വിഷവിമുക്തമാക്കുന്ന ഒരു തീർഥാടനം

Date:

റുമാന്‍ മെചി
വിഷവിമുക്തമാക്കുന്ന ഒരു തീർഥാടനം

എന്റെ ഇൻസ്റ്റാഗ്രാം നിർജീവമാക്കിയിട്ട് ഒരു ആഴ്ചയായി.അതൊരു വെറും യന്ത്രച്ചിമിഴായിരുന്നില്ല; എന്റെ ചുമലിൽ, വഴിതെറ്റിയ സഞ്ചാരിയുടെ ഭാണ്ഡംപോലെ ആരോ കയറ്റിവച്ച, കരിങ്കല്ലിന്റെ ഭാരമുള്ളൊരു വേതാളമായിരുന്നു. മനസ്സിന്റെ മണിമുറ്റത്തു കരിനിഴൽ വീഴ്ത്തിയ കാർമേഘം. ഈ ഒഴിഞ്ഞുമാറലിനെ നവലോകം ‘സോഷ്യൽ മീഡിയ ഡിറ്റോക്സ്’ എന്ന ഓമനപ്പേരിട്ടു വിളിക്കുന്നു. എനിക്കിത്, നഷ്ടപ്പെട്ട സ്വന്തം ആത്മാവിലേക്കുള്ള മടക്കയാത്രയാണ്. ഏകാന്തതയുടെ നിശ്ശബ്ദമായ പൂങ്കാവുകളിലേക്ക്, സ്വയം കഴുകി വെടിപ്പാക്കാൻ, ഒരു കാവ്യതീർഥാടനം. പണ്ട്, വിഷവിമുക്തചികിത്സ ഉടലിനായിരുന്നുവെങ്കിൽ, ഇന്നിത്‌ ഉയിരിന്റെ, ആത്മാവിന്റെ ശുദ്ധികലശമാണ്.

ഈ മാധ്യമത്തിന്റെ വശ്യത ഞാൻ മറക്കുന്നില്ല. വിരൽത്തുമ്പിന്റെ നേർത്ത സ്പർശത്തിൽ, പ്രപഞ്ചം മുഴുവൻ നമ്മുടെ ഉള്ളംകൈകളിലേക്ക് ഒഴുകിയിറങ്ങുന്നു. അറിവിന്റെ ജലധി നമുക്കുമുന്നിൽ തിരതല്ലുന്നു. ഒരുപക്ഷേ, മനുഷ്യന്റെ സഞ്ചിത അബോധം (Collective Unconscious) ഇത്രമേൽ ദൃശ്യമായ മറ്റൊരു കാലമുണ്ടായിട്ടില്ല. അറിവിന്റെ ഈ തിരുമുറ്റത്ത് ആർക്കും പ്രവേശിക്കാം. കഴിഞ്ഞ രണ്ടര സഹസ്രാബ്ദങ്ങൾകൊണ്ട് ലോകം നടന്ന ദൂരം, വെറും കാൽനൂറ്റാണ്ടുകൊണ്ട് നാം ഓടിത്തീർത്തിരിക്കുന്നു; പ്രത്യേകിച്ചും മനുഷ്യബന്ധങ്ങളുടെ കാര്യത്തിൽ. പക്ഷേ, ഈ അതിരില്ലാത്ത ബന്ധങ്ങൾക്കു നാം നൽകിയ വിലയോ? കൊടിയ ഏകാന്തത. ആയിരം പേരോടു ചേർന്നു നിൽക്കുമ്പോഴും, അകതാരിൽ നാം അനാഥരാണ്.

