ബെന്നി ഡൊമിനിക്
ജീവിതകാമനയും പരിത്യാഗവും
കെ. അരവിന്ദാക്ഷന്റെ നോവലുകളിൽ
മലയാള സാഹിത്യത്തിലെ മുഖ്യധാരാ വിമർശനം വേണ്ടത്ര ശ്രദ്ധ നൽകാതെപോയ കെ. അരവിന്ദാക്ഷൻ എന്ന നോവലിസ്റ്റിന്റെ, ഗാന്ധിയൻ, ബൗദ്ധ ദർശനങ്ങളുടെ പശ്ചാത്തലത്തിൽ രചിച്ച മൂന്നു പ്രധാന നോവലുകളെ ആഴത്തിൽ വിശകലനം ചെയ്യുന്നു.
Love is substance; Lust, illusion. Only in the surge of passion do the two mingle in confusion.- Calvin Miller
മലയാളനോവൽ വിമർശം നാളിതുവരെ വിരലിലെണ്ണാവുന്ന കുറച്ചു പ്രമുഖരെ കേന്ദ്രീകരിച്ചാണ് നിർവഹിച്ചു പോന്നിരുന്നത്. അവരിൽ ചിലരെ നക്ഷത്രപദവിയിൽ പ്രതിഷ്ഠിക്കുകയും നമ്മുടെ നോവൽചർച്ചകൾ അവർക്കുചുറ്റും പരിക്രമണം ചെയ്യുന്നതുമാണ് ഇന്നു കാണുന്ന കാഴ്ച. കൂടുതൽ വായനക്കാരുള്ള നോവലുകളാണ് മികച്ച നോവലുകൾ എന്നോ പുരസ്കാരം നേടിയ കൃതികൾക്കേ മൂല്യമുള്ളു എന്നോ ഉള്ള തെറ്റുദ്ധാരണ പരക്കെ വാഴുന്നതു കാണാം. എന്നാൽ, അർഹിക്കുന്ന അനുവാചകശ്രദ്ധ കിട്ടാതെപോയ ചില കൃതികളുണ്ട്. വ്യതിരിക്തമായ ജീവിതാവബോധവും മൂല്യബോധവും ദർശനവും കൈമുതലായുള്ള കുറെ എഴുത്തുകാരെങ്കിലും നമുക്കുണ്ട്. കൃതിയുടെ മൂല്യമല്ല, എഴുത്തുകാരന്റെ താരപദവിയാണ് വിമർശകനെ ആകർഷിക്കുന്നത്. നമ്മുടെ വായനാശീലത്തിലുണ്ടായിട്ടുള്ള ഈ പരിമിതപ്പെടൽ മലയാള സാഹിത്യവിമർശം നേരിടുന്ന വെല്ലുവിളിയാണ്. മുൻവിധികളും പതിഞ്ഞുപോയ ശീലങ്ങളും വായനയെ സ്വാധീനിക്കുന്നുണ്ട്. ദാർശനികമായ ഉൾക്കാഴ്ചയുള്ള ഏറെ നോവലുകൾ നമുക്കില്ല.
മൂന്നു പതിറ്റാണ്ടിലേറെയായി നോവൽ രചനയിലേർപ്പെട്ടിരിക്കുന്ന എഴുത്തുകാരനാണ് കെ.അരവിന്ദാക്ഷൻ. വളരെ ശ്രദ്ധേയമായ ചില നോവലുകൾ അദ്ദേഹം സംഭാവനചെയ്തിട്ടുണ്ട്. ആ കൃതികളെക്കുറിച്ച് കൃത്യമായ പഠനമോ വിലയിരുത്തലോ ഉണ്ടായിട്ടില്ല. ദർശനവുമായി ബന്ധപ്പെട്ട നോവലുകളാണ് എങ്കിലും പൂർണമായും ദാർശനിക നോവൽ എന്ന് അവയെ വിളിക്കാൻ പറ്റുമോ എന്നു ശങ്കയുണ്ട്. എന്നാൽ, ദാർശനികമായ ഉൾക്കാഴ്ചകളെ ആ നോവലുകൾ അഭിസംബോധന ചെയ്യുന്നുണ്ട്. അരവിന്ദാക്ഷന്റെ ബൗദ്ധികജീവിതത്തിൽ ബുദ്ധനും ഗാന്ധിയും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉയർന്ന രാഷ്ട്രീയാവബോധവും തത്വചിന്താപരമായ ഉന്നതിയും ആ എഴുത്തിനെ പുഷ്ടിപ്പെടുത്തിയിട്ടുണ്ട്. ഭാഷയെ സൗന്ദര്യവൽകരിക്കാൻ കൃത്രിമമായ രചനാരീതി അവലംബിക്കുന്നില്ല. കാല്പനികമായ തരളഭാവം ഒഴിവാക്കി അറുകട്ടിയുള്ള ഭാഷയിൽ നിത്യജീവിതത്തിന്റെ യാഥാർഥ്യങ്ങളെ ദാർശനികഗരിമയോടെ ഉൾക്കൊള്ളാൻ കരുത്തുറ്റ ഒരു ഭാഷാശൈലി അദ്ദേഹം രൂപപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യൻ സാഹിത്യത്തിൽ ഗാന്ധിയുടെയും ബുദ്ധന്റെയും പ്രഭാവം ചെറുതല്ല. നമ്മുടെ വിവിധ ഭാഷാസാഹിത്യങ്ങളിൽ, വിശേഷിച്ച് ഫിക്ഷനിൽ ഗാന്ധി പലനിലയ്ക്ക് ആവിഷ്കാരവിഷയമായിട്ടുണ്ട്. എങ്കിലും ഗാന്ധി മുഖ്യ കഥാപാത്രമായി വരുന്ന നോവലുകൾ ഇല്ലെന്നു പറയാം. ആർ.കെ.നാരായൺ, മുൽക്ക് രാജ് ആനന്ദ്, രാജാറാവു, അശോകമിത്രൻ,പി കേശവദേവ്, ഉറൂബ് തുടങ്ങിയ എഴുത്തുകാരുടെ കൃതികളിൽ ഗാന്ധിയൻ തത്വസംഹിത(ideology)യുടെ സ്വാധീനം ഉണ്ടായിട്ടുണ്ട്. അതുപോലെ അപൂർവം കൃതികളിൽ ബുദ്ധദർശനത്തിന്റെ പ്രകാശം പ്രസരിച്ചിട്ടുണ്ട്. ഗാന്ധിയൻ ദർശനവും ബുദ്ധദർശനവും കേന്ദ്രപ്രമേയമായി സ്വീകരിച്ച് ദാർശനികസ്വഭാവമുള്ള ചില നോവലുകൾ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. അതിൽ, കെ. അരവിന്ദാക്ഷന്റെ മൂന്നു നോവലുകളുടെ പഠനമാണ് ഈ ലേഖനം.
