എം. രാമചന്ദ്രൻ
ആധുനികതയും ഇന്ത്യൻ കലയും
ആധുനികതയെ യൂറോപ്പിൽനിന്നുള്ള ഒരു ‘ഇറക്കുമതി‘ മാത്രമായി കാണുന്നത് ലളിതവൽക്കരണമാണ്. വ്യാവസായിക വിപ്ലവം, ശാസ്ത്രബോധം, മുതലാളിത്തം, അന്യതാബോധം എന്നിവ യൂറോപ്പിൽ സൃഷ്ടിച്ച അതേ സാംസ്കാരിക സാഹചര്യങ്ങൾ ആഗോളതലത്തിലും ആധുനികതയ്ക്ക് വഴിയൊരുക്കി. ഈ ലേഖനം, കൊളോണിയലിസത്തിലൂടെ ഇന്ത്യയിലെത്തിയ ആധുനികത, ഇവിടുത്തെ ജാതി-ജന്മി വ്യവസ്ഥകളുമായി ഏറ്റുമുട്ടിയതെങ്ങനെയെന്നും, തന്മൂലം ‘പാരമ്പര്യത്തിലൂന്നിയ‘ ഒരു സവിശേഷ ഇന്ത്യൻ ആധുനികത രൂപപ്പെട്ടതിനെക്കുറിച്ചും പരിശോധിക്കുന്നു.
ആധുനികത എന്നാൽ യൂറോപ്പിൽനിന്ന് ഇറക്കുമതിചെയ്ത കലാസിദ്ധാന്തം എന്നാണ് നമ്മിൽ പലരും ധരിച്ചുവച്ചിട്ടുള്ളത്. തീർച്ചയായും ഇരുപതാംനൂറ്റാണ്ടിൽ യൂറോപ്പിൽ ഉരുവംകൊണ്ട സാമൂഹികവും സാംസ്കാരികവുമായ ഒരു മാനസികാവസ്ഥയാണ് അത്. പക്ഷേ, അതിനുള്ള കാരണങ്ങൾ പലതാണ്. അതിൽ വ്യാവസായികവിപ്ലവത്തോടെ യൂറോപ്യൻ സമൂഹത്തിലാകെ സ്വാധീനംചെലുത്തിയ ശാസ്ത്രീയകാഴ്ചപ്പാടുകളും, മതത്തിന്റെ ഉരുക്കുമുഷ്ടിയിൽനിന്നു പിടിവിട്ട് സംശയത്തിന്റെ കയത്തിലേക്കുള്ള മനുഷ്യമനസ്സിന്റെ വീഴ്ചയും പ്രധാനമാണ്. കൂടാതെ, അതുവരെ തന്റെ കുടുംബത്തിനും തനിക്കും തന്റെ തൊഴിലിനും ഉണ്ടായിരുന്ന സ്വത്വത്തിന്റെ നഷ്ടംവരുത്തിയ അന്യതാബോധം സമൂഹത്തിലെ വലിയൊരുവിഭാഗം തൊഴിലാളികളിലും കടന്നുകയറി. അതായത്, സ്വന്തം കുലത്തൊഴിലുകളിൽനിന്ന് മാറി ഫാക്ടറികളിൽ ജോലിക്കു പോകേണ്ടിവരികയും അവിടെ താൻ ചെയ്യുന്ന തൊഴിൽ ഫലമായി ഉൽപാദിപ്പിക്കുന്ന വസ്തുവും താനുമായി ഒരു പങ്കുമില്ലാതെ ആകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. താൻ ആർക്കോ, എന്തിനോ വേണ്ടി പണിയെടുക്കുന്ന ഒരു യന്ത്രഭാഗം മാത്രമായി മാറുന്നു എന്ന ധാരണ സാധാരണ മനുഷ്യരിൽ ഉണ്ടാക്കുന്നു. ഇതാകട്ടെ, മനുഷ്യർ ചെയ്തിരുന്ന തൊഴിലിൽ സ്ഥായിയായിരുന്ന സമർപ്പണബോധത്തെ തികച്ചും ഇല്ലാതാക്കി.
