വിദ്യാഭ്യാസം അതിജീവനത്തിനും മത്സരത്തിനും അപ്പുറം

Date:

വിനോദ് നാരായണ്‍
വിദ്യാഭ്യാസം
അതിജീവനത്തിനും മത്സരത്തിനും അപ്പുറം

അന്നം തേടുക എന്ന പ്രാഥമിക ജൈവികചോദനയിൽനിന്ന് മനുഷ്യൻ ബഹുദൂരം സഞ്ചരിച്ചിരിക്കുന്നു. അതിജീവനവും മത്സരവും സങ്കീർണമായ സമവാക്യങ്ങളായി മാറിയ ഈ കാലഘട്ടത്തിൽ, വിദ്യാഭ്യാസം എന്നത് കേവലം തൊഴിൽ നേടാനുള്ള ഒരു ഉപാധിയായി ചുരുങ്ങിപ്പോയോ? നിർമിതബുദ്ധിയുടെ വെല്ലുവിളികൾക്കിടയിൽ, സാമ്പത്തികവും വൈകാരികവും ജനാധിപത്യപരവുമായ ‘പുതിയ സാക്ഷരതകളെ’ മുൻനിറുത്തി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളെ പുനർനിർവചിക്കുകയാണ് ഈ കുറിപ്പ്.

ജീവന്റെ അടിസ്ഥാനപരമായ ലക്ഷ്യം അതിജീവനമാണ്. ആഹാരം കണ്ടെത്തുക, അപകടങ്ങളിൽ നിന്ന് രക്ഷ നേടുക തുടങ്ങിയ പ്രാഥമിക ചോദനകൾ എല്ലാ ജീവജാലങ്ങൾക്കും പൊതുവായുള്ളതാണ്. എന്നാൽ മനുഷ്യനിലേക്ക് എത്തുമ്പോൾ പരിണാമത്തിന്റെ നാൾവഴികളിൽ ഈ ആവശ്യങ്ങൾ കൂടുതൽ സങ്കീർണമായി മാറി. കേവലം വിശപ്പടക്കലിൽനിന്ന് സ്വന്തം കാലിൽ നിൽക്കാനും, തൊഴിൽ നേടാനും, സാമൂഹികമായി ഉന്നതി പ്രാപിക്കാനുമുള്ള ഉപാധിയായി മനുഷ്യൻ വിദ്യാഭ്യാസത്തെ മാറ്റിത്തീർത്തു. ഇവിടെയാണ് വിദ്യാഭ്യാസം എന്ന പ്രക്രിയയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നത്. വിദ്യാഭ്യാസം എന്നത് തൊഴിൽ നേടാനുള്ള ഒരു ഉപാധി മാത്രമായി ചുരുങ്ങിയോ, അതോ മനുഷ്യനെ സമഗ്രമായി വികസിപ്പിക്കാനുള്ള മാർഗമായി അതു വിപുലപ്പെട്ടോ?

ഇന്നും മനുഷ്യന്റെ അടിസ്ഥാന ചോദനകൾക്ക് മാറ്റമില്ല. എന്നാൽ അതിജീവനത്തിന്റെയും മത്സരത്തിന്റെയും രൂപം മാറിയിരിക്കുന്നു. എങ്ങനെ അതിജീവിക്കാം, എങ്ങനെ മത്സരങ്ങളിൽ വിജയിക്കാം, അല്ലെങ്കിൽ തോൽക്കാതിരിക്കാം എന്നതിലേക്ക് നമ്മുടെ ചിന്തകൾ ചുരുങ്ങി. ആധുനികലോകത്ത് അതിജീവനം എന്നത് മത്സരത്തിന്റെ പര്യായമാണ്. ഈ മത്സരബുദ്ധിയാണ് ആധുനിക വിദ്യാഭ്യാസത്തിന്റെ ഗതി നിർണയിക്കുന്നത്.

