കളിപ്പാട്ടങ്ങളുടെ കൂട്ടുകാരന്‍- അര്‍വിന്ദ് ഗുപ്ത

കളിപ്പാട്ടങ്ങളുടെ കൂട്ടുകാരന്‍- അര്‍വിന്ദ് ഗുപ്ത
”തണുപ്പുകാലമടുത്തപ്പോള്‍ ബുദ്ധന്റെ ശിഷ്യന്‍മാരിലൊരാള്‍ ഒരു പുതപ്പു വേണം എന്നാവശ്യപ്പെട്ടുവത്രെ. പഴയ പുതപ്പിനെന്തുപറ്റി എന്ന് തഥാഗതന്‍ അന്വേഷിച്ചു. പഴയതു കീറിയതുകൊണ്ട് കിടക്ക വിരിയായി ഉപയോഗിക്കാന്‍ തുടങ്ങി. അപ്പോള്‍ പഴയ കിടക്ക വിരിയോ? അത് തലയിണ ഉറയാക്കി. എന്നാല്‍ പിന്നെ പഴയ തലയിണയുറ എന്തു ചെയ്തു? അതാണ് ഇപ്പോള്‍ ചവിട്ടിയായി ഉപയോഗിക്കുന്നത്. പഴയ ചവിട്ടിയോ? അത് നിത്യോപയോഗം കാരണം ഇഴ മാത്രമായി പിരിഞ്ഞിരുന്നു. ആ ഇഴകള്‍ ഊരിയെടുത്ത്, അതുകൊണ്ടാണ് ഇപ്പോള്‍ വിളക്കുതിരി ഉണ്ടാക്കുന്നത്. ബുദ്ധന്‍ പുഞ്ചിരിച്ചു. ശിഷ്യന് പുതിയ പുതപ്പുകിട്ടുകയും ചെയ്തു”. പ്രകൃതിയില്‍ നിന്നും മനുഷ്യന്‍ വിവേചന ബുദ്ധിയില്ലാതെ കവര്‍ന്നെടുക്കുന്നതിനെപ്പറ്റി പറയുമ്പോള്‍ അര്‍വിന്ദ് ഗുപ്ത പലപ്പോഴും പറയുന്ന കഥയാണിത്. Reduce-Reuse-Recycle ഈ മൂന്നു പ്രമാണങ്ങളും പാടെ മറന്നുകൊണ്ടുള്ള ഒരു ജീവിതരീതിയാണല്ലോ ഇന്നത്തെ സമൂഹം അവലംബിക്കുന്നത്. ഉപയോഗിച്ച് വലിച്ചെറിഞ്ഞുകളയുക എന്നത് ഒരു ജീവിത ശൈലിയായി മാറുന്നു. ഉപഭോക്തൃ സംസ്‌ക്കാരം വളരുന്നതിനനുസരിച്ച് അജൈവമാലിന്യങ്ങള്‍ ഭൂമിയില്‍ നിറയുന്നു. വെള്ളവും വായുവും മണ്ണും കൂടുതല്‍ കൂടുതല്‍ മലിനമാകുന്നു. അതനുസരിച്ച് രോഗങ്ങളും വര്‍ദ്ധിക്കുന്നു. പാഴ്‌വസ്തുക്കളില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഉണ്ടാക്കുന്ന ശ്രീ അര്‍വിന്ദ് ഗുപ്തയെ പക്ഷേ ഒരു പരിസ്ഥിതി സംരക്ഷകന്‍ എന്ന ചട്ടക്കൂട്ടില്‍ മാത്രം ഒതുക്കി നിര്‍ത്താനാവില്ല. ശാസ്ത്രജ്ഞന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, അദ്ധ്യാപകന്‍, പ്രകൃതിസ്‌നേഹി, എഴുത്തുകാരന്‍, കുട്ടികളുടെയും കളിപ്പാട്ടങ്ങളുടേയും കൂട്ടുകാരന്‍-അദ്ദേഹത്തിന്റെ ശിരസ്സില്‍ ചാര്‍ത്താവുന്ന പൊന്‍തൂവലുകള്‍ ഏറെയാണ്. പക്ഷേ അയഞ്ഞ പരുക്കന്‍ ഖാദികുര്‍ത്തയും പൈജാമയും ധരിച്ച് തോളിലെ തുണിസഞ്ചിയും മുഖം പ്രകാശിപ്പിക്കുന്ന