ജനാധിപത്യം ശക്തിപ്പെടാൻ മുദ്രാവാക്യങ്ങൾ കവിതകളാകണം – ജെ. പ്രഭാഷ്

Date:

അധികാരത്തിന്റെ ഉന്മാദങ്ങൾ മനുഷ്യപ്രജ്ഞയെ കീഴ്പ്പെടുത്തുകയും, മൗനം ഒരു സാർവത്രികശീലമായി മാറുകയുംചെയ്യുന്ന കെട്ടകാലത്ത് വിയോജിപ്പുകൾ കേവലം രാഷ്ട്രീയമല്ല; അതൊരു അസ്തിത്വപരമായ ആവശ്യമാണ്. ഭരണകൂടം പൗരനെ വെറും കാഴ്ചക്കാരനാക്കി ചുരുക്കുകയും ജനാധിപത്യത്തെ വെറുമൊരു തിരഞ്ഞെടുപ്പുത്സവമായി വഴിതിരിച്ചുവിടുകയും ചെയ്യുന്ന ഈ ദുരന്തപർവത്തെക്കുറിച്ചുള്ള ഗാഢമായ ഒരു വിചാരമാണ് ഈ ലേഖനം. ചോദ്യങ്ങൾ ചോദിക്കാൻ മറന്നുപോയ ഒരു ജനത, തങ്ങളുടെ തന്നെ മൗനംകൊണ്ട് ജനാധിപത്യത്തെ എങ്ങനെ ശവപ്പറമ്പാക്കുന്നു എന്നതിന്റെ ദാർശനികമായ അന്വേഷണം.

അധികാരത്തെ മൂല്യമായി തെറ്റിദ്ധരിച്ചിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇക്കാര്യത്തിൽ ജനാധിപത്യമെന്നോ സമഗ്രാധിപത്യമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല, അഥവാ ഉണ്ടെങ്കിൽത്തന്നെ അത് അതീവ ദുർബലമായിരിക്കുന്നു. കാരണം, ജനാധിപത്യത്തിൽ പോലും അധികാരികൾ സ്വയം പൗരധർമത്തിനും ഭരണഘടനാസ്ഥാപനങ്ങൾക്കും മുകളിലായി പ്രതിഷ്ഠിച്ചിരിക്കുന്നു. ‘അസ്വാതന്ത്ര്യത്തിന്റെ പ്രവാചകരായി’ അവർ നിൽക്കുന്നു. ഇവരും അനുചരവൃന്ദങ്ങളും നിയമവാഴ്ചയ്ക്ക് മുകളിലും സാധാരണ ജനങ്ങൾ അതിനുള്ളിലുമാണ് ജീവിക്കുന്നത്. ഭരണകർത്താക്കൾക്ക് അവർ നിർമിക്കുന്ന നിയമങ്ങൾ പോലും ബാധകമാകുന്നില്ല. മാക്യവെല്ലി നാട്ടരചനു നൽകിയ ഉപദേശം ഓർമവരുന്നു: “അധികാരം വേണമെങ്കിൽ നിങ്ങൾ അതു പിടിച്ചെടുക്കണം; നെറിയും നാണവുമില്ലാതെ, ധർമാധർമങ്ങളെക്കുറിച്ച് വേപഥുകൊള്ളാതെ. ലക്ഷ്യം മാർഗത്തെ ന്യായീകരിച്ചുകൊള്ളും.” അപവാദങ്ങൾ മാറ്റിവച്ചാൽ, ലോകത്തെമ്പാടുമുള്ള ഭരണകൂടങ്ങൾ സഞ്ചരിക്കുന്നത് ഇതേ മാർഗത്തിലൂടെയാണ്. ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം.