ഈ മൂന്നു കൃതികൾ വിഷയപരമായി ഐക്യം (thematic unity) പ്രദർശിപ്പിക്കുന്ന നോവലുകളാണ്. അവ നായകകഥാപാത്രങ്ങൾ വിഭിന്നരാകുന്നുണ്ടെങ്കിലും തത്വചിന്താപരമായി ഒന്നിൽനിന്ന് മറ്റൊന്നിലേക്ക് തുടർച്ചയും പടർച്ചയും നിലനിറുത്തുന്നുണ്ട്. ഗാന്ധിയുടെ ജീവിതവും ദർശനവും ‘ദൈവം തുറക്കാത്ത പുസ്തക’ത്തിലും ബുദ്ധദർശനത്തിന്റെ വെളിച്ചത്തിൽ മനുഷ്യന്റെ ആസക്തികളും അവയെ ചെറുത്തുനിൽക്കുന്നതിനുള്ള ശ്രമം ‘ജീവഗാഥ‘യിലും ബുദ്ധദർശനത്തിന്റെ പരിമിതികളെ അടയാളപ്പെടുത്തുന്ന, സ്ത്രീയെക്കൂടി ഉൾക്കൊള്ളുന്ന ഒരു ദർശനത്തിന്റെ ആവശ്യകതയെക്കുറിച്ചുള്ള പര്യാലോചന ‘ഗോപ’യിലും പ്രതിപാദിക്കുന്നു. പരിത്യാഗവും ജീവിതകാമനയും തമ്മിലുള്ള ബലാബലം അരങ്ങേറുന്ന ദർശനാധിഷ്ഠിതമായ നോവലുകൾ എന്ന നിലയ്ക്ക് അവ പഠനാർഹങ്ങളാണ്.
1.
‘ദൈവം തുറക്കാത്ത പുസ്തകം’ ഗാന്ധിയുടെ ജീവചരിത്രനോവലല്ല. ദീർഘകാലത്തെ ഗാന്ധിയൻപഠനവും വായനയും രൂപപ്പെടുത്തിയ ആത്മജ്ഞാനമാണ് ഇതിലെ നായകകഥാപാത്രത്തിന് രക്തവും മജ്ജയും നൽകിയിട്ടുള്ളത്. ചരിത്രവസ്തുതകളോട് മുഖംതിരിക്കാതെ നടത്തുന്ന ആത്മാന്വേഷണമാണ് ഈ നോവൽ. ലളിതമെന്നു തോന്നുമെങ്കിലും സങ്കീർണമായ ഗാന്ധിജീവിതത്തിലേക്ക് ഒരു പരഹൃദയജ്ഞാനിയെപ്പോലെ പ്രവേശിക്കുകയും അവിടെ കുടികൊള്ളുന്ന യാഥാർഥ്യവും മിഥ്യയും സസൂക്ഷ്മം വെളിപ്പെടുത്തുകയും ചെയ്യുന്നു അരവിന്ദാക്ഷൻ. യഥാർഥ ഗാന്ധി എന്തായിരുന്നിരിക്കാം എന്ന അന്വേഷണ പരിശോധനകളാണ് ഈ നോവൽ രചനയിൽ അരവിന്ദാക്ഷൻ ചെയ്തിട്ടുള്ളത്. ഗാന്ധിയുടെ ജീവിതംതന്നെ ആസക്തികളോടുള്ള ചെറുത്തു നിൽപ്പായിരുന്നു. എല്ലാ ആസക്തികളുടെയും തായ്‌വേര് ശരീരത്തിനുള്ളിലായതിനാൽ ഗാന്ധി ശരീരത്തെ പീഡിപ്പിച്ചു, ബുദ്ധൻ ചെയ്തതുപോലെ. സ്വന്തം ശരീരത്തെക്കുറിച്ചുള്ള അഭിമാനമാണ് അഹന്തയായി മാറുന്നത്. അപരന്റെ ശരീരത്തെ അപ്പോൾ നിന്ദിക്കാതെ വയ്യ. തന്റെ പ്രവൃത്തികളെക്കുറിച്ചുള്ള മിഥ്യാഭിമാനം അപരന്റേതിനോട് അറപ്പായി മാറും.
നോവലിന്റെ ആമുഖമായി, മോഹൻദാസ് കരംചന്ദ് ഗാന്ധിയുടെ ജീവിതകഥയല്ല ഇതെന്ന് അരവിന്ദാക്ഷൻ സന്ദേഹത്തിനിടമില്ലാതെ വ്യക്തമാക്കുന്നുണ്ട്. മോഹൻദാസ് അനുഭവിച്ച മാംസവും ആത്മാവും തമ്മിലുള്ള സംഘർഷമാണ് നോവലിന്റെ തന്തു. കാമത്തിൽനിന്ന് കാരുണ്യത്തിലേക്കുള്ള പ്രയാണത്തിന്റെ പേരാണ് ഗാന്ധി. ആ പ്രയാണത്തിൽ അസ്പൃശ്യതയ്ക്കെതിരായ സമരവും ഹിന്ദു-മുസ്ലിം ഐക്യമെന്ന ലക്ഷ്യവും സംഗമിച്ചു.
