവിതത്തിന്റെ ചൂടും ചൂരും അനുഭവിച്ച നാരായന്‍ തൊടുപുഴയ്ക്കടുത്തുള്ള കുടയത്തൂര്‍ എന്ന മലയരയന്മാരുടെ ഊരിറങ്ങുമ്പോള്‍ മനസ്സുനിറയെ പുറത്തുനിന്നുള്ളവരുടെ പ്രകോപനപരമായ എഴുത്തുകളോടുള്ള നീരസമായിരുന്നു. അത്തരം ധാരണകളെ പൊളിച്ചെഴുതാനുള്ള ദൗത്യവുമായാണ് തപാല്‍വകുപ്പ് ജീവനക്കാരനായി ജോലികിട്ടി നഗരത്തിലേക്ക് ചേക്കേറിയത്. ഇതിനിടയില്‍ ആദിവാസി സംസ്‌ക്കാരങ്ങളുടെയും ഐതിഹ്യങ്ങളുടെയും അക്ഷയഖനി സ്വായത്തമാക്കി അനുവാചകരില്‍ പകരുന്നു.
കാടും നാടും നഷ്ടപ്പെട്ട് വര്‍ത്തമാന ജീവിതത്തില്‍ അവര്‍ക്ക് ജീവിതം തിരിച്ചുപിടിക്കാനുള്ള ഉപാധിയാണ് നാരായന്റെ എഴുത്ത്. ആ ജനതയുടെ നാവാണ് നാരായന്‍. ഇപ്പോഴും വരേണ്യബോധത്തിന്റെ ഉടമകള്‍ നടത്തുന്ന കുതികാല്‍ വെട്ടിന്റെയും പാരവെപ്പിന്റെയും ചൂഷണത്തിന്റെയും കഥകള്‍ സങ്കടത്തോടെ അതിലേറെ നിരാശയോടെയാണ് എളമക്കരയിലെ വാടകവീട്ടിലിരുന്ന് എഴുത്തുമായ് പങ്കുവച്ചത്.
വാണിയന്‍ മൂപ്പര് ‘ഞങ്ങളൊക്കെ പഴേ മണ്ണാ’ എന്ന് ഒരു ജാതി കഥാപാത്രത്തോട് പറയുന്നുണ്ട്. ഗോത്രാവബോധം തുളുമ്പുന്ന ഒരു പ്രയോഗമാണിത്. മണ്ണ് ഒരു സംസ്‌കാര രൂപകമാണ്. ആധുനിക വികസന കാഴ്ചപ്പാടില്‍ ആദിവാസി സമൂഹത്തിന്റെ സ്ഥാനം എങ്ങനെ നിര്‍വചിക്കാം ?
ഞങ്ങളുടെ വംശം പിറവിയെടുത്തതുമുതല്‍ കാടുംമേടും ഞങ്ങള്‍ക്ക് ജീവിതത്തിന്റെ ഭാഗമാണ്. കാടുകളുടെ നിലനില്‍പ്പാണ് ഞങ്ങളുടെ വംശത്തിന്റെ നിലനില്‍പ്പ്. ഞങ്ങളാണ് കാട് നശിപ്പിക്കുന്നത് എങ്കില്‍ നൂറ്റാണ്ടുമുമ്പുതന്നെ ഇവിടെ ഒറ്റ വനവും അവശേഷിക്കില്ലല്ലോ? വനസംരക്ഷണം, ജലസംരക്ഷണം എന്നിവയെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവര്‍ ആരും അതിന്റെ യഥാര്‍ത്ഥ സംരക്ഷകരല്ല. വഴിയോരങ്ങളില്‍ പ്ലാവും മാവും വെച്ചുപിടിപ്പിക്കലല്ല വനവല്‍ക്കണം. ഞങ്ങളെ വനത്തില്‍ സൈ്വര്യമായിജീവിക്കാന്‍ അനുവദിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലാതെ ആദിവാസി മേഖലകളിലെ വ്യവസായവത്ക്കരണമോ നഗരവല്‍ക്കരണമോ അല്ല. ഞങ്ങളുടെ രീതിയനുസരിച്ച് പരിസ്ഥിതിക്ക് കോട്ടം തട്ടാതെയാണ് കൃഷിചെയ്യാറ്. ഭൂമിയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ടാണ് ഞങ്ങള്‍ നിലമൊരുക്കാറ്. കുന്നുകള്‍ ഇടിച്ചു നിരപ്പാക്കി കൃഷിചെയ്യാറില്ല. അതുപോലെ മനുഷ്യരും വന്യജീവികളുമായുള്ള സന്തുലനാവസ്ഥ സംരക്ഷിക്കും. കാട്ടുചെടികളുടെയും വീട്ടില്‍ നട്ടുവളര്‍ത്തുന്ന ചെടികള്‍പോലും ശ്രദ്ധയോടെ പരിപാലിച്ചായിരുന്നു സാധാരണകൃഷി നടത്തിയിരുന്നത്.. ഇത്  കാലങ്ങളായി ആര്‍ജിച്ചെടുത്ത അറിവാണ്. അല്ലാതെ അവിടെ സാമൂഹ്യവനവല്‍ക്കരണം നടത്തി ജനിതകതയെ പറിച്ചുകളയുകയല്ല വേണ്ടത്.
മണ്ണുമായുള്ള ജൈവബന്ധം ആദിവാസി സംസ്‌കൃതിയുടെ ഭാഗമാണ്. ആദിവാസി ആത്മീയതതന്നെ മണ്ണും പ്രകൃതിയും ആസ്പദമാക്കിയാണ്. ഇന്ന് മണ്ണ് നഷ്ടപ്പെട്ടവരാണ് ആദിവാസികള്‍. അങ്ങനെ അവരുടെ ജീവിതത്തിന്റെ ജൈവതാളംതന്നെ നഷ്ടപ്പെട്ടു. മണ്ണിന്റെ സംസ്‌കൃതിയെ വീണ്ടെടുക്കാന്‍ ഇന്ന് എന്തെങ്കിലും സാധ്യത ഉണ്ടോ ?
മണ്ണും ആദിവാസിയും പരസ്പര പൂരകങ്ങളാണ് അവന്റെ സംസ്‌കാരം, ജീവിതം, ആചാരം എല്ലാം മണ്ണുമായി ബന്ധപ്പെട്ടതാണ്. ആദിവാസിയുടെ ജീവിതവും സംസ്‌ക്കാരവും മണ്ണുമായി ഒട്ടിനില്‍ക്കുന്നു. ഇതിന്റെ വിടുതലില്‍ ആദിവാസിക്ക് ജീവിതം സാധ്യമല്ല. മൃതദേഹം മറവുചെയ്യുമ്പോള്‍ കര്‍മ്മി ചൊല്ലുന്ന മന്ത്രം പോലും (”മണ്ണില്‍പ്പിറന്ന നീ മണ്ണായിത്തന്നെ സര്‍വ്വേശ്വരങ്കലേക്ക് പോവുക. നീ ചെയ്ത പുണ്യപാപങ്ങള്‍ നിനക്കെന്നും തുണയായിരിക്കും”) ഈ ബന്ധം ഊട്ടിയുറപ്പിക്കുന്നതാണ്. അതുപോലെ സ്വന്തമായി ഭൂമി ഇല്ലാത്തതുകൊണ്ട് ആചാരങ്ങള്‍ മുടങ്ങുന്നുണ്ട്. വലിയ മുറ്റത്താണ് പല ചടങ്ങുകളും നടത്താറ്. ഒരു തുണ്ടുഭൂമിയില്ലാത്തവന് എവിടെയാ മുറ്റം?