വിയോജിക്കാനുള്ള അവകാശം

പൗരത്വത്തിന്റെ ഏറ്റവും മഹത്തായ ഭാവമാണ് വിയോജിക്കാനുള്ള അവകാശം. അഭിപ്രായസ്വാതന്ത്ര്യത്തിൽനിന്നാണ് ഇത് ഉത്ഭവിക്കുന്നത്. ജീവിച്ചിരിക്കുന്നവർ സംസാരിക്കണമെന്നത് പ്രകൃതിനിയമമാണ്. മനുഷ്യന്റെ ഉറക്കംപോലും ചിലപ്പോൾ ഉറക്കെയാവാറുണ്ടെന്ന കാര്യം ഓർക്കുക. കൂർക്കം വലിക്കുമ്പോൾ നാം അതാണല്ലോ ചെയ്യുന്നത്. മരിച്ചവരെ മാത്രമേ ഈ സാർവലൗകിക തത്ത്വത്തിൽനിന്ന് പ്രകൃതി മാറ്റിനിറുത്തുന്നുള്ളൂ. ഇതിനർഥം ജീവിച്ചിരിക്കുന്നവരെ മൗനികളാക്കുന്നതെന്തും പ്രകൃതിനിയമത്തിന്റെ നിരാസമാണെന്നാണ്. ജനാധിപത്യത്തിലേക്കു വന്നാൽ, പൗരന്മാർ മൗനികളായാൽ, വിമർശനചിന്ത വെടിഞ്ഞാൽ, അവർ വെറും കേൾവിക്കാരും കാഴ്ചക്കാരുമായി മാറും. ഒരുതരം സ്വപ്നാടന ജീവിതമാകും പിന്നീട്. ഇതോടെ, അവർ രാഷ്ട്രീയജീവികൾ അല്ലാതാകും, ജനാധിപത്യം ഇല്ലാതാകും. കാരണം, അതു (ജനാധിപത്യം) നിലനിൽക്കുന്നത് പൗരസമൂഹത്തിന്റെ രാഷ്ട്രീയബോധ്യത്തിലാണ്. ജനാധിപത്യമെന്നത് ‘തിരഞ്ഞെടുപ്പാണ’ല്ലോ, ‘തിരഞ്ഞെടുപ്പ്’ ആകട്ടെ ഒരു രാഷ്ട്രീയ തീരുമാനവും (Democracy is a choice and choice is a political decision). ഇതു ഭരണാധിപന്മാരെ തിരഞ്ഞെടുക്കുന്നതിൽ മാത്രം ഒതുങ്ങുന്നുമില്ല. ഇഷ്ടമുള്ള ഭാഷ, മതം, വിദ്യാഭ്യാസം, ഭക്ഷണം, വേഷഭൂഷാദികൾ, ചിന്ത, അഭിപ്രായപ്രകടനം, നയങ്ങൾ, രാഷ്ട്രീയം, സംസ്കാരം തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. അതുകൊണ്ടാണ് വിയോജിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ കാതലായി മാറുന്നത്.

മറുവശത്ത്, വിയോജിപ്പിന്റെ അടിസ്ഥാനം ചിന്തയാണ്. ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങുന്നിടത്തുനിന്നാണ് ഇതാരംഭിക്കുന്നത്. ചോദ്യങ്ങൾ ചോദിക്കുമ്പോൾ ചിന്ത വേവുന്ന തലയും തലച്ചോറുമുണ്ടാവുന്നു, തലച്ചോറ് ചട്ടിയിലെ ചോറിൽനിന്ന് വ്യത്യസ്തമാവുന്നു, മനസ്സിന്റെ സ്വരാജിന് (the swaraj of the mind) വഴിതെളിക്കുന്നു. അതൊടുവിൽ ചെന്നെത്തുന്നത് ഭരണകൂടത്തിന്റെ ശരിതെറ്റുകളുടെ കണക്കെടുപ്പിലാണ്. ഇതാണ് സോക്രട്ടീസും ഗാന്ധിജിയും ചെയ്തത്. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണല്ലോ പുരാതന ഗ്രീസ്. അവിടത്തെ എഴുത്തുകാരും ചിന്തകരും ഭരണകൂടത്തോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. ഷേക്സ്പിയറുടെ ഹാംലെറ്റിലെ കഥാപാത്രമായ മാർസെല്ലസിനെ (Marcellus) പോലെ, “ഡെൻമാർക്കിൽ എന്തോ ചീഞ്ഞുനാറുന്നു” എന്നു പറഞ്ഞുകൊണ്ടിരുന്നു.

ഇന്ത്യയ്ക്കും ഇത്തരമൊരു മഹത്തായ പാരമ്പര്യമുണ്ടായിരുന്നു എന്ന വസ്തുതയും അവശേഷിക്കുന്നു. ഇതു മനസ്സിലാക്കാൻ നാം ഇന്ത്യൻ തത്ത്വചിന്തയിലേക്കൊന്നും പോകേണ്ടതില്ല. രാമായണവും മഹാഭാരതവും മനസ്സിരുത്തി വായിച്ചാൽ മതി. ശരിയും തെറ്റും, നന്മയും തിന്മയും എന്താണെന്ന ധർമസങ്കടവും അതിനെക്കുറിച്ചുള്ള സുദീർഘമായ സംവാദവുമാണ് രാമായണകഥയുടെ ആണിക്കല്ല്. ‘ധർമത്തെ’ നിർവചിക്കുന്നതിലെ ബുദ്ധിമുട്ടായി ഇതു മറ്റൊരു രീതിയിൽ മഹാഭാരതത്തിലും പ്രത്യക്ഷപ്പെടുന്നു. അതുകൊണ്ടാണ് കൃഷ്ണൻ ‘സ്വധർമ’ത്തെക്കുറിച്ച് പറയുന്നത്. സംശയം വേണ്ട, അത് (സ്വധർമം) അവനവന്റെ ജാതിയോ മതമോ ഒന്നുമല്ല. പിന്നെയോ, ധർമത്തെക്കുറിച്ചുള്ള ഓരോരുത്തരുടെയും സങ്കല്പവും ബോധ്യവുമാണ്. ശരിയും തെറ്റും വേർതിരിച്ചറിയാനുള്ള മനുഷ്യമനസ്സിന്റെ സ്വയംഭരണം. ഇവിടെയാണ് മുൻപ് സൂചിപ്പിച്ച ചിന്തയും വിമർശനവും അഭിപ്രായസ്വാതന്ത്ര്യവും പ്രസക്തമാകുന്നത്.