ഒരു രാഷ്ട്രത്തിന്റെ വീക്ഷണകോണിലൂടെ നോക്കുമ്പോൾ വിദ്യാഭ്യാസം എന്നത്, രാജ്യങ്ങൾ തമ്മിലുള്ള മത്സരത്തിന്റെ വേദിയാണ്. വ്യക്തിപരമായ മത്സരക്ഷമതയുള്ളവരുടെ എണ്ണം വർധിക്കുമ്പോഴാണ് ഒരു സമൂഹമെന്ന നിലയിലുള്ള കൂട്ടായ മത്സരക്ഷമതയും വർധിക്കുന്നത്. ഈ മത്സരം അനിവാര്യമാണ്; ഒരു രാജ്യത്തിനും അതിൽനിന്നു മാറിനിൽക്കാനാവില്ല. പൗരന്മാരെന്ന നിലയിൽ ആ മത്സരയോട്ടത്തിന്റെ ഭാഗമായി ജീവിക്കാൻ വിധിക്കപ്പെട്ടവരാണ് നമ്മളോരോരുത്തരും.

അതുകൊണ്ട്, വിദ്യാഭ്യാസത്തെ രാജ്യാന്തരതലത്തിലും വ്യക്തിഗതതലത്തിലും നാം രണ്ടു വ്യത്യസ്ത തട്ടുകളിലായി സമീപിക്കേണ്ടതുണ്ട്. ആഗോളതലത്തിൽ ലോകരാജ്യങ്ങളുടെ മുൻനിരയിൽ ഇടംപിടിക്കാൻ നമ്മുടെ വരുംതലമുറ സാങ്കേതികവിദ്യ, ആരോഗ്യം, വാണിജ്യം എന്നീ മേഖലകളിൽ മികവു തെളിയിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനനുസൃതമായ പാഠ്യപദ്ധതികളും ബോധനരീതികളും നമുക്ക് ആവശ്യവുമാണ്.

എന്നാൽ, ചില പ്രത്യേക മേഖലകളെ മാത്രം ‘പ്രഫഷണൽ’ എന്നു മുദ്രകുത്തിയതിലൂടെ വലിയൊരു പിഴവ് നമുക്ക് സംഭവിച്ചിട്ടുണ്ട്. ‘തൊഴിൽ നേടുക’ എന്നതിലേക്കുമാത്രം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ചുരുങ്ങിയപ്പോൾ, “ജോലി കിട്ടില്ലെങ്കിൽ പിന്നെന്തിനാണ് പഠിക്കുന്നത്?” എന്ന അപകടകരമായ ചിന്തയിലേക്ക് കുട്ടികളും മാതാപിതാക്കളും എത്തിച്ചേർന്നു. ഇതിന്റെ അനന്തരഫലമോ? ബിരുദമുണ്ടായിട്ടും തൊഴിൽ നൈപുണ്യമില്ലാത്ത അസംഖ്യം എൻജിനീയറിംഗ് ബിരുദധാരികളെയാണ് നാം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസം നേടിയിട്ടും എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്ക് ജോലി ലഭിക്കാത്തത്? പഠിച്ചിട്ടും എന്തുകൊണ്ടാണ് അവർ തൊഴിൽ ചെയ്യാൻ പ്രാപ്തരാകാത്തത്? ഈ ചോദ്യങ്ങൾ ഗൗരവമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. നമ്മുടെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപരമായ പാളിച്ചകളിലേക്കാണ് ഇതു വിരൽ ചൂണ്ടുന്നത്.

