വിദ്യാലയവാതിൽക്കൽ എത്തുംമുൻപേ

Date:

വിദ്യാലയവാതിൽക്കൽ എത്തുംമുൻപേ
ഡോ.  അജയ് നാരായണൻ

സമകാലിക വിദ്യാഭ്യാസരംഗം പി.എം. ശ്രീ (PM SHRI) പോലുള്ള നയങ്ങളെച്ചൊല്ലിയുള്ള രാഷ്ട്രീയസംവാദങ്ങളാൽ മുഖരിതമാണ്. എന്നാൽ, കേന്ദ്ര-സംസ്ഥാന തർക്കങ്ങൾക്കപ്പുറം, വിദ്യാഭ്യാസത്തിന്റെ യഥാർഥ അടിത്തറ രൂപപ്പെടുന്നത് എവിടെയാണ്? ഒരു കുട്ടി ഔദ്യോഗികമായി വിദ്യാലയത്തിലെത്തുന്നതിനും വളരെ മുൻപ്, തന്റെ വീടുകളിൽനിന്നും ചുറ്റുപാടുകളിൽനിന്നും അറിവിന്റെ ആദ്യപാഠങ്ങൾ സ്വായത്തമാക്കുന്നുണ്ട്. ഈ പ്രാരംഭപഠനത്തിന്റെ (pre-primary learning) പ്രാധാന്യവും, കുട്ടികളുടെ മാനസികവും ബൗദ്ധികവുമായ വളർച്ചയിൽ മാതാപിതാക്കൾക്കും സമൂഹത്തിനുമുള്ള നിർണായക പങ്കും വിശകലനം ചെയ്യുകയാണ് ഈ ലേഖനം.

സമകാലിക വിദ്യാഭ്യാസ സംവാദങ്ങളിൽ വലിയ ചർച്ചകൾക്കും ആശങ്കകൾക്കും തിരികൊളുത്തിയിരിക്കുകയാണല്ലോ പി.എം. ശ്രീ (PM SHRI) പദ്ധതി. കാലത്തിനൊത്തുള്ള മാറ്റങ്ങൾ വിദ്യാഭ്യാസനയങ്ങളിൽ ഉണ്ടായാൽമാത്രമേ ഏതൊരു രാഷ്ട്രത്തിന്റെയും വ്യക്തിയുടെയും സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം സാധ്യമാകൂ എന്നിരിക്കിലും പി.എം. ശ്രീ കേരളത്തിൽ ഉയർത്തിയ ഓളം ചെറുതല്ല.

വിദ്യാഭ്യാസം കേന്ദ്രിതമാവുകയും പാഠ്യപദ്ധതി അതിനനുസരിച്ച് രൂപപ്പെടുകയും ചെയ്യുമ്പോൾ, ക്ലാസ്സ് മുറികളിൽ പകർന്നുകൊടുക്കുന്ന വിജ്ഞാനം എന്തെന്നും എപ്രകാരമെന്നും അതിന്റെ ഗുണഭോക്താക്കൾ (Stakeholders) അറിയേണ്ടതുണ്ട്. അതിനു സഹായകമാകുംവിധമാവണം വിദ്യാഭ്യാസനയങ്ങൾ രൂപപ്പെടുത്തേണ്ടതും. എന്നിരിക്കെ, അതിന്റെ ആത്യന്തികമായ ചുമതലയും ബാധ്യതയും രാഷ്ട്രീയമായി കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ എന്ന ചോദ്യം നിരന്തരം ഉയർത്തിക്കൊണ്ടും പുതിയ രാഷ്ട്രീയമാനങ്ങൾ കലർത്തിക്കൊണ്ടുമാണ് പി.എം. ശ്രീയുടെ വരവ്.