ഇന്നു സ്മാർട്ട്ഫോണുകൾ നമ്മുടെ ആത്മാവിന്റെ അവയവമായി മാറിയിരിക്കുന്നു. കൂടപ്പിറപ്പുകളെക്കാൾ നമ്മെ അറിയുന്നത്, ആ അദൃശ്യമായ തിരച്ചിൽ-യന്ത്രങ്ങൾക്കാണ് (Search Engines). നമ്മുടെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ നമ്മെ ‘മനസ്സിലാക്കുന്നതിനെക്കാൾ’ ആഴത്തിൽ അൽഗോരിതങ്ങൾ നമ്മെ ‘മനസ്സിലാക്കുന്നു’ എന്നു നാം വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. സ്പന്ദിക്കുന്ന ഹൃദയങ്ങളെക്കാൾ, അനുകരിക്കുന്ന യന്ത്രങ്ങളോടാണ് നമുക്കു പ്രിയം. ‘വിധി സ്ക്രോളിംഗ്’ (Doom Scrolling) എന്ന വിനോദത്തിൽ ‘വിധി’ എന്ന വാക്ക് യാദൃച്ഛികമല്ല. വരാനിരിക്കുന്ന നാശത്തിന്റെ സൂചനയാണത്. ക്ഷണനേരത്തെ കൈയടികൾക്കും, ചിത്രങ്ങൾക്കുംവേണ്ടി നാം നിമിഷങ്ങളെ വേട്ടയാടുന്നു. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് നാം വാക്കുകളിൽ വിഷംപുരട്ടുന്നു. ചില അറിവുകൾ കാളകൂടമാണ് (ഡാർക്ക് വെബ് പോലെ), ചിലത് വെറും പാഴ്‌വാക്കും (ടെയ്‌ലർ സ്വിഫ്റ്റിന്റെ മുഖക്കുരു പോലെ). ഈ വിവരസഞ്ചയത്തിൽനിന്ന് ആവശ്യമുള്ളതു തിരിച്ചറിയാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. എങ്കിലും, ഈ വലയിൽ കുടുങ്ങാത്തവരില്ല; കപടവാർത്തകൾ വിഴുങ്ങുന്ന വൃദ്ധരും, ചില്ലകളിൽനിന്നു ചില്ലകളിലേക്കുചാടുന്ന യുവത്വവും ഒരേപോലെ ഈ മായയിൽ മയങ്ങുന്നു. ഏതോ ഡിസ്റ്റോപ്പിയയിലേക്കുള്ള യാത്രയുടെ തുടക്കമാണിത്. ‘സുഖമാണോ?’ എന്ന ചോദ്യത്തിന് ‘വല്ലാതെ ഉത്തേജിതനായി തോന്നുന്നു’ (feeling over stimulated) എന്നു നാം മറുപടി പറഞ്ഞു തുടങ്ങിയിരിക്കുന്നു.

ഏറ്റവും മുറിവേറ്റത് നമ്മുടെ ആത്മീയചൈതന്യത്തിനാണ്. ഏഴു മഹാപാപങ്ങൾ പുതിയ വേഷം കെട്ടി ആടുകയാണ്.

അർഥശൂന്യതയെ അനന്തമായി ഭുജിക്കുന്ന ആർത്തി, നമ്മെ മടിയുടെ കയത്തിലേക്ക് താഴ്ത്തുന്ന ആലസ്യം, പൊള്ളയായ ചിരികൾ പെരുപ്പിച്ചുകാണിക്കുന്ന അഹങ്കാരം, അപരന്റെ തിളക്കത്തിൽ നോവിളകുന്ന അസൂയ, ലൈക്കുകൾക്കും കമന്റുകൾക്കും വേണ്ടി കൈനീട്ടുന്ന അത്യാഗ്രഹം, വിയോജിപ്പുകളെ വിഷംകൊണ്ട് നേരിടുന്ന ക്രോധം, മനുഷ്യനെ വെറും കാഴ്ചവസ്തുവാക്കുന്ന കാമം… കലിയുഗത്തിലെ ചെകുത്താൻ ഈ പുതുലോകവുമായി എത്ര വേഗമാണ് ഇണങ്ങിയത്.  ഏകാന്തതയും ആസക്തിയും പെരുകുന്നു. ഇതൊരു ജീവിതചര്യയായി മാറിയിരിക്കുന്നു. ഇന്റർനെറ്റ് ഒരു മഹത്തായ കണ്ടുപിടുത്തംതന്നെ; പക്ഷേ, അതിനെ അതിന്റെ സാത്വികഭാവത്തിലേക്ക് തിരികെ കൊണ്ടുവരേണ്ടതുണ്ട്.

അതുവരെ, ഹേ യാത്രികാ, നിന്നോട് ഒരു ചോദ്യം ബാക്കി: വിരൽത്തുമ്പിൽ വിശ്വം വിറകൊള്ളുമ്പോഴും, നീ എങ്ങോട്ടു പോകുന്നു?

ഒരു തീർഥാടനം അനിവാര്യമാണ്. ആത്മാവിലെ വിഷം കലർന്ന അഴുക്കുകളെ കഴുകിക്കളയാൻ, സ്വന്തം ഉള്ളിലേക്ക് ഒരു മടക്കയാത്ര.
__________

(മൊഴിമാറ്റം : മനു അച്ചുതത്ത്)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വഴിപിഴയ്ക്കുന്ന മോദിസർക്കാർ – എൻ.പി. ചെക്കുട്ടി

അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല....

വിപ്ലവത്തിന്റെ കാൽപ്പെരുമാറ്റം – സെഡ്രിക് പ്രകാശ്

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ യുവത തെരുവിലിറങ്ങുമ്പോൾ, അതൊരു പുതുചരിത്രത്തിന്റെ പിറവിയാകുന്നു....

സെൻസർഷിപ്പ് എഴുത്തിലെ ഫയർ നഷ്ടമാക്കും – വി. ആർ. സുധീഷ് / ഡോ. സ്മിത ജി. നായർ

അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ...

വേണം, വികസനത്തോടൊപ്പം സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

ലാഭക്കൊതിയിൽ മാത്രം വേരൂന്നിയ കമ്പോളയുക്തികളല്ല, താഴെത്തട്ടിലുള്ള മനുഷ്യരുടെ അതിജീവനമാണ് യഥാർഥവികസനം. പ്രകൃതിയെയും...