കേരളസ്‌ത്രീ: വസ്‌ത്രവും സംസ്‌കാരപൈതൃകവും
മനുഷ്യന്റെ സമഗ്രജീവിതത്തെ തന്നെ വിശദീകരിക്കാനുപയുക്തമായ വാക്കാണ് സംസ്‌കാരം. പലതരം അര്‍ത്ഥബന്ധങ്ങളെ ഉണ്ടാക്കുന്ന ക്രിയാത്മകതയാണത്. മനുഷ്യന്‍ സവിശേഷമായി രൂപപ്പെടുത്തിയെടുത്തിട്ടുള്ള സാംസ്‌കാരികശീലങ്ങളില്‍ പ്രധാനമാണ് വസ്‌ത്രം. മനുഷ്യജീവിത തുടര്‍ബന്ധങ്ങളെ സവിശേഷമായി നിര്‍വ്വചിക്കാന്‍ കഴിയുന്ന സാംസ്‌കാരികപ്രകടനോപാധി കൂടിയാണ് വസ്‌ത്രം. ഈ അര്‍ത്ഥത്തില്‍ കേരളത്തിലെ സാമൂഹികജീവിതബന്ധങ്ങളെ നിര്‍ണയിച്ച് നിര്‍വചിച്ച് സാധൂകരിക്കാന്‍ കഴിയുന്ന ഒരു സാംസ്‌കാരപൈതൃകം എന്ന നിലയില്‍ വസ്‌ത്രത്തെ വിശദീകരിക്കാവുന്നതാണ്.
ഏറ്റവും അടുപ്പമുള്ള ഒരു ശില്‍പ്പമായി ശരീരത്തെയും വസ്‌ത്രത്തെയും ഗണിക്കാം. ശൂന്യവാനാകാനും ഉള്ളടക്കം ഏറ്റെടുക്കാനും കഴിവുള്ള ഒരു പ്രതിഭാസമാണ് വസ്‌ത്രം.(വിജയകുമാര്‍ മേനോന്‍: 2011:239). ഈ രീതിയില്‍ പ്രകൃതിയില്‍ നിന്ന് മനുഷ്യനെ വ്യത്യസ്ഥനാക്കുന്ന സാംസ്‌കാരികപ്രകടനമാണ് വസ്‌ത്രം. സംസ്‌കാരത്തിലെ സ്വത്വനിര്‍വ്വചന ഉപാധിയാണത്.
കേരളീയസംസ്‌കാരപൈതൃകമാതൃകകളെ അതിന്റെ നിര്‍മിതിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സൂക്ഷ്‌മബലതന്ത്രങ്ങളെ വിമര്‍ശനാത്മകമായി വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ പൈതൃകനിര്‍മ്മിതിയിലും തിരഞ്ഞെടുപ്പിലും ചില വകഞ്ഞുമാറ്റലുകളും പക്ഷം ചേരലുകളും പ്രകടമാണ്. വസ്‌ത്രം ഒരു വ്യവഹാരമെന്ന നിലയില്‍ കാണുമ്പോള്‍ കേരളത്തിന്റെ പൈതൃകവേഷം എന്ത്? എങ്ങനെ? ആരുടെ? തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. ഈ രീതിയില്‍ വിശദീകരിക്കുമ്പോള്‍ കേരളം, മലയാളി തുടങ്ങിയ കല്‌പിത സങ്കല്‌പനങ്ങള്‍ പോലും ചില അധീശനിര്‍മിതിയുടെ പ്രത്യക്ഷീകരണങ്ങളാണെന്ന് പറയാവുന്നതാണ്. തുടര്‍ച്ചകളിലൂടെ രൂപപ്പെടുത്തി ആഖ്യാനിച്ച് നിര്‍മിച്ചെടുത്ത കേരളീയസംസ്‌കാരം/പൈതൃകത്തിന്റെ സൂക്ഷ്‌മരാഷ്‌ട്രീയം വ്യക്തമാക്കാന്‍ പര്യാപ്‌തമായ ഒരു സാംസ്‌കാരികപ്രകടനവും വ്യവഹാരവുമാണ് വസ്‌ത്രം.
