എന്നെ രൂപെപ്പടുത്തിയ ഭയങ്ങള്‍
Print this article
Font size -16+
സുനിത ടി.വി
വലുതാവുമ്പോള്‍ എന്തായിത്തീരുമെന്ന് ഞാന്‍ ഒരുപാട് ആശങ്കപ്പെട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ് മുതല്‍ മാത്രം സ്‌കളില്‍ പോയിത്തുടങ്ങുകയും ജീവിതത്തില്‍ പല കാരണങ്ങള്‍കൊണ്ട് തോറ്റുപോയ ഒരുപാട് മനുഷ്യരെ പ്രത്യേകിച്ച്, സ്ത്രീകളെ കാണുകയും ചെയ്ത എനിക്ക് വല്ലാത്ത പേടിയായിരുന്നു ജീവിതത്തെ. ഒറ്റക്കാവുക എന്ന വാക്കിനു താങ്ങാന്‍ പറ്റുന്ന അത്രയും അളവില്‍ ഒറ്റയായിരുന്ന എനിക്ക് വീടിനടുത്തുള്ള റെഡ്ഡണ്‍ ലൈബ്രറി പൊളിച്ചപ്പോള്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ മാത്രമായിരുന്നു ഏകാശ്രയം. അര്‍ത്ഥം ശരിക്ക് മനസ്സിലാകാതെതന്നെ പുസ്തകങ്ങള്‍ വായിച്ചുതീര്‍ക്കും ആ എട്ടുവയസ്സുകാരി. കൗണ്ട് ഓഫ് മോണ്ടിക്രിസ്റ്റോയും ജീന്‍വാല്‍ജീനും നോതൃദാമിലെ കൂനനും ഭ്രാന്തന്‍ വേലായുധനും ഒഡീസിയസും ഒക്കെയായിരുന്നു എന്റെ ലോകത്തിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍. അങ്ങനെ എല്ലാ കുട്ടികളും സ്‌കൂളില്‍ പോവുമ്പോള്‍, എല്ലാവരും കൂട്ടുകൂടി കളിക്കുമ്പോള്‍, ഞാന്‍ ഒറ്റക്ക് ആ വലിയ തറവാടിന്റെ പരിസരങ്ങളിലൂടെ അഗ്രശാലയിലും വിറകുപുരയിലും പാടവരമ്പിലും കുളക്കടവിലും ആലയിലും ഒക്കെയായി ചുറ്റിത്തിരിഞ്ഞു നടക്കും, കൈയില്‍ ഒരു പുസ്തകവും ഉണ്ടാവും. എന്റെ കുടുംബത്തില്‍ അച്ഛന്റെ അകന്ന ബന്ധത്തില്‍പ്പെട്ട ഒരു മുത്തശ്ശിയമ്മ ഉണ്ടായിരുന്നു. നന്നേ ചെറുപ്പത്തില്‍ ഒരു പ്രേതാലയത്തിലേക്ക് ഒരു വൃദ്ധന്റെ ഭാര്യയായി വിവിഹം കഴിച്ചയക്കപ്പെട്ട സ്ത്രീ. സ്‌കൂള്‍ കാണാത്ത, അക്ഷരം അറിയാത്ത അവര്‍ വിവാഹത്തിനുമുമ്പ് എന്തൊക്കെയൊ പാട്ടുകളും കവിതകളും ഒക്കെ ഉണ്ടാക്കി ചൊല്ലുമായിരുന്നത്രെ. വിവാഹശേഷം കുറെ വൃദ്ധന്മാരും പ്രേതങ്ങളും, വൃദ്ധനും വാതരോഗിയുമായ ഭര്‍ത്താവും ഒക്കെയായി അവര്‍ ആ വീട്ടില്‍ അഹോരാത്രം പണിയെടുത്തുകൊണ്ടിരുന്നു. ഒരാള്‍ക്ക് പിണ്ഡതൈലമാണെങ്കില്‍ മറ്റേയാള്‍ക്ക് ധാന്വന്തരം കുഴമ്പ്. ഒരാള്‍ക്ക് ഇളം ചൂടുവെള്ളമാണെങ്കില്‍ മറ്റേയാള്‍ക്ക് ചൂടു നല്ലോണം വേണം. വലിയ അടുപ്പില്‍ തീകൂട്ടി, വലിയ ചെമ്പുപാത്രങ്ങളില്‍ പല പാകത്തിലുള്ള എണ്ണകളും തൈലങ്ങളും കുഴമ്പുകളും അരിഷ്ടങ്ങളുമായി ആ പെണ്‍കുട്ടി ആ ഇരുട്ടുഭവനത്തിലൂടെ ഓടിത്തീര്‍ത്തു ഒരു ജന്മം. ഇതിനിടെ ഇടയ്ക്കിടെ പ്രസവങ്ങള്‍. ചില കുട്ടികള്‍ ജീവിച്ചു, ചിലര്‍ മരിച്ചു. ഇക്കാലത്തൊന്നും സ്‌നേഹം തുടങ്ങിയ അനാവശ്യ പദങ്ങളൊന്നും ആരും അവിടെ ഉച്ചരിച്ചതായി മുത്തശ്ശി കേട്ടിട്ടുണ്ടാവില്ല. അവിടെ വൃദ്ധര്‍ക്കും ജനിച്ചും മരിച്ചും ജനനമരണങ്ങള്‍ക്കിടയില്‍ ഊയലാടിയും നില്‍ക്കുന്ന ആളുകള്‍ക്കുമൊപ്പം നിരവധി പ്രേതങ്ങളുമുണ്ടായിരുന്നു. കാവിലും തുളസിത്തറയിലും കുളപ്പുരയിലും പടിഞ്ഞാറ്റയിലുമൊക്കെയായി അവര്‍ വിരാജിച്ചു. തങ്ങളുടേതായ പ്രേതജീവിതങ്ങളുടെ രഹസ്യാത്മകതയിലേക്ക് അവര്‍ ഇടയ്ക്കിടെ മുത്തശ്ശിയെയും കൂട്ടിക്കൊണ്ടുപോയി. ഒരുപക്ഷേ അവരോട് കൂട്ടുകൂടിയതും അവരെ സ്‌നേഹിച്ചതുമൊക്കെ പ്രേതങ്ങള്‍ മാത്രമായിരിക്കും. പ്രേതങ്ങളുടെ സ്‌നേഹത്തിലേക്ക് ഇടയ്ക്കിടെ വിരുന്നുപോയ മുത്തശ്ശിയെ മന്ത്രവാദികളും ചുരലടികളും ഒക്കെ ചേര്‍ന്ന് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും.”28 തമല വെള്ളാ അന്നൊക്കെ ഞാന്‍ കുടിക്കാറ്”, അവര്‍ പറയും. വിശപ്പും ദാഹവുമൊക്കെ അധികരിക്കും, പ്രേതസ്‌നേഹിതര്‍ കൂട്ടത്തോടെയാണ് വരുക. കളത്തിലിരുത്തി ചൂരല്‍കൊണ്ട് തല്ലിച്ചതച്ച് ഒന്നിനെ പറഞ്ഞയക്കുമ്പോള്‍ അടുത്തയാള്‍ വരും. തല്ലുകൊണ്ട് ചാവാറായുമ്പോള്‍ കൂട്ടമായി എല്ലാരും സ്ഥലം വിടും, അടുത്ത തല്ലിനു ശക്തിയുണ്ടാവുംവരെ.. വലിയ പേടിയായിരുന്നു അവര്‍ക്ക്. എല്ലാത്തിനെയും പ്രേതങ്ങളുടെ സന്ദേശവാഹകരായി മാത്രം അവര്‍ കണ്ടു. ജനലുകളൊക്കെ വട്ടമുറം എടുത്ത് അടച്ചുവെച്ച്, അല്ലെങ്കില്‍ തുണികൊണ്ട് മൂടി, താക്കോല്‍ദ്വാരങ്ങള്‍ അടച്ച് അവര്‍ എപ്പോഴും സംഭവിക്കാവുന്ന പ്രേതങ്ങളുടെ വരവിനെ തടുത്തു. എവിടെ നോക്കിയാലും പ്രേതങ്ങളുടെ വിവിധ സാധ്യതകള്‍ ദര്‍ശിക്കുന്ന ഒരു ഭയത്തിന്റെ മൂന്നാം കണ്ണ് അവര്‍ക്കുണ്ടായിരുന്നു.
കൂടുതൽ വായിക്കുന്നതിനായി…..https://www.magzter.com/IN/LIPI/Ezhuthu/Art/No comments
Write a comment
No Comments Yet!
You can be first to comment this post!