ഇതു രാഷ്ട്രനിർമാണ പ്രവർത്തനത്തിന്റെ ഭാഗവുമാണ്, ബഹുസ്വരസമൂഹത്തിൽ വിശേഷിച്ചും. അത്തരം സമൂഹത്തിൽ രാഷ്ട്രനിർമാണം വളരെ സങ്കീർണവും വിഷമകരവുമായ ഏർപ്പാടാണ്. എല്ലാ സംസ്കാരങ്ങൾക്കും വിശ്വാസങ്ങൾക്കും ജനവിഭാഗങ്ങൾക്കും തുല്യപരിഗണനയും പൗരന്മാർക്ക് ഭേദചിന്തയില്ലാതെ അർഹിക്കുന്ന സ്ഥാനവും നൽകേണ്ടതുണ്ട്. അംബേദ്കർ ഏറ്റവുമധികം ഊന്നൽ നൽകിയ വിഷയമാണിത്. അദ്ദേഹം മുന്നോട്ടുവച്ച സോഷ്യൽ ഡെമോക്രസിയുടെ മൗലികതത്ത്വംതന്നെ സ്വാതന്ത്ര്യവും സമത്വവും സാഹോദര്യവുമായിരുന്നു എന്ന വസ്തുത സ്മരണീയമാണ്.

എന്നാൽ, ഇത്തരം കാര്യങ്ങളെ, പ്രത്യേകിച്ച് മനസ്സിന്റെ സ്വയംഭരണത്തെ, ഭരണകൂടങ്ങൾ ഭയത്തോടെയാണ് വീക്ഷിക്കുന്നത് എന്നതാണ് പ്രശ്നം. ജൂലിയസ് സീസർ നാടകത്തിൽ സീസർ കാഷിയസിനെക്കുറിച്ച് (Caius Cassius) പറയുന്നത് ഓർമയില്ലേ? “എനിക്കു വേണ്ടത് ശാപ്പാട്ടുരാമന്മാരെയും മന്ദബുദ്ധികളെയുമാണ്, തിന്നുമദിച്ചു കിടന്നുറങ്ങുന്നവർ. കാഷിയസ് മെല്ലിച്ചവനും വിശന്നുവലഞ്ഞവന്റെ കണ്ണുകളുള്ളവനും ചിന്തിക്കുന്നവനുമാണ്. അത്തരക്കാർ അപകടകാരികളാണ്.” ഇത് എക്കാലവും ഭരണകൂടങ്ങളുടെ ധർമസങ്കടമാണ്. ഫ്രീഡംഹൗസിന്റെ റിപ്പോർട്ടനുസരിച്ച് ലോകത്തെമ്പാടും കഴിഞ്ഞ പതിനേഴു വർഷം തുടർച്ചയായി വ്യക്തിസ്വാതന്ത്ര്യത്തിന്റെ പോക്ക് താഴേക്കാണ്. മാത്രമല്ല, സ്വേച്ഛാധിപതികൾ സ്വന്തം ജനങ്ങളെ അടിച്ചമർത്താനുള്ള പുത്തൻ മാർഗങ്ങൾ അന്വേഷിക്കുകയും ഇക്കാര്യങ്ങളിൽ പരസ്പരം സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നു. രാജ്യത്തിനകത്ത് അവർ വർഗീയ-ഫാസിസ്റ്റ് ശക്തികളെ ജനങ്ങൾക്കുനേരെ കെട്ടഴിച്ചുവിട്ടും ഭരണഘടനാസ്ഥാപനങ്ങളെ വരുതിയിലാക്കിയും ജനാധിപത്യത്തെ ഇല്ലാതാക്കാൻ യത്നിക്കുന്നു.