ഒരു രാജ്യത്തിന്റെ സമ്പത്ത് എന്നത് പ്രഫഷണൽ ബിരുദധാരികൾ മാത്രമല്ല. ആത്മാവുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുന്നത് കലയും, സാഹിത്യവും, സംഗീതവും, തത്വചിന്തയും, സാമൂഹികപ്രവർത്തനവുമെല്ലാം ചേർന്ന മേഖലകളാണ്. ഇവയിലും മികച്ച തൊഴിൽ സാധ്യതകളും ജീവിതോപാധികളുമുണ്ട്. കണക്കുകൾക്കപ്പുറം മനുഷ്യനെ മനുഷ്യനായി നിലനിറുത്തുന്നത് ഇത്തരം മേഖലകളാണ്.

ഭാഷ, സംസ്കാരം, സ്വത്വം

‘ലോകനിലവാരമുള്ള വിദ്യാഭ്യാസം’ എന്നത് കൃത്യമായ ഒരു ചട്ടക്കൂടിൽ ഒതുക്കിനിർത്താവുന്ന ഒന്നല്ല. ഫിൻലൻഡും കാനഡയും അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും വിദ്യാഭ്യാസരംഗത്ത് നടപ്പിലാക്കുന്ന പരീക്ഷണങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ, ആ മാതൃകകൾ അതേപടി പകർത്തിയാൽ അത് ഇന്ത്യയ്ക്കോ മറ്റേതെങ്കിലും രാജ്യത്തിനോ അനുയോജ്യമായ ഒരു സമ്പൂർണ വിദ്യാഭ്യാസരീതിയാവില്ല; മറിച്ച്, നമ്മുടെ തനതായ ആവശ്യങ്ങളുടെ ഒരു ചെറിയ അംശം മാത്രമേ അതിലൂടെ നികത്തപ്പെടുകയുള്ളൂ.

ഇവിടെയാണ് ‘സാക്ഷരത’ എന്ന വാക്കിനെ നമ്മൾ പുനർനിർവചിക്കേണ്ടത്. എഴുത്തും വായനയും മാത്രമല്ല സാക്ഷരത. ആധുനികലോകത്ത് അതിജീവിക്കാൻ സാമ്പത്തികസാക്ഷരത (Financial Literacy), ആരോഗ്യസാക്ഷരത, മാനസികാരോഗ്യസാക്ഷരത, നിയമസാക്ഷരത, ജനാധിപത്യ-മതേതര സാക്ഷരത, പരിസ്ഥിതിസാക്ഷരത, രാഷ്ട്രീയസാക്ഷരത എന്നിങ്ങനെ പലതും അനിവാര്യമാണ്. സാമ്പത്തിക അച്ചടക്കമില്ലാത്ത ഒരു എൻജിനീയർക്കോ, മാനസികാരോഗ്യം നിലനിറുത്താൻ കഴിയാത്ത ഒരു ഡോക്ടർക്കോ വ്യക്തിജീവിതത്തിൽ പരാജയം രുചിക്കേണ്ടി വന്നേക്കാം. ജനാധിപത്യബോധവും മതേതരമൂല്യങ്ങളുമില്ലാത്ത പൗരൻ സമൂഹത്തിനു ഭീഷണിയാണ്. കലയും സാഹിത്യവും ആസ്വദിക്കാൻ കഴിയാത്തവന്റെ ജീവിതം യാന്ത്രികമായിത്തീരും.

