This Content Is Only For Subscribers
മലയാള ഗവേഷണത്തിലെ പ്രതിസന്ധികൾ
ഡോ. രാജു വള്ളിക്കുന്നം
മലയാള ഭാഷാ-സാഹിത്യ ഗവേഷണമേഖല നേരിടുന്ന സുപ്രധാനമായ വെല്ലുവിളികളെയും അവയുടെ മൂലകാരണങ്ങളെയും ആഴത്തിൽ അപഗ്രഥിക്കുന്ന ലേഖനം. ഒരു വിഷയത്തിന് അനുയോജ്യമായ രീതിശാസ്ത്രം തിരഞ്ഞെടുക്കുന്നതിലെ പരാജയം, വ്യക്തമായ ഒരു വാദമുഖം (Argument) രൂപപ്പെടുത്താത്തത്, പരസ്പരവിരുദ്ധമായ സിദ്ധാന്തങ്ങൾ വിശകലനത്തിനായി ഉപയോഗിക്കുന്നത് തുടങ്ങിയ ഗുരുതരമായ പിഴവുകൾ മലയാള ഗവേഷണത്തിന്റെ ഗുണമേന്മയെ ബാധിക്കുന്നുവെന്നും അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട ഗവേഷണതത്വങ്ങളിൽനിന്ന് മലയാളം എന്തുകൊണ്ട് അകന്നുപോകുന്നുവെന്നും വിലയിരുത്തുന്ന ലേഖനം.
‘മലയാള ഭാഷാ-ഗവേഷണത്തിൽ നിലവിലുള്ള പ്രതിസന്ധിക്കു പ്രധാനകാരണം അതിന്റെ രീതിശാസ്ത്രത്തിലുള്ള മിഥ്യാധാരണകളും സമീപനങ്ങളിലുമുള്ള വീഴ്ചകളുമാണ്. ഇതു പരിഹരിക്കപ്പെടാത്തിടത്തോളം പ്രതിസന്ധിയുടെ ആഴം വർധിച്ചുകൊണ്ടേയിരിക്കുമെന്നു വ്യക്തം. ഇതിൽ പരമപ്രധാനമായ രീതിശാസ്ത്രത്തിന് ഇപ്പോഴും കൃത്യങ്കനംചെയ്ത ഒരു സംഹിത നിലവിലില്ലെന്നത് ആരെയും ആശ്ചര്യപ്പെടുത്തുന്നതാണ്. ഡോ.കെ.എം.പ്രഭാകരവാര്യരിൽനിന്ന് ഗവേഷണം ഒട്ടേറെ മുന്നോട്ടുപോയെങ്കിലും അദ്ദേഹത്തിന്റെ ഗ്രന്ഥത്തോളം പ്രാമാണികത്വമുള്ള ഒരു തുടർപഠനത്തിന്റെ അഭാവം പ്രകടമാണ്. ഈ വിഷയത്തിലുള്ള ഒരന്വേഷണത്തിന്റെ ആരംഭം കുറിക്കുകയാണിവിടെ.
റിസർച്ച് (Research) എന്ന വാക്കിന് മലയാളത്തിൽ വ്യാപകമായി ഉപയോഗിച്ചുവരുന്നത് ഗവേഷണം എന്ന സംസ്കൃതപദമാണ്. ഈ പദത്തിനാകട്ടെ ഗോവ്, വേഷണം എന്ന് വിഗ്രഹിച്ചുകൊണ്ട് അർഥവും അനുമാനവും രൂപീകരിക്കുകയാണ് പതിവ്.4 ഗോവിനാകട്ടെ പശു,ഭൂമി,കിരണം(സൂര്യൻ)എന്നൊക്കെയാണ് അർഥങ്ങൾ. ഇതിൽ ഗവേഷണത്തിന് അനുയോജ്യമായത് കിരണമാണ്, കാരണം, സൂര്യകിരണം തേടുക എന്നാൽ ജ്ഞാനത്തെ അന്വേഷിക്കുക എന്നാണ്. അപ്പോൾ ഗവേഷണത്തിൽ ജ്ഞാനാന്വേഷണവും കണ്ടെത്തലും ഉൾക്കൊള്ളലുമാണ് പ്രസക്തമായിട്ടുള്ളത്. എങ്കിൽ എന്താണ് ജ്ഞാനം, എന്താണ് അന്വേഷണം എന്നിവ വ്യവച്ഛേദിച്ചറിയേണ്ടതുണ്ട്. ഇതിൽ ജ്ഞാനത്തിന് കൃത്യമായ നിർവചനമുണ്ട്. ‘ജ്ഞായതേ ഇതി ജ്ഞാനം’ (യാസ്കൻ)എന്നാണത്. അതായത് അറിയുന്നതത്/ വെളിപ്പെടുന്നതാണ് ജ്ഞാനം. ജ്ഞാനം ഏതു മേഖലയിലായാലും അടിസ്ഥാനപരമായി അറിവുനേടുകതന്നെയെന്നതാണ് വിവക്ഷ. പക്ഷേ, ഗവേഷണത്തിൽ ഒരു വിഷയത്തിൽ അറിവ് തേടലല്ല ജ്ഞാനം, മറിച്ച് പ്രത്യേക മേഖലയിൽ അഥവാ, വിഷയത്തിൽ പുതുതായി എന്തെങ്കിലും കണ്ടെത്തുക/സമർഥിക്കുക എന്നതാണ് അർഥമാക്കുന്നത്. അതിനാകട്ടെ കൃത്യമായ വ്യവസ്ഥകൾ നിർദേശിക്കപ്പെട്ടിട്ടുമുണ്ട്.
ഈ വ്യവസ്ഥകളിൽ ഏറ്റവും പ്രധാനമാണ് രീതിശാസ്ത്രം (methodology . ഈ രീതിശാസ്ത്രമാകട്ടെ പ്രബന്ധ നിർമിതിയിലെ ചിഹ്നവ്യവസ്ഥകളും, അവലംബിച്ച/പരാമർശിച്ച ഗ്രന്ഥങ്ങളുടേയും പഠനങ്ങളുടേയും സൂചികയും മറ്റും മാത്രമല്ല, മറിച്ച് വിഷയസ്വീകരണത്തിനനുപേക്ഷിതമായ രീതിശാസ്ത്രാവലംബനംകൂടി ചേർന്നതാണ്. കുറെക്കൂടി വ്യക്തമായി പറഞ്ഞാൽ അന്വേഷണത്തിനു സ്വീകരിച്ച വിഷയത്തിനനുസൃതമായിരിക്കണം രീതിശാസ്ത്രം.5 അങ്ങനെ വരുമ്പോൾ സാമൂഹികശാസ്ത്രത്തിലും ശാസ്ത്രത്തിന്റെ വിഭിന്ന ശാഖകളിലും സാഹിത്യ-ഭാഷാ ഗവേഷണങ്ങളിലും ഇതു വ്യത്യാസപ്പെടുന്നുണ്ടെന്നു സാരം. സാഹിത്യവും ഭാഷയും പരിഗണിച്ചാൽ ഇവയ്ക്ക് രണ്ടിനും രീതി വ്യത്യാസപ്പെടുന്നതോടൊപ്പം ഇവയിലെ ഉൾപ്പിരിവുകൾക്കനുസരിച്ച് അതു വീണ്ടും വ്യത്യാസപ്പെട്ടിരിക്കുമെന്നും സാരം. ഇതിൽ ഭാഷ മാത്രമെടുത്ത് പരിശോധിച്ചാൽ ഭാഷാശാസ്ത്രം എന്ന ഒറ്റ സംജ്ഞയിൽ അത് ഒതുക്കാനാവില്ല, കാരണം ഭാഷാശാസ്ത്രംതന്നെ സാമൂഹികം (socio-linguistics) പ്രായോഗികം (functional/applied) മനഃശാസ്ത്രപരം (psychological) വിവരണാത്മകം (descriptive) ഘടനാപരം (structural) തുടങ്ങി നിരവധി തലങ്ങൾ അതിനുണ്ട്. ഇപ്പോഴാകട്ടെ സാഹിത്യഭാഷാശാസ്ത്രം (literary linguistics) എന്നൊരു വിഭാഗംകൂടി രൂപപ്പെട്ടിട്ടുണ്ട്. ഇവ കൂടാതെ ഭാഷയുടെ ചരിത്രപരം (diachronic) സംവേദനപരം (Synchronic) പ്രതിരൂപപരം (Paradigmatic) സംയോജകപരം (syntagmatic) തുടങ്ങി വാക്ഘടന (morphology) വാക്യഘടന (syntax) അർഥഘടന (semantics) ശൈലീഘടന (stylistics) ലിപിഘടന (graphics) ഉച്ചാരണ/വചനഘടന (phonology) ഉല്പത്തിസവിശേഷത (etymology) എന്നിങ്ങനെ ഏറെ വിപുലമാണ് അന്വേഷണം. ഇതൊന്നുംകൂടാതെ ഭാഷ, ഭാഷാശാസ്ത്രം എന്നിവകളെ മറ്റു പഠനമേഖലകളുമായി ചേർത്തുള്ള ബഹുവിദ്യാ(interdisciplinary)ന്വേഷണങ്ങളുമുണ്ട്. ഇവയ്ക്കെല്ലാം രീതികൾ വ്യത്യാസമാണെന്നു മാത്രം.