തലകീഴായി നിൽക്കുന്ന ഇന്ത്യൻ ജനാധിപത്യം

നിർഭാഗ്യവശാൽ ഇതുതന്നെയാണ് ഇന്ത്യയിലും സംഭവിക്കുന്നത്, ചില ചില്ലറ ഏറ്റക്കുറച്ചിലുകൾ ഉണ്ടെന്നു മാത്രം. അതും സ്വാതന്ത്ര്യം ലഭിച്ചിട്ട് എൺപതു വർഷം തികഞ്ഞിട്ടും. ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തിൽ എൺപതു വർഷമെന്നത് തീരെ ചെറിയൊരു കാലയളവാണ്, ശൈശവം എന്നുതന്നെ പറയാം. പക്ഷേ, ഇന്ത്യൻ ജനാധിപത്യത്തിന് ജരാനര ബാധിച്ചിരിക്കുന്നു; രാഷ്ട്രം ശൈശവത്തിലും ജനാധിപത്യം അകാലവാർധക്യത്തിലും. വല്ലാത്ത വൈരുധ്യം. നമ്മുടെ രാഷ്ട്രീയത്തിൽനിന്നും സംഘസ്മൃതിയിൽനിന്നുതന്നെയും ജനാധിപത്യബോധം വാർന്നുതുടങ്ങിയിരിക്കുന്നു. പകരം താരാരാധനയും വിഭാഗീയതയും തമ്പടിച്ചിരിക്കുന്നു. താരാരാധനയുടെ പ്രശ്നം, അതുണ്ടായാൽ ജനങ്ങൾ തങ്ങളുടെ സ്വയംനിർണയാവകാശം പുറംകരാർ കൊടുക്കുകയും വ്യക്തിപൂജയെ ദേശസ്നേഹമായി തെറ്റിദ്ധരിക്കുകയും സ്വന്തം അവകാശങ്ങൾ ‘തഥാഗതനു’ മുന്നിൽ അടിയറവുവയ്ക്കുകയും ചെയ്യുമെന്നതാണ്. ഇതിന്റെ ചെറുപതിപ്പാണ് വർത്തമാനകാല ഭാരതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മറുവശത്ത്, ഭരണകൂടം വിഭാഗീയതയെ ഊട്ടിവളർത്തി, “വീ ദ പീപ്പിളിൽ” നിന്ന് “വീ”യെ ഇല്ലാതാക്കുകയും “നമ്മളും അവരു”മായി സമൂഹത്തെ മുറിച്ചുമാറ്റുകയും ചെയ്യുന്നു. ഇതിനെ ചോദ്യംചെയ്യുന്നവർ ‘രാജ്യദ്രോഹികളും’ ന്യായീകരിക്കുന്നവർ ‘ദേശഭക്തരും’ ആകുന്നു. ഇന്ത്യയെ ‘സ്നേഹിക്കുന്നു’ എന്നവകാശപ്പെടുന്നവർ തന്നെ ഇന്ത്യക്കാരെ വെറുക്കുന്നു.

ആരാധനാലയങ്ങൾ പൊളിക്കാനും പണിയാനും അന്യരെക്കുറിച്ച് (ന്യൂനപക്ഷങ്ങൾ, ദലിതർ, സ്ത്രീകൾ, ട്രാൻസ്ജെൻഡറുകൾ, എതിർ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നവർ) വിദ്വേഷം പ്രചരിപ്പിക്കാനും നമുക്ക് ‘അവകാശമുണ്ട്’. എന്നാൽ, ഭരണത്തിന്റെ പിഴവുകളോ ഭരിക്കുന്ന പാർട്ടിയുടെ തെറ്റുകുറ്റങ്ങളോ, പ്രത്യേകിച്ച് കേന്ദ്രം ഭരിക്കുന്ന കക്ഷി നേതൃത്വം നൽകുന്ന സർക്കാരുകളുടെ ചെയ്തികൾ, ഭൂരിപക്ഷവർഗീയത ഉയർത്തുന്ന വിപത്തോ ചൂണ്ടിക്കാട്ടാൻ അവകാശമില്ല. നിയമവാഴ്ചയെ തലകീഴായി നിറുത്തിയിരിക്കുന്ന അതീവ പ്രതിലോമപരമായ സാഹചര്യം. ഇതിന്റെ ബലിക്കല്ലിൽ പൗരാവകാശങ്ങൾ, വിശേഷിച്ച് അഭിപ്രായസ്വാതന്ത്ര്യം, എറിഞ്ഞുടയ്ക്കപ്പെടുന്നു.