മിസ് മാദ്ലെയ്ൻ സ്ലെഡിനോട് റൊമേൻ റോളണ്ട് പറയുന്നുണ്ട് : ‘നന്മയിലും വിശുദ്ധിയിലും അദ്ദേഹം ക്രിസ്തുവിനെ മറികടക്കുന്നു. അശുഭാപ്തിയുടെയും നിരാശയുടെയും ഈ യുഗത്തിൽ ഗാന്ധി പ്രതീക്ഷയുടെ പ്രവാചകനാണ്.’ ആസക്തിയുടെ ചതുപ്പിൽനിന്ന് വിശുദ്ധിയുടെ സൗന്ദര്യം വിരിയിക്കുകയായിരുന്നു ഗാന്ധി. വിദേശവനിത മാദ്ലെയ്നെ ഗാന്ധി മീരയെന്നു വിളിച്ച് ജ്ഞാനസ്നാനപ്പെടുത്തി. ഗാന്ധിയും മീരയും തമ്മിൽ പ്രണയത്താൽ ബന്ധിതരായിരുന്നോ? ഇവർ തമ്മിലുള്ള ആത്മബന്ധത്തെ നോവൽ ഹൃദയഹാരിയായി വിവരിക്കുന്നുണ്ട്. ഗവർണറുടെ യോഗത്തിൽ പങ്കെടുക്കാൻ ഗാന്ധി തീവണ്ടികയറാൻ ബോംബെക്കു പോയപ്പോൾ മീരയും സ്റ്റേഷനിലെത്തിയിരുന്നു. തീവണ്ടി മെല്ലെ നീങ്ങി. കൈയെത്താത്ത ദൂരത്തിൽ മീര. പൊടുന്നനെ ഗാന്ധിയുടെ കണ്ണു നിറഞ്ഞു. ഗാന്ധി മീരയ്ക്കെഴുതി. ‘ഈ അകൽച്ച ഉപരിപ്ലവം മാത്രമാണ്. മരണമാണ് നമ്മെ അടുപ്പിക്കുന്നത്. പ്രിയ മീരേ, ഇന്നത്തെ വിടപറയൽ ദുഃഖകരമായിരുന്നു; അതൊഴിവാക്കാൻ കഴിയില്ലെങ്കിലും. നീ ഈ വിധം എന്നിലേക്കു ചായരുത്. ശരീരരഹിതമായ ആത്മാവ് എപ്പോഴും നിന്റെ കൂടെയുണ്ട്.’ മീരയുടെ മറുപടിയിൽ പ്രണയത്തിന്റെ വേദന പുരണ്ടിരുന്നു. ‘ഓ, എന്റെ പ്രിയ ചികിത്സകാ, എന്റെ രോഗം നിർണയിക്കുന്നതിൽ അങ്ങ് അമ്പേ പരാജയപ്പെട്ടു. അങ്ങയിൽനിന്നകലുന്നതാണ് എന്റെ രോഗം. അങ്ങയുടെ അഭാവമാണ് എന്റെ രോഗവും പീഡാനുഭവവും.’ നോക്കൂ, ഇതിലും മനോഹരമായി പ്രണയത്തെ എങ്ങനെ ആവിഷ്കരിക്കും?
ഗാന്ധി തനിക്കു പ്രിയപ്പെട്ടതെല്ലാം ത്യജിക്കുന്നുണ്ട്. സബർമതി ആശ്രമംപോലും ത്യജിക്കാൻ അദ്ദേഹം തയ്യാറായി. സബർമതി ഒരു കാവ്യബിംബംപോൽ സുന്ദരവും അർഥസാന്ദ്രവുമായിരുന്നു. ആശ്രമത്തിന് തൊട്ടപ്പുറത്ത് ശ്മശാനം. മനുഷ്യന്റെ സകല ആസക്തികളുടെയും ചുടലപ്പറമ്പ്. ചിതകളിൽനിന്നുയരുന്ന പുകച്ചുരുളുകൾ. നശ്വരതയ്ക്കു സമീപം തന്നെ സബർമതിയുടെ നീരൊഴുക്ക്. അത് അനശ്വരതയുടെ അടയാളമല്ലാതെ എന്താണ്? നശ്വരതയ്ക്കിടയിലെ അനശ്വരതയായിരുന്നു സബർമതി. ഗാന്ധിയുടെ ജീവിതവും ആദർശവും സബർമതിയോളം ധ്വന്യാത്മകമായി അവതരിപ്പിക്കാൻ വേറൊന്നുമില്ലല്ലോ. എന്നാൽ, സബർമതിയും മലിനമാകുന്നത് വേദനയോടെ കണ്ടുനിന്നു ഗാന്ധി. അകലെ സബർമതിയുടെ നെഞ്ചിൽ, അറ്റ വേനലിൽ ചലം കെട്ടിക്കിടക്കുന്നതുപോലെ മലിനജലം.
ഗാന്ധിയുടെ ബ്രഹ്മചര്യ പരീക്ഷണങ്ങളുടെ അകക്കാമ്പ് അന്വേഷിച്ചുപോകുമ്പോൾ ലൈംഗികതയോട് ഗാന്ധിക്കുണ്ടായിരുന്ന ഒഴിയാബാധ(obsession)യിലാണ് നാം ചെന്നെത്തുക. അല്ലെങ്കിൽ ബ്രഹ്മചര്യമാർഗത്തിൽ ഇത്രയേറെ ഔത്സുക്യം കാണിക്കേണ്ടിയിരുന്നില്ല എന്നു തോന്നിപ്പോവും. തന്റെ ലൈംഗിക നിയന്ത്രണത്തിനുള്ള ശേഷി പരീക്ഷിച്ച് ഉറപ്പുവരുത്താൻ നഗ്നരായ യുവതികളോടൊപ്പം നഗ്നനായി ശയിക്കുന്നത് നോവലിൽ വിവരിക്കുന്നുണ്ട്. അതു ഗാന്ധിയുടെ ജീവിതത്തിലെ യഥാർഥസംഭവംതന്നെയാണ്. മുപ്പത്തേഴാംവയസ്സിൽ പൂർണ ബ്രഹ്മചര്യം പ്രഖ്യാപിക്കുന്നതിനുമുമ്പുള്ള ബാപ്പു എന്തായിരുന്നെന്ന് കസ്തൂർബ പറയും. അമിതമായ ഭക്ഷണാസക്തിയാണ് നിങ്ങളെ നിരാഹാരത്തിലേക്ക് നയിച്ചത്, മനസ്സിലെ അമിതമായ ഹിംസയാണ് നിങ്ങളെ അഹിംസയിലേക്ക് നയിച്ചത്. കസ്തൂർബ ഇതു പറയുന്നതായി സങ്കല്പിക്കുന്നത് ഗാന്ധിതന്നെയാണ്. ഇതാവട്ടെ ഗാന്ധിയുടെ ആത്മവിചാരണയാണ്.