ഉത്തരവാദിത്വമുള്ളവരായി ഇന്ത്യയിലെ ഓരോ പൗരനും വളരണം എന്നതാണ് വിദ്യാഭ്യാസനയത്തിന്റെ പ്രാഥമിക ലക്ഷ്യം. സമൂഹത്തിനുവേണ്ടി ഒരു പൗരന് എന്തെല്ലാം ചെയ്യാൻ കഴിയും, കഴിയണം എന്നതോടൊപ്പം സമൂഹത്തിനു ഓരോ പൗരനും എങ്ങനെയെല്ലാം പ്രയോജനപ്പെടും എന്നതും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമാണ്.  ഇങ്ങനെ, കൊണ്ടും കൊടുത്തുമാണ് സമൂഹവും പൗരനും മുന്നോട്ടു നീങ്ങുന്നത്.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും, കുട്ടികളുടെ ശേഷികൾക്കനുസരിച്ച് പഠനരീതി പരിഷ്കരിക്കാനും ശ്രമിക്കുന്ന ഒരു നയമാണ് കേരള സർക്കാരിനുള്ളത്‌. സംസ്ഥാനത്തിനും സംസ്ഥാനത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും ഇതിനുവേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുവാനുള്ള അവകാശവും ഉണ്ട്. ഇന്ത്യൻ സർക്കാരിന്റെ വിദ്യാഭ്യാസ നയവുമായി (NEP 2020) സമന്വയിച്ചാണ് കേരളത്തിലും നമ്മുടെ വിദ്യാഭ്യാസസമിതി പ്രവർത്തിക്കുന്നത്. മറ്റു സംസ്ഥാനങ്ങളുമായി തട്ടിച്ചുനോക്കിയാലും നമ്മുടെ സംസ്ഥാനം മുൻപന്തിയിലുണ്ടുതാനും.

പ്രീ-പ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെ സമഗ്രവും തുല്യവുമായ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് കേന്ദ്രിതപദ്ധതിയായ സമഗ്രശിക്ഷയുടെ പ്രധാന ലക്ഷ്യം. അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, അധ്യാപകപരിശീലനം, പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ പിന്തുണയ്ക്കൽ എന്നിവയിൽ ഈ നയം ശ്രദ്ധകേന്ദ്രീകരിക്കുന്നുമുണ്ട്. 10+2 എന്ന മുൻ വിദ്യാഭ്യാസനയത്തെ പിന്തള്ളിയാണ് ആധുനിക സമൂഹത്തെ അടിമുടി വാർത്തെടുക്കേണ്ടതിന്റെ ഭാഗമായി 5+3+3+4 എന്ന ക്രമത്തിൽ പ്രീപ്രൈമറിയിൽത്തുടങ്ങി 15 വർഷങ്ങളോളം നീണ്ടുനിൽക്കുന്ന ഈ വാർത്തെടുക്കൽ പ്രക്രിയ നടപ്പിലാക്കുവാൻ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇക്കാര്യത്തിൽ സംശയമില്ലെങ്കിലും സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്തും (അതിലൂടെ സമൂഹത്തെയും) സഹകരിച്ചുമാണ് പുതിയ നയങ്ങൾ അതിന്റെ ഗുണഭോക്താക്കളിലേക്ക് എത്തേണ്ടതെങ്കിലും രാഷ്ട്രീയകാരണങ്ങളാൽ അങ്ങനെയല്ല സംഭവിക്കുന്നത്. എന്നിരിക്കിലും,  തന്റെ മക്കളെ ആദ്യമായി സ്കൂളിലേക്ക് കൈപിടിച്ചെത്തിക്കുന്ന മാതാപിതാക്കളുടെ മനോവ്യാപാരം എന്തെന്നു ഊഹിക്കാമോ?

ഈ ലേഖകൻ ഇവിടെ കാതലായി കാണുന്നത്, വിദ്യാഭ്യാസത്തിൽ രാഷ്ട്രത്തിന്റെ നേരിട്ടുള്ള ചുമതലയും നേരിട്ടല്ലാതെയുള്ള മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങളും ആണ്. 90-കളുടെ ആരംഭംമുതലേ വിപ്ലവാത്മകമായ മാറ്റങ്ങൾ കേരളവിദ്യാഭ്യാസത്തിലുണ്ടായിത്തുടങ്ങി.  സമ്പൂർണസാക്ഷരത കൈവരിച്ച ആദ്യ സംസ്ഥാനമായി കേരളം മാറി.  പ്ലസ് ടു എന്ന വിദ്യാഭ്യാസരീതിയും 90-കളിൽ നടപ്പിലായപ്പോൾ സമരമുഖങ്ങളിൽ വിദ്യാർഥിസംഘടനകളും മുഖ്യധാരാ രാഷ്ട്രീയസംഘടനകളും ഉണ്ടായിരുന്നു. കാലക്രമേണ, പ്ലസ് ടു സിസ്റ്റം കേരളത്തിന്റെ നാഡിഞരമ്പുകളിൽ വേരോട്ടം തുടങ്ങി. മാറിവരുന്ന കാലത്തിനനുസരിച്ച് തീർച്ചയായും വിദ്യാഭ്യാസനയങ്ങളിൽ മാറ്റം ഉണ്ടാകുമ്പോൾ സമൂഹത്തെ ഒന്നാകെ വിശ്വാസത്തിൽ എടുക്കുകയും വേണം.