അടിച്ചമർത്തലിനും സെൻസർഷിപ്പിനുമപ്പുറം, ഇന്ത്യൻ ഭരണകൂടം മതത്തെയും ‘ശാസ്ത്രത്തെയും’ സംസ്കാരത്തെയുമാണ് ഇതിനായി ഉപയോഗിക്കുന്നത്. രാഷ്ട്രീയത്തിൽ മതം വിശ്വാസമല്ല, ആയുധമാണ്. ഈ ആയുധം ഉപയോഗിച്ച് അതു മനുഷ്യരെയും മതത്തെയും ദൈവങ്ങളെയും വേർപിരിക്കുന്നു. പ്രശസ്ത ഗാനരചയിതാവും കവിയുമായ ഗുൽസാർ പറഞ്ഞത് ഓർമയില്ലേ: “വീണ്ടും ശിരസ്സുകൾ ഉരുളുന്നു, ജനങ്ങൾ വിഭജിക്കപ്പെടുന്നു, ദൈവങ്ങളും. ആരെങ്കിലും പേരു ചോദിച്ചാൽ ഞാൻ ഭയചകിതനാകുന്നു. ഒരുവൻ ആരെയാണ് ആരാധിക്കേണ്ടത്? എനിക്കു ഭയം തോന്നുന്നു. ഞാൻ എത്ര തവണ കുരിശിലേറണം” (Gulzar, Caged, Memories Have Names). വിഭജനകാലത്തെ ഇന്ത്യയെക്കുറിച്ചല്ല, വർത്തമാനകാല ഇന്ത്യയെക്കുറിച്ചാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞിരിക്കുന്നത്. ഇതു നമുക്കു ചുറ്റും തുടരെത്തുടരെ സംഭവിക്കുന്ന സമീപകാല അനുഭവങ്ങളാണ്.

ഭരിക്കുന്നവർ സ്വയം തങ്ങളെ ജനങ്ങൾക്കു മുകളിൽ പ്രതിഷ്ഠിക്കുന്നു എന്നു മുൻപ് സൂചിപ്പിച്ചതിലേക്ക് തിരികെവരാം. ഇതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ജന്തർമന്ദർ സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നടത്തിയ പ്രതികരണം. അവിടെ തടിച്ചുകൂടിയ പുരുഷാരത്തിനുനേരെ പെല്ലറ്റുകൾ ഉപയോഗിച്ചതിനുശേഷം അദ്ദേഹം പറഞ്ഞത്, ‘ഞാൻ നിങ്ങളോട് പൊറുത്തിരിക്കുന്നു’ എന്നാണ്. ഇവിടെ മൗലികമായൊരു ചോദ്യം ഉയരുന്നു. ജനാധിപത്യത്തിൽ ആര് ആരോടാണ് പൊറുക്കേണ്ടത്? ജനങ്ങൾ ഭരണകൂടത്തോടോ, ഭരണകൂടം ജനങ്ങളോടോ? നിങ്ങളോട് പൊറുത്തിരിക്കുന്നു എന്നു പറയുക വഴി അദ്ദേഹം ജനാധിപത്യത്തെ തലകീഴായി നിറുത്തിയിരിക്കുകയാണ്. വിയന്നയിലെ Kunsthistorisches മ്യൂസിയത്തിൽ വിചിത്രമായൊരു ചിത്രമുണ്ട്, പ്രശസ്ത ഇറ്റാലിയൻ ചിത്രകാരൻ കാരവാജിയോയുടെ (Caravaggio) പേരിലുള്ളത്. ഭീമാകാരമായൊരു ശിരസ്സുമേന്തിനിൽക്കുന്നൊരു കുട്ടിയുടേത്; ഗോലിയാത്തിന്റെ ശിരസ്സുമായി നിൽക്കുന്ന ദാവീദിന്റെ ചിത്രം. ഇതിനു സമാനമാണ് നിങ്ങളോട് ഞങ്ങൾ പൊറുത്തിരിക്കുന്നു എന്നു ഭരിക്കുന്നവർ പറയുന്നതും. ആരാണോ ചുമക്കുന്നത്, അവരുടെ നിയന്ത്രണത്തിലും ദയാവായ്പിലുമാണ് ചുമക്കപ്പെടുന്നവർ. ഇതു സൂചിപ്പിക്കുന്നത് ഭരണകൂടം നമ്മുടെ സ്വാതന്ത്ര്യം അപഹരിച്ചിരിക്കുന്നു എന്നാണ്.