ഗാന്ധിയുടെ അത്യാചാരങ്ങളിലൊന്ന്, തന്റെ ബോധ്യങ്ങൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ നോക്കി എന്നതാണ്. കസ്തൂർബ, മൂത്തമകൻ ഹരി എന്നിവർ ആ ഹൃദയകാഠിന്യത്തിൽ പകച്ചുനിന്നു. രണ്ടാമത്തെ മകൻ മണിലാൽ ഗാന്ധിയോടു കയർത്തുസംസാരിക്കുന്നുണ്ട്. കടുവാക്കുകൾ രണ്ടുപേരും കൈമാറി. ഒരുവേള ഗാന്ധി തന്റെ നൈതികതയെ സംശയിക്കുന്നുണ്ട്. അവനെ അവനാവാൻ അനുവദിക്കാതെ തന്നെപ്പോലാവാൻ നിർബന്ധിക്കുകയാണോ താൻ? ഹിംസയിൽ വിശ്വസിക്കുന്ന ഒരു പട്ടാളമേധാവിയിൽനിന്ന് എത്രത്തോളം വ്യത്യസ്തനാണ് അഹിംസ വ്രതമാക്കിയ താൻ. കാമത്തെക്കാൾ അതിഭയങ്കരമാണ് അധികാരം എന്നൊരു വാക്യം നോവലിലുണ്ട്. കസ്തൂർബയോടും ഹരിയോടും ഗാന്ധി അധികാരം പ്രയോഗിക്കുകയായിരുന്നില്ലേ? തന്റെ ആസക്തികളെ ചെറുത്തുനിൽക്കുന്നതിനിടയിൽ ഗാന്ധി നടന്ന വഴിയുടെ പേരായിരുന്നു പരിത്യാഗം. ഗാന്ധിയിൽ പോലും പ്രബലമായിരിക്കുന്ന ആസക്തിയെ കാട്ടിത്തരികയാണ് ഈ നോവലിൽ അരവിന്ദാക്ഷൻ ചെയ്യുന്നത്. ആസക്തിയും വിരക്തിയും ഒരു നാണയത്തിന്റെ ഇരുപുറങ്ങൾതന്നെ. ആത്മീയതയുടെ രേണുക്കൾ മനഃസംഘർഷങ്ങളുടെ രണഭൂമിയിൽനിന്നാണ് പ്രഭവംകൊള്ളുന്നതെന്ന് ‘ദൈവം തുറക്കാത്ത പുസ്തകം’ പറയുന്നു. മലയാളത്തിലെ ഏറ്റവും മികച്ച നോവലുകളുടെ കൂട്ടത്തിൽപ്പെടുത്താവുന്ന ഈ കൃതിക്ക് അർഹിക്കുന്ന വായന ഉണ്ടായില്ല.
2.
വിയറ്റ്നാമിലെ ബുദ്ധസംന്യാസിയായ തിച്നാത് ഹാന്റെ ‘പഴയ പാത വെളുത്ത മേഘങ്ങൾ’ എന്ന ഗ്രന്ഥത്തിൽ നാലഞ്ചു വാക്യങ്ങളിൽ മാത്രം വിവരിക്കുന്ന സുധിനൻ എന്ന ബുദ്ധഭിക്ഷുവാണ് ‘ജീവഗാഥ’യുടെ രചനയ്ക്ക് പ്രചോദനമായിട്ടുള്ളതെന്ന് അരവിന്ദാക്ഷൻ പറയുന്നുണ്ട്. ഭിക്ഷു സുധിനൻ, ബ്രഹ്മചര്യമര്യാദകൾ ലംഘിക്കുമ്പോൾ ഗോതമബുദ്ധൻ ഭിക്ഷുക്കൾക്കുള്ള ലൈംഗികനിയമങ്ങളുണ്ടാക്കിയതിനെക്കുറിച്ച് ആ ഗ്രന്ഥത്തിൽ പരാമർശമുണ്ട്. കാമച്ചൂടിൽ ബ്രഹ്മചര്യം ലംഘിച്ച സുധിനൻ തന്റെ രക്ത-മാംസങ്ങളിലാണ് ജീവിച്ചത് എന്ന് നോവലിസ്റ്റ് ഏറ്റുപറയുന്നുണ്ട്. ഓരോ മനുഷ്യന്റെയുള്ളിലും കാമത്തിന്റെ പ്രാദുർഭാവം അധികരിച്ചിട്ടുളള ഒരു സുധിനൻ ഒളിച്ചിരിപ്പുണ്ട് എന്ന യാഥാർഥ്യമാണ് നോവൽവായന പൂർത്തിയാവുമ്പോൾ നമ്മെ അസ്വസ്ഥമാക്കുന്നത്. ഭിക്ഷു മൊഗല്ലാനയുടെ ധർമ്മപ്രഭാഷണത്തിൽ ഇങ്ങനെ പറയുന്നു: ‘ഭഗവാൻ ബുദ്ധന്റെ അനന്ത കാരുണ്യപ്രവാഹം തന്റെ നശ്വരമായ ശരീരത്തിലൂടെ ഒഴുകുന്നത് തിരിച്ചറിയുന്നവൻ ആരോ അവൻ ബുദ്ധനാണ്.’ ബുദ്ധനെ അന്വേഷിച്ചിറങ്ങി ബുദ്ധഭിക്ഷുവായിത്തീർന്ന സുധിനന് ഈ അറിവ് ലഭിക്കുന്നില്ല. ഈ അറിവിനെയും അതിവർത്തിക്കുന്നതായിരുന്നു അയാളിലെ കാമവികാരം.
ജീവഗാഥയിൽ പരസ്പരം ചെറുത്തുനിൽക്കുന്ന രണ്ടു വിപരീതശക്തികളുടെ മിഴിവാർന്ന ചിത്രീകരണത്തിലൂടെയാണ് ആഖ്യാനം മുന്നോട്ടു ചലിക്കുന്നത്. തൃഷ്ണയെ ജയിച്ച ഗോതമബുദ്ധനും കാമത്തിന് അടിമയായി മാറിയ സുധിനനുമാണ് ഇവിടെ വിപരീതനിലകൾ. സുധിനൻ അതിരുകളില്ലാത്ത ഭോഗതൃഷ്ണയുടെ പ്രതിനിധാനമാണ്. ഒരിക്കൽ കൂടെ ശയിച്ച ചമ്പയുടെ അഴുകിയതും പുഴു നുരയ്ക്കുന്നതുമായ നഗ്നശരീരം കണ്ടിട്ടും അതു സംസ്കരിക്കാൻ കൂടെയുണ്ടായിരുന്നിട്ടും സുധിനനിൽനിന്ന് സ്ത്രീശരീരത്തിന്റെ വിലോഭനീയത ഒഴിഞ്ഞുപോകുന്നില്ല. വിഹാരത്തിലെ അവസാനരാത്രിയിൽ, സുധിനന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ട മാദകസൗന്ദര്യമുള്ള സ്ത്രീ അവനോടു പറയുന്നു, സുധിനാ ധ്യാനത്തിന്റെ കാപട്യത്തിൽ നിന്നുണരൂ. മോചനത്തിന്റെ പൊയ്‌വാക്കുകൾ തുപ്പിക്കളയൂ. “ഭിക്ഷു സുധിനാ, ഞാൻ കേവലം സ്ത്രീയല്ല. ഈ പ്രപഞ്ചത്തിന്റെ ആസക്തികളുടെ പ്രതിരൂപമാണ്. ഞാനില്ലെങ്കിൽ ഈ ഭൂമി നിശ്ചലമാണ്. ഗോതമബുദ്ധനില്ലെങ്കിലും ഈ പ്രപഞ്ചം നിലനിൽക്കും. കാമമില്ലെങ്കിൽ ആസക്തിയില്ല. ആസക്തിയില്ലെങ്കിൽ അതിജീവനമില്ല.” പുറം 286
ഭോഗം, പരിത്യാഗം എന്ന വിപരീതദ്വന്ദ്വങ്ങൾ അരവിന്ദാക്ഷന്റെ ഭാവനയെ ഉത്തേജിപ്പിക്കുന്ന ഘടകമായി നിലനിൽക്കുന്നു. ആ നോവൽസഞ്ചയമാകെ പരിശോധിക്കുമ്പോൾ അവ അരവിന്ദാക്ഷന്റെ ഭാവനയുടെയും വിചാരധാരയുടെയും കേന്ദ്രസ്ഥാനത്ത് നിലയുറപ്പിക്കുന്നതായി കാണാം. മുപ്പതുകൊല്ലമായി ബുദ്ധപാതയിലൂടെ സഞ്ചരിക്കുന്ന സുധാകരനാണ് നോവലിലെ ആഖ്യാതാവ്. കാമമാണ് ഭൂമിയുടെ ന്യൂക്ലിയസ് എന്നു കരുതുന്ന സുധാകരന് ഭിക്ഷു സുധിനനുമായി ആത്മൈക്യമുണ്ട്. ആത്മാവും ശരീരവും തമ്മിലുള്ള ഈ സംഘർഷം മനുഷ്യാവസ്ഥയുടെ അലംഘനീയമായ വിധിയാണ്. ശമനമില്ലാത്ത ആസക്തിയും അതിന്റെ നീരാളിപ്പിടിത്തത്തിൽനിന്ന് കുതറിമാറാനുള്ള തീവ്രാഭിലാഷവും മഹാപുരുഷന്മാരിൽവരെ സംഘർഷം സൃഷ്ടിച്ചിട്ടുണ്ട്. നികോസ് കസാൻദ്സാക്കിസും ഹെർമൻ ഹെസ്സെയും ഈ ആത്മസംഘർഷത്തെ സാഹിത്യകലയിൽ കൊണ്ടുവന്നിട്ടുണ്ട്.
