ഓര്‍മകളുടെ അഴിമുഖം

Date:

ഇ. എം. ഹാഷിം
ഓര്‍മകളുടെ അഴിമുഖം

നാലു പതിറ്റാണ്ടുകാലത്തെ പ്രവാസജീവിതത്തിനുശേഷം ജന്മനാട്ടിൽ തിരിച്ചെത്തിയ ഒരെഴുത്തുകാരന്റെ ഓര്‍മച്ചിത്രങ്ങളാണിത്. പത്തുവർഷംമുമ്പ് നാട്ടിലെത്തിയപ്പോൾക്കണ്ട മാറ്റമില്ലായ്മയുടെ കാഴ്ച, തുടർന്ന് ഇരുപത്തിയഞ്ചുവർഷത്തിനുശേഷം വീണ്ടും ജന്മഗ്രാമത്തിലെത്തിയപ്പോഴുള്ള നിസ്സഹായത… കാലം മായ്ക്കാത്ത പഴയ ഇടവഴികളും, നഷ്ടപ്പെട്ട വീടും, മൺമറഞ്ഞ സൗഹൃദങ്ങളും ഒരുഭാഗത്ത്. എന്നാൽ, ഈ ഗ്രാമക്കാഴ്ചകൾക്കിടയിൽ, കടലും പുഴയും ഒന്നിക്കുന്ന ആദികടലായിയിലെ അഴിമുഖം നൽകുന്ന ഒരു ദാർശനികമായ തിരിച്ചറിവുണ്ട് മറുഭാഗത്ത്.

നാൽപതുവർഷത്തെ പ്രവാസജീവിതത്തിനൊടുവിൽ പത്തുവർഷങ്ങൾക്കുമുമ്പ് നാട്ടിൽ തിരിച്ചെത്തിയപ്പോൾ വലിയ മാറ്റങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. ഇരുപത്തിയഞ്ചുവർഷങ്ങൾക്കുശേഷം ജന്മഗ്രാമത്തിലേക്ക് പോയപ്പോൾ പഴയ കുണ്ടൻ ഇടവഴികളും സ്‌കൂൾകെട്ടിടങ്ങളും കശുമാവിൻ കൂട്ടങ്ങളും മലബാർ എത്തി എന്നറിയിക്കുന്ന കപ്പൽതൂണും അതേപടി ഉണ്ടായിരുന്നു. വർഷങ്ങളുടെ വിടവ് പഴയ സുഹൃത്തുക്കളെ തിരഞ്ഞു കണ്ടുപിടിക്കാൻ പ്രയാസമുണ്ടാക്കി. ചിലർ മരിക്കുകയും മറ്റുചിലർ ഗ്രാമം വിട്ടുപോവുകയും ചെയ്തിരുന്നു. വളരെ ചെറുപ്പത്തിലേ ഗ്രാമം വിട്ടതുകൊണ്ട് പുതുതലമുറയ്ക്ക് എന്നെ അറിയില്ലായിരുന്നു. അവർക്കിടയിലൂടെ ജനിച്ച വീട്ടിലേക്കു പോയി ഒരു പടമെടുക്കാമെന്നു കരുതിയപ്പോൾ അമ്പതുവർഷങ്ങൾക്കുമുമ്പ് കൈമാറിയിരുന്ന വീട് പുതുക്കിപ്പണിയുകയും അപരിചിതരായ ആളുകൾക്ക് കൈമാറ്റം ചെയ്യപ്പെട്ടതുകൊണ്ട് വീടിന്റെ ഒരു ഫോട്ടോ എടുക്കാൻപോലും സാധിച്ചില്ല. അത്തരം നിസ്സഹായാവസ്ഥയിൽ ഞങ്ങളുടെ വീടിന്റെ മുന്നിലെ കുന്നിൻപുറത്ത് കയറി താഴോട്ടു നോക്കുകയേ സാധ്യമായിരുന്നുള്ളൂ. പക്ഷേ, ചെറുപ്പകാലത്തിന്റെ മുറിവുകളും വേദനകളും സന്തോഷസന്താപങ്ങളും മനസ്സിനടിയിൽ തിരശ്ശീലയിടപ്പെടാതെ കിടപ്പുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം സ്വന്തം ഗ്രാമത്തിലെത്തിയ ഞാൻ നാട്ടുകാർക്ക് അപരിചിതനാണെങ്കിലും ഇടവഴികളിലൂടെ നടക്കുമ്പോൾ ഓര്‍മകളുടെ മുല്ലപ്പൂസുഗന്ധം ചുറ്റും പ്രവഹിക്കുന്നുണ്ടായിരുന്നു. അന്നത്തെ സഹപാഠികളിലൊരാളെപ്പോലും കാണാനോ ബാല്യകാല ഓര്‍മകൾ അയവിറക്കാനോ കഴിഞ്ഞിരുന്നില്ല.