പക്ഷേ, ഒരു ഗവേഷണ പ്രബന്ധമെന്നാൽ വായനക്കാർക്ക്/പരിശോധകർക്കു മനസ്സിലാകുന്ന ഭാഷയിലും രീതിയിലും സുശിക്ഷിതവും വ്യവസ്ഥാപിതവുമായ തരത്തിൽ നിർമിക്കപ്പെടുന്ന ഒന്നാണെന്നത് അന്തർദേശീയ തലത്തിൽ അക്കഡമിക് രംഗത്ത് അംഗീകരിക്കപ്പെട്ടതാണ്.1 എന്നാൽ, വിഷയസ്വീകരണംമുതൽ സമർഥനംവരെയുള്ള വസ്തുതകൾ അവതരിപ്പിക്കുന്നതിനു കൃത്യമായ വ്യവസ്ഥകളും ക്രമങ്ങളും അവർ നിഷ്ക്കർഷിക്കുന്നുണ്ട്. അതിൽ ചിഹ്നനം, പേജ് രൂപകല്പന (style sheet), ഉദ്ധരണികൾ (നാൽപത് വാക്കുകൾക്ക് മുകളിലും കീഴേയുമുള്ള വ്യത്യസ്തതകൾ – quoting and intending) വരികൾ തമ്മിലുള്ള അകലം, മാർജിൻ, റഫറൻസ്, ഗ്രന്ഥസൂചി (works cited) തുടങ്ങി എല്ലാ ഘടകങ്ങൾക്കും ഇവർ മാർഗം നിർദേശിക്കുന്നുണ്ട്. ഇതെല്ലാം ഗവേഷണ രീതിശാസ്ത്രത്തിൽ സുവിദിതമാണ്. അപ്പോഴും മലയാള ഭാഷാ-സാഹിത്യ ഗവേഷണമേഖല നേരിടുന്ന പ്രധാന പ്രതിസന്ധി ഇക്കാര്യങ്ങളിൽ സുനിശ്ചിതമായ ഒരു രീതിശാസ്ത്രം പിൻതുടരുന്നില്ല എന്നതാണ്.
ഇവിടെ ഏറെ പ്രസക്തമായ ചോദ്യം എന്തിനാണ് ഇത്തരത്തിൽ സുനിശ്ചിതമായ ഒരു രീതിശാസ്ത്രം എന്നതാണ്. അതിന്, ഗവേഷണത്തിൽ കൃത്യമായി ഉത്തരമുണ്ട്: അതായത് ഗവേഷണപ്രബന്ധം വായനാസുഖംപകരാനുള്ള ഒരു കൃതിയല്ല, മറിച്ച് പുതുതായി കണ്ടെത്തിയ അഥവ സമർഥിച്ച വസ്തുത എന്നെന്നേയ്ക്കുമായി വ്യവസ്ഥാപിതമായി സമാഹരിച്ച പഠനമാണ്.3 അത് ഏതുകാലത്തും താൽപര്യപ്പെടുന്നവർക്ക് കൃത്യമായി ഉൾക്കൊള്ളാൻ ഉതകുംവിധം തയ്യാറാക്കപ്പെട്ടതാകണം. കാരണം, ജ്ഞാനത്തിന് കാലദേശാതീതമായ തലമുണ്ട് അതു സാർവദേശീയമായ നിയാമക വ്യവസ്ഥകളിൽ അവതരിപ്പിച്ചില്ലെങ്കിൽ എല്ലാ കാലത്തും എല്ലായിടത്തും ഉൾക്കൊള്ളുവാൻ പ്രയാസമുണ്ടാകും. മാത്രവുമല്ല, വ്യവസ്ഥാപിതമല്ലെങ്കിൽ അവതരണംവഴി തെറ്റിപ്പോകാനുമിടയുണ്ട്. മലയാള ഭാഷാ-സാഹിത്യവിഷയത്തിൽ ദേശാതീത അനുവർത്തനത്തിനു പരിമിതികളുണ്ടെങ്കിലും കാലഗണനയിൽ ആ പരിമിതിയില്ല. ഗവേഷണഫലം പ്രബന്ധ രൂപത്തിൽ സന്നിവേശിപ്പിക്കുമ്പോൾ ഭാഷാരീതിതന്നെ പണ്ഡിതോചിത(Pedantic)മായിരിക്കണമെന്ന് നിഷ്ക്കർഷിക്കുന്നതും അതുകൊണ്ടാണ്.