മാത്രമല്ല, ജനങ്ങൾ എന്തു പഠിക്കണം, ഏതു ചരിത്രം വായിക്കണം, ഏതുതരം സിനിമ കാണണം, പുസ്തകങ്ങൾ എഴുതണം, വായിക്കണം, എല്ലാം അവർ ഏകപക്ഷീയമായി തീരുമാനിക്കുന്നു. തങ്ങളുടെ ആശയങ്ങളുമായി ഒത്തുപോരുന്നവരോട് അല്ലാതെ ആരുമായും ആലോചനയില്ല, സംവാദമില്ല. പാർലമെന്റിൽ പോലും ഇതാണല്ലോ അവസ്ഥ. അപ്പം ചുടുന്ന സമയംപോലും എടുക്കുന്നില്ല നിയമങ്ങൾ പാസാക്കാൻ. ഒരർഥത്തിൽ നിയമങ്ങൾ പാസാക്കുകയല്ല, ധനുർവിദ്യയിൽ അസ്ത്രങ്ങളെന്നപോലെ എയ്തുവിടുകയാണ്. ഇക്കഴിഞ്ഞ പാർലമെന്റ് സമ്മേളനത്തിൽ പത്തു ബില്ലുകൾ പാസാക്കിയത് വെറും ഒരു മണിക്കൂർകൊണ്ടാണ്. ഇനി ചോദ്യങ്ങളുടെ കാര്യമെടുത്താൽ, അവയിൽ പലതിനും – പ്രത്യേകിച്ച് അലോസരപ്പെടുത്തുന്ന ചോദ്യങ്ങൾക്ക് – ഉത്തരവുമില്ല. അധികാരികൾക്ക് ഉത്തരംമുട്ടുമ്പോൾ അധികാരം ഉത്തരമാകുന്നതാണ് ഇപ്പോഴത്തെ നാട്ടുനടപ്പ്. മറ്റു ഭരണഘടനാസ്ഥാപനങ്ങളുടെ കാര്യവും ഇതിൽനിന്ന് അധികം ഭിന്നമല്ല. അവയുടെ തലപ്പത്തിരിക്കുന്നവരും, തങ്ങളുടെ രാഷ്ട്രീയ യജമാനൻമാരെപ്പോലെ, സ്വയം ജനങ്ങൾക്കു മുകളിൽ അവരോധിക്കുന്നു. അധികാരവിനിയോഗത്തിൽ ആനന്ദം കണ്ടെത്തുന്നു. പലപ്പോഴും അത് അധികാരദുർവിനിയോഗമായും മാറുന്നു, അപൂർവമായി നീതിപീഠങ്ങളുടെ കാര്യത്തിൽപ്പോലും. സ്വന്തം അധികാരത്തെ ജനകീയപരിശോധനയുടെ സൂര്യവെളിച്ചത്തിൽ നിറുത്താൻ ഉന്നതപദവി അലങ്കരിക്കുന്നവർ വിസമ്മതിക്കുന്നു. സീസർ സംശയങ്ങൾക്കതീതമായിരിക്കണമെന്ന പൊതുതത്ത്വം തങ്ങൾക്ക് ബാധകമല്ലെന്ന തരത്തിലാണ് അവർ പെരുമാറുന്നത്. ഇതിലൂടെ സ്വാതന്ത്ര്യത്തെയും പൗരാവകാശങ്ങളെയും സംരക്ഷിക്കാൻ ചുമതലപ്പെട്ടവർതന്നെ പരോക്ഷമായി അവയെ നിഷേധിക്കുന്നു.

പ്രതിഷേധിക്കാൻ വിസമ്മതിക്കുന്ന സമൂഹം

ഇതിന്റെ പ്രതിഫലനം മറ്റൊരു രീതിയിൽ സമൂഹത്തിലും കാണാനാവും. നാട്ടുപ്രമാണിമാർ പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ അവശേഷിക്കുന്ന അവകാശങ്ങളും കവർന്നെടുക്കുന്നു. സാമൂഹിക ഇടങ്ങളിൽനിന്ന് (Social spaces) അവർ ബഹിഷ്കൃതരാകുന്നു, ആൾക്കൂട്ടവിചാരണ ഉൾപ്പെടെയുള്ള പലവിധ അതിക്രമങ്ങൾക്കും വിധേയരാകുന്നു. ന്യൂനപക്ഷ, ദലിത് വിഭാഗങ്ങൾക്കും സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും നേരെ പൊതുവിടങ്ങളിൽ അരങ്ങേറുന്ന പീഡനങ്ങൾ ഇതിന്റെ ഉത്തമ ദൃഷ്ടാന്തങ്ങളാണ്. ഇതിനപ്പുറം, ഭാഷയും ഭക്ഷണവും വസ്ത്രധാരണവും വിവാഹവും നിറവുംപോലും അവകാശനിഷേധത്തിന്റെ പുത്തൻ ചേരുവകളായി മാറുകയാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത് ഒരുതരം ഇരട്ടപ്രഹരമാണ്. ഒരുവശത്ത്, ഭരണഘടനാദത്തമായ പൗരാവകാശങ്ങൾ അവർക്ക് നിഷിദ്ധമാകുമ്പോൾ മറുവശത്ത് ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും മർദനമുറകൾക്ക് അവർ പാത്രമാകുന്നു.