മലയാളനോവലിൽ കാമം എന്ന യാഥാർഥ്യത്തെ പല നിലയ്ക്കും ആവിഷ്കരിക്കുവാനുള്ള ശ്രമം ഉണ്ടായിട്ടുണ്ട്. എന്നാൽ, കാമനകളുടെ താത്വികവശത്തെക്കുറിച്ച് അധികമാരും ശ്രദ്ധിച്ചതായി തോന്നിയിട്ടില്ല. എല്ലാ മനുഷ്യരിലും കാമത്തിന്റെ അഗ്നി ഏറിയും കുറഞ്ഞും കത്തിജ്വലിക്കുന്നുണ്ട്. കാമമെന്ന യാഥാർഥ്യത്തിന്റെ മുഖത്ത് ഉറ്റുനോക്കാൻ അരവിന്ദാക്ഷൻ തയ്യാറാവുന്നു എന്നതിനപ്പുറം അതിന്റെ തത്വശാസ്ത്രപരമായ മാനങ്ങളിലേക്ക് കടക്കുകയും ചെയ്യുന്നു. മലയാളത്തിൽ ഇത്തരമൊരു നീക്കം മറ്റാരിലും ഉണ്ടായിട്ടില്ല. ‘ദൈവം തുറക്കാത്ത പുസ്തകം’, ‘ജീവഗാഥ’, ‘ഗോപ’ എന്നീ നോവലുകളിൽ രക്തിയും വിരക്തിയുമാണ് കേന്ദ്രപ്രമേയം. പെണ്ണുടലിന്റെ സൗന്ദര്യം ആരെയാണ് വശീകരിക്കാത്തത്? ജീവിതാസക്തിയുടെ അഗ്നികുണ്ഡവുമായി നടക്കുന്ന ഏതൊരു മനുഷ്യന്റെയും പ്രതിരൂപമാകുന്നു സുധിനൻ. കാമത്തീയെക്കാൾ മനുഷ്യനെ ചുട്ടെരിക്കുന്ന മറ്റൊന്നുമില്ലെന്ന് അയാൾ മനസ്സിലാക്കി. പെണ്ണഴകിന്റെ സിഗ്നൽ എവിടെക്കണ്ടാലും പിടിച്ചെടുക്കുന്ന ആന്റിനയാണ് സുധിനൻ. അവന്റെ അമ്മയുടെ പ്രായമുള്ള യശോധരയെ പ്രാപിക്കാൻ ആവേശത്തോടെ സമീപിക്കുന്ന സുധിനനെ അവൾ തടയുക മാത്രമല്ല ചെയ്തത്. ഉരുവേല ഗ്രാമത്തിൽ ധ്യാനനിമഗ്നനായിരിക്കുന്ന ഗോതമബുദ്ധനെക്കുറിച്ച് അവന് അറിവു പകർന്നുകൊടുക്കുന്നു. സുധിനനിൽ കാമാസക്തി മാത്രമല്ല ഉള്ളത്. പെണ്ണുടലിനോട് എത്രമാത്രം ആസക്തമാകുന്നോ അത്രത്തോളം കാമനിരാസത്തിന്റെ ബുദ്ധപാതയിലൂടെ ചരിക്കാൻ അയാളുടെ മനസ്സ് വെമ്പുന്നുണ്ട്. സുധിനൻ എന്ന കഥാപാത്രത്തിന്റെ സങ്കീർണവ്യക്തിത്വം അവതരിപ്പിക്കുന്നതിലൂടെ അരവിന്ദാക്ഷൻ മനുഷ്യാസ്തിത്വത്തിന്റെ പിടിതരാത്ത ചില വശങ്ങളുടെ നേർക്കാഴ്ചയൊരുക്കുകകയാണ്. ഭോഗവ്യഗ്രതയിൽത്തന്നെ വിരക്തിയുടെ മരവുരികൂടി അണിയാൻ അകമേ ആഗ്രഹിക്കുന്ന സുധിനന് സങ്കീർണവ്യക്തിത്വം കല്പിച്ചുനൽകിയിരിക്കുന്നു. കസാൻദ് സാക്കിസിന്റെ സോർബയ്ക്ക് ചെറുപ്പത്തിൽ ചെറിപ്പഴങ്ങളോട് വലിയ ആസക്തിയായിരുന്നു. ഒരുദിവസം ചെറിപ്പഴം മൂക്കുമുട്ടെ തിന്നുകൊണ്ട് അവയോടുള്ള ആസക്തിയെ സോർബ തോൽപ്പിക്കുന്നു. ഈ തത്വമാണ് ജീവഗാഥയിലെ തിത്തിരിപ്പക്ഷി സുധിനനോട് ഉപദേശിക്കുന്നത്. കാമം ഒരു രോഗമല്ല സുധിനാ. അതൊരു ജീവൽസ്വഭാവമാണ്. നീ അതിൽ ആവോളം മുഴുകുക. മുഴുകി മുഴുകി നിന്റെ കാമം അതിൽ അലിയിച്ചു കളയുക.