പുഞ്ചിരിയുമായി സ്‌കൂളുകളിലും, ചേരികളിലും, തെരുവുകുട്ടികള്‍ക്കിടയിലും, അന്താരാഷ്ട്ര സെമിനാറുകളിലും, വിദേശങ്ങളിലെ പ്രൈവറ്റ് സ്‌കൂളുകളിലും ഒരേ അനായാസതയോടെ സഞ്ചരിക്കുന്ന ഈ മനുഷ്യന് വിശേഷണങ്ങളോട് പ്രത്യേകിച്ച് താല്‍പ്പര്യമില്ല. 2018ലെ പത്മശ്രീ പുരസ്‌ക്കാരവും ഇതിനു മുമ്പിലുള്ള മറ്റനേകം പുരസ്‌ക്കാരങ്ങളും അരവിന്ദ് ഗുപ്ത എന്ന മനുഷ്യനെ നിര്‍വ്വചിക്കുന്നുമില്ല. അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍ കടമെടുത്താല്‍ ”എനിക്കിഷ്ടപ്പെട്ടത് ജീവിതം മുഴുവന്‍ ചെയ്യാന്‍ സാധിച്ചതിനാല്‍ ഞാന്‍ ഭാഗ്യവാനാണ്. എനിക്കു കളിക്കാന്‍ ഇഷ്ടമാണ്. ഞാന്‍ ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നു.” 1975 ല്‍ ഇന്ത്യയിലെ ഏറ്റവും പ്രശ്‌സ്തമായ എഞ്ചിനീയറിഗ് കോളേജുകളിലൊന്നായ IIT കാണ്‍പൂരില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമെടുത്ത അര്‍വിന്ദ്ജിക്ക് ഇന്ത്യയില്‍ തന്നെ മികച്ച വേതനമുള്ള തൊഴില്‍ സാധ്യതകള്‍ ഏറെയായിരുന്നു അക്കാദമിക്ക് തലത്തില്‍ ഉയരണമെങ്കില്‍ വിദേശ വിദ്യാഭ്യാസത്തിനുള്ള വഴികളും സുഗമമായിരുന്നു. പക്ഷേ പ്രശസ്തമായ തന്റെ Ted Talk ല്‍ അദ്ദേഹം തന്നെ പറഞ്ഞപോലെ എഴുപതുകള്‍ ലോകമെമ്പാടും വിപ്ലവകരമായ മാറ്റങ്ങളുടെ വര്‍ഷങ്ങളായിരുന്നു. പാരിസില്‍ വിദ്യാര്‍ത്ഥികള്‍ അധികാരത്തെ വെല്ലുവിളിച്ചു കൊണ്ട് നിരത്തിലിറങ്ങി. അമേരിക്കല്‍ ഭരണ കൂടത്തിനെതിരെ ശക്തമായി വിരല്‍ ചൂണ്ടിക്കൊണ്ട് വിയറ്റ്‌നാം അധിനിവേശത്തിനെതിരെയുള്ള പ്രകടനങ്ങളുണ്ടായി. ഇന്ത്യയില്‍ നക്‌സലിസവും ജയപ്രകാശ് നാരായണന്റെ സമ്പൂര്‍ണ്ണ വിപ്ലവവും അലകളായി ഉയര്‍ന്നു. ചിന്താഗതികൊണ്ട് ഗാന്ധിയനും വിശ്വാസപ്രമാണങ്ങളില്‍ സോഷ്യലിസ്റ്റുമായ അരവിന്ദിനും ഈ മാറ്റങ്ങളുടെ കാറ്റില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനായില്ല. രണ്ടു കൊല്ലത്തോളം ടാറ്റാ മോട്ടോഴ്‌സില്‍ ജോലി ചെയ്‌തെങ്കിലും തന്റെ മനസ്സ് ട്രക്കുകള്‍ ഡിസൈന്‍ ചെയ്യുന്നതിലല്ല എന്ന് പെട്ടെന്നദ്ദേഹം തിരിച്ചറിഞ്ഞു. എന്താണ് ചെയ്യേണ്ടത് എന്ന് വ്യക്തമായി