കേരളീയ പൈതൃകവേഷമെന്നനിലയിലുള്ള ഒരു പൊതുസമ്മിതിയുടെ നിര്‍മ്മിതിയെ സംബന്ധിച്ച് പറയുന്നതിന് മുമ്പ് കേരളീയര്‍ക്ക് / കേരളം എന്ന് ഇന്ന് നാം വിളിക്കുന്ന ഭൂപ്രദേശത്ത് അധിവസിച്ചിരുന്നവര്‍ക്ക് എന്തായിരുന്നു വസ്‌ത്രം എന്ന് കേരളത്തിന്റെ സാമൂഹികജീവിതപരിണാമഘട്ടങ്ങളെ മുന്‍നിര്‍ത്തി വിശദീകരിക്കേണ്ടതുണ്ട്.
വേഷം : ജാതിശരീരം
മനുഷ്യശരീരം ഓരോകാലത്തിന്റെയും സാംസ്‌കാരികനിര്‍മിതിയാണ്. ഇങ്ങനെ നിര്‍മിക്കപ്പെട്ട ശരീരത്തിന്റെ സാംസ്‌കാരികപ്രകടനോപാധികളില്‍ പ്രധാനമാണ് വസ്‌ത്രം. ഈ രിതീയില്‍ മനുഷ്യശരീരത്തെ സവിശേഷമായി രൂപകല്‌പന ചെയ്യുന്നത് വസ്‌ത്രമാണ്. വിശേഷലിംഗക്കാര്‍ (Transgender),സ്‌ത്രീ, പുരുഷന്‍, പദവി, അധികാരം തുടങ്ങിയ ശാരീരികവും ഭൗതികവുമായ തലങ്ങളെ നിര്‍വചിക്കാന്‍ വസ്‌ത്രത്തിന് കഴിയുന്നു. ഓരോ ജനവിഭാഗത്തിന്റെയും സാമൂഹികജീവിതം പൊതുവായി തിരിച്ചറിയപ്പെടുന്നത് വസ്‌ത്രധാരണത്തിലെ വൈവിധ്യങ്ങളിലൂടെയാണ്. സ്ഥലം, കാലം, സന്ദര്‍ഭം, സമയം എന്നിവയെല്ലാം ഇതിനെ സ്വാധീനിക്കുന്നവയുമാണ്. ഈ അര്‍ത്ഥത്തില്‍ കേരളത്തിലെ ഒരുകാലഘട്ടത്തിലെ വേഷമെന്നത് ചുട്ടിക്കരത്തോര്‍ത്തോ, മുട്ടിനുതാഴെവരെയുള്ള മുണ്ടോ ആണെന്നതാണ് പ്രത്യേകത. വസ്‌ത്രത്തിന്റെ ഗുണനിലവാരം, ഇഴയടുപ്പം, വിതാനം എന്നിവയും അവ ധരിക്കുന്ന രീതികളും സങ്കീര്‍ണ്ണമായ സാമൂഹിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നു എന്ന് കെ എന്‍ പണിക്കര്‍ പറയുന്നു (സംസ്‌കാരവും ദേശീയതയും:2010:95).
