മതം ഉന്മാദമോ ഉത്തരവാദിത്വമോ?
Print this article
Font size -16+
പോള്‍ തേലക്കാട്ട്
”അതിലുള്ള സമസ്തവും അവര്‍ നിശ്ശേഷം നശിപ്പിച്ചു. പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആടുമാടുകളെയും കഴുതകളെയും അവര്‍ വാളിനിരയാക്കി” (ജോഷ്വ 6:21). കാനന്‍കാരെ വംശഛേദം വരുത്തിയ കഥയാണു ജോഷ്വായുടെ പുസ്തകം പറയുന്നത്. തീര്‍ന്നില്ല, ബൈബിളിലെ ആവര്‍ത്തന പുസ്തകപ്രകാരം ഏഴു വംശങ്ങളെ ഇങ്ങനെ കൊന്നൊടുക്കുന്നതു ദൈവനിശ്ചയപ്രകാരമാണ്. ”അവരെ പരാജയപ്പെടുത്തുകയും നിശ്ശേഷം നശിപ്പിക്കുകയും ചെയ്യണം. അവരുമായി ഉടമ്പടി ഉണ്ടാക്കുകയോ അവരോടു കരുണ കാണിക്കുകയോ അരുത്” (7:2). ”ആകയാല്‍ നീ പോയി അമലേക്യരെയെല്ലാം വധിക്കുകയും അവരെയെല്ലാം നശിപ്പിക്കുകയും ചെയ്യുക. ആരും അവശേഷിക്കാത്തവിധം സ്ത്രീപുരുഷന്മാരെയും കുട്ടികളെയും ശിശുക്കളെയും ആടുമാടുകള്‍, ഒട്ടകങ്ങള്‍, കഴുതകള്‍ എന്നിവയെയും കൊന്നുകളയുക” (1 സാമുവല്‍ 5:23) ഈ വംശഛേദത്തിന്റെ കഥയുടെ തുടര്‍ച്ചയല്ലായിരുന്നോ ഹിറ്റ്‌ലര്‍ നടത്തിയത്? ഇസഹാക്കിനെ ബന്ധിച്ചു ബലിപീഠത്തില്‍ കിടത്തി കത്തിയെടുത്തതും യേശുവിന്റെ ഗാഗുല്‍ത്തായും ഗ്യാസ് ചേമ്പറുകളും പുരാണകീടങ്ങളായി മാത്രം നിലനില്ക്കുമോ? മതം ഭയത്തിന്റെ അടിസ്ഥാനമായിരിക്കുന്നു; അവ ബലി നടത്തുന്നു, ബലിമൃഗങ്ങളെ കണ്ടെത്തുന്നു; ദേവപ്രീതിയുടെ ബലികള്‍ തുടങ്ങുന്നു. ഈ ബലി അനുഷ്ഠാനത്തില്‍ പങ്കെടുത്തവര്‍ക്കു ലഭിക്കുന്നതു വലിയ ഉന്മാദലഹരിയാണ്. ഈ ചരിത്രമാണ് 1994 ഏപ്രില്‍ 7-ാം തീയതി മുതല്‍ ജൂലൈ മദ്ധ്യംവരെ 100 ദിവസങ്ങളില്‍ റുവാണ്ടയിലെ അഞ്ചു ലക്ഷത്തോളം ടുട്‌സികളെ കൂട്ടക്കൊലനടത്തിയപ്പോള്‍ ആവര്‍ത്തിച്ചത്. ടുട്‌സി വംശഹത്യയുടെ പിന്നില്‍ ടുട്‌സികള്‍ റുവാണ്ടയില്‍ വിദേശികളും നോഹയുടെ ശപിക്കപ്പെട്ട മകന്‍ ഹാമിന്റെ വംശക്കാരുമാണെന്ന വിശ്വാസമായിരുന്നു. അവരെ നൈല്‍നദിയുടെ തെക്കോട്ട് ഓടിച്ചു നാടു ശുദ്ധമാക്കുന്ന കര്‍മ്മമാണ് അവിടെ നടന്നത്. ”തിരഞ്ഞെടുക്കപ്പെട്ട ഭൂരിപക്ഷത്തിന്റെ പുണ്യപ്പെട്ടവര്‍ ഈ അപരരെ ചുടുന്ന അള്‍ത്താര പണിയാന്‍ ബാദ്ധ്യസ്ഥരാകുന്നു. കൊലപാതകം നിഷിദ്ധമല്ലാതാകുന്നു. അതു പുതിയ മതത്തിന്റെ അടിസ്ഥാനമെന്നതിനേക്കാള്‍ സംഘാതമായ അതിഭൗതിക ചിന്തയുടെ അടിസ്ഥാനമാകുന്നു. അങ്ങനെ അതു മതത്തിന്റെ അനുഷ്ഠാനമായി മാറ്റപ്പെടുന്നു.” ആളുകള്‍ നിര്‍ബാധം കൊന്നത് അധികാരികള്‍ കൊല്ലാന്‍ പറഞ്ഞിട്ടാണ് എന്നാണു പറഞ്ഞത്. ചിന്തയില്ലാതെ പ്രവര്‍ത്തിച്ച തൊഴിലാളികള്‍! ഒരു ആംഗ്ലിക്കന്‍ മെത്രാപ്പോലീത്ത അതിന്റെ വക്താവായി. ഹാമിന്റെ കഥയും അതിന്റെ വ്യാഖ്യാനവും ക്രൈസ്തവസഭയില്‍ നിന്ന് ഉണ്ടായി. മതം ഈ കൊലപാതകത്തില്‍ നിഷ്പക്ഷമായിരുന്നില്ല; കൊലയ്ക്കു പിന്തുണ നല്കി; കൊലപാതകം മതാത്മകമായി.
No comments
Write a comment
No Comments Yet!
You can be first to comment this post!