മീസാന്‍കല്ലുകള്‍ക്ക് നാവുമുളക്കുന്നു

മീസാന്‍കല്ലുകള്‍ക്ക്  നാവുമുളക്കുന്നു

റഷീദ് പാനൂര്‍

അറുപതുകള്‍ക്കുശേഷം ആധുനികതയുടെ മധ്യാഹ്നസൂര്യന്‍ മലയാള നോവല്‍, കഥാസാഹിത്യത്തില്‍ കത്തിനില്‍ക്കുന്ന കാലത്താണ് പുനത്തില്‍ കുഞ്ഞബ്ദുള്ള സാമൂഹ്യപ്രസക്തിയുള്ള കഥകളുമായി രംഗത്തുവന്നത്. എഴുപതുകളില്‍ മലയാള നോവല്‍ സാഹിത്യത്തേയും, ചെറുകഥാ സാഹിത്യത്തേയും നവീകരിച്ച എഴുത്തുകാരില്‍ ഒ.വി. വിജയനും, ആനന്ദും, സേതുവും, കാക്കനാടനും, എം. മുകുന്ദനും, ടി.ആറും, സക്കറിയയും, പുനത്തില്‍ കുഞ്ഞബ്ദുള്ളയും ഉണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങള്‍ തിരിച്ചും മറിച്ചും നോക്കലാണ് ഉത്തമ സാഹിത്യമെന്ന് പ്രചരിപ്പിക്കാന്‍ വ്യഗ്രത കാണിച്ച കാലത്ത് തന്നെയാണ് എം. മുകുന്ദന്‍ ‘എന്താണ് ആധുനികത’ എന്ന നീണ്ട ഉപന്യാസമെഴുതി ആധുനികദര്‍ശനത്തിന്റെയും സാര്‍ത്ര്, കാഫ്ക, അയണസ്‌കോ, കാമു തുടങ്ങിയ വിദേശ എഴുത്തുകാരുടെയും പ്രസക്തിയെക്കുറിച്ച് വായനാ സമൂഹത്തിന് പുതിയ അവബോധമുണ്ടാക്കിക്കൊടുത്തത്. ആഴമില്ലാത്ത സാമൂഹ്യചിത്രങ്ങളെ തിരിച്ചും മറിച്ചും നോക്കിയാല്‍ അത് പുരോഗമന സാഹിത്യമാകും എന്ന തെറ്റായധാരണയുടെ ശിരസ്സിലടിക്കാന്‍ നവീന നിരൂപകനായ കെ.പി. അപ്പന്‍ രംഗത്ത് വന്നതും ഇതേ കാലത്താണ്. വ്യക്ത്യാനുഭവങ്ങളുടെ സങ്കീര്‍ണ്ണമേഖലകളും അവിടെ ഉയര്‍ന്നുവരുന്ന ലോലഭാവങ്ങളുടെ ശോണമുഹൂര്‍ത്തങ്ങളും തേടി മലയാള സാഹിതി നടത്തിയ അന്വേഷണത്തിന്റെ സാഫല്യമാണ് മാധവിക്കുട്ടിയുടെ കഥകളിലും എം.ടിയുടെ കഥകളിലും ടി. പത്മനാഭന്റെ കഥകളിലും കാണുന്നത്. കഥകളെ സാമൂഹ്യപരിവര്‍ത്തനത്തിന് ലക്ഷ്യമാക്കി കലയെ കുരുതികൊടുത്ത അനേകം രചനകള്‍ തകഴിയും കേശവദേവും ചെറുകാടും നടത്തിയിട്ടുണ്ട്. ഇവരെല്ലാം എഴുതിക്കൂട്ടിയ അസംഖ്യം രചനകളില്‍നിന്ന് അന്യൂനമായ കാലസങ്കല്‍പ്പങ്ങളോടുകൂടി എത്ര കഥകള്‍ തെരഞ്ഞെടുക്കാന്‍ കഴിയും? സമൂഹത്തിന്റെ മുഖത്തുനോക്കി ചിലത് വിളിച്ചുപറഞ്ഞാല്‍ അത് കലയായി മാറും എന്ന് തെറ്റിധരിച്ചുപോയ പുരോഗമനവാദികള്‍ മായക്കോവ്‌സ്‌ക്കിയുടേയും ലോര്‍ക്കയുടേയും നെരൂദയുടേയും ബോറീസ് പാസ്റ്റര്‍നാക്കിന്റേയും രചനകള്‍ വായിച്ചുകാണില്ല. കഥാസാഹിത്യത്തിന്റെ ജൈവവികാസത്തിനാവശ്യമായ സൗന്ദര്യപരമായ മെറ്റബോളിസം ബഷീര്‍ കഥകളുടെയും കാരൂര്‍ കഥകളുടെയും ആരോഗ്യരഹസ്യമാണ്. വൈവിധ്യത്തിന്റെ കാര്യത്തില്‍ മലയാള ചെറുകഥയെ സമ്പന്നമാക്കിയത് ആധുനിക എഴുത്തുകാരാണ്. ദുഃസ്വപ്നത്തിന്റെ വിഭ്രമാത്മകമായ അന്തരീക്ഷം ഒ.വി.വിജയന്റെയും സേതുവിന്റെയും പുനത്തില്‍ കുഞ്ഞബ്ദുള്ളയുടേയും രചനകളിലുണ്ട്. ഈ എഴുത്തുകാരുടെ കഥകളും നോവലുകളും ലളിതമായ വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതല്ല. ജനിമൃതി പുനര്‍ജനികളുടെ ആവര്‍ത്തനചക്രത്തെ അന്തര്‍നേത്രം കൊണ്ട് വീക്ഷിച്ച ഒ.വി. വിജയനാണ് മലയാളത്തിലെ ആധുനികതയ്ക്ക് തുടക്കമിട്ടത്. തൊട്ടുപിറകില്‍ സഞ്ചരിച്ച പുനത്തിലും എം. മുകുന്ദനും സേതുവും ആധുനികതയുടെ സിരാപടലത്തെ ശക്തിപ്പെടുത്തി.

തുടര്‍ന്ന് വായിക്കുന്നതിന്‌  https://www.magzter.com/IN/LIPI/Ezhuthu/Art/

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<