ഗവേഷണപ്രബന്ധം അംഗീകരിക്കപ്പെടുന്നതോടെ പ്രസ്തുതവിഷയത്തിൽ ഗവേഷകൻ നിഷ്ണാതനായി മാറുകയാണ്. തന്മൂലം പ്രബന്ധം എല്ലാത്തരം പിഴവുകൾക്കും അതീതമാകണം. റഫറൻസിൽ വരുന്ന കൃതികളോ പ്രബന്ധങ്ങളോ അവയുടെ തനത് (original) രൂപത്തിൽനിന്നുതന്നെ എടുത്തിരിക്കണം. അതായത് പകർത്തപ്പെട്ടതോ ഉദ്ധരിക്കപ്പെട്ടതോ(Secondary Sources) ആയ ഇടങ്ങളിൽനിന്ന് അവ സ്വീകരിക്കാൻ പാടുള്ളതല്ല. വിഷയസ്വീകരണത്തിലും അവതരണത്തിലുമുള്ള സൂക്ഷ്മത ഇതിലും പുലർത്തേണ്ടതുണ്ടെന്ന് സാരം. ആമുഖം/പ്രവേശിക(introduction)യും ഒന്നാമധ്യായവും കഴിഞ്ഞാൽ രണ്ടാമധ്യായത്തിൽത്തന്നെ വിഷയത്തിന്റെ കാമ്പി(Core)ലേക്ക് കടന്നിരിക്കണമെന്നാണ് നിയമം. ഈ പരിഗണനകളിൽ ഏറ്റവും പ്രസക്തമായ രണ്ടു വസ്തുതകളാണ് വാദമുഖവും (Argument) രീതിശാസ്ത്രവും (methodology).
എന്താണ് വാദമുഖം? അപഗ്രഥനത്തിന് തിരഞ്ഞെടുത്ത സവിശേഷവിഷയത്തിൽ പ്രസക്തമായ വാദമുഖം ഉന്നയിച്ചുകൊണ്ടാകണം പ്രബന്ധനിർമിതി. ഇതു നിഷ്ക്കർഷിക്കുന്നത് അപഗ്രഥനം കുന്തമുനകൂർപ്പിച്ചപോലെ (Pointed) നിലനിറുത്താൻ മാത്രമല്ല, മറിച്ച് ഗവേഷണം അതിന്റെ ദിശാവ്യവസ്ഥയിൽ പുരോഗമിക്കുന്നതിനു കൂടിയാണ്. ഉദാഹരണത്തിന് “തകഴിയുടെ കൃതികൾ” എന്നൊരു ഗവേഷണപ്രബന്ധമവതരിപ്പിക്കാൻ അനുവാദം നൽകാനാവില്ല, മറിച്ച് “കാലാവസ്ഥ വ്യതിയാനവും സാമൂഹിക ജീവിതവും: തകഴി കൃതികളെ ആസ്പദമാക്കിയ പഠനം” എന്നൊരു വിഷയം വന്നാൽ അത് അംഗീകരിക്കാവുന്നതാണ്. ഇവിടെ അപഗ്രഥനത്തിന് ഊന്നൽ നൽകുന്നതിൽ ഒരു വാദം ഉന്നയിക്കപ്പെടുന്നുണ്ട്. കാരണം, തകഴി കൃതികളിൽ കാർഷിക- സാമൂഹിക ജീവിതം, ആ കൃതികൾ രചിക്കപ്പെടുന്ന കാലത്തുള്ള കാലാവസ്ഥയെ പരിഗണിച്ചുള്ളതാണ്. മാറിയ കാലാവസ്ഥയിൽ തകഴിയുടെ കൃതികളെ പുനർനിർണയിക്കേണ്ടതായി (re-invent) വരുന്നതിലേക്ക് ഗവേഷണം കടന്നുചെല്ലുമെന്നു വ്യക്തം. ഇത്തരം നിലപാടുകളിലൂടെ മാത്രമേ വിജ്ഞാനത്തിന്റെ പുതിയ ആകാശങ്ങൾ കണ്ടെത്താനാവൂ. മാത്രവുമല്ല, ഭാഷയ്ക്കും ഈ ദിശയിലുള്ള ഗവേഷണം പ്രയോജനംചെയ്യും, കാരണം, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട പദാവലി മലയാളത്തിൽ കാര്യമായി രൂപപ്പെട്ടിട്ടില്ല. അപ്പോൾ ഗവേഷകന് ആ ദിശയിലും പ്രവൃത്തിയെടുക്കേണ്ടിവരും; അത് ഭാഷയുടെ പദസമ്പത്ത് വർധിപ്പിക്കുവാനുമിടവരുത്തും. ചുരുക്കത്തിൽ ഉന്നയിക്കപ്പെടുന്ന വാദമുഖമാണ് അപഗ്രഥനത്തെ ത്വരിതമാക്കുന്നതും സമർഥനത്തിലേക്ക് എത്തിക്കുന്നതും.