ബുദ്ധവിഹാരം വിട്ട് ഇറങ്ങുകയാണ് സുധിനൻ ഒടുവിൽ. കാമരഹിതമായ ജീവിതം മൃതമാണെന്ന് അയാൾ തിരിച്ചറിയുന്നു. സുധിനൻ ഭൂമിയെ ആവേശത്തോടെ കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്യുന്ന ഒരു രംഗമുണ്ട് നോവലിൽ. ഏറെനേരമായി അവൻ അബോധാവസ്ഥയിലായിരുന്നു. അവൻ പതുക്കെ ഉണരുന്നു. അങ്ങനെ സുധിനൻ ഭൂമിയുടെ ചെനപ്പായി മാറി എന്നു നാം വായിക്കുന്നു. ഇതു സവിശേഷമായി ശ്രദ്ധിക്കുക. ഭൂമിയുടെ ഒരു ശാഖയായി പരിണമിക്കുകയായിരുന്നല്ലോ ഗൗതമബുദ്ധനും. ഒരുവേള സുധിനനും ഭൂമിയുടെ ശാഖയായി മാറി ബുദ്ധവിഹായസ്സിലേക്ക് തലനീട്ടി നിൽക്കുന്നു.
സുധിനന്റെ സ്ത്രീവിഷയകമായ താൽപര്യം എല്ലാ അതിരുകളെയും ലംഘിക്കുന്നുണ്ട്. കാമം കാമം എന്ന ഒഴിയാച്ചിന്ത നായകകഥാപാത്രത്തിന്റെ ഭദ്രതയെ തകർക്കുന്നതായി ചില നിമിഷങ്ങളിൽ അനുഭവപ്പെടുന്നു. സുധിനൻ ഒരു ന്യൂറോട്ടിക്കാണെന്ന് ആരെങ്കിലും ചിന്തിച്ചാൽ കുറ്റപ്പെടുത്താനാവില്ല. എന്നാൽ, കേവലം സിരാരോഗത്തിന്റെ പ്രശ്നമാണ് സുധിനന്റേതെന്ന് ചിന്തിക്കാൻ വരട്ടെ. അതിൽ അത്ര ലഘുവല്ലാത്ത മനുഷ്യാവസ്ഥ അന്തർഭവിച്ചിരിക്കുന്നു.
3.
ഇരുപത്തൊമ്പതാം വയസ്സിലാണ് ഗൗതമ സിദ്ധാർഥൻ കൊട്ടാരം വിട്ടിറങ്ങിപ്പോയത്. ഏഴുദിവസം മാത്രം പ്രായമുള്ള രാഹുലനെയും അവന്റെ അമ്മ ഗോപയെയും അടുത്ത സുഹൃത്തുക്കളെയും ഉപേക്ഷിച്ച് കൊട്ടാരത്തിന്റെ സുഖഭോഗങ്ങളും അധികാരം എന്ന ആസക്തിയെയും നിരസിച്ച് സിദ്ധാർഥൻ ലോകത്തിന്റെ ദുഖങ്ങൾക്കു കാരണമന്വേഷിച്ചിറങ്ങി. ആത്മാന്വേഷണത്തിന്റെ പരമമായ ദൃഷ്ടാന്തമായിരുന്നു അത്. ബോധോദയം സിദ്ധിച്ച് ബുദ്ധനായി സമസ്തലോകത്തിന്റെയും ആദരവിനർഹനായ സിദ്ധാർഥന്റെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുകയാണ് ‘ഗോപ’. രാത്രിയുടെ മൂന്നാംയാമത്തിൽ ഗോപയോട് ഒരു വാക്കുപറയാതെയാണ് സിദ്ധാർഥൻ ഇറങ്ങിപ്പോയത്. എന്തുകൊണ്ടാണ് സിദ്ധാർഥാ നീ എന്നെ ഒരു അന്യയായി കരുതിയത്? നിനക്കെന്റെ ശരീരത്തിൽനിന്നല്ലേ ഇറങ്ങിപ്പോകാൻ സാധിച്ചുള്ളു. എന്റെ ഹൃദയത്തിൽനിന്ന് ഇറങ്ങിപ്പോവാനാവുമോ? ഒരു സ്ത്രീക്കും ചോദിക്കാതിരിക്കാൻ കഴിയാത്ത ചോദ്യമാണ് ഗോപയുടേത്. തന്റെ എഴുപത്തിയെട്ടാം ജന്മദിനത്തിൽ ഓർമ്മകളുടെ പായ്‌വഞ്ചിയിൽ ഗോപ പിന്നോട്ടു സഞ്ചരിക്കുകയാണ്. സിദ്ധാർഥൻ എത്ര ബുദ്ധത്വം കൈവരിച്ചാലും ഒരു സ്ത്രീയെന്ന നിലയ്ക്ക് ചില ചോദ്യങ്ങൾക്ക് ഉത്തരം കിട്ടിയേ മതിയാവൂ.
ആശാന്റെ സീതയെപ്പോലെ, അരവിന്ദാക്ഷന്റെ ഗോപയും സ്ത്രീപക്ഷത്തുനിന്ന് ചോദ്യങ്ങൾചോദിക്കാൻ ഒരുമ്പെടുന്നു. ജനാപവാദം ഭയന്ന് തന്നെ കാട്ടിലുപേക്ഷിച്ച രാമനെ, സീത വിചാരണചെയ്യുന്ന കാവ്യം രചിച്ചിട്ട് ഒരു നൂറ്റാണ്ടിലധികം കടന്നുപോയി. സമാരാധ്യനായ ബുദ്ധനെ വിചാരണചെയ്യുന്ന ഗോപയെ ഇന്നും നമ്മുടെ ഒരു നോവലിസ്റ്റിന് ചിത്രീകരിക്കേണ്ടിവരുന്നു. പഴയകഥകൾ പുതിയ കാലത്തിനനുസൃതമായി പൊളിച്ചെഴുത്തുകൾ നടത്തേണ്ടതിന്റെ ആവശ്യകത എത്രത്തോളമുണ്ടെന്ന് എഴുത്തുകാർ മനസ്സിലാക്കിയിട്ടുണ്ട്. ബുദ്ധന്റെ ദർശനപദ്ധതിയിൽ അടിസ്ഥാനപരമായി സംഭവിച്ചിട്ടുള്ള പിഴവുകളെ ഗോപ ചന്നനുമായുള്ള സംഭാഷണത്തിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ജീവനും ജീവനും തമ്മിലുള്ള നൈസർഗികവും സഹജവുമായ സമന്വയത്തെ ഭയപ്പെടുത്തുന്ന ഒരു ദർശനത്തിനും പ്രപഞ്ചത്തെ പൂർണതയിൽ സ്വാംശീകരിക്കുന്നതിനും നിലനിറുത്തുന്നതിനും കഴിയില്ല. ബുദ്ധനെതിരെ കലാപമുയർത്തുകയല്ലേ നിങ്ങൾ ചെയ്യുന്നതെന്ന ചന്നന്റെ ചോദ്യത്തിന് ബുദ്ധൻ ജീവിതത്തെ നിന്ദിക്കുവോളം അതു ചെയ്യാതെ നിവൃത്തിയില്ല എന്നാണ് ഗോപ പറയുന്നത്. കാമത്തെ അറിയുക, നിഷേധിക്കാതിരിക്കുക, സ്വീകരിക്കുക. കാമപൂർത്തിയാണ് ജീവിതമെന്ന് ധരിക്കാതിരിക്കുക. കാമത്തിന് കീഴ്പ്പെടാതിരിക്കുക. കാമം ജീവന്റെ ഒരു ഭാവമായി അറിയുക. ഗോപയുടെ വാക്കുകൾക്ക് തത്വചിന്തയുടെ അടിത്തറയുണ്ട്. അത് ബുദ്ധദർശനത്തിന്റെ ദൗർബല്യത്തെയാണ് മറനീക്കി കാണിക്കുന്നത്. നമുക്കാവശ്യം നിന്ദകളല്ല, സഹനത്തിന്റെ സഹിഷ്ണുതകളാണ്. എന്നു ഗോപ പറയുന്നു. അപമാനിതയായ സ്ത്രീയുടെ സ്വാഭാവികപ്രതികരണമാണിത്. ബുദ്ധവിഹാരത്തിൽ ഭിക്ഷുണികളെ സ്വീകരിക്കുന്നതിൽ ബുദ്ധൻ വിമുഖനായിരുന്നു. സ്ത്രീ ഭയപ്പെടേണ്ടവളാണോ, അവൾ എന്ത് അശുദ്ധിയാണ് വരുത്തുന്നത്? ഇതാണോ ബുദ്ധദർശനത്തിന്റെ കാതൽ എന്നു ഗോപ പരിഹസിക്കുന്നു. ഇതു തീർച്ചയായും ധീരമായ ഒരു പൊളിച്ചെഴുത്തുതന്നെയാണ്. തന്നെയും അഞ്ഞൂറിലധികം രാജകുമാരിമാരെയും സംഘത്തിൽ ചേരുന്നതിന് അനുവദിക്കണമെന്ന് മാതാ ഗോതമി ബുദ്ധനോടപേക്ഷിച്ചു. ബുദ്ധൻ മാതാവിന്റെ അപേക്ഷ നിരസിക്കുകയാണുണ്ടായത്. ബുദ്ധശിഷ്യനായ ആനന്ദന്റെ അഭ്യർഥനമാനിച്ച് പുരുഷന്മാരായ ഭിക്ഷുക്കളുടെ അധീനതയിൽ അവർക്ക് അവശ്യമായ എട്ടു കർത്തവ്യങ്ങൾ അനുഷ്ഠിക്കുകയെന്ന വ്യവസ്ഥയ്ക്ക് വിധേയമായി അവരെ സ്വീകരിക്കാൻ ബുദ്ധൻ തയ്യാറാവുന്നു. ബുദ്ധവചസ്സ് കേൾക്കുക: “സ്ത്രീകൾ സംഘത്തിൽ ചേരുന്നതിലൂടെ ആയിരംവർഷം നിലനിൽക്കേണ്ട മഹാധർമ്മം അഞ്ഞൂറുവർഷം മാത്രമേ നിലനിൽക്കുകയുള്ളു. കതിരിട്ടുനിൽക്കുന്ന നെല്പാടങ്ങൾ കീടബാധയേറ്റു നശിക്കുന്നതുപോലെ, ധർമ്മത്തിന്റെയും ശിക്ഷണത്തിന്റെയും കീഴിൽ സ്ത്രീകൾ കുടുംബജീവിതമുപേക്ഷിച്ച് സംന്യാസജീവിതം സ്വീകരിക്കുന്നതോടെ ആ വ്യവസ്ഥയുടെ ആയുസ്സ് ഇല്ലാതാകുന്നു.” (‘ബുദ്ധനും ബുദ്ധന്റെ സുവിശേഷവും’. പുറം 58. മാതൃഭൂമി.ആനന്ദകുമാരസ്വാമി.)
സ്ത്രീയാണോ കാമാസക്തിയുടെ കേന്ദ്രബിന്ദു എന്ന പൊള്ളുന്നചോദ്യം അരവിന്ദാക്ഷന്റെ ഗോപ ചോദിക്കുന്നു. പുരുഷന് ഇക്കാര്യത്തിലൊരു പങ്കുമില്ലേ? ഐഹികജീവിതത്തിന്റെ തിരത്തള്ളലുകളിൽപ്പെട്ട് ക്ഷുദ്രവും ഉൾക്കനമില്ലാത്തതുമായതിന്റെ പിന്നാലെ പോവുന്നതുകൊണ്ടല്ല, ജീവിതനിഷേധം ഒന്നിനും പരിഹാരമല്ല എന്ന സ്ത്രീസഹജമായ അവബോധം നിമിത്തമാണ് ഗോപ ബുദ്ധധർമ്മത്തെ തള്ളിക്കളയുന്നത്. ബുദ്ധവിഹാരത്തിലെ ആവർത്തനങ്ങളെ അതിലംഘിക്കണമെങ്കിൽ, വിഹാരത്തിന്റെ അതിർത്തികൾ ലംഘിക്കണം. ബുദ്ധശാസനങ്ങളും ബോധനങ്ങളും സൂക്തങ്ങളും തള്ളിക്കളയണം. ചുട്ടെരിക്കണം. ഗോപ ഒരു ഘട്ടത്തിൽ വിഹാരങ്ങളും സംഘവും ഉപേക്ഷിച്ച് നിശ്ശബ്ദയായി സ്വതന്ത്രാന്വേഷണത്തിനു മുതിരുന്നു. ഒരു അനുകരണബുദ്ധനാവാൻ തന്നെ കിട്ടുകയില്ലെന്ന് ഗോപ പറയുന്നിടത്ത് ബുദ്ധവിമർശനം അധിത്യകയിലെത്തുന്നു. ഗോപയുടെ ബുദ്ധവിമർശനത്തിന് സീതയുടെ രാമോപാലംഭത്തെക്കാൾ മൂർച്ച കൈവരുന്നതായി നാം അറിയുന്നു. ബുദ്ധദർശനത്തിന്റെ ഗരിമയെ എമ്പാടും ഗോപ തള്ളിപ്പറയുന്നു എന്നല്ല, അവയെ വേണ്ടത്ര ഗൗരവത്തോടെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ അവയിലെ ആന്തരിക വൈരുധ്യങ്ങളെ ചൂണ്ടിക്കാണിക്കാൻ ഗോപ തയ്യാറാവുന്നു. ഇതു മലയാളനോവലിന്റെ ഉൾക്കനം വർധിപ്പിക്കുന്നതിന് സഹായകമാവുന്നു. ബുദ്ധനെയും വിമർശിക്കാം എന്നു ഗോപ ഉദാഹരിക്കുന്നു. കുഞ്ഞു മരിച്ച സ്ത്രീയോട് ഉപമകൾ പറയാതെ താനായിരുന്നെങ്കിൽ അവരോടൊപ്പം ചേർന്ന് അമ്മയുടെ ദുഃഖം പങ്കിടുമായിരുന്നു എന്നു ഗോപ പറയുമ്പോൾ ബുദ്ധൻ ചെറുതാകുന്നത് നാമറിയുന്നു.
