കറുത്തവന്റെ വിശപ്പ് മഹാപരാധം

കറുത്തവന്റെ വിശപ്പ് മഹാപരാധം

തൊരു കെട്ട കാലമാണ്‌. ജാതിയുടെയും നിറത്തിന്റെയും വിയര്‍പ്പ്‌ നാറ്റത്തിന്റെയും പേരില്‍ മനുഷ്യന്‍ മനുഷ്യനെതിരെ തിരിയുന്ന കെട്ട കാലം. ആര്‍ക്കും ഒരുപദ്രവും ചെയ്യാതെ ജീവിച്ച അഗളി അട്ടപ്പാടി കടുകമണ്‍കോളനിയില്‍ ജനിച്ച മധുവെന്ന വനവാസിയേയാണ്‌ ഫെബ്രുവരി ഇരുപത്തിരണ്ടാം തിയതി ഒരു സംഘം നാട്ടുവാസികള്‍ മോഷണകുറ്റം ആരോപിച്ച്‌ പിടിച്ചുകെട്ടി മര്‍ദ്ദിച്ചത്‌. അക്ഷന്തവ്യമായ കുറ്റമാണ്‌ മധുസൂതനന്‍ എന്ന ഈ യുവാവില്‍ ചാര്‍ത്തപ്പെട്ടത്‌. വിശന്നപ്പോള്‍ ഒരിടത്തുനിന്നും രണ്ടു മൂന്നു പിടിയരിയും പിന്നെ കപ്പക്കിഴങ്ങും മോഷ്ടിച്ചുവെന്നു പറഞ്ഞാണ്‌ ഒരു സംഘം ഈ മാനസിക രോഗിയായ ചെറുപ്പക്കാരന്റെ കൈകള്‍ ബന്ധിച്ച്‌ മര്‍ദ്ദിച്ചത്‌.

നാട്ടുകാരുടെ മര്‍ദ്ദനങ്ങളൊക്കെ നിസംഗതയോടെയാണ്‌ ഇയാള്‍ നേരിട്ടത്‌ എന്നാണ്‌ അറിയുന്നത്‌. തനിക്കു വിശന്നപ്പോള്‍ താന്‍ കവര്‍ന്നെടുത്ത അന്നം ഒരു മോഷണമുതലാണെന്ന്‌ തിരിച്ചറിയാനുള്ള മാനസീകാരോഗ്യം മധുവിനില്ലായിരുന്നു. മധുവിനെ മോഷണകുറ്റം ആരോപിച്ച്‌ മര്‍ദ്ദിച്ചവര്‍ക്ക്‌ വിവേകവുമില്ലായിരുന്നു. വിവേകം നഷ്ടപ്പെട്ട ആള്‍ക്കൂട്ടത്തിന്റെ മനഃശാസ്‌ത്രമാണ്‌ അവിടെ പ്രവര്‍ത്തിച്ചത്‌.

പട്ടിണി കിടന്നും കുളിക്കാതെയും അട്ടപ്പാടിയിലെ ഒരു ഗുഹയില്‍ കഴിഞ്ഞിരുന്ന മധു വിശപ്പ്‌ സഹിക്കാനാവാതെ വരുമ്പോഴാണ്‌ തിരിച്ചറിവില്ലാതെ അങ്ങാടിയിലെത്തുന്നത്‌. കഷ്ടി ഇരുപത്തിയഞ്ചു കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന മധുവിനെ തല്ലണ്ട ഒന്നു തള്ളിയാല്‍ അയാള്‍ താഴെ വീണു മരിക്കുമായിരുന്നു.

Read More subscribe