നാടുവാഴിഘട്ടത്തില്‍ ജാതിശരീരങ്ങളായിരുന്ന മനുഷ്യരുടെ ജാതിസംസ്‌കാരത്തിന്റെ പ്രകടനോപാധിയായിരുന്നു വസ്‌ത്രം. ജാതിസംസ്‌കാരത്തിനകത്തു നിന്നു കൊണ്ടാണ് മനുഷ്യശരീരം പോലും നിര്‍മിക്കപ്പെട്ടത്. ജാതിയായിരുന്നു ഈ ഘട്ടത്തില്‍ സാമൂഹികബന്ധങ്ങളെ വരെ നിര്‍ണ്ണയിച്ചിരുന്നത്. ജാതിശ്രേണിക്കനുസരിച്ചുള്ള വസ്‌ത്രധാരണം കൊണ്ട് ഒരാള്‍ ഏത് ജാതിയില്‍ ഏത് നിലയില്‍പ്പെട്ടവനാണെന്ന് ഒരു നോട്ടത്തില്‍ അറിയണമായിരുന്നു. ആ വിധത്തിലേ മുണ്ടുടുക്കലും മേല്‍മുണ്ടിടീലും ആകാവൂ. മുട്ടിനുമേല്‍ വരെ, മുട്ടുവരെ, കണങ്കാലെത്തിച്ച്, ഞെരിയാണി വരെ അങ്ങനെ പ്രത്യേകമായി നിബന്ധനപ്പെടുത്തിയ കീഴ്‌നടപ്പുണ്ടായിരുന്നു. ഈ കീഴ്‌നടപ്പ് അലംഘനീയവുമായിരുന്നു എന്ന് ഭാസ്‌കരനുണ്ണി അഭിപ്രായപ്പെടുന്നു (പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം:2012:61). സാമൂഹിക ജീവിതത്തിന്റെ ബന്ധവ്യത്യാസമനുസരിച്ചുള്ള മേല്‌കീഴ് വ്യത്യാസങ്ങള്‍ വസ്‌ത്രത്തെയും അതത് ജീവിതപരിധിക്കുള്ളില്‍ നിന്നുകൊണ്ടാണ് നിര്‍വചിച്ചത്. ഈ കാലഘട്ടത്തിലെ ശരീരവസ്‌ത്ര ബന്ധം അതിന്റെ സംസ്‌കൃതിയില്‍ ലീനമായ അതിനുതന്നെ നിശ്ചയമേതുമില്ലാത്ത വിലക്കുകളാലും കല്‌പനകളാലും നിര്‍ണ്ണയിക്കപ്പെട്ടതായിരുന്നു എന്ന് കെ എന്‍ പണിക്കര്‍ സൂചിപ്പിക്കുന്നു (അതേ പുസ്‌തകം: 2010: 96). തങ്ങളുടെ ശരീരത്തെ ഒരു ജാതിസംസ്‌കാരത്തിനകത്തു നിന്ന് പ്രദര്‍ശിപ്പിച്ച ജനതക്ക് എന്ത് വസ്‌ത്രം, എങ്ങിനെ ആവിഷ്‌കരിക്കണമെന്ന സ്വയം ബോധംപോലും ഉണ്ടായിരുന്നില്ല. അധികാരം കല്‌പിക്കുന്ന രീതിയില്‍ ജിവിച്ചവരായിരുന്നു നാടുവാഴിഘട്ടത്തിലെ ജനത. അതുകൊണ്ട് തന്നെ മോടിയായി വ്‌സത്രധാരണം ചെയ്യുന്ന അറബികളെയും ചൈനക്കാരെയും നിരന്തരം കാണാന്‍ കഴിഞ്ഞ സാഹചര്യത്തിലും നമ്മുടെ പ്രഭുവര്‍ഗ്ഗങ്ങള്‍ക്കുപോലും ഈ തോര്‍ത്തുമുണ്ട് പോരെന്നു തോന്നാത്തതിനുള്ള കാരണം ജാതിവ്യവസ്ഥിതി കൊണ്ടുണ്ടായ മാനസിക മരവിപ്പാണ് എന്ന് പി കെ ബാലകൃഷ്‌ണന്‍ അഭിപ്രായപ്പെടുന്നു (ജാതിവ്യവസ്ഥയും കേരളചരിത്രവും: 2012: 307). ഈ നിലയില്‍ നാടുവാഴിഘട്ടത്തിലെ ജാതിവ്യവസ്ഥയെ സാധൂകരിക്കുന്ന വ്യവഹാരങ്ങളിലൊന്നായിരുന്നു വസ്‌ത്രം. Read More subcribe
Close Window
Loading, Please Wait!
This may take a second or two.