അഭിമാനത്തില്‍ നിന്ന് ദുരഭിമാനത്തിലേക്കുള്ള ദൂരം -ഡോ. ആര്‍. ശ്രീലതാവര്‍മ്മ
Print this article
Font size -16+
വ്യത്യസ്ത സാംസ്‌കാരിക ധാരകളുടെ കലര്‍പ്പിലൂടെയാണ് മനുഷ്യരാശി എന്നും പുരോഗമിച്ചിട്ടുള്ളത്. മതവിശ്വാസങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും എല്ലാം വേറിട്ട അറകളില്‍ ശ്വാസംമുട്ടുംവിധം അടച്ചിട്ടുകൊണ്ടല്ല, മറിച്ച്, വിശാലവും ബഹുമുഖവുമായ ഒരു തുറസിലേക്ക് സ്വതന്ത്രമാക്കിക്കൊണ്ടാണ് നമ്മുടെ നാട് എന്നും മാതൃകയായിത്തീര്‍ന്നിട്ടുള്ളത്. ഈ തുറസില്‍, ഓരോന്നിനും സ്വന്തമായ ഇടം ഉള്ളപ്പോള്‍ തന്നെ അവ പരസ്പരം തികച്ചും സമവായത്തിന്റെ പാതയില്‍ വിഘടനം കൂടാതെ സഞ്ചരിക്കുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടുപരിചയിച്ചിട്ടുള്ളത്. എന്നാല്‍ സമീപകാലത്തായി ജാതിയുടെ പേരില്‍ മനുഷ്യരെ കൊന്നുകളയുന്ന അതീവ ഭയാനക സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നു. ദുരഭിമാനക്കൊല എന്ന പേരില്‍ മാധ്യമങ്ങള്‍ വ്യവഹരിച്ച ഈ കൊലപാതകങ്ങള്‍ ജാതീയതയുടെ ഏറ്റവും ക്രൂരവും നീചവുമായ മുഖത്തെ ഭയാനകമാം വിധം തുറന്നു കാട്ടുകയായിരുന്നു. അറിവിലൂടെയും അനുഭവങ്ങളിലൂടെയും അഭിമാനവും ദുരഭിമാനവും തിരിച്ചറിഞ്ഞിട്ടുള്ള ജനതയാണോ നമ്മള്‍ എന്ന ആത്മവിമര്‍ശനപരമായ ചോദ്യം ഇവിടെ വീണ്ടും വീണ്ടും ഉയരുന്നു. നമ്മുടെ സാമൂഹികബോധത്തെ നാം തന്നെ വിചാരണചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
അഭിമാനം എന്ന വാക്കിന് ഒരു വ്യക്തിയുടെ സമസ്ത വ്യാപാരമേഖലയിലും അര്‍ത്ഥവും പ്രസക്തിയുമുണ്ട്. സ്വന്തം വ്യക്തിസത്തയില്‍ ഒരാള്‍ക്ക് അനുഭവിക്കാന്‍ കഴിയുന്ന സാകല്യബോധത്തെ അഭിമാനമെന്ന് പറയാം. ഈ സാകല്യബോധം പൂര്‍ണമാകുന്നത് സാമൂഹികസത്തയുമായി ലയിച്ചു ചേര്‍ന്ന് ഏകസത്തയായി പ്രകാശിതമാകുമ്പോഴാണ് എന്ന കാര്യവും ഓര്‍ക്കണം. ഇതിന് നേരെ വിപരീതമാണ് ദുരഭിമാനം. സ്വന്തം വ്യക്തിസത്തയില്‍ ഒരു തരത്തിലുമുള്ള സാകല്യബോധവും ഉണര്‍ത്തിയെടുക്കാനോ, കണ്ടെത്താനോ കഴിയാതെ സമൂഹസത്തയുമായി സംഘര്‍ഷത്തിലും കലാപങ്ങളിലുമേര്‍പ്പെടുന്ന അധമബോധം അഥവാ അധമചിന്തയാണ് ദുരഭിമാനം. കാലം കൊണ്ട് ആധുനികതയ്ക്കപ്പുറം സഞ്ചരിച്ച്, ഉത്തരാധുനികം എന്നോ, ആധുനികാനന്തരം എന്നോ ഉള്ള ലേബലും അണിഞ്ഞുനില്‍ക്കുകയാണ് നമ്മുടെ സമൂഹം. വികസനത്തിനും പുരോഗതിക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായിട്ടുള്ള കേരളം, ജാതിയുടെ പേരില്‍ ഇന്നും ചില നീചമനോഭാവങ്ങള്‍ വച്ചു പുലര്‍ത്തുന്നു എന്നുള്ളത് അത്യന്തം അപലപനീയമാണ്.
2018 മാര്‍ച്ച് 23-നാണ് മലപ്പുറം ജില്ലയിലെ അരീക്കോട്, താഴ്ന്ന ജാതിയിലുള്ള യുവാവുമായി വിവാഹം ഉറപ്പിച്ചതിന്റെ പേരില്‍ ആതിര എന്ന പെണ്‍കുട്ടിയെ അച്ഛന്‍ കുത്തിക്കൊല്ലുന്നത്. രണ്ട് മാസങ്ങള്‍ക്കിപ്പുറം, 2018 മെയ് 28-ന് കോട്ടയം മാന്നാനത്ത് കെവിന്‍ ജോസഫ് എന്ന ഇരുപത്തിമൂന്നുകാരന്‍ പ്രണയത്തെയും വിവാഹത്തെയും മറ്റും ജാതീയതയുടെ അളവുകോലുകളുമായി മാത്രം സമീപിക്കാന്‍ കഴിയുന്നവരുടെ ഇരയായി, നമുക്കിടയില്‍ നിന്ന് തുടച്ചുമാറ്റപ്പെട്ടു. സാംസ്‌കാരിക കേരളത്തെ നടുക്കുകയും ലജ്ജിപ്പിക്കുകയും ചെയ്ത ഈ സംഭവങ്ങള്‍ നമുക്കുതരുന്ന മുന്നറിയിപ്പുകളെന്തെല്ലാം?