ഇന്ത്യയുടെ വിദ്യാഭ്യാസനയത്തിൽ നെടുംതൂണുകളായി വർത്തിക്കുന്നത്‌, (i) അവസരം, (ii) തുല്യനീതി, (iii) ഗുണമേൻമ, (iv) എല്ലാവർക്കും അവസരമൊരുക്കുന്ന വിധം താങ്ങാവുന്ന ചെലവ് (v) ഉത്തരവാദിത്വം തുടങ്ങിയവയാണ്. ഈ തൂണുകളുടെ ബലത്തിലാണ് ഇന്ത്യയിൽ വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പുവരുത്തുന്നത്‌. സാങ്കേതികവിദ്യയുടെ വരവോടെയും കാലാനുഗതമായ പഠനരീതിയിലൂടെയും അധ്യാപകന്റെ ധര്‍മ്മവും വിദ്യാർഥിയുടെ മനോഭാവവും മാറിയിട്ടുണ്ട് എന്നതിനാൽ, അവയെല്ലാം ഉൾക്കൊണ്ടേ പഠനരീതി (Learning and Teaching Methodology)  രൂപപ്പെടുത്തുവാൻ സാധ്യമാകൂ. Rote learning (കാണാപാഠം പഠിക്കുന്ന രീതി) ക്ലാസ്സുമുറികളിൽ ഇല്ലാതായിട്ട് വർഷങ്ങൾ ഏറെയായല്ലോ.

പഠനം എന്നത് പ്രായോഗികമായ അറിവു സമ്പാദിക്കുക എന്നതോടൊപ്പം സമൂഹത്തിന്റെ വളർച്ചയുടെ ഭാഗമാവുക എന്നതുമാണ്.  അതിൽ ജീവിതമൂല്യവും സ്വഭാവ-പെരുമാറ്റരീതിയും തൊഴിലുറപ്പിലേക്കുള്ള വൈദഗ്ധ്യവും അനുയോജ്യമായത്‌ തിരഞ്ഞെടുക്കാനുള്ള അറിവുമെല്ലാം (വകതിരിവും) പെടും.  അതുകൊണ്ടുതന്നെ, പഠനം എന്ന പ്രക്രിയ ജൈവികവുമാണ്, സമഗ്രവുമാണ് എന്നതിനാൽ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളർച്ചയിൽ മാതാപിതാക്കളുടെ ഉത്തരവാദിത്വം എന്തെന്നും കുട്ടികൾ pre-primary education ന്റെ ഭാഗമാവും മുൻപ് വീട്ടിൽനിന്നും ചുറ്റുവട്ടത്തിലെ മറ്റു കുട്ടികളിൽനിന്നും എന്താണ് പഠിക്കുന്നത് എന്നും അറിയേണ്ടതുണ്ട്.

ഇതു സംബന്ധിച്ച് IPIPs (International Performance Indicators in Primary Schools) എന്നൊരു സംഘടന നടത്തിയ ഗവേഷണങ്ങളുടെ ഭാഗമായി തെക്കൻ ആഫ്രിക്കയിലെ ലെസോത്തോ (Lesotho) ഉൾപ്പെടെയുള്ള പഠനം നടത്തുവാനുള്ള അവസരം ഈ ലേഖകന് ഉണ്ടായിരുന്നു. ഇംഗ്ലണ്ട്,  സ്കോട്ട്ലൻഡ്, ദക്ഷിണാഫ്രിക്ക, ലെസോത്തൊ തുടങ്ങി അനേകം രാജ്യങ്ങളിൽ IPIPs ഗവേഷണങ്ങൾ നടത്തുകയും പ്രബന്ധങ്ങൾ സർക്കാരിനും വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഒരു ശിശു, വിദ്യാലയത്തിന്റെ ഔപചാരികമായ പഠനാന്തരീക്ഷത്തിലേക്കും അക്ഷരലോകത്തേക്കും പ്രവേശിക്കുന്നതിനു മുന്നോടിയായി, തന്റെ ഗൃഹാന്തരീക്ഷത്തിൽനിന്നും ചുറ്റുപാടുകളിൽനിന്നും എന്തെല്ലാം അറിവുകളാണ് സ്വായത്തമാക്കുന്നത് എന്ന് നിർണയിക്കുകയായിരുന്നു, ഞങ്ങളുടെ പഠനത്തിന്റെ കാതൽ. ഈ പ്രാരംഭ വിജ്ഞാനത്തിന്റെ തോത് അളക്കുന്നതിനായി ഞങ്ങൾ ഒരു പ്രത്യേക ചോദ്യാവലി രൂപകല്പനചെയ്തു. തുടർന്ന്, കുട്ടികൾ തങ്ങളുടെ പ്രഥമ അധ്യയനവർഷം പൂർത്തിയാക്കുന്ന വേളയിൽ, അതേ ചോദ്യാവലിയുടെ സഹായത്തോടെ അവരുടെ അക്കാദമികപുരോഗതി ഞങ്ങൾ പുനർനിർണയം നടത്തി. ഈ രണ്ടു ഘട്ടങ്ങളിലെയും (Pre-test and Post-test) വിവരങ്ങളെ ആസ്പദമാക്കി ഒരു താരതമ്യപഠനം നടത്തുകയും, ലഭ്യമായ വിവരങ്ങൾ സൂക്ഷ്മമായ അപഗ്രഥനത്തിന് വിധേയമാക്കുകയും ചെയ്യുന്ന ഒരു ഗവേഷണ രീതിശാസ്ത്രമാണ് ഞങ്ങൾ അവലംബിച്ചത്.