ബുദ്ധന്റെ വിരക്തിക്കും സുധിനന്റെയും സേനാധിപന്റെയും കാമാർത്തിക്കുമിടയിൽ ഒരു മധ്യമാർഗമുണ്ട്. കാമാസക്തിയും കാമനിഷേധവും അതിക്രിയയാണെന്ന് തിരിച്ചറിഞ്ഞ് ജീവിതത്തെ തളിർപ്പിക്കുന്ന അന്തർധാരയായ അതു വിവേകത്തോടെ സ്വീകരിക്കുകയാണ് വേണ്ടതെന്ന് ഗോപ ഓർമിപ്പിക്കുന്നു. ഗോപയുടെ ജീവനവേദി ബുദ്ധവിഹാരംപോലെ കഠിനനിയമങ്ങളുടേതല്ല. ജീവിതകലയെ ഉദ്ഘോഷിക്കുന്ന, സ്വാതന്ത്ര്യം പരമമായ ആദർശമായി എണ്ണുന്ന വിവേകപൂർണമായ ജീവിതവ്യവസ്ഥയാണ് ‘ജീവകല’ ആശ്രമത്തിൽ പുലരുന്നത്. ബുദ്ധദർശനത്തിൽനിന്ന് സ്വാധീനമുൾക്കൊണ്ട്, അതിന്റെ പരിമിതികളെ അതിവർത്തിക്കുന്ന ഒരു ജീവനരീതിയാണ് ജീവകലയിൽ പ്രാവർത്തികമാക്കുന്നത്. ചാവുനിലത്തെ അതു സമൃദ്ധിയുടെയും ശാന്തിയുടെയും വിളഭൂമിയാക്കും. മണ്ണിനടിയിലൂടൊഴുകുന്ന നീർച്ചാലുകളെ പ്രകൃതിയുടെ അൻപ് പുറത്തുകൊണ്ടുവരും. അവിടെ സ്ത്രീയെന്നും പുരുഷനെന്നുമുള്ള വേർതിരിവുണ്ടാവില്ല. അവിടെ എല്ലാ അറിവും പ്രവൃത്തിയും പ്രകൃതിക്കനുയോജ്യമാവും. സ്ത്രീ പ്രകൃതിയാണ്. സ്ത്രീയെ നിഷേധിക്കുക എന്നാൽ, പ്രകൃതിയെ നിഷേധിക്കുക എന്നാണ്.
ചന്നൻ യശോധരയെ (ഗോപ) പ്രണമിക്കുന്ന രംഗം ഓർക്കുക. യശോധരേ ഞാൻ നിങ്ങളെയല്ല പ്രണമിക്കുന്നത്. ഈ ഭൂമിയെയാണ്, ഈ പ്രപഞ്ചമാതാവിനെ എന്ന ചന്നന്റെ വാക്കുകൾ ‘കുറ്റവും ശിക്ഷയും’ എന്ന നോവലിൽ റസ്കോൾ നിക്കോഫ് പറയുന്ന വാക്കുകളെ ഓർമിപ്പിക്കും. സൊന്യയുടെ മുമ്പിൽ മുട്ടുകുത്തി റസ്കോൾ നികോഫ് പറയുകയാണ്. ഞാൻ നിന്റെ മുമ്പിലല്ല വേദനിക്കുന്ന മനുഷ്യരാശിയുടെ മുമ്പിലാണ് നമസ്കരിച്ചതെന്ന്. അരവിന്ദാക്ഷന് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനാണ് ദസ്തയെവ്‌സ്‌കി. ഗോപ സ്ത്രീയാണ്, പ്രകൃതിയാണ്. ആ പ്രകൃതിയെ നമിക്കുന്നതിൽ വല്ലാത്തൊരു ഔചിത്യമുണ്ട്. പ്രകൃത്യനുകൂലമായ പ്രയാണത്തെ ഉദ്ഘോഷിക്കുന്ന തത്വചിന്തയാണ് ഗോപയിലൂടെ അരവിന്ദാക്ഷൻ അവതരിപ്പിക്കുന്നത്.
മേൽ വിവരിച്ച നോവലുകളുടെ രചനയിലൂടെ ജീവിതത്തെ സംബന്ധിക്കുന്ന ചില യാഥാർഥ്യങ്ങളെ ആഴത്തിൽ പരിശോധിക്കുന്നതിനും അതിലൂടെ നൂതനമായ ഉൾക്കാഴ്ചകൾ നൽകുന്നതിനും ഗാന്ധിയുടെ വ്യക്തിത്വത്തിന്റെ സങ്കീർണതകളിലേക്ക് അനായാസം പ്രവേശിച്ച് അവിടെ നടക്കുന്ന, നടന്നിരിക്കാവുന്ന ആത്മസംഘർഷങ്ങളെയും ആത്മനിന്ദകളെയും അസാധാരണമായ മിഴിവോടെ അവതരിപ്പിക്കുന്നതിനും നോവലിസ്റ്റ് മികവ് പ്രദർശിപ്പിക്കുന്നു. ബുദ്ധഭിക്ഷു സുധിനന്റെയും സിദ്ധാർഥപത്നി ഗോപയുടെയും ജീവിതകഥ പറഞ്ഞുകൊണ്ട് മലയാളനോവലിന് ദാർശനികമാനങ്ങൾ നൽകുന്നതിന് കെ. അരവിന്ദാക്ഷൻ നൽകിയിട്ടുള്ള സംഭാവന വിലമതിക്കപ്പെടേണ്ടതാണ് .