അതുകൊണ്ട് നമ്മുടെ പാഠ്യപദ്ധതികൾ രണ്ടു തലങ്ങളിൽ വിഭാവനം ചെയ്യപ്പെടേണ്ടതുണ്ട്. ഒന്ന്, ആഗോളതലത്തിൽ മത്സരിക്കാനുതകുന്ന തൊഴിൽ നൈപുണ്യം നൽകുക. രണ്ട്, മുകളിൽ പറഞ്ഞ വിവിധതരം സാക്ഷരതകളിലൂടെ നല്ലൊരു മനുഷ്യനെ വാർത്തെടുക്കുക. ഈ വിദ്യാഭ്യാസം മാതൃഭാഷയിലും സംസ്കാരത്തിലും വേരൂന്നിയതാവണം. ഇംഗ്ലീഷ് മീഡിയത്തിൽ പഠിച്ചാൽ മാത്രമേ ഇംഗ്ലീഷ് സംസാരിക്കാൻ കഴിയൂ എന്നതു നമ്മൾ സ്വയം പറഞ്ഞുപഠിപ്പിച്ച വലിയൊരു നുണയാണ്. ലോകം ചുറ്റുന്നവർക്ക് അതു ബോധ്യപ്പെടും. മാതൃഭാഷയിൽ വിദ്യാഭ്യാസം നേടാത്തത്, സ്വന്തം വേരുകൾ അറുത്തുമാറ്റുന്നതിനു തുല്യമായ നഷ്ടമാണെന്നു തിരിച്ചറിയേണ്ടിയിരിക്കുന്നു. മലയാളം മീഡിയത്തിൽ പഠിക്കാൻ കഴിയാതെ പോയത് ഒരു സാംസ്കാരിക നഷ്ടമായി ഇന്നു ഞാൻ തിരിച്ചറിയുന്നു.

അപരനെ മനസ്സിലാക്കാൻ ആദ്യം വേണ്ടത് സ്വയം അറിയുക എന്നതാണ്. സ്വന്തം സത്തയെ തിരിച്ചറിയുമ്പോഴാണ് അപരനെ അന്യനായല്ല, മറിച്ച്, നമ്മിലൊരാളായി ചേർത്തുപിടിക്കാൻ നമുക്ക് സാധിക്കുന്നത്. ഈ തിരിച്ചറിവാണ് യഥാർഥ സാക്ഷരത; അതാണ് പൂർണമായ വിദ്യാഭ്യാസം. ഈ ഉൾക്കാഴ്ചയാണ് ലോകരാജ്യങ്ങളുമായുള്ള മത്സരത്തിൽ ആരോഗ്യകരമായി മുന്നേറാനും, വരുംതലമുറയെ യഥാർഥ തൊഴിൽ നൈപുണ്യമുള്ളവരാക്കി മാറ്റാനും നമ്മളെ സഹായിക്കുന്നത്.

നിർമിതബുദ്ധി (Artificial Intelligence) ലോകം കീഴടക്കുന്ന ഇക്കാലത്ത്, നേരത്തെ സൂചിപ്പിച്ച ബഹുമുഖമായ സാക്ഷരതയ്ക്ക് വലിയ പ്രസക്തിയുണ്ട്. യന്ത്രങ്ങളിൽനിന്ന് മനുഷ്യനെ വേർതിരിച്ചുനിറുത്തുന്നത് കേവലമായ അറിവുകളല്ല, മറിച്ച്, മാനവികതയിലൂന്നിയ, വിശാലവും വർണാഭവുമായ ഈ സാക്ഷരതയുടെ വൈവിധ്യങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വഴിപിഴയ്ക്കുന്ന മോദിസർക്കാർ – എൻ.പി. ചെക്കുട്ടി

അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല....

വിപ്ലവത്തിന്റെ കാൽപ്പെരുമാറ്റം – സെഡ്രിക് പ്രകാശ്

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ യുവത തെരുവിലിറങ്ങുമ്പോൾ, അതൊരു പുതുചരിത്രത്തിന്റെ പിറവിയാകുന്നു....

സെൻസർഷിപ്പ് എഴുത്തിലെ ഫയർ നഷ്ടമാക്കും – വി. ആർ. സുധീഷ് / ഡോ. സ്മിത ജി. നായർ

അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ...

വേണം, വികസനത്തോടൊപ്പം സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

ലാഭക്കൊതിയിൽ മാത്രം വേരൂന്നിയ കമ്പോളയുക്തികളല്ല, താഴെത്തട്ടിലുള്ള മനുഷ്യരുടെ അതിജീവനമാണ് യഥാർഥവികസനം. പ്രകൃതിയെയും...