എന്നാൽ, ഇതിനെക്കാൾ നമ്മെ ഭയപ്പെടുത്തുന്നത് മറ്റൊന്നാണ്: പൊതുജനമധ്യത്തിൽ നടക്കുന്ന ഇത്തരം നൃശംസകൃത്യങ്ങൾ കണ്ട് ചുറ്റും നിൽക്കുന്നവർ ആഹ്ലാദിക്കുകയും അതിന്റെ വീഡിയോദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്യുന്നത്. ഇതിന്റെ അനേകം ഉദാഹരണങ്ങൾ ഉണ്ടെങ്കിലും മനസ്സിനെ ഇപ്പോഴും മഥിച്ചുകൊണ്ടിരിക്കുന്ന ഒന്ന് 2023-ൽ മണിപ്പൂരിൽ രണ്ടു സ്ത്രീകളെ ഒരുകൂട്ടം ആൾക്കാർ പീഡിപ്പിച്ച സംഭവമാണ്. അവരെ നഗ്നരാക്കി തെരുവീഥിയിലൂടെ നടത്തിക്കുകയും പീഡിപ്പിക്കുകയും ചെയ്തപ്പോൾ ചുറ്റും കൂടിനിന്നവർ അതിനെ കൈകൊട്ടി പ്രോത്സാഹിപ്പിച്ച രംഗം. പൗരന്മാരുടെ ചിന്തിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള അവകാശം ഭരണകൂടം കവരുമ്പോൾ, അനീതിക്കെതിരെ പ്രതികരിക്കാനുള്ള പൊതുസമൂഹത്തിന്റെ ശേഷി സ്വയം വാർന്നുപോകുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. അധികാരത്തിന്റെ ഉപാസനാമൂർത്തികളായ എല്ലാ ഭരണാധിപന്മാരെയും അസൂയപ്പെടുത്തുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യമാണ് ഇന്ത്യയിൽ വേരുറച്ചുകൊണ്ടിരിക്കുന്നത്.

ഇക്കാര്യത്തിൽ സാംസ്കാരികപ്രവർത്തകരും (ഇവരിൽ എഴുത്തുകാരും ബുദ്ധിജീവികളും മാധ്യമപ്രവർത്തകരുമെല്ലാം ഉൾപ്പെടും) പ്രതിസ്ഥാനത്തുതന്നെ. സാംസ്കാരികനായകരുടെ ചേരി റെഡ്ക്രോസിന് തുല്യമാവണമെന്നു കുട്ടികൃഷ്ണമാരാർ പറഞ്ഞത് ഓർമവരുന്നു. സമൂഹത്തിൽ നടമാടുന്ന അനാചാരങ്ങൾക്കും അതിൽ ഉടലെടുക്കുന്ന അപകടകരമായ പ്രവണതകൾക്കുമെതിരെ, കക്ഷിരാഷ്ട്രീയത്തിന്റെയോ മറ്റുതരത്തിലുള്ള സങ്കുചിതപക്ഷപാതങ്ങളുടെയോ ചേരിതിരിവുകൾ ഇല്ലാതെ, പ്രതികരിക്കേണ്ട ബാധ്യതയാണ് ഇവരുടേതെന്നു വ്യംഗ്യാർഥം. എന്നാൽ, ഇത് ഇപ്പോൾ വെറും അപവാദമായിരിക്കുന്നു. ഭരണകൂടത്തോടും സമൂഹത്തോടും കുഴക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്നതാണ് തങ്ങളുടെ കർത്തവ്യമെന്നത് അവർ വിസ്മരിച്ചിരിക്കുന്നു. അതിന്റെ സ്ഥാനത്ത് അവരുടെ അനീതികളെ ന്യായീകരിക്കുകയോ, ഇനി അതിനു സാധ്യമല്ലെങ്കിൽ, അത്തരം കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നതിലേക്ക് ഇവരിൽ മഹാഭൂരിപക്ഷവും എത്തിച്ചേർന്നിരിക്കുന്നു. രാഷ്ട്രീയലാഭത്തിനുവേണ്ടി ധാർമികതയെയും ഭരണഘടനാതത്ത്വങ്ങളെയും സാമൂഹ്യനീതിയോടുള്ള പ്രതിബദ്ധതയേയും പണയംവച്ചിരിക്കുന്നു എന്നു സാരം. ഇക്കാര്യങ്ങളിൽ ഏറ്റവും മുന്നിൽ നിൽക്കേണ്ട സർവകലാശാലകൾപോലും ഇപ്പോൾ പിന്നിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു എന്നതാണ് ഏറെ ഖേദകരം. ക്യാമ്പസുകൾ, അപവാദങ്ങളെ മാറ്റിനിറുത്തിയാൽ, ചെറുപ്പക്കാർക്ക് തൊഴിൽ ലഭിക്കുന്നതുവരെയുള്ള ഇടത്താവളങ്ങളായും രാഷ്ട്രീയപ്പാർട്ടികൾക്ക് അണികളെ വിതരണംചെയ്യുന്ന ഇടങ്ങളായും ഡിഗ്രി സർട്ടിഫിക്കറ്റ് നൽകുന്ന കേന്ദ്രങ്ങളായും ചുരുങ്ങിയിരിക്കുന്നു. സംവാദങ്ങളും എതിരഭിപ്രായങ്ങളും അത്യപൂർവം. സെമിനാറുകളും സിമ്പോസിയങ്ങളും പ്രഭാഷണങ്ങളും മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും, അവ ആശയസംഘർഷങ്ങളുടെ വേദിയാകുന്നത് അത്യപൂർവം സന്ദർഭങ്ങളിൽ മാത്രം. മറ്റൊരു വിധത്തിൽപ്പറഞ്ഞാൽ, വിദ്യാർഥികളെ സ്വപ്നംകാണാൻ പ്രേരിപ്പിക്കാൻ കലാലയങ്ങൾക്കാവുന്നില്ല.