ഇതിനു സമാന്തരമായി, ഈ പ്രക്രിയയിലുടനീളം കുട്ടികളുടെ രക്ഷിതാക്കളുടെയും അധ്യാപകരുടെയും നിരീക്ഷണങ്ങളും വിലയിരുത്തലുകളും ക്രോഡീകരിക്കുകയുണ്ടായി. ഈ ഗവേഷണത്തിലൂടെ ഉരുത്തിരിഞ്ഞ സുപ്രധാനമായ കണ്ടെത്തലുകളും അതിന്റെ ഗുണഫലങ്ങളും ഞങ്ങൾ സർക്കാരിന്റെയും മറ്റു ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങളുടെയും ശ്രദ്ധയിൽപ്പെടുത്തി. ഞങ്ങളുടെ ഈ പഠനത്തിന്റെ പരിണതഫലമായി, ലോകത്തെ പല രാഷ്ട്രങ്ങളും ‘പ്രീ-സ്കൂളിംഗ്’ അഥവാ വിദ്യാലയപൂർവ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഉചിതമായ നയരൂപീകരണം നടത്തുകയും, നിലവിലെ പാഠ്യപദ്ധതി അതിനനുസൃതമായി പരിഷ്കരിക്കുകയും ചെയ്തു എന്നത് ഈ സംരംഭത്തിന്റെ ഏറ്റവും വലിയ വിജയമായി ഞങ്ങൾ കണക്കാക്കുന്നു. ലെസോത്തോയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ ഒന്നാം ക്ലാസിലേക്ക് പ്രത്യേകമായ പാഠപുസ്തകം ഇറക്കുകയും അധ്യാപകരെ അത്‌ ഉപയോഗിക്കുവാൻ പ്രാപ്തരാക്കുകയും ചെയ്തു.

പറഞ്ഞുവരുന്നത്,  കുട്ടികളുടെ മാനസികമായ വളർച്ചയ്ക്ക് വീടും പരിസരവും ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട് എന്നതാണ്.  ഇക്കാര്യത്തിൽ ഇന്ത്യൻ വിദ്യാഭ്യാസവിചക്ഷണർക്കും മറിച്ചൊരു അഭിപ്രായം ഉണ്ടാവില്ലെന്നു കരുതുന്നു. ഞങ്ങൾ ലെസോത്തോയിൽ നടത്തിയ ഗവേഷണത്തിന്റെ ഫലമായി അധ്യാപകരുടെ പഠിപ്പിക്കുന്ന ശൈലിയിലും മാറ്റം ഉണ്ടായി.  ഓരോ കുഞ്ഞും കടന്നുവന്ന അന്തരീക്ഷം,  ജീവിതസാഹചര്യം ആ കുഞ്ഞിന്റെ മേലോട്ടുള്ള വളർച്ചയെ സ്വാധീനിക്കുന്നു എന്ന അറിവിന്റെ വെളിച്ചത്തിൽ പഠനരീതിശാസ്ത്രം (Teaching Methodology) രൂപപ്പെടുത്തുവാൻ അധ്യാപകർക്ക് സാധ്യമായി എന്നതാണ് IPIPs എന്ന സംരംഭത്തിന്റെ ഒരു പ്രയോജനം.