സവിശേഷമായ വാദമുഖത്തിലൂടെ അപഗ്രഥനം വികസിക്കുമ്പോൾ ഏറ്റവും ശ്രദ്ധയും കരുതലും വേണ്ടിവരുന്നതാണ് രീതിശാസ്ത്രം. അതിൽ ഏറ്റവും പ്രധാനമാണ് വിഷയത്തിനുസരിച്ചുള്ള രീതിശാസ്ത്ര സ്വീകരണം. അതായത് ഉള്ളടക്ക വിശകലന(content analysis)ത്തിന് അനുപേഷണീയമായ ക്രമമാണ് അനുവർത്തിക്കേണ്ടത്.5 അതു വിഷയത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. ഇക്കാര്യത്തിൽ മലയാളത്തിൽ കണ്ടുവരുന്ന ചില പിശകുകൾ സൂചിപ്പിക്കാം. അതിൽ ഏറ്റവും പ്രസക്തമായ ഒന്നാണ് വിശകലനത്തിനു പരസ്പരവിരുദ്ധമായ അവലോകനരീതിയോ സിദ്ധാന്തങ്ങളോ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന് ഉത്തരാധുനികതയിലെ ഒരു നിർമിതിക്ക്, ഉത്തരാധുനികതയുടെ കടുത്ത വിമർശകനായ ഫ്രഡറിക് ജയിംസന്റെ വാദഗതികൾ ഉപയോഗിക്കുന്നത് തെറ്റായ രീതിശാസ്ത്രമാണ്.2 അതുപോലെ ആധുനികതയിലെ ഒരു നിർമിതിയെ പരിശോധിക്കാനും വിലയിരുത്താനും കാല്പനികതയുടെ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതും തെറ്റാണ്. (ഗവേഷണമല്ലെങ്കിലും, നിരൂപകൻ കെ.പി.അപ്പൻ ഉത്തരാധുനികതയെക്കുറിച്ച് പ്രസിദ്ധപ്പെടുത്തിയ ഗ്രന്ഥത്തിൽ പഠനം മുഴുവൻ ആധുനികതയെക്കുറിച്ചായിരുന്നു എന്ന വിമർശനം ഒരുദാഹരണമാണ്). സിനിമയും സാഹിത്യവും വ്യത്യസ്ത മാധ്യമങ്ങളായിരിക്കെ, സിനിമയെ വിലയിരുത്താൻ സാഹിത്യത്തിന്റെ മാനദണ്ഡങ്ങൾ പ്രയോഗിക്കുന്നതും ഫോക്ലോറിനെ പഠിക്കാൻ ക്ലാസിക്കൽ അളവുകോലുകൾ ഉപയോഗിക്കുന്നതും പിഴവാണ്. ചുരുക്കത്തിൽ സമർഥനത്തിനായി വിരുദ്ധ സിദ്ധാന്തങ്ങളും നിലപാടുകളും കോർത്തിണക്കുന്നതും വിഷയവിരുദ്ധമായ രീതിശാസ്ത്രം പിൻതുടരുന്നതും ഗവേഷണവിരുദ്ധമാണെന്ന് സാരം. ഈ തിരിച്ചറിവില്ലായ്മയാണ് മലയാളഗവേഷണത്തിന്റെ പ്രതിസന്ധി.
ഗ്രന്ഥസൂചി
- ഗിബാൽഡി ജോസഫ് & ആഷ്ർറ്റ്: MLA Handbook for Writers of Research Papers, Eighth edition 2023, Affiliated East West Press, Delhi
- പണിക്കർ. കെ. അയ്യപ്പ: ഗവേഷണവും മാനദണ്ഡങ്ങളും, പ്രഭാഷണം, 2006, എൻ.എസ്.എസ്.കോളജ്, ചങ്ങനാശ്ശേരി (unpublished)
- മാധവൻ.പി: Personal Communication On Writing Research Papers 2007(unpublished)
- യാസ്കൻ: നിരുക്തകോശം
- രാമചന്ദ്രൻ .ടി.കെ.: Personal Communication On Research 2006(unpublished)