അറിയില്ല, പക്ഷേ എന്തു വേണ്ട എന്ന് അറിയുകയും ചെയ്യാം. ആ സമയത്താണ് ‘കാള്‍ടെക്കില്‍’ നിന്നും മോളിക്യൂലര്‍ ബയോളിയില്‍ ബിരുദമെടുത്ത് ഇന്ത്യയില്‍ മടങ്ങിയെത്തിയ അനില്‍ സദ്‌ഗോപാല്‍ ശാസ്ത്ര വിദ്യാഭ്യാസം സാധാരണക്കാരുടെ കുട്ടികളില്‍ എത്തിക്കുന്നതിനുവേണ്ടി നടത്തുന്ന തീവ്രശ്രമങ്ങളില്‍ ആകൃഷ്ടനാകുന്നത്. അങ്ങനെ ജോലിയില്‍ നിന്നും ഒരു വര്‍ഷത്തെ പഠനാവധി എടുത്ത് സദ്‌ഗോപാല്‍ തുടങ്ങിയ ‘കിഷോര്‍ ഭാരതിയില്‍’ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അതിനു തുടര്‍ച്ചയായി, 1978ല്‍, Hstc എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഹോഷിംഗബാദ് സയന്‍സ് ടീച്ചിംഗ് ക്യാമ്പില്‍ വച്ചാണ് തന്റെ വഴി എന്താണ് എന്ന് പൂര്‍ണ്ണമായ ബോദ്ധ്യം അദ്ദേഹത്തിനുണ്ടാകുന്നത്. മദ്ധ്യപ്രദേശ് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെ നടപ്പാക്കിയ Hstc സാധാരണ ഗവണ്‍മെന്റ് പദ്ധതികളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. ഗവണ്‍മെന്റ് സ്‌കൂളുകളില്‍ പാഠ്യപദ്ധതിയുടെ ചട്ടക്കൂടിനുള്ളില്‍ നിന്നു കൊണ്ട് നൂതനമായ പഠനരീതികള്‍ പരീക്ഷിക്കുന്ന ശ്രമം-പാഠങ്ങള്‍ കാണാതെ, പഠിക്കുന്നതിനു പകരം ചെയ്തുപഠിച്ച് ‘കണ്ടു പിടിച്ച്’ അതിനു പിന്നിലുള്ള തത്ത്വം ഹൃദിസ്ഥമാക്കുന്ന രീതി. ചിലവുകുറഞ്ഞതും അതേ സമയം ഗുണമേന്മയില്‍ ഒട്ടും പുറകിലല്ലാത്തതുമായ അനേകം പഠന സഹായികള്‍ അദ്ദേഹം ഡിസൈന്‍ ചെയ്തത് ഈ കാലഘട്ടത്തിലാണ്. ”ഞാന്‍ ഒരു കളിപ്പാട്ടമുണ്ടാക്കലുകാരനാണ്” എന്ന് സ്വയം പരിചയപ്പെടുത്തുന്ന ഈ മനുഷ്യന്‍ പിന്നീട് സ്‌കൂളുകളില്‍ നിന്നും സ്‌കൂളുകളിലേക്കും, ക്ലാസുകളില്‍നിന്നും സെമിനാറുകളിലേക്കും, വിദേശത്തും സ്വദേശത്തും നിരന്തരമായി സഞ്ചരിച്ചു. അര്‍വിന്ദിന്റെ പഴയ പ്രൊഫസറായിരുന്ന എം.എം ചൗധരി അക്കാലത്ത് Ncert യുടെ ജോയിന്റ് ഡയറക്ടറായിരുന്നു. അദ്ദേഹമാണ് ‘തരംഗ്’ എന്ന പേരില്‍ എല്ലാ ഞായറാഴ്ചകളിലും ദൂരദര്‍ശനില്‍ ശാസ്ത്രം ലളിതമായി പ്രതിപാദിക്കുന്ന പരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമൊരുക്കിയത്. ദൂരദര്‍ശന്‍ ചാനല്‍ മാത്രം കിട്ടുന്ന ഇന്ത്യയുടെ പല ഗ്രാമങ്ങളിലും, 13 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഇവ ഇന്നും കാണിക്കുന്നുണ്ട്. 