നമ്മുടെ ജീവിതാന്തരീക്ഷവും പഠനാന്തരീക്ഷവും വ്യത്യസ്തമാണെന്നു വാദിക്കാമെങ്കിലും പഠിക്കുവാനുള്ള മനുഷ്യക്കുഞ്ഞുങ്ങളുടെ ജന്മസിദ്ധമായ ത്വര എല്ലായിടത്തും ഒരുപോലെയാണല്ലോ. ചുരുക്കിപ്പറഞ്ഞാൽ,  മാറിവരുന്ന കാലഘട്ടത്തിൽ ഇന്ത്യയിലെ എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരങ്ങളും തുല്യനീതിയും കൈവരണം എന്ന ലക്ഷ്യസാധ്യത്തിന് ഒരുപാടുദൂരം ഇനിയും സഞ്ചരിക്കേണ്ടതുണ്ട്. ആ ദൂരം താണ്ടുവാൻ സാങ്കേതികവിദ്യ മാത്രം പോരതാനും. സ്വകാര്യ സ്കൂളിലായാലും സർക്കാർ വക സ്‌കൂളിലായാലും വൻനഗരത്തിലെയോ കുഗ്രാമത്തിലെയോ കുട്ടികളായാലും അവർക്കെല്ലാം ഒരേ നീതിയും ഒരേ അവസരവും കൈവരാൻ സമൂഹം നിശ്ചയദാർഢ്യത്തോടെ ആർജവത്തോടെ ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങണം.  അതിനുള്ള നേതൃത്വമഹിമയാണ് രാഷ്ട്രീയനേതാക്കളും കേന്ദ്രസംസ്ഥാന സർക്കാരുകളും കാട്ടേണ്ടതും.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ് കാലികമായ സാങ്കേതികവിദ്യയിലൂടെ സംഭവിക്കുന്ന വിപ്ലവം. കോവിഡിന്റെ പരമപ്രധാന സംഭാവന ഏതെന്നു ചോദിച്ചാൽ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്ന വിദ്യാഭ്യാസമാതൃകയുടെ മതിലുകൾ പൊളിച്ചും ഹൈബ്രിഡ് രീതിയിൽ ടെക്നോളജിയുടെ സഹായത്തോടെയും പഠനം കൂടുതൽ പ്രായോഗികമായി എന്നതാണ്. നിർമിതബുദ്ധിയുടെ (AI) സഹായത്തോടെ പഠനം എന്ന ജൈവിക പ്രക്രിയ സംഭവിക്കുന്ന കാലം വിദൂരമല്ലതന്നെ.

പി.എം. ശ്രീ വിഭാവനംചെയ്യുന്ന വിദ്യാഭ്യാസപദ്ധതിയിൽ, ഓരോ കുട്ടിയുടെയും പശ്ചാത്തലവും അവർ വളരുന്ന ചുറ്റുപാടുകളും പരിഗണിച്ച്, അവരെ സാമൂഹികോന്മുഖമായി വാർത്തെടുക്കാൻ 5+3+3+4 എന്ന നയം നടപ്പിലാക്കുന്നത്, സമൂഹത്തിന്റെയും വരുംതലമുറയുടെയും പുരോഗതിക്ക് സഹായകമാവുമെന്നു മാത്രമല്ല, രക്ഷിതാക്കളുടെ സജീവ പങ്കാളിത്തത്തോടെയുള്ള ഒരു ജൈവിക വിദ്യാഭ്യാസ പ്രക്രിയയ്ക്ക് രൂപം നൽകുകയും ചെയ്യും.

(ലേഖകന്‍, ലെസോത്തോയിൽ മുപ്പതുവർഷം അധ്യാപകനായിരുന്നു. ഡർഹാം യൂണിവേഴ്സിറ്റിയിൽ പ്രൈമറി വിദ്യാർഥികളുടെ പഠനശേഷിയെക്കുറിച്ച് ഗവേഷണം നടത്തുകയുണ്ടായി.)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വഴിപിഴയ്ക്കുന്ന മോദിസർക്കാർ – എൻ.പി. ചെക്കുട്ടി

അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല....

വിപ്ലവത്തിന്റെ കാൽപ്പെരുമാറ്റം – സെഡ്രിക് പ്രകാശ്

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ യുവത തെരുവിലിറങ്ങുമ്പോൾ, അതൊരു പുതുചരിത്രത്തിന്റെ പിറവിയാകുന്നു....

സെൻസർഷിപ്പ് എഴുത്തിലെ ഫയർ നഷ്ടമാക്കും – വി. ആർ. സുധീഷ് / ഡോ. സ്മിത ജി. നായർ

അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ...

വേണം, വികസനത്തോടൊപ്പം സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

ലാഭക്കൊതിയിൽ മാത്രം വേരൂന്നിയ കമ്പോളയുക്തികളല്ല, താഴെത്തട്ടിലുള്ള മനുഷ്യരുടെ അതിജീവനമാണ് യഥാർഥവികസനം. പ്രകൃതിയെയും...