ഇതിനർഥം ഒരു സമൂഹം എന്ന നിലയിൽ നമുക്ക് എന്തോ പ്രശ്നമുണ്ട് എന്നാണ്. മഹാദുരന്തങ്ങൾക്കു മുന്നിലെ മൗനവും അവയെ ആഘോഷമാക്കുന്നതും രോഗാതുരമായൊരു സമൂഹത്തിന്റെ ലക്ഷണങ്ങളാണ്. ഇതിന് ഭാവിതലമുറയോട് നാം ഉത്തരം പറയേണ്ടിവരും എന്ന കാര്യത്തിൽ സംശയമില്ല. ഓഷ്‌വിറ്റ്സിനു ശേഷം (Auschwitz Concentration Camp) കവിതകൾ ഉണ്ടാകുമോ എന്ന് അഡോർണോ (Theodor Adorno) ചോദിച്ചത് ഓർമവരുന്നു. കവിതകൾ ഉണ്ടാവണം എന്നു തന്നെയാണ് ഇതിന്റെ ഉത്തരം, വീണ്ടുമൊരു ഓഷ്‌വിറ്റ്സ് ഉണ്ടാകാതിരിക്കാൻ. ഇത് കവികളുടെയോ എഴുത്തുകാരുടെയോ മാത്രം പ്രശ്നവുമല്ല, മുഴുവൻ സമൂഹത്തിന്റെയും പ്രശ്നമാണ്. അനീതിക്കെതിരെ പ്രതിരോധ ശബ്ദങ്ങളും സംവാദങ്ങളും ചോദ്യങ്ങളും കവിതകളും രാഷ്ട്രീയ മുദ്രാവാക്യങ്ങളുമൊക്കെയായി ഉയരുമ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്, മുദ്രാവാക്യങ്ങൾ കവിതകളാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

തൃശൂർ സാംസ്കാരികതലസ്ഥാനമോ? – ജോൺ തോമസ്

സാംസ്കാരികതലസ്ഥാനം എന്നു പൊതുവേ വിശേഷിപ്പിക്കുന്ന തൃശൂരിനെ പൂർണാർഥത്തിൽ സാംസ്കാരിക നഗരിയായി രൂപാന്തരപ്പെടുത്താൻ...

ഫേൺഹില്ലിന്റെ സെൻ മാതൃക – കെ. പി. രമേഷ്  

ആത്മീയത കേവലമൊരു പലായനമല്ലെന്നും, അതു ജീവൽസമസ്യകളെയാകെ ഉൾക്കൊള്ളുന്ന സമന്വയമാണെന്നും ഫേൺഹിൽ ഗുരുകുലം...

യൂർഗൻ ഹാബർമാസും ശോഷിക്കുന്ന ജനാധിപത്യവും – എബി സെബാസ്റ്റ്യൻ

ഉണ്മയുടെ കേവലയുക്തികളിൽനിന്ന് വഴിമാറി, ഭാഷയെ മനുഷ്യവിമോചനത്തിനായുള്ള ആയുധമായി കണ്ട ദാർശനികനായിരുന്നു യൂർഗൻ...

വേരുകൾക്ക് വേണ്ടത് വെളിച്ചമാണ് – ഡോ സെമിച്ചൻ ജോസഫ്

ബാലാവകാശങ്ങളുടെ സാംസ്കാരിക വായന കുട്ടികൾ ഒരു സ്വകാര്യസ്വത്തല്ല, മറിച്ച്, സമൂഹത്തിന്റെ നൈതികതയെ അളക്കുന്ന...