1987ല്‍ പ്രസിദ്ധീകരിക്കപ്പെട്ട Match stick Models and other Experiments എന്ന പുസ്തകത്തിന്റെ അഞ്ചു ലക്ഷത്തില്‍ പരം കോപ്പികള്‍ വിറ്റഴിഞ്ഞു. പത്തു കുഞ്ഞു വിരലുകള്‍, Toys from trash, ഇല കൊണ്ട് ഒരു മൃഗശാല, മുതലായവ പില്ക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ടു. മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികള്‍ക്ക് ഉതകുന്ന പഠനോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ അദ്ധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം നല്‍കുന്ന വര്‍ക്ക്‌ഷോപ്പുകളും അദ്ദേഹം എല്ലാ വര്‍ഷവും നടത്തിയിരുന്നു. 150ല്‍ പരം ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഹിന്ദിയിലേക്ക് തര്‍ജ്ജമചെയ്യാനും അദ്ദേഹം സമയം കണ്ടെത്തി. മികച്ച പൂര്‍വ്വ വിദ്യാര്‍ത്ഥിക്കുള്ള അവാര്‍ഡ് നല്‍കി കാണ്‍പൂര്‍ IIT അദ്ദേഹത്തെ ആദരിക്കുകയുണ്ടായി. തന്റെ മികച്ച ഒരു പഠനോപാധിയായി അദ്ദേഹം വിശേഷിപ്പിക്കുന്നത് അന്ധ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍മ്മിച്ച touching slate ആണ്. സ്ലേറ്റിന്റെ വലിപ്പത്തിലുള്ള ഒരു ചതുരപ്പെട്ടിയുടെ പുറത്ത് വെല്‍ക്രോ ടേപ്പ് ഒട്ടിച്ച് നിറക്കുന്നു. ഒരു ഫിലിം ബോക്‌സിനുള്ളില്‍ കമ്പിളി നൂല്‍ ചുറ്റി ദ്വാരമുള്ള ഒരു കമ്പി കഷണത്തിലൂടെ എടുക്കുന്നതാണ് പേന. ഈ പേന കൊണ്ട് വെല്‍ക്രോ സ്ലേറ്റില്‍ എഴുതുമ്പോള്‍ കമ്പിളി നൂല്‍ ചിത്രങ്ങളും അക്ഷരങ്ങളുമായി വെല്‍ക്രോയില്‍ പറ്റിപ്പിടിക്കുന്ന വളരെ എളുപ്പത്തിലുണ്ടാക്കാവുന്നതും എത്ര പ്രാവശ്യം വേണമെങ്കിലും ഉപയോഗിക്കാവുന്നകുമായ ഒരു ബ്രെയിലി ബോര്‍ഡ് തയ്യാറായി കഴിഞ്ഞു. പന്ത്രണ്ട് ദശലക്ഷം അന്ധരായ കുട്ടികളുള്ള ഇന്ത്യയില്‍ ഇത് എത്രത്തോളം സഹായകരമാകും എന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ.