കഥ/ സുരേഷ് പേരിശ്ശേരി
നെരിഞ്ഞപകയുടെ പഞ്ചനം
‘എന്തിനാടാ മുത്തു നീ കീരിയെ കൊന്നത്? എന്നോട് പറ.’
ജീപ്പിന്റെ പുറകിൽ ചേർന്നിരുന്ന മീശയില്ലാത്ത പോലീസുകാരൻ രഹസ്യമായി ലോഹ്യത്തിൽ ചോദിച്ചു. മുത്തു അയാളെയൊന്നു കടുപ്പിച്ചു നോക്കി. മനസ്സിലെ വിറ കെട്ടിരുന്നില്ല, കൈകളിലെ തരിപ്പും. രണ്ടുപേർ അപ്പുറവും ഇപ്പുറവും ഇരുന്നു ഞെരുക്കിപ്പിടിച്ചിരിക്കയാണ്. കലി സഹിക്കാനാവുന്നില്ല. വിലങ്ങിട്ട കൈകൾ കുടഞ്ഞു കുതറിയിരുന്നു. പോലീസുകാരൻ എഴുന്നേറ്റ് എതിരെ ഇരുന്നു.
ജീപ്പപ്പോൾ കുന്നിറങ്ങുകയായിരുന്നു. എസ്റ്റേറ്റ് റോഡാണ്. കുണ്ടും കുഴിയും ധാരാളമുണ്ട്. പഴയ വില്ലിസ് ജീപ്പ് വല്ലാണ്ട് കിടന്നു കുടുങ്ങുന്നുണ്ടായിരുന്നു. നല്ല തണുത്തൊരു മദ്ധ്യാഹ്നമായിരുന്നു അത്. ചുറ്റിലും മഴക്കഥകൾ പേറിവന്ന കാറ്റ് കഥപറയാൻ വെമ്പിനിൽക്കുന്നുണ്ടായിരുന്നു. കുളിരാസ്വദിച്ചുകൊണ്ട് ജീപ്പോടി. പോകപ്പോകെ മുത്തുവിന്റെ കൊലവെറി കുറഞ്ഞുവന്നു. കണ്ണുകളിലെ കനലടങ്ങി. ‘കൊച്ചമ്മന്തിയേ? അവർക്ക് കൊഴപ്പമൊന്നും ഇല്ലല്ലോ സാറേ?’
ആരുമൊന്നും മിണ്ടിയില്ല.
‘ജീവനുണ്ടെന്നേലും പറ സാറേ?’
‘മിണ്ടാണ്ടിരിയെടാ പാണ്ടി. അവന്റമ്മേടെ…’
കപ്പടമീശക്കാരൻ പോലീസുകാരൻ മുരണ്ടു. പുറകോട്ടുപായുന്ന കാടിനെ നോക്കിയിരുന്ന മുത്തു കൊച്ചമ്മയെ ഓർത്തു സങ്കടപ്പെട്ടു.
മുത്തുവിന്റെ എല്ലാ പ്രശ്‌നങ്ങളും തുടങ്ങിയത് ഏതാണ്ട് രണ്ടാഴ്ച മുൻപാണ്. അന്നുരാവിലെയും പതിവുപോലെ പൊതിയും കെട്ടി പണിതേടി ജംഗ്ഷനിലേക്ക് പോയതായിരുന്നു. ഓട്ടോസ്റ്റാന്റിനോട് ചേർന്നുള്ള തങ്കുവണ്ണന്റെ തട്ടുകടയിൽനിന്ന് പതിവ് കട്ടൻചായയും ഗോൾഡും വാങ്ങി. സിഗരറ്റും പുകച്ചു ചായയുമായി സീനത്തു സിൽക്കിസ്‌ന്റെ തിണ്ണയിലോട്ട് കയറി. കൂട്ടുകാർ എല്ലാവരുമുണ്ടായിരുന്നു. പണിക്കാരെ ആവശ്യമുള്ളവർ അവിടെ വന്നുവിളിച്ചോളും. ഒത്തിരി നേരം കഴിഞ്ഞാണ് ഒരു കോളൊത്തത്. കുറെ ദിവസമായി ആർക്കും കാര്യമായ പണിയൊന്നുമില്ല. അതുകൊണ്ടാണ് അയാൾ വന്നു വിളിച്ചപ്പോൾ കുഞ്ഞുകുട്ടി പരാധീനതയുള്ള രാമൻ നായർ പകരം പൊക്കോട്ടെയെന്നവൻ കരുതിയത്. സാധാരണ വിളിക്കാൻ വരുന്നവർ അതൊക്കെ കേൾക്കാറുണ്ട്. എന്നാൽ ഇവിടെ വന്നയാൾ വഴങ്ങിയില്ല. മുത്തു തന്നെ വേണമെന്ന് ഒരേ ശാഠ്യമായിരുന്നു. കൂടെ നടക്കുമ്പോൾ ആ മെല്ലിച്ച മനുഷ്യൻ പറഞ്ഞു.
‘ഞാൻ തരകനാണ്, അമ്പതുരൂപ എനിക്ക് തരണം.’
അധികം ദൂരത്തല്ല. ഗാന്ധി ലെയിനിൽ അറ്റത്തെ വീട്. പീസ് വില്ല. ചെല്ലുമ്പോൾ സിറ്റൗട്ടിൽ നല്ല ഗാംഭീര്യമുള്ളൊരു പട്ടാളക്കാരന്റെ വലിയൊരു ഫോട്ടോ. അതിനു താഴെ കുരിശിന്റെ രൂപത്തിലുള്ള ഒരു സീറോവാട്ട് ബൾബ് മിന്നി കത്തുന്നുണ്ട്. ഭർത്താവാകണം. മരിച്ചു പോയിട്ടുണ്ടാകും. കോളിംഗ് ബെല്ലടിച്ചപ്പോൾ കൊച്ചമ്മ സിറ്റൗട്ടിലേക്ക് ഇറങ്ങിവന്നു.
‘വല്യ പണിയൊന്നുമില്ല. ഒരു കീരിയെ പിടിക്കണം.’
എന്തോന്നു? ഇതിനാണോ തരകൻ രാമൻനായർ പറ്റില്ല എന്ന് പറഞ്ഞത്? തിരിഞ്ഞു നോക്കി. അയാൾ സ്ഥലം വിട്ടുകഴിഞ്ഞു. അവരെ സൂക്ഷിച്ചു നോക്കി. തലയ്ക്ക് സുഖമില്ലേ? വേറെയാരെയും പുറത്തോട്ട് കാണാനുമില്ല.
‘എനിക്ക് വട്ടൊന്നുമില്ല. അതിനെക്കൊണ്ട് അത്ര ശല്യമാണ്. പിടിക്കാനൊത്തില്ലേൽ കൊന്നാലും മതി.’ സംസാരിച്ചു കൊണ്ടിരുന്നപ്പോൾ കൊച്ചമ്മ പറഞ്ഞു, ‘ദേ രണ്ടെണ്ണം ഗേറ്റിൽ കൂടി കേറി തെക്കോട്ടോടി.’
തിരിഞ്ഞു നോക്കുമ്പോൾ ഒന്നിനെയും കണ്ടില്ല. തെക്കുപുറത്തെ പുരയിടം കാടുപിടിച്ചു കിടക്കുകയാണ്. അതിൽ കേറി മറഞ്ഞാൽ കാണില്ല.
‘ഇതിനെപ്പൊ എങ്ങനെ പിടിക്കാനാണ്? തന്നേമല്ല, ഒന്നല്ലല്ലോ.’
‘എങ്ങനെ പിടിക്കുമെന്നൊന്നും എനിക്കറിയില്ല. അതാണ് പറഞ്ഞത് തല്ലിക്കൊന്നാലും മതിയെന്ന്. ഒന്നിനെ കൊന്ന് രണ്ടു ദിവസം കെട്ടിത്തൂക്കിയിട്ടിരുന്നാൽ മറ്റേതെല്ലാം പേടിച്ചു സ്ഥലം വിട്ടോളും. മനുഷ്യനെപ്പോലെ തന്നെയാ മൃഗങ്ങളും. വേണേൽ തിരിച്ചും പറയാം. പേടിയുള്ളിടത്തു പോകൂല്ല.’
”വനം വകുപ്പറിഞ്ഞാലേ, പണികിട്ടും.’
‘കീരിയെ കൊന്നാലൊന്നും പ്രശ്‌നമില്ല. ഇനി ഉണ്ടേൽത്തന്നെ വീട്ടിൽക്കേറി ശല്യം ചെയ്തപ്പോൾ നമ്മളടിച്ചു. അത് ചത്തു. അത്രേയുള്ളൂ.’
‘എന്നാപ്പിന്നെ നിങ്ങളത്തിരി വെഷം മീന്തലെ വച്ചാപ്പോരാരുന്നോ?’
‘നോക്കിയല്ലോ. അതിന്റെ കേസിപ്പോഴും തീർന്നിട്ടില്ല. വക്കീലിന് അയ്യായിരം കൊടുത്തു കഴിഞ്ഞു. പടിഞ്ഞാറ്റേലെ ജോസുകുട്ടിയുമായി അച്ചായൻ ജീവിച്ചിരുന്നപ്പോൾ ഒന്നൊടൊക്കിയതാ. അതിന്റെ ചൊരുക്കും ഉണ്ടെന്നുവച്ചോ. അവരുടെ നിറയെ രോമമുള്ള പേർഷ്യൻ പൂച്ചയാ ചത്തത്.’
വീടിനു ചുറ്റുമൊന്ന് നടന്നുനോക്കി. പത്തുമുപ്പത് സെന്റ് കാണും. പുല്ലുവളർന്നും വേസ്റ്റുകൾ അഴുകിക്കിടന്നും മഹാവൃത്തികേടായി കിടക്കുകയാണ്.
‘പര്യമ്പറമെല്ലാം കുപ്പയാ. അതാ പ്രശ്‌നം.’
‘അതൊന്നും താൻ നോക്കണ്ട. പറഞ്ഞ പണി ചെയ്താൽ മതി.’
അവർ ദേഷ്യപ്പെട്ടു. പിന്നെ കീരി വരുന്ന സമയക്രമങ്ങളൊക്കെ വിവരിച്ചു പറഞ്ഞു.
‘പതിനൊന്നു മണിയോടെ സകുടുംബം വന്ന് ദാ ഈ കിഴക്കേ മതിലിന് മുകളിൽ കിടന്ന് വെയിലുകൊള്ളും. ഊണ് കഴിഞ്ഞു വേസ്റ്റ് വലിച്ചെറിഞ്ഞു കഴിഞ്ഞാൽ വടക്കേപ്പുറത്തു വരും. പിന്നെ മൂന്നുമണിയോടെ പടിഞ്ഞാറെപ്പുറത്തു കാണും. ചിലപ്പോൾ തെക്കേപ്പുറത്തെ പുല്ലിൽ. ഇടയിൽ എപ്പോൾ വേണേലും വന്നുപോകാം. വരുന്നതും പോകുന്നതും ബുള്ളറ്റിന്റെ സ്പീഡിലാണ്. ശ്രദ്ധിച്ചില്ലേൽ കാണില്ല.’
”ഇവിടെ വലയുണ്ടോ?”
”അതൊന്നും നടക്കുകേല. ഒരിക്കൽ നോക്കിയതാണ്. അവൻ വലയും പൊക്കിയങ്ങു പോയി.”
എന്തൊരു പെണ്ണുമ്പിള്ളയാപ്പാ? എന്തൊരു മുഷ്‌ക്ക്? ചുമ്മാതല്ല, കീരിക്ക് പോലും കണ്ടൂടാ. ങാ, എന്തേലുമാട്ട്. നമുക്കെന്നാ വേണം, കൂലി കിട്ടുമല്ലോ അതുമതി എന്നവൻ കരുതി. കാർഷെഡ്ഡിൽ കസേരയിട്ടു കാവലിരുന്നു. രണ്ടു ദിവസമായിട്ടും കീരിയെ കണ്ടില്ല. കൊച്ചമ്മ പറഞ്ഞു അടുക്കള വടക്കേപ്പുറത്തും പടിഞ്ഞാറേ പുരയിടത്തിലും അവർ കണ്ടെന്ന്. അവൻ കാർഷെഡ്ഡിൽ ഇരിക്കുന്നതു കൊണ്ടു പുറകിലെ മതിൽ ചാടിയാകണം വന്നതെന്നും പറഞ്ഞു. കാര്യമൊന്നും നടക്കാതെ കൂലി വാങ്ങുമ്പോൾ ആകെ ചളിപ്പായിരുന്നു. അവൻ പറഞ്ഞു.
”എനക്ക് പറ്റൂല്ല. ഞാനിനി വരൂല്ല.”
അപ്പോഴവർ അരികിലേക്കു വന്ന് രഹസ്യം പോലെ പറഞ്ഞു.
”നിനക്കു പറ്റും. എത്ര ദിവസമായാലും സാരമില്ല. കീരിയെ കൊല്ലണം. നീ വാതില്കൽ ഇരിക്കുന്നതു കൊണ്ടാകും ഇതിലെ വരാത്തത്. ശബ്ദമൊന്നുമുണ്ടാക്കാതെ ട്രഞ്ചിൽ ഇരിക്കും പോലെ ഒളിച്ചിരിക്കണം. അവന് ഒരു സംശയവും തോന്നരുത്. വരും. കൃത്യറേഞ്ചിൽ കിട്ടുമ്പോൾ ഒറ്റ ഷോട്ട്. സ്‌പോട്ടിൽ വീഴണം. രണ്ടാമതൊരു ഷോട്ടിന് അവസരമില്ല.”
ഇതെന്നാ യുദ്ധക്കളമോ? മിലിട്ടറി ഉദ്യോഗസ്ഥരുടെ ഭാര്യമാരൊക്കെ ഇങ്ങനാണോ? ഓ, ഇവരും ക്യാപ്റ്റനായിരുന്നല്ലോ. അവരെ മുഷിപ്പിക്കണ്ടാന്നു കരുതി അവൻ പറഞ്ഞു. ”ഓക്കേ, നോക്കാം.”
”ഇവൻ പാകിസ്താനിയെപ്പോലെ പൊട്ടനൊന്നുമല്ല. ചൈനക്കാരനെപ്പോലെ കാഞ്ഞ ബുദ്ധിയാ. വേഗം ലോഹ്യം കൂടും ചർച്ചക്ക് വരും ഒത്തുതീർപ്പാക്കും. പക്ഷേ, കയ്യടക്കിയ ഇടം അവൻ കൊണ്ടുപോകും. സാധാരണക്കാരൊന്നും അറിയത്തില്ല. അറിഞ്ഞ മേലുദ്യോഗസ്ഥരും ഭരണാധികാരികളും നാണക്കേടോർത്തു ഒളിച്ചുവക്കും. വാർഫ്രണ്ടിൽ പൊരുതിയ പട്ടാളക്കാരും മരിച്ചുപോയ പട്ടാളക്കാരുടെ വിധവകളും സങ്കടപ്പെടും.”
അടുത്തദിവസം ചെല്ലുമ്പോൾ കൊച്ചമ്മ തുള്ളി വിറച്ചു നിൽക്കുകയാണ്. അവിടെങ്ങും നിൽക്കാൻ വയ്യ. ഭയങ്കര നാറ്റം. ഷെഡ്ഡിൽ കാറിന്റെ തെക്കുപുറത്തൊക്കെ എന്തിന്റെയോ ചോരയും പൂടയും.
‘പന്നിയെലിയാ. ഇവിടെ എവിടെയോ ചത്തു കിടപ്പുണ്ട്.’
ചുറ്റുവട്ടത്തൊക്കെ തപ്പി. ഒന്നും കണ്ടില്ല. കാർ ഷെഡ്ഡിൽ നിൽക്കുമ്പോഴാണ് നാറ്റം കൂടുതൽ. സംശയം കൊണ്ട് കാറിന്റെ അടിയിൽ കുനിഞ്ഞു നോക്കി. ഒരു വലിയ പന്നിയെലിയുടെ മുക്കാലും തിന്ന ജഡം.
‘കാർ ചാവി തന്നാ എലിയെ കളഞ്ഞു ഷെഡ്ഡു കഌനാക്കാം.’
”നിനക്കതിനു ഡ്രൈവിംഗ് അറിയാമോ?’
”ഓ.”
‘അങ്ങനെവേണം. ഒരു പട്ടാളക്കാരന് അറിയാൻ വയ്യാത്ത ഒരു പണിയും ഉണ്ടാകരുത്. എങ്കിലേ വാർഫ്രണ്ടിൽ എനിമിയെ തുരത്താനാകു. നൂറ്റിനാൽപ്പതു കോടി ജനങ്ങളുടെ സുരക്ഷ അവന്റെ കൈയിലാണ്. അച്ചായൻ ഒരു തികഞ്ഞ പട്ടാളക്കാരനായിരുന്നു.’
‘വല്ല പൂച്ചെപട്ടീം കൊണ്ടിട്ടതാകും.’
‘വേറാരുമല്ല, ഇതവനാ, കീരി. ഉറപ്പ്. ഇത്രയും വലിയ തൊരപ്പനെ പൂച്ച പിടിക്കുകേല. കഴിഞ്ഞാഴ്ചയും ഇതുപോലെ ഒന്നിനെ അടുക്കളപ്പുറത്തു കൊണ്ടിട്ടു. അതാണ് നിന്നെ വിളിക്കാനും കാരണം.’
അടുത്ത ദിവസവും പാതി തിന്ന ഒരു പന്നിയെലിയുടെ തോലും കുടലും പണ്ടങ്ങളും പടിഞ്ഞാറേപ്പുറത്തു കണ്ടു. മൂക്ക് പൊത്തിപ്പിടിച്ചാണ് മുത്തു അതിനെയും കുഴിച്ചിട്ടത്. എന്നിട്ടും അന്നും അടുത്ത ദിവസവും കീരി മുത്തുവിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടില്ല. ഇടയിൽ രണ്ടുതവണ അടുക്കള വടക്കേപ്പുറത്തുനിന്നും കൊച്ചമ്മ ഓടിവന്നു വിളിച്ചു.
‘എടാ അവിടെയുണ്ട് കുടുംബസമേതം ഓടിവാ.’
ചെന്നപ്പോൾ ആരുമില്ല. ഒരു തവണ എന്തോ പുല്ലിനിടയിൽ കൂടി പായുന്നതുകണ്ടു. പന്നിയെലിയാണോന്ന് സംശയിച്ചപ്പോൾ കൊച്ചമ്മ തീർത്തു പറഞ്ഞു,
‘കീരിയാടാ, ഞാൻ കണ്ടതല്ലേ. എലിക്കിങ്ങനെ നീണ്ട രോമമുള്ള വാലുണ്ടോ?’
‘കെണിവച്ച് പിടിക്കുകയ എളുപ്പം.’
‘പിന്നെ കടുവയല്ലേ കെണിവച്ചുപിടിക്കാൻ? തല്ലിക്കൊല്ലണം. ഇതുമാതിരി ദ്രോഹം ചെയ്യുന്നതിനെയൊക്കെ അങ്ങനെവേണം കൊല്ലാൻ. എന്റെ അച്ചായൻ ഉണ്ടായിരുന്നെങ്കിൽ എന്നേ അതിനെ കൊന്നേനെ.’
കീരി കാരണം തന്റെ ആത്മാഭിമാനത്തെക്കൂടിയാണ് കൊച്ചമ്മ ചോദ്യംചെയ്യുന്നത്. ഇത്ര തടിയുംതണ്ടും ഉണ്ടായിട്ടെന്തു കാര്യം? ഒരു ചെറുജീവിയുടെ മുൻപിൽ തോറ്റുതൊപ്പിയിട്ടില്ലേ? അതിനെയൊന്ന് കണ്ടുപിടിക്കാൻപോലും തനിക്കയില്ലല്ലോ എന്നോർത്ത് അവനു വിഷമംതോന്നി. അതുകാരണം കൂലിയും വാങ്ങാതെ പണിയുപേക്ഷിച്ചു മുത്തു പോയി.
പിറ്റേന്നു രാവിലെ കൊച്ചമ്മ നേരിട്ട് ജംഗ്ഷനിൽ ചെന്നു മുത്തുവിനെ വിളിച്ചു. പണിചെയ്യാതെ കുത്തിയിരുന്ന് കൂലിവാങ്ങുന്നതിഷ്ടമല്ല എന്നവൻ തീർത്തുപറഞ്ഞു. ശരി വേറെ പണിതരാം, എന്തായാലും നീ പറഞ്ഞപോലെ ഒരു കെണിയും കൂടി വാങ്ങി വാ എന്നവർ നിർബന്ധിച്ചപ്പോൾ മുത്തു വീണ്ടും പോയി.
ഇത്തവണ വേറൊരു കൊച്ചമ്മയെയാണവൻ കണ്ടത്. അവർ വലിയ ലോഹ്യത്തിലും സൗഹൃദത്തിലുമായിരുന്നു. അവനു രണ്ടുനേരം ചായയും ഉച്ചയൂണും കൊടുത്തു. വൈകിട്ട് ചായകുടിച്ചിരിക്കുമ്പോൾ അവർ പറഞ്ഞു.
‘മുത്തു നമ്മുടെയൊക്കെ ജീവിതത്തിന്റെ താളം തെറ്റിക്കുന്ന, എല്ലാ സന്തോഷങ്ങളും തകർത്തുകളയുന്ന ചില ജീവികൾ നമുക്കുചുറ്റും ഉണ്ട്. നമ്മൾ ഏറ്റവും അധികം സ്‌നേഹിക്കുന്ന ഒരാളെ നമ്മുടെ കൺമുന്നിൽ വച്ചു നമ്മളറിയാതെ കഥകഴിക്കുന്നൊരു നികൃഷ്ടജീവി. നമുക്കവയെ വേഗം തിരിച്ചറിയാനാവില്ല. തിരിച്ചറിഞ്ഞാലും എളുപ്പം പിടി തരില്ലവർ. എന്നെങ്കിലും കണ്ടുപിടിച്ചാൽ പിന്നത്തേക്കു വയ്ക്കരുത്, തീർത്തു കളയണം. അതാണ് പട്ടാളജീവിതം എന്നെ പഠിപ്പിച്ചത്. അച്ചായൻ അങ്ങനെയായിരുന്നില്ല. യുദ്ധത്തിൽ തോറ്റു കീഴടങ്ങിനിൽക്കുന്ന ശത്രുവിനോടുപോലും ആദരവ് കാട്ടും. അതാണ് അച്ചായൻ വീണുപോയത്. വീണതല്ല, ചതിച്ചതാണ്.’ മുത്തു എന്തുപറയണമെന്നറിയാതെ കേട്ടിരുന്നു. കൊച്ചമ്മ തുടർന്നു.
”യുദ്ധത്തിലെ ഏറ്റവും വലിയ ആയുധമെന്തെന്ന് നിനക്കറിയുമോ? പക, ശത്രുവിനോടുള്ള പക. അതു ജ്വലിപ്പിച്ചു നിറുത്തണം. ഇവിടെ കീരിയാണ് ശത്രു. അപ്പോൾ അതിനോടുള്ള പക കൊളുത്തിയ പന്തം പോലെ കൊണ്ട് നടക്കണം. പിന്നെയവൻ ഏതു പൊത്തിൽ പോയൊളിച്ചാലും പൊകച്ചുചാടിച്ചു വകവരുത്താൻ പറ്റും.”
”ഞാനിതുവരെ അതിനെ കണ്ടുപോലുമില്ല.”
”എന്നാലും എല്ലാ ദ്രോഹവും അവൻ ചെയ്യുന്നില്ലേ? മറഞ്ഞിരുന്നു ചെയ്യുന്നവൻ കൂടുതൽ അപകടകാരിയാണ്. ആട്ടെ, നിനക്ക് തോട്ടത്തിലെ പണിക്കു പോകാമോ?”
‘എവിടെയാ?’
‘ഞങ്ങൾക്ക് തമിഴ്‌നാട് ബോർഡറിനടുത്തു എഴുപത്തഞ്ച് ഏക്കർ എസ്റ്റേറ്റ് ഉണ്ട്. റബ്ബറാണ് കൂടുതലും. പിന്നെ കുറെ തേക്കും ഈട്ടിയും വലിയ മരങ്ങളുമുണ്ട്. ഫോറസ്റ്റ് ഏറിയയോട് ചേർന്ന്, ഒരു ചെറിയ കുന്നും നീർച്ചാലും ഒക്കെക്കൂടി. അവിടെ ഒരു പഴയ ബംഗ്ലാവും ഉണ്ട്. പണിക്കാരെ കൂട്ടി നിനക്കവിടെ താമസിക്കാം. കുടുംബസ്വത്താണ്.’
”വേണ്ട, ശരിയാവൂല്ല.’
‘ആലോചിക്ക്, നല്ല ശമ്പളവും തരാം.’
അന്നും കീരിയെ പിടിക്കാനുള്ള പരിപാടികളെല്ലാം പാളി. പിറ്റേന്ന് പീസ്‌വില്ലയിൽ ചെല്ലുമ്പോൾ ഗേറ്റ് തുറന്നു കിടക്കുന്നു, മുൻവാതിൽ അടഞ്ഞും. അങ്ങനെ പതിവില്ല. രാവിലെ കുറച്ചുനേരം കൊച്ചമ്മ കസേരയുമിട്ട് സിറ്റൗട്ടിൽ ഉണ്ടാകും. മിക്കപ്പോഴും വെറുതെ കിഴക്കോട്ട് നോക്കിയുള്ള ഒരു ഇരിപ്പാണ്. ആദ്യമായി കാണുന്നവർ കരുതും ധ്യാനമാണെന്ന്. അതൊന്നുമല്ല, അന്നേരം അവർ മറ്റേതോ ലോകത്താണെന്നാണ് തോന്നുക.
അകത്തേക്ക് ചെന്നപ്പോൾ മുത്തുവിന് കാര്യം മനസ്സിലായി. മുട്ടനൊരു പന്നിയെലിയുടെ എല്ലും തൊലിയും പൂടകളും സിറ്റൗട്ടിൽ പലയിടത്തായി കിടക്കുന്നു. സിറ്റൗട്ട് മുഴുവൻ ചോരപ്പാടുകൾ. ഒരു ബീഭത്സമായ കാഴ്ച. അവിടെയിട്ട് കൊന്ന് തിന്നതാണ്. കുടുംബം മൊത്തം വന്നുകാണും. ഇതിനിടയിൽ തരകൻ വീടിനു പുറകിൽ നിന്നും വന്നു.
”കീരി തന്നെയിട്ടു വട്ടം കറക്കുകയാണല്ലേ?”
എന്നുപറഞ്ഞു കളിയാക്കിച്ചിരിച്ചു. കൊച്ചമ്മ മുറിയുടെ ജനാല തുറന്നു പറഞ്ഞു.
‘കണി കണ്ടില്ലേ? ഇത് നീയിന്നലെ കെണി വച്ചതിന്റെ വൈരാഗ്യമാണ്. നിന്നെ വെല്ലുവിളിക്കുകയാണ്.’
അപ്പോഴാണ് മുത്തുവിന് കെണിയുടെ കാര്യം ഓര്‍മ വന്നത്. ഓടിപ്പോയി നോക്കി. ഒന്നുമില്ല, കാലി. കൊച്ചമ്മ പറഞ്ഞപോലെ ഇതിപ്പോൾ തന്നോടുള്ള വെല്ലുവിളിയാണ്. നോക്കാം എന്നവൻ സ്വയം പറഞ്ഞു. വേഗം സിറ്റൗട്ട് വൃത്തിയാക്കി.
കൊച്ചമ്മ വൈകിട്ട് പതിവില്ലാതെ വീട്ടുകാര്യങ്ങളൊക്കെ ചോദിച്ചു. തമിഴനാണ്, പതിനഞ്ച് കൊല്ലമായി ഇവിടെ ഹരിജൻ കോളനിയിലാണ്, കുടുംബമൊന്നുമില്ല ഒറ്റക്കാണ് എന്നുപറഞ്ഞപ്പോൾ ചോദിച്ചു.
”എന്നാപ്പിന്നെ മുത്തുവിന് ഇവിടെ സിറ്റൗട്ടിൽ കിടക്കാമോ? അത്താഴവും ഒരു കൊച്ചുമെത്തയും തലയിണയും തരാം. മാസം ഒരു പത്തായിരം രൂപ വേറെയും. എനിക്കുമതൊരു കൂട്ടാകും. എന്റെ പേർസണൽ ഗാർഡ് എന്നു കരുതിയാൽ മതി. പേടിയായിട്ടല്ല, ഞാനൊരു പട്ടാളക്കാരിയാണ്. യുദ്ധക്കളത്തിൽ ജയിക്കാനായി അടവുകൾ പലതുമിറക്കും.”
അതുവേണ്ടന്നു പറഞ്ഞെങ്കിലും കൊച്ചമ്മയ്ക്ക് ഒട്ടും മനസ്സുഖമില്ല ഒരു ദിവസം അവിടെ കിടക്കാമെന്നവൻ തീരുമാനിച്ചു. ഒത്തിരി ഇരുട്ടിയിട്ടും മുത്തുവിന് ഉറക്കം വന്നില്ല. പുറത്തിറങ്ങി നടന്നു. ഒട്ടും നിലാവില്ലാത്ത രാത്രി, നല്ല മഴക്കോളുമുണ്ട്. ഇതുപോലെയൊരു ഇരുണ്ട രാത്രിയുടെ ഓര്‍മ മുത്തുവിന്റെ സിരകളെ പിടിച്ചുലച്ചു.
രാത്രിവണ്ടികളൊക്കെ ഒതുക്കി തുടങ്ങിയതോടെ തട്ടുകടയിൽ നിന്നുമൊരു കാലിച്ചായ കുടിച്ചു സ്റ്റാൻഡിൽ നിന്നുമിറങ്ങി. മങ്ങി കത്തുന്ന സ്ട്രീറ്റ് ലൈറ്റുകൾ. ഇരുളിന്റെ മറപറ്റി നടന്നു. ഇന്നുരാത്രി ഞങ്ങളെ കാത്തോണേ മുരുകാ എന്ന് പ്രാർഥിച്ചു. അളകിയപാണ്ടിപുരം ജംഗ്ഷനിലെ അംബേദ്കർ ശില. അതാണടയാളം. തൊട്ടടുത്താണ് ഷർമ്മിളയുടെ വീട്. പന്ത്രണ്ടു മണികഴിഞ്ഞാൽ ഇവിടെ വരുമെന്നാണ് അവൾ പറഞ്ഞത്. അവളെക്കാത്ത് ശിലയുടെ പിന്നിൽ ഒളിച്ചിരുന്നതാണ് അവന്റെ ആയുസിലെ ഏറ്റവും ദൈർഘ്യമേറിയ രാത്രി.
ഭയന്നോടിവന്ന വിറയടങ്ങും മുൻപ് ഡ്രമ്മടിക്കുന്ന നെഞ്ചമർത്തിപ്പിടിച്ചവൾ കേട്ടു, ‘ഇന്ത ശിലയെ സാക്ഷിയാക്കി എൻ കൈയിൽ സത്യം പണ്ണിക്കൊട്. ഉൻ ഉയിർ പോകവരേക്കും നീയെന്നെ വിട്ടു പിരിയുമാട്ടെ എൻറ്.’
‘നിശ്ചയമാ എന്നുയിർ ഇരിക്കുംവരെ ഉന്നൈ പിരിയുമാട്ടൈ. സത്യം.’
നെഞ്ചോട് ചേർത്തുപിടിച്ചു തലയിൽ കൈവച്ചു സത്യം ചെയ്തു. രണ്ടാളും കൂടി മാഞ്ചോല മണിമുക്താർ ഡാമിനടുത്ത് ഇരുളർ കോളനിയിലെ മൂന്നാമത്തെ കുടിലിന്റെ തകരവാതിലിന് മുട്ടുമ്പോൾ അവൾ രണ്ടാമത്തെ ചോദ്യം ചോദിച്ചു.
‘ഉങ്കൈ അപ്പാ അമ്മാവും ഇല്ലൈ ഇന്ത ഊരുകാരാർകളും എന്നെ ഏറ്റുകൊള്ളാവിട്ടാലും(1) നീ വന്ത് ഉന്നുടെ മനൈവിയാഹെ കടശിവരേക്കും ഉന്നോട് വയ്തു കൊള്ളവേണ്ടും. സത്യം പണ്ണ്.’
‘എൻ ഉടമ്പിൽ ഉയിര് ഇരിക്കുംവരെ നീ താൻ എൻ മനൈവി. ഇത് സത്യം.’
മുത്തുവിന് നെഞ്ചിൽ ഒരു വിറയൽ കേറി. വല്ലാണ്ട് വിയർക്കാൻ തുടങ്ങി. പരവേശം കൂടിയപ്പോൾ കയ്യെത്തി വെള്ളക്കുപ്പിയെടുത്തു. സിറ്റൗട്ടിന്റെ തൂണും ചാരിയിരിക്കുമ്പോൾ മെന്റൽ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞതായിരുന്നു മനസ്സിൽ.
‘പയശ് കഥകളൊന്നുമെ ഉങ്കളുക്ക് തേവയില്ലൈ. അദെല്ലാം വിട്ടുടുങ്കോ. ഒന്നും യോശിക്കക്കൂടാതെ. അല്ലാമേ മറുപടിയും ഇങ്കെ വരവേണ്ടും.’
കൊച്ചമ്മ രാവിലെ ഇഡ്ഡലിയുമായി വരാന്തയിൽ വന്നു.
‘മുത്തു, ചെയ്യേണ്ട കാര്യങ്ങൾ അപ്പപ്പോൾ തന്നെ ചെയ്യണം, ഇനിയെങ്കിലും. അല്ലെങ്കിൽ ജീവിതത്തിൽ എന്നും നഷ്ടമായിരിക്കും. രാത്രികളിൽ ദുസ്വപ്‌നങ്ങൾ കണ്ട് കരഞ്ഞിട്ടെന്തു കാര്യം? എനിക്ക് നിന്റെ കഥയെല്ലാം അറിയാം, നഷ്ടങ്ങളും. കേട്ടപ്പോൾ സങ്കടം വന്നു.’
വീണ്ടും ചളിപ്പ് തോന്നി, തലേന്ന് രാത്രി കിടന്നു കരഞ്ഞിട്ടുണ്ടാകും. കെണിയിൽ പൂച്ചയുടെ കരച്ചിൽ കേട്ടു. പണിപാളിയെന്ന് മനസ്സിലായി. വേഗം ചെന്നതിനെ തുറന്നു വിട്ടു. അടുത്ത ദിവസം വീണത് എലി. അതിനെയും തുറന്നുവിട്ടു.
സ്വാതന്ത്ര്യം കിട്ടിയ കുട്ടികൾ ആഹ്ലാദത്തിമിർപ്പോടെ തെരുവിൽക്കൂടി ഓടുകയാണ്. മുരുകൻ കോവിലിൽ ഉത്സവം തുടങ്ങുകയാണ്. രാവിലെ കൊടിയേറ്റാണ്. പത്താംനാൾ ആറാട്ട്. അന്നുരാവിലെ അടുത്ത ക്ഷേത്രത്തിൽനിന്നു കാവടി വരവുണ്ട്. പത്തുനാനൂറ് കാവടികളുണ്ടാകും. ദേശത്തിന്റെ ഉത്സവമാണ്. അന്നത്തേക്ക് എല്ലാ വീടുകളിലും ബന്ധുക്കളൊക്കെ എത്തും. ക്ഷേത്രത്തിൽ നാദസ്വരം മുഴങ്ങി. രാവിലെ ഉഷപൂജയുടെ മേളമാണ്.
മുത്തു വിളക്കിനു മുൻപിൽ ചമ്രം പടിഞ്ഞിരുന്നു. കുഞ്ഞിനെ മടിയിലെടുത്തുവച്ചു. അവൻ മോണകാട്ടി ചിരിച്ചപ്പോൾ അരികെയിരുന്ന ഷർമ്മിളയും ചിരിച്ചു. എന്നിട്ടവൾ കുഞ്ഞിന്റെ കവിളിൽ അരുമയോടെ ഒന്നു പിടിച്ചു. പ്രസവിച്ചു ഏഴാം നാളാണ്. അവൾക്ക് നല്ല ക്ഷീണമുണ്ട്. മുത്തു മോനെ കൈയിലെടുത്തു. കുഞ്ഞു കവിളിൽ ഉമ്മവച്ചു. അപ്പൻ മറുതൻ വെറ്റില എടുത്തു കൈയിൽ കൊടുത്തു. അതുവച്ചു മറുചെവി മൂടി മുഖം കുനിച്ചു ചെവിയിൽ പതിയെ മൂന്നുതവണ വിളിച്ചു. ”രംഗൻ രംഗൻ രംഗൻ.”
അപ്പന്റെ അപ്പൻ മുത്തപ്പന്റെ പേരാണ്. ഇരുളർക്ക് ഇതാണ് പതിവ്. ഏഴാംനാളിൽ കുഞ്ഞിന്റെ പേരിടീൽ വലിയ ആഘോഷമാണ്. അതാണ് പേടിച്ചിട്ടാണെങ്കിലും അപ്പൻ മറുതനും അമ്മ മറുകിയും മോന്റെ ഒളിയിടത്തിലേക്കു വന്നത്.
അവളുടെ വീട്ടിൽ പറയണ്ട, പോകണ്ട എന്നു ഷർമ്മിള ആണയിട്ടു പറഞ്ഞതാണ്. അതു കേൾക്കാണ്ട് അയാൾ അപ്പനെ അങ്ങോട്ടു പറഞ്ഞുവിടുകയായിരുന്നു. അവർ പടിക്കു വെളിയിൽ നിറുത്തി, ചീത്തപറഞ്ഞു അപമാനിച്ചുവിട്ടു. അപ്പന്റെ സങ്കടം മറ്റൊന്നായിരുന്നു. നിങ്ങൾ എവിടെയാണെന്നു ഞാൻ പറഞ്ഞു പോയല്ലോ. ഇനി വല്ല ശല്യവുമുണ്ടാകുമോ? ഒന്നും പ്രശ്‌നമില്ല, ഇപ്പോൾ ഒന്നര കൊല്ലമായില്ലേ? കുഞ്ഞും വന്നില്ലേ, ഒന്നും പേടിക്കാനില്ല എന്നുപറഞ്ഞു അപ്പനെ സമാധാനിപ്പിച്ചു.
ഒന്നും വേണ്ടിയിരുന്നില്ല എന്നു കരുതുമ്പോഴേക്കും വാതിൽക്കൽ നരേഷ് വന്നു. അവളുടെ ആങ്ങള. കൂടെ പ്രവീൺ എന്നൊരു കൂട്ടുകാരനും. അവൻ പെങ്ങളോടു സംസാരിച്ചു. പെട്ടെന്നുള്ള ദേഷ്യത്തിൽ എന്തോ പറഞ്ഞതിന് ക്ഷമിക്കണമെന്ന് അപ്പനും അമ്മയും പറഞ്ഞുവിട്ടെന്ന് മുത്തുവിന്റെ അപ്പനോട് പറഞ്ഞു.
”ഞായറ്റ് കിളമൈ രണ്ടുപേരും വീട്ടുക്കു വാങ്കെ. മരുമഹൻക്ക് തങ്കചെയിനും കൊലുസും വാങ്കിവയ്ത്തിറൂക്രോം.”
”നാങ്കെ മരുമകളെ ഇപ്പൊ അനപ്പ കൂടാതെ. എങ്കൾ കുലവളക്കപ്പടി കുളന്തക്ക് തൊണ്ണൂറ് നാൾ മുടിയുംവരെ വീട്ടൈവിട്ടു വെളിയിൽ അനപ്പക്കൂടാതെ.”
അപ്പനാണ് പറഞ്ഞത്. കൂടെവന്നവൻ ഉടനെ പറഞ്ഞു.
‘ഇതിലെല്ലാം എന്നത്തെ കൊളവളക്കം പാർക്കിറുത്. മനസുവച്ചാ ഇന്നേക്കെ കൂടെ അനപ്പലാം.”
”ഓക്കേ.നീങ്കളന്നേക്കുന്ന് ഇല്ലൈ. ഇന്ത ഞായറ്റുകളമെ വന്താപോതും.” നരേഷ് ആരോടെന്നില്ലാതെ ചിരിച്ചു.
മുത്തുവിന് രാവിലെ ഏഴുമണിക്ക് അകെ ഭയപ്പെട്ട് കൊച്ചമ്മയുടെ ഫോൺ വന്നു. ”നീയൊന്ന് വേഗം വരുമോ? ആകെ പ്രശ്‌നമാണ്. ദാണ്ടെ ഗേറ്റിനവിടെ നമ്മുടെ കാർഷെഡ്ഡിൽ കീരി വലിയൊരു പാമ്പിനെ കടിച്ചുകൊന്നിട്ടിരിക്കുന്നു. ഇനി സഹിക്കാൻ വയ്യ മുത്തു, നീ കീരിയെ കൊന്നേ പറ്റു.’
അവൻ ചെല്ലുമ്പോൾ കാക്കയും പൂച്ചയും കൊത്തിവലിക്കുമെന്നു പറഞ്ഞു തരകൻ പാമ്പിന് കാവലുണ്ട്. ചോദിക്കും മുൻപ് അയാൾക്ക് കമ്മീഷൻ അഞ്ഞൂറ് രൂപ കൊടുത്തു. പാമ്പിന് സാമാന്യം നല്ല നീളമുണ്ട്. ശംഖുവരയനാണ്. മൂന്ന് കഷണമായി കിടക്കുന്നു. ചീമപ്ലാവിന്റെ മൂട്ടിൽ കുഴിച്ചിട്ടു. അപ്പോഴാണ് അടുക്കളക്കാരി പെണ്ണ് അങ്ങോട്ട് വരുന്നത്. അറിയാതെ സകലദേഷ്യവും അവളോട് എടുത്തിട്ടു.
‘ചുറ്റും കുപ്പ കിടന്നിട്ടാ പാമ്പും കീരിയൊക്കെ കേറി വരുന്നെ. നിനക്കെന്താ ചുറ്റുമൊന്നു മെനയാക്കിയിട്ടാ?”
പെണ്ണ് വിരണ്ടുപോയി. വടക്കേപ്പുറവും പടിഞ്ഞാറേപ്പുറവും വൃത്തിയാക്കിയിട്ട് തെക്കേ പുരയിടത്തിലെ പുല്ല് കിളച്ചു കാട് വൃത്തിയാക്കിയപ്പോഴാണ് ശരിക്കും ഞെട്ടിപ്പോയത്. കീരി അവിടെ പോകുന്നതിന്റെ രഹസ്യം മനസ്സിലായതും. മൂന്നുനാല് പഴയ ഇഷ്ടികൾക്കിടയിൽ നാലു പാമ്പിൻ കുഞ്ഞുങ്ങൾ. എല്ലാത്തിനെയും തല്ലിക്കൊന്ന് കുഴിച്ചിട്ടു. മണ്ണൊരുക്കി തടങ്ങളെടുത്തു ചേനയും ചേമ്പും നട്ടു.
പണിഡ്രസ്സ് മാറിച്ചെല്ലുമ്പോൾ രാവിലത്തെക്കണക്കു മഷിപടർന്നൊരു നിഴൽച്ചിത്രംപോലെ കൊച്ചമ്മ വാതിൽക്കൽ മിഴുങ്ങസ്യ ഇരിപ്പുണ്ട്. കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. ദൃഷ്ടികൾ അങ്ങ് ദൂരെയാണ്. എന്തോ വലിയ ദുഃഖത്തിലാണ് എന്നുറപ്പ്. അവരവനെ കാണുന്നുപോലുമുണ്ടായിരുന്നില്ല. ശൗര്യവും അധീശത്വവും എവിടെപ്പോയി മറഞ്ഞു. തോറ്റുതളർന്നപോലെ ആദ്യമായാണവരെ മുത്തു കാണുന്നത്. അവന് കഷ്ടം തോന്നി.
പാമ്പിൻ കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞു. അവർ തുറിച്ചുനോക്കി ഒരു നിമിഷം ഇരുന്നു.
”ആൻഡ്രുമോന് അന്ന് എട്ടുമാസമാണ് പ്രായം. നടന്നു തുടങ്ങിയിട്ടില്ല. മുട്ടിലിഴയാൻ എന്തൊരു സ്പീഡ് ആണെന്നോ? കൊച്ചുമോനാണ്. ഡെലിവറി കഴിഞ്ഞു ഭാര്യയെയും കുഞ്ഞിനേയും സിംഗപ്പൂരിന് കൂട്ടിക്കൊണ്ടുപോകാനാണ് മോൻ വന്നത്. നാലുദിവസം കഴിഞ്ഞു പോകണം. മുകളിലത്തെ മുറിയിൽ അവർ രണ്ടാളും കിടന്നുറങ്ങുകയാണ്. രാവിലെ മോനുണർന്നു കരഞ്ഞപ്പോൾ ഞാനവനെ അവരുടെ ഇടയിൽനിന്ന്‍ ഇങ്ങെടുത്തു കൊണ്ടുപോന്നു. അല്ലേലും അവന് എന്നെ മതി. സകലസമയവും എന്റെകൂടെയാണ് കളി.
കാറ്റും വെളിച്ചവും കേറാൻ രാവിലെ സിറ്റൗട്ടിലേക്കുള്ള മുൻവാതിൽ തുറന്നിട്ട് ഈ ഹാളിൽ നിലത്തിരുന്നാണ് ഞാൻ പേപ്പർ വായിക്കുക. അന്നും അതുപോലെ പേപ്പർ വായിച്ചുകൊണ്ടിരുന്നപ്പോൾ കുഞ്ഞു ചുറ്റും മുട്ടിലിഴഞ്ഞു നടക്കുകയായിരുന്നു. ഇതിനിടയിൽ അവൻ സിറ്റൗട്ടിലോട്ടിറങ്ങിയത് ഞാൻ കണ്ടില്ല. ജോലിക്കാരി അടുക്കളയിൽ കുഞ്ഞിനു പാല് തിളപ്പിക്കുകയായിരുന്നു. അവന്റെ കരച്ചിലുകേട്ടുനോക്കുമ്പോൾ കൈയിൽ ഇടമുറിഞ്ഞ ഒരു പാമ്പ്. അപ്പോഴും അതിന്റെ ജീവൻ പൂർണമായി പോയിട്ടില്ല. അതവന്റെ മുഖത്തു കൊത്തിയിട്ടുണ്ട്. കുഞ്ഞു പെട്ടെന്ന് ബോധം കെട്ടുവീണു. ശരീരമൊക്കെ നീലിച്ചു. ആശുപത്രിവരെ എത്തിയില്ല. അതിനു മുൻപേ എന്റെ പൊന്നുമോൻ പോയി.
ആദ്യമൊക്കെ പാമ്പുകളോടായിരുന്നു ദേഷ്യം. പിന്നെ ഒത്തിരികഴിഞ്ഞാണ് ആളെ പിടികിട്ടിയത്. ഇവൻ ഈ കീരിയാണ് കൊലയാളി. ഇവനാണ് എന്റെ കുഞ്ഞിനെ കൊന്നത്. ഇവനാണ് അതിനെ അവിടെ കൊണ്ടിട്ടത്.
ഇനിയൊരിക്കലും ഇങ്ങോട്ടില്ല എന്നുപറഞ്ഞു അന്നിറങ്ങിപ്പോയതാണ് എന്റെ മോനും മരുമോളും. ഇപ്പോൾ നാലുകൊല്ലമായി. അവളുടെ ദേഷ്യംമുഴുവൻ എന്നോടാണ്. ശരിയാണ്, ഞാനാണ് കാരണക്കാരി. എല്ലാ ദുഃഖങ്ങൾക്കിടയിലും പിടിച്ചുനിന്നത് അച്ചായനുള്ളതുകൊണ്ടായിരുന്നു. ആ ജീവനും കർത്താവ് എന്നിൽനിന്നു പറിച്ചെടുത്തു. ആ ജീവനെടുത്തതും കീരിയാണ്. കീരിയെ കൊല്ലണം.”
അവരുടെ കഥകൾ കേട്ടവന് സങ്കടം വന്നു. പക്ഷേ, എന്തുചെയ്യാം. കീരിയെ കൊല്ലാൻ വന്നിട്ടു അതിനെ ഒന്നുകാണാൻ കൂടി കഴിഞ്ഞില്ല, നാണക്കേട്. ഇനിയും നിന്നാൽ കൂടുതൽ നാറും. സ്ഥലം വിടാം എന്നു കരുതി വേഗം പറഞ്ഞു.
”ഞാനിനി പണിക്കില്ല, മെനക്കേട്. ചുറ്റോടുചുറ്റു ചെത്തി മെനയാക്കിട്ടൊണ്ട്. പാമ്പിനി വരില്ല. അപ്പോ കീരീം വരില്ല. ചേനേം ചേമ്പും പൊടിച്ചിട്ടു വിളിക്കണം. അന്നേരം വരാം, മൂട്ടിലെ തടം മൂടണം.”
‘വന്നാൽ?’
‘വിളിച്ചാ മതി. വന്നതിനെ തല്ലിക്കൊന്നെ ഞാൻ പടുക്കു.’
”പുല്ലിനിയും ആർത്തുകിളുർക്കും. കീരി ഇനിയും വരും, ഒരു രൂപത്തിലല്ലെങ്കിൽ മറ്റൊരു രൂപത്തിൽ. എന്റെ കീരി നിനക്ക് പാമ്പോ, പഴുതാരയോ, പരുന്തോ ദുഷ്ടനായൊരു മനുഷ്യനോ ആകാം. അതിനെ കൊല്ലുകയല്ലാതെ വേറെ വഴിയില്ല മുത്തു. നൂറുകൊല്ലം നാണംകെട്ടു ശവം പോലെ ജീവിച്ചിട്ട് എന്ത് പ്രയോജനം? ഒരൊറ്റ ദിവസമേ ജീവിച്ചുള്ളു എങ്കിൽപ്പോലും ജീവിച്ചു എന്ന തോന്നൽ വേണം.
ഭീരു ശത്രുവിന്റെ ന്യായപ്രമാണങ്ങൾ ഉയർത്തിക്കാട്ടും. ധീരന് ശത്രുവിനോടുള്ള പകതന്നെ വലിയ ആയുധം. കീരിയോട് നിനക്ക് പകയോ പേടിയോ? അതാണ് പ്രധാനം. ഞാനൊരു പട്ടാളക്കാരിയാണ്. ആത്മാഭിമാനവും അന്തസ്സുമാണ് വലുത്. പൊരുതും, തനിയെ എങ്കിൽ തനിയെ. നിനക്കും അങ്ങനെത്തന്നെയല്ലേ? നിന്നെ ഒരൊത്ത ആണായിട്ടാണ് ഞാൻ കാണുന്നത്. വീറുംവാശിയും ഉള്ളവനായി. ങാ, അതുപോട്ടെ നിനക്ക് പറ്റുമെങ്കിൽ നാളെ രാവിലെ എന്നെയൊന്ന് എസ്റ്റേറ്റ് വരെ കൊണ്ടുപോകണം. ഡ്രൈവിംഗ് അറിയാമല്ലോ?’
കൊച്ചമ്മ മുത്തുവിനോടൊപ്പം മുൻസീറ്റിലാണിരുന്നത്. ശിങ്കിടി തരകൻ പുറകിലിരുന്നു. കാർ കുന്നുകയറുമ്പോൾ കൊച്ചമ്മ ചോദിച്ചു.
”മുത്തു ഞാൻ നിന്റെ കൂടെനിന്നിട്ട് പള്ളയ്ക്ക് കത്തികേറ്റാൻ നോക്കിയാൽ നീയെന്തുചെയ്യും? കുത്താൻ നിന്നുകൊടുക്കുമോ അതോ കത്തി പിടിച്ചുവാങ്ങി തിരിച്ചു കുത്തുമോ?”
ഡ്രൈവിംഗിനിടെ അവനവരെ ചരിഞ്ഞുനോക്കി. വലിയ ഗൗരവത്തിലിരുന്ന അവരെയൊന്നു രസിപ്പിക്കാൻ ചിരിച്ചുകൊണ്ടു ചോദിച്ചു.
‘ഞാനോടി രക്ഷപെട്ടാലോ?’
‘ചവിട്ട് വണ്ടി.’
അതൊരു ഗർജനമായിരുന്നു. മുത്തു ഭയന്ന് വണ്ടി നിർത്തുമ്പോൾ അവർ കണ്ണുകളിലേക്ക് തറപ്പിച്ചു നോക്കി പറഞ്ഞു.
‘ചുമ്മാതല്ലടാ നിനക്ക് നിന്റെ പെണ്ണിനെയും കുഞ്ഞിനെയും നഷ്ടമായത്. തണ്ടുംതടിയും ആവശ്യത്തിൽ കൂടുതലുണ്ടല്ലോ? നാണമില്ലേടാ തിരിച്ചടയ്ക്കാതെ ഓടി രക്ഷപെടാൻ? നിന്നെ വിശ്വസിച്ചു കൂടെ ഇറങ്ങിവന്നതല്ലേടാ ആ പെണ്ണ്.’
മുത്തു ഞെട്ടിപ്പോയി, ഇവിടെ കൂട്ടുകാർക്കുപോലും അറിയാത്ത രഹസ്യമാണ്. ഒരു മിനിറ്റ് പതറിപ്പോയി. വർഷങ്ങളായി കൊണ്ടുനടക്കുന്ന നോവ് നെഞ്ചിൽ കിടന്നുപിടച്ചു. സ്റ്റിയറിങ്ങിൽ തലകുനിച്ചിരുന്നപ്പോൾ അവർ ഇടതുകൈയിൽ പിടിച്ചു.
”സോറി മുത്തു. നിന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല. ചെയ്യണ്ടത് ചെയ്യണ്ട സമയത്തു ചെയ്യണം, ഇനിയെങ്കിലും, ഇനിയെങ്കിലും.’
പിന്നീട് ആരുമൊന്നും സംസാരിച്ചില്ല. ഇതൊന്നും കേൾക്കാത്തപോലെ ഒന്നും ശ്രദ്ധിക്കാതെ തരകൻ പുറത്തേക്ക് നോക്കിയിരിക്കുന്നുണ്ടായിരുന്നു. മുത്തു അവന്റെ വേദനകളിലേക്കു വീണു.
കോവിലിൽ ആറാട്ടാണ്. ഗ്രാമം മുഴുവനും ഉത്സവമേളമാണ്. ദേശവാസികൾ മുഴുവൻ ജാതിമതഭേദമെന്യേ ക്ഷേത്രപരിസരങ്ങളിൽ എത്തിയിട്ടുണ്ട്. അപ്പനുമമ്മയും കാലത്തെ പോയിക്കഴിഞ്ഞു. ക്ഷേത്രത്തിന്റെ തെക്കേപ്പറമ്പിലെ സ്റ്റേജിലിപ്പോൾ വില്ലടിച്ചാംപാട്ട് തുടങ്ങിയിട്ടുണ്ടാകും. ഒരുമണിയോടെ കാവടികൾ ക്ഷേത്രത്തിനകത്തു പ്രവേശിക്കും.
കൊടിയേറ്റിന് തലേന്നുതന്നെ എത്തിയ ബലൂൺ വില്പനക്കാരും വെച്ചുവാണിഭക്കാരും മിഠായി കച്ചവടക്കാരും സർക്കസ്സ് കളിക്കാരും തെരുവുമാജിക്കുകാരും കുലുക്കിക്കുത്തുകാരുമൊക്കെ തെരുവോരങ്ങളിൽ അവസാനവട്ട കച്ചോടത്തിരക്കിലാണ്. ഇളം പച്ചനിറത്തിലുള്ള കുപ്പിവളകൾ ഷർമ്മിളയ്ക്ക് വലിയ ഭ്രമമാണ്. അൽപ്പം ലൈറ്റ് പച്ചനിറം. ഇളം കരിമ്പിൻ തലപ്പിന്റെ നിറം. സർപ്രൈസ് കൊടുക്കാൻ വാങ്ങാൻ പോയതാണ്. വാങ്ങി വരുമ്പോൾ പുറത്തൊരു കാർ കിടക്കുന്നു.
”എന്ന മാപ്പിളൈ ഞായറ്റുകളമെ നീങ്കെ വരുമെന്ന് നിനച്ചു എല്ലാ ഏർപ്പാടും ചെയ്തിരുന്തോം.ഉറവൂക്കാരർകൾ നീങ്കെ വാരാതതാൽ മികവും വരത്തപ്പെട്ടാർകൾ. ശരി പറവാല്ല. നാൻ കാറുടൻ വന്തുള്ളേൻ. ശീഘ്രം കളുമ്പുങ്കെ.”
വേണ്ടാന്ന് ഷർമ്മിള കണ്ണുകാട്ടിയതാണ്. അകത്തു വിളിച്ചു, അപകടപ്പെടുത്താൻ മടിക്കാത്തവരാണ് പോകണ്ട എന്നുവരെ പറഞ്ഞതാണ്. കേട്ടില്ല, പോകാമെടീ. പിണക്കമുണ്ടെങ്കിൽ പിന്നെയും വരുമോ? കുഞ്ഞിന്റെ കാര്യമൊക്കെ അറിഞ്ഞപ്പോൾ അവർക്കും അവനെ കാണണമെന്നുണ്ടാകും എന്നൊക്കെയാണ് ന്യായം പറഞ്ഞത്.
കാർ വീട്ടുപാത വിട്ട് കാട്ടുവഴിയിലേക്ക് തിരിഞ്ഞപ്പോൾ നരേഷ് പറഞ്ഞു.
”എങ്കൾ കുലവളക്കപ്പടി കുലദൈവത്തിൻ മുൻപ് ഒരു പുതിയ താലി കെട്ടവേണ്ടും. അത് കെട്ടിയപിൻ വീട്ടുക്കു പോലാം.”
എത്ര ബുദ്ധിപരമായാണവൻ കെണിയൊരുക്കിയത്. നരേഷ് തനിയയോ അതോ എല്ലാവരും ചേർന്നോ? തീർത്തും വിജനമായ സ്ഥലം. ആരും അടുത്തെങ്ങുമില്ല. അച്ഛനുമമ്മയും അവിടെ വരുമെന്ന് പറഞ്ഞിട്ട് കാണാതെ വന്നപ്പോൾ ഷർമ്മിള കാറിൽ നിന്നുമിറങ്ങാൻ കൂട്ടാക്കിയില്ല. തിരിച്ചു പോകണമെന്ന് വാശിപിടിച്ചു. നരേഷും രണ്ട് കൂട്ടുകാരും കൂടി അവളെ പിടിച്ചിറക്കാൻ ശ്രമിച്ചപ്പോൾ തടസ്സം പിടിച്ചതോടെ അടിപിടിയായി. ഇടയിൽ ഒരുത്തൻ കഠാരയ്ക്ക് കുത്തി. താഴെ വീണപ്പോൾ നരേഷ് മുകളിൽ കയറിയിരുന്ന് ആക്രോശിച്ചു.
”ഡേയ് നാൻ ഉന്നൈ എതുങ്കിങ്കെ കൂട്ടീട്ട് വന്തിറുക്കെന്ന് തെരിയുമാ? ഉന്നൈമട്ടും അല്ല, തങ്കച്ചി, കുളന്തൈ, മൂന്നു പേരെയും ഇങ്കൈ കൊലപണ്ണപോകറേൻ.”
ഒരാൾ ഷർമ്മിളയെ അടക്കിപ്പിടിച്ചിരുന്നു. മറ്റൊരാൾ കുഞ്ഞിനെ എടുത്തുവന്നു. കുഞ്ഞ് ഉറക്കെ കരയുന്നുണ്ടായിരുന്നു. ഒന്നനങ്ങാൻ കൂടി പറ്റുമായിരുന്നില്ല. ഷർമ്മിള കെഞ്ചിക്കരയുന്നുണ്ടായിരുന്നു.
”അണ്ണാ എങ്കളെ വിട്ടുവിട്. നാങ്കൾ ഏതാവതൊരു കൺകാണാതെയിടത്തിൽ പോയി വാൾന്ത് കൊൾകിറോം.”
നരേഷ് തന്റെ രണ്ടുകവിളിലും ആഞ്ഞടിച്ചു. ‘@#$% കത്തി കൊടടാ.” എന്ന് കൂട്ടുകാരനോട് ആക്രോശിച്ചു.
ഷർമ്മിള ഉറക്കെയലറി പിന്നെ വീണ്ടും കെഞ്ചി.
‘അണ്ണാ ഇതെല്ലാം നീ ചെയ്യാതെ. ഉൻ ലൈഫും നാശമാ പോയിടും. എങ്കളെ വിട്ടുറുങ്കെ.’
കൈയിൽ കിട്ടിയതെന്തോ വച്ച് ഷർമ്മിള അവന്റെ തലയ്ക്കടിച്ചു. ആ ഗ്യാപ്പിൽ ചാടിയെഴുന്നേറ്റെങ്കിലും അവർ കൂട്ടംചേർന്ന് ആക്രമിച്ചു. കൊല്ലാനാണ് ശ്രമം. അവരെല്ലാം തീരുമാനിച്ചുറപ്പിച്ചതുപോലെയായിരുന്നു. നരേഷ് ഷർമ്മിളയെ പിടിച്ചുവയ്ക്കാൻ നോക്കി. അവൾ കുതറി. പിടിവിടാഞ്ഞപ്പോൾ നരേഷിനെ കടിച്ചു. ഒരാൾ കുത്തിയത് തടഞ്ഞു. വീണ്ടും കുത്തിയത് കൈയിലാണ് കൊണ്ടത്. അടുത്ത കുത്ത് ഷർമ്മിള തടുത്തതാകണം. ഒരലർച്ചയോടെ അവൾ വീണു. അവളെ എഴുന്നേൽപ്പിക്കാൻ നോക്കിയപ്പോഴേക്ക് അടുത്ത കുത്തും കിട്ടി. കൊല്ലടാ അവനെ എന്ന് നരേഷ് അലറിയപ്പോൾ പിടഞ്ഞെണീറ്റ് കാട്ടിലേക്ക് ഓടി.
അവരുടെ ലക്ഷ്യം താനാണ് എന്നായിരുന്നു ധാരണ. അതാണ് ഓടിയത്. പിറ്റേന്ന് പേപ്പറിൽ കണ്ടു. അവളും കുഞ്ഞും പോയി. തമിഴ്‌നാട് ഇളക്കിയ ജാതിക്കൊലപാതകമാണ്. വംശവെറി. കുറേനാൾ ടിവിയിലും പേപ്പറിലുമൊക്കെ വലിയ വാർത്തയായിരുന്നു. പല ന്യൂസ് തലക്കെട്ടുകളും വന്നു.
‘തേവർ മുന്നാടി ഇരുളർ പയ്യൻ ഒരു ഈനപ്പിറവി’ ‘തങ്കൈ തലക്ക് അണ്ണൻ വിലൈ നിർണ്ണയം.’
ടി.വി യിൽ ദിനവും ചർച്ചകൾ. ഒരുതരം ആഘോഷം. പക്ഷേ, പിടിക്കപ്പെട്ടവരൊക്കെ രക്ഷപെട്ടു. സമുദായക്കാർ രക്ഷപെടുത്തി. ‘ആണവകൊലൈ, നാട് അതിറുന്തത്.’
‘എടാ വണ്ടീന്നിറങ്ങ്.’
മീശയില്ലാത്ത പോലീസുകാരൻ വിളിച്ചു. മുത്തു അതു കേട്ടില്ല. അവനപ്പോൾ ആറാട്ടുത്സവത്തിൽ മുരുകൻ കോവിലിൽ എട്ടുതട്ടുള്ള രക്തക്കാവടി ആടുകയായിരുന്നു. കൺപോളകളിലും മുഖപേശികളിലും കൈവണ്ണകളിലും കാൽവണ്ണകളിലും നെഞ്ചിലും കുത്തിയിറക്കിയ രക്തത്തിൽ മുക്കിയ അസംഖ്യം ശൂലങ്ങൾ. കവിളുകളിൽ കുത്തിയിറക്കി രണ്ടുവശത്തേക്കും നീണ്ടുകിടക്കുന്ന കൂറ്റനൊരു വേൽ. അതിന്റെ രണ്ടു വശങ്ങളിലും കോർത്തിട്ടിരിക്കുന്ന രണ്ടുപേർ, നരേഷും പ്രവീണും.
‘വേൽമുരുകാ ഹരഹരോ ഹര, മയിൽവാഹന ഹരഹരോ ഹര ‘
മന്ത്രണം മുഴക്കി ഷർമ്മിളയും കൈക്കുഞ്ഞും. അപ്പനുമമ്മയും നാട്ടാരും.
പോലീസുകാരനവനെ കുലുക്കി വിളിച്ചു.
”എടാ ഇറങ്ങാൻ.”
മുത്തു നോക്കുമ്പോൾ ജീപ്പ് പോലീസ് സ്റ്റേഷന് മുൻപിൽ നിർത്തിയിരിക്കയാണ്. കന്റോൺമെന്റ് സ്‌റേഷൻ.
‘ഇവിടെ നീ സത്യസന്ധമായി മൊഴി കൊടുത്താൽ വേഗം പരിപാടി തീരും. അല്ലേൽ ഇടിച്ചു ചാറെടുക്കും. ചത്തവന് വലിയ പിടിപാടാണ്. തമിഴ്‌നാട് പ്രതിപക്ഷ നേതാവാണ് അവനുവേണ്ടി ഡി.ജി.പി യെ വിളിച്ചത്.’
മുത്തുവിന് ചിരി വന്നു. കവിളിൽ വേൽ തറയ്ക്കാൻ സഹായിക്കുമ്പോൾ ഷർമ്മിള പറഞ്ഞതാണ് അവന്റെ കാതിൽ. ‘ഉൻ കോളൈതനം(2). പോയാച്ച്. അന്നേക്ക് കാട്ടാത് വീരവും തുനിവും(3). നീ ഇന്നേക്ക് കാട്ടിയാച്ചെ. എനക്ക് റൊമ്പ സന്തോഷം.’
വളരെ കൂളായി എല്ലാവരോടും അവൻ ചിരിച്ചു. ചോദ്യം ചെയ്യൽ തുടങ്ങും മുൻപ് ഇൻസ്‌പെക്ടർ വന്നു പറഞ്ഞു.
‘എസ്റ്റേറ്റ് ബംഗ്ലാവിൽ നടന്നത് അതുപോലെ പറയുക. നിനക്ക് ഒരു കുഴപ്പവും വരില്ല. തെറ്റിയാൽ അറിയാമല്ലോ? നീ പുറം ലോകം കാണില്ല.’
”എന്തിനാ പേടിക്കുന്നെ സാറേ? സത്യേ പറയു.”
ചോദ്യങ്ങൾ ചോദിച്ചത് മറ്റൊരാളായിരുന്നു. എല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു. മൊഴി രേഖപ്പെടുത്തുമ്പോൾ അവൻ പറഞ്ഞു.
‘സാറേ ഞാനും കൊച്ചമ്മേം കൂടി എസ്റ്റേറ്റ് ബംഗ്ലാവി ചെല്ലുമ്പോ ഒരുത്തൻ ബന്നു കൊച്ചമ്മയെ ചെറുത്തു, തെറീം പള്ളും പറഞ്ഞു. കീരിസാബു മാറടാന്നു പറഞ്ഞു കൊച്ചമ്മ അകത്തോട്ട് കേറുമ്പോ അയാൾ കൊച്ചമ്മയെ പിടിച്ചു തള്ളി. അവർ പൊത്തോന്നുവീണു. എനിക്കൊന്നും മനസ്സിലായില്ല. കൊച്ചമ്മ വീണ്ടും ഉള്ളിക്കേറാൻ നോക്കിയപ്പോ അയാൾ കൊച്ചമ്മെക്കേറിപ്പിടിച്ചു. ദേഹത്തുപിടിക്കുന്നോടാ കീരി, മാറടാ കീരി എന്നു പറഞ്ഞു കൊച്ചമ്മ അലറി, അയാളെ തല്ലി. അപ്പോളയാൾ കൊച്ചമ്മെ കണ്ടമാനം തല്ലി, മര്‍മത്തിന് ചവിട്ടി. കൊച്ചമ്മ നിന്നനിലയിൽ വീണ്ടും താഴെവീണു. ഞാൻ പേടിച്ചു നിൽക്കുകയായിരുന്നു. കൊച്ചമ്മേടെ കീരിന്നുള്ള വിളി എന്റെ തലേന്റകത്തു കിടന്നു വട്ടം കറങ്ങുവാരുന്നു. അവർക്ക് അനക്കമില്ലെന്നു കണ്ടപ്പോ പെട്ടെന്ന് എനിക്കന്റെ പെണ്ണിനേം കുഞ്ഞിനേം ഓര്‍മ വന്നു.
പത്തുപതിനഞ്ച് വർഷം മുമ്പുള്ളൊരു കേസാ സാറേ. തമിയ്ന്നാട് ഇളക്കിയ ജാതിക്കൊല. സമുദായപ്പെരുമ. പിന്നെ പാവപ്പെട്ടൊനും കായൊള്ളവനും കൂടിയായാൽ? അന്നു ഞാൻ പേടിച്ചു ഓടിയില്ലായിരുന്നേൽ ഇന്നെന്റെ കൂടെ എന്റെ പെണ്ണും കുഞ്ഞും ഉണ്ടാകുമാരുന്നു. പിന്നൊന്നും എനിക്കറീല്ല. കീരിയെ ഞാൻ കൊന്നു, കെട്ടിത്തൂക്കി. അതുകണ്ടോണ്ടു മറ്റ് കീരികളെല്ലാം ഓടിപ്പോയി.”
സ്റ്റേഷന്റെ വശത്തുള്ള അഴിക്കൂട്ടിൽ കിടക്കുമ്പോൾ കൊച്ചമ്മ സൂപ്രണ്ടിനൊപ്പം മുറിയിലേക്ക് കയറുന്നത് മുത്തു കണ്ടു. പോകുന്ന പോക്കിലവർ ഗൂഢമായി ചിരിച്ചു. അവന് ആശ്വാസവും അദ്ഭുതവും തോന്നി. മര്‍മത്തിന് ചവിട്ടുകൊണ്ട് ചത്തുപോയില്ലല്ലോ. ആണ്ടവാ മുരുകാ നീ കാത്തു. എന്നാലുമവർ തന്റെ അരികിലേക്കൊന്നു വന്നില്ലല്ലോ എന്നവൻ സങ്കടപ്പെട്ടു. അപ്പോഴാണ് തരകനെ കണ്ടത്. കയ്യാട്ടി വിളിച്ചു.
”കൊച്ചമ്മയ്ക്ക് കുഴപ്പമില്ലല്ലോ? എന്റെ കാര്യം എന്തോ പറഞ്ഞു?”
‘എല്ലാം ഭംഗിയായി നടന്നു. നിനക്കു വേഗമിറങ്ങാമെന്നുപറഞ്ഞു. പിന്നെ നിന്റെ ചരിത്രമെല്ലാം പഠിച്ചു സെലക്ട് ചെയ്തുകൊടുത്തതിനുള്ള കമ്മീഷൻ കൊച്ചമ്മ അന്നേ തന്നു. പക്ഷേ, ചത്ത പെരുച്ചാഴികളേയും പാമ്പിനേയും കൊടുത്തതിന്റെ കാശിതുവരെ കിട്ടിയിട്ടില്ല. നീയത് വാങ്ങിച്ചു തരണം.’
മീശയില്ലാത്ത പോലീസുകാരൻ തരകനെ വഴക്കുപറഞ്ഞു വിട്ടു. പിന്നെ ലോഹ്യം കൂടി മുത്തുവിനോട് ചോദിച്ചു.
‘നീ ആദ്യമായാണ് അവരുടെ വണ്ടി ഓടിക്കുന്നത്. എസ്റ്റേറ്റും കീരിസാബുവിനെയൊന്നും നിനക്കറിയില്ല. കീരി അവരെ കൊല്ലാൻ നോക്കിയപ്പോൾ രക്ഷിക്കാൻ ശ്രമിച്ചതാണ്. സ്വയരക്ഷക്കിടയിൽ അബദ്ധത്തിലാണ് കീരി ചത്തതെന്ന്. നേരാന്നോടാ?’
വെറുതെ തലയാട്ടുമ്പോഴും തരകന്റെ വാക്കുകളുടെ പൊരുൾ തേടുകയായിരുന്നു മുത്തു. പോലീസുകാരൻ അടുത്ത ചോദ്യം ചോദിച്ചു.
‘കൊച്ചമ്മ നേരത്തേതന്നെ രണ്ടു പരാതികൾ തന്നിട്ടുണ്ട്. ഒന്ന് എസ്റ്റേറ്റിന്റെ മുന്നൂറുകൊല്ലം പഴക്കമുള്ള തായ്പ്രമാണം കളഞ്ഞുപോയതായി. രണ്ട് ഭർത്താവിന്റെ മരണത്തിൽ സംശയമുള്ളതായി. രണ്ടിലും അവരുടെ സംശയം മാനേജർ കീരി സാബുവിനെയാണ്. ഇക്കാര്യം നിനക്കറിയാമോ?’
കാതടയ്ക്കുന്ന ഷർമ്മിളയുടെ വിലാപങ്ങൾ, അണ്ണാ എങ്കളെ വിട്ടുവിട്. നാങ്കൾ ഏതാവതൊരു കൺകാണാതെയിടത്തിൽ പോയി വാൾന്ത് കൊൾകിറോം.
ചെറുചിരിയോടെ പോലീസുകാരൻ പതുക്കെ ചോദിച്ചു.
”ഇണയെ കൊന്നവനോടുള്ള പെണ്ണിന്റെ പകയാണ് ലോകത്തെ ഏറ്റവും വലിയ പകയെന്ന് നിനക്കറിയുമോ?’
പൊന്നുമോന്റെ പേടിച്ചരണ്ട നിലവിളികൾ. ഓര്‍മകൾ മനസ്സ് കീറിമുറിക്കുമ്പോൾ മുത്തു വെറുതെ തലയാട്ടിക്കൊണ്ടിരുന്നു.
”മുത്തു നീ വെറുമൊരു കെണിയായിരുന്നു, കീരി സാബുവിനുള്ള കെണി. ഇതെങ്കിലും നിനക്കറിയുമോ?’
ആയിരം കാതങ്ങൾ ആർത്തലച്ചുവന്നു നേർത്ത ഗുഹാമുഖത്ത് അടിച്ചുകയറുന്ന കാറ്റിന്റെ ഹുങ്കാരംപോലെ ആരോരുമില്ലാത്തൊരു ദരിദ്രന്റെ അലർച്ചകളുടെ ആരോഹണങ്ങൾ സെല്ലിന്റെ കരിങ്കൽ ഭിത്തികളിൽ തലതല്ലി സ്റ്റേഷന്റെ മതിലുകൾ കടന്നു.
***********************************************
ഏറ്റുകൊള്ളാവിട്ടാലും – അംഗീകരിക്കാതിരുന്നാലും
- കോളൈതനം – പേടി
- വീരവും തുനിവും – വീറും വീര്യവും