ഇരുപത്തിയഞ്ചുവർഷം കൈവിരലുകൾക്കിടയിലൂടെ ഒഴുകിപ്പോയത് ജീവിച്ചിരിക്കുന്ന ഇക്കാലത്തോട് ചേർത്തുവച്ച് തനിയെ നടക്കുമ്പോൾ മാറ്റമില്ലാതെ എനിക്കുമുന്നിൽ പ്രത്യക്ഷപ്പെടുന്നതു നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. അപ്പോൾ കടലും പുഴയും ഒത്തുചേരുന്ന അഴിമുഖം മാറ്റമില്ലാതെ താഴെ നിശ്ചലതയിൽ ഒരോര്‍മയായി കിടക്കുന്നതു കണ്ടു.

നാലാംതരം മാത്രമേ ആദികടലായി സ്‌കൂളിൽ പഠിച്ചിട്ടുള്ളൂ. വീട് പണിയാൻ സ്‌നേഹിതന്മാരിൽനിന്നു വാങ്ങിയ പണം, അവരിൽച്ചിലർ തിരിച്ചുചോദിച്ചപ്പോൾ അഭിമാനിയായ ഉപ്പ, വീടുവിറ്റതാണ് ജന്മഗ്രാമത്തിലെ താമസം മാറ്റാൻകാരണം. അയൽവാസിയും നാട്ടുകാരുമായ ആളുകൾക്കിടയിൽ ഉപ്പ അറിയപ്പെട്ട ആളായിരുന്നു. വടക്കുനിന്ന് പുറപ്പെട്ട പുഴ ആദികടലായിലെ കടലിലാണവസാനിക്കുന്നത്. കടലും പുഴയും ഒന്നുചേർന്ന് പുഴ കടലായിത്തീരുന്നതിന്റെ കാഴ്ച കുന്നിൻ മുകളിലിരുന്ന് ആസ്വദിക്കാറുണ്ട്. കുറച്ചുകഴിഞ്ഞാൽ പുഴ ശോഷിക്കുകയും അഴിമുഖം ഇല്ലാതാവുകയും ചെയ്യും. പുഴ കടലിൽ ലയിക്കാനായി വീണ്ടും ഒഴുകിയെത്തും. സംഗമസ്ഥലമായ അഴിമുഖത്ത് കയറിവന്നു കാമുകനായ കടലിനെ പുണരുകയും പുഴ ഇല്ലാതാവുകയുംചെയ്യുന്ന കാഴ്ച നോക്കി നിൽക്കാറുണ്ട്. ഈ അവസ്ഥയെയാണ് സൂഫികൾ  ”ഫന” എന്നു വിളിക്കുന്നത്. പുഴ കാമുകിയും കടൽ ശക്തനായ കാമുകനും ആണെന്ന സങ്കല്പം തോന്നിത്തുടങ്ങിയത് സൂഫിസത്തെക്കുറിച്ച് അറിയാൻ തുടങ്ങിയപ്പോഴാണ്. സൂഫി മഹാകവി റൂമിയും ആദ്യത്തെ സൂഫി വനിത റാബിയയും ഈ അലിഞ്ഞു ചേരലിനെപ്പറ്റി കവിതകൾ എഴുതിയിട്ടുണ്ട്. ദൈവമേ, നീ എനിക്ക് നിന്നിലലിയാനുള്ള അവസരം നഷ്ടപ്പെടുത്തരുതേ എന്നു മീരയും തെരേസയും റാബിയയും അവരവരുടെ പ്രണയതീര്‍ഥം ഉള്ളിലൊതുക്കി പ്രാർഥിച്ചിട്ടുമുണ്ട്.

ആദികടലായിക്കാർ മുഴുവനും പുഴയുടെ കടലിലേക്കുള്ള ആർത്തിപൂണ്ട ഒഴുക്ക് കാണാറുണ്ടെങ്കിലും അതിനൊരു പ്രണയഭാവം കണ്ടിരിക്കാൻ സാധ്യതയില്ല. ആദികടലായി വിടുകയും മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റുകയും വായനയിൽ മിസ്റ്റിക് വനിതകളുടെ പ്രണയപരവശത മനസ്സിലാക്കുകയും ദൈവികപ്രണയം പ്രതിഷ്ഠിക്കുകയും ചെയ്തപ്പോൾ അവരോടൊപ്പം ഒട്ടിനിന്നു. അപ്പോഴാണ് ആദികടലായിലേക്കെത്തുന്ന പ്രണയവിരഹിയായ പുഴയും അവളെ കാത്തിരിക്കുന്ന കാമുകനായ കടലിനെയും കുറിച്ച് ചിന്തിക്കുന്നത്. സങ്കല്പം വേലികളില്ലാത്തതാണ്. പ്രണയപർവം ഉള്ളിൽനിന്നു പുറപ്പെട്ട് പുറത്തേക്കൊഴുകുമ്പോൾ കടലിനെ ശക്തനായ കാമുകനായും പുഴയെ തരളിതയായ കാമുകിയായും കാണുക മനസ്സിലെ പ്രണയപുഷ്പങ്ങൾ വിടരാൻ പ്രാപ്തമാക്കി. സാങ്കല്പികതയാണെങ്കിലും മനസ്സിന് കുളിര്‍മയും ആവേശവും നൽകുന്ന ഏതൊന്നിനെയും സ്വീകരിക്കുക തികച്ചും സ്വഭാവികമാണ്. ആദികടലായി വിടുകയും പട്ടണത്തിലേക്കു ചേക്കേറുകയുംചെയ്തു നാൽപ്പതുവർഷത്തെ പ്രവാസജീവിതത്തിനുശേഷം ആദികടലായിയിലെ കുന്നിൻപുറത്തുനിന്നു താഴോട്ടുനോക്കിയപ്പോൾ വർഷങ്ങൾക്കു മുമ്പ് കണ്ട അതേ പുഴയൊഴുക്കും അതിനെ ആർത്തിയോടെ സ്വീകരിക്കുന്ന കടലും വീണ്ടും കണ്ടു. പ്രണയം എക്കാലത്തെയും വരളാത്ത അവസ്ഥയാണെന്നു മനസ്സിലായി. അതുമതി എനിക്ക് ജീവിതം പ്രണയപുഷ്പാർച്ചന നടത്തി മുന്നോട്ടുനീക്കാൻ. പ്രകൃതിയിലെ ഏതൊന്നിലും സൂക്ഷിച്ചുനോക്കിയാൽ പ്രണയത്തിന്റെ നനവു കാണാൻകഴിയും. അതാണ് പ്രണയത്തിനു മരണമില്ലെന്നു കവികൾ പറയുന്നത്. വസന്തം ചെറിമരങ്ങളായി ചെയ്യുന്നത് നീയുമായുള്ള എന്റെ പ്രണയം കൊണ്ടാണെന്നു  പറഞ്ഞ നെരൂദ ഉള്ളിലിരുന്ന് കുറുകിക്കൊണ്ടിരുന്നു. പ്രണയതീക്ഷ്ണതയ്ക്ക് വാർധക്യമില്ല. നിത്യയൗവനം മാത്രം. പ്രായം വെറുമൊരു അക്കം മാത്രമാണെന്നു പറഞ്ഞ വനിതാ കവിസുഹൃത്തിനെ ഇപ്പോഴോർക്കുന്നു.

ഇനിയും പ്രണയിനികൾ ഉണ്ടാവും. പ്രണയ-വിരഹകവിതകളും. അതവസാനിക്കുകയില്ല. അവസാനിച്ചാൽ മനുഷ്യൻ ഇല്ലാതാവും. ഒഴുക്കില്ലാതാവും. അതസംഭവ്യമാണ്. പ്രണയത്തിന്റെ അവസാനവും. കടലും പുഴയും തമ്മിലെ സംഗമം തുടർന്നുപോകണം. ആദികടലായിലെ കാഴ്ച നഷ്ടമാവരുത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വഴിപിഴയ്ക്കുന്ന മോദിസർക്കാർ – എൻ.പി. ചെക്കുട്ടി

അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല....

വിപ്ലവത്തിന്റെ കാൽപ്പെരുമാറ്റം – സെഡ്രിക് പ്രകാശ്

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ യുവത തെരുവിലിറങ്ങുമ്പോൾ, അതൊരു പുതുചരിത്രത്തിന്റെ പിറവിയാകുന്നു....

സെൻസർഷിപ്പ് എഴുത്തിലെ ഫയർ നഷ്ടമാക്കും – വി. ആർ. സുധീഷ് / ഡോ. സ്മിത ജി. നായർ

അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ...

വേണം, വികസനത്തോടൊപ്പം സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

ലാഭക്കൊതിയിൽ മാത്രം വേരൂന്നിയ കമ്പോളയുക്തികളല്ല, താഴെത്തട്ടിലുള്ള മനുഷ്യരുടെ അതിജീവനമാണ് യഥാർഥവികസനം. പ്രകൃതിയെയും...