വ്യക്തികൾ മേൽപ്പറഞ്ഞ സാംസ്കാരികപ്രതിസന്ധികൾ നേരിട്ടപ്പോൾ, സാമൂഹികമായി മുതലാളിത്തത്തിന്റെ ലോകവ്യാപനവും ചൂഷണവും കമ്പോളം അനിവാര്യമാക്കിയ ആഗോളീകരണവും ചേർന്ന് ആധുനികതാ ദർശനത്തിന് അടിസ്ഥാനഭൂമികയായി. അങ്ങനെ മനുഷ്യരെ സംബന്ധിച്ചുള്ള ആഗോളവീക്ഷണം മാനവികതാസിദ്ധാന്തത്തിന്റെ പ്രാഥമികപ്രമാണമായി. ലോകമെങ്ങുമുള്ള മനുഷ്യർ ഒരുതരത്തിലുള്ളവരെന്നും അവരുടെ ദേശീയമോ, പ്രാദേശികമോ, ഗോത്രപരമോ ആയ സ്വത്വങ്ങൾ അല്ല അത്യന്തികമാനുഷികതയാണ് പ്രധാനം എന്ന ചിന്ത പ്രാമാണികമായിത്തീർന്നു. എന്നുവച്ചാൽ, വ്യക്തികളുടെ വ്യത്യസ്തതകളെ, പ്രത്യേകതകളെ നിസ്സാരവൽക്കരിച്ച് മനുഷ്യൻ എന്ന അടിസ്ഥാനഘടകത്തെ, മാനുഷികമൂല്യത്തെ കണക്കിലെടുത്തുകൊണ്ടുള്ള ലോകവീക്ഷണം ഉരുത്തിരിഞ്ഞു. മാത്രമല്ല, നിരവധി കണ്ടുപിടിത്തങ്ങൾക്കും കണ്ടെത്തലുകൾക്കും കാരണമായ ശാസ്ത്രബോധത്തിലും വ്യക്തികളുടെ ബൗദ്ധികമികവിലും അഭൂതപൂർവമായ വിശ്വാസം, വസ്തുലോകത്തെ, യാഥാർഥ്യത്തെ, അപഗ്രഥിച്ചറിയാനുള്ള ആകാംക്ഷ എന്നിവ അക്കാലത്ത് ഏറിവന്നിരുന്നു എന്ന് ഇന്നു നിരീക്ഷിക്കാനാവും. ദൃശ്യകലാരംഗത്തെ ഉപജീവിച്ചുതന്നെ ഇക്കാര്യം വിശദീകരിക്കാനാവും. ചിത്രങ്ങളിലും ശില്പങ്ങളിലും വസ്തുക്കളുടെ, രൂപങ്ങളുടെ, ആന്തരികഘടന അന്വേഷിക്കുകയും ആവിഷ്കരിക്കുകയും ആയിരുന്നു ആധുനികതയുടെ ഒരു പ്രധാന ലക്ഷ്യം. അതിനുവേണ്ടി പ്രകൃതിയിലെ വസ്തുക്കളുടെ ഘടനയെയും സ്വഭാവത്തെയും മനുഷ്യരുടെ ദൃശ്യസംവേദനരീതികളെയും അപഗ്രഥിക്കുകയും അവയുടെ അടിസ്ഥാന മാതൃകകളെ വെളിപ്പെടുത്തുവാനുമാണ് യൂറോപ്പിൽ കലാരംഗത്ത് പ്രമുഖരായവർ ശ്രമിച്ചത്. ചിത്രതലത്തിൽ ബ്രഷിന്റെ പാടുകൾ കാണിയ്ക്കാതെ ബിംബങ്ങളെ വ്യക്തമായി രചിച്ചിരുന്ന മുൻകാല ചിത്രസങ്കല്പങ്ങളിൽനിന്നു വ്യത്യസ്തമായി രൂപങ്ങളെ ശിഥിലീകരിച്ച് ബ്രഷിന്റെ അടയാളങ്ങൾക്ക് പ്രാമുഖ്യം കൊടുത്തുള്ള ഇംപ്രഷനിസ്റ്റു കല, യാഥാർഥ്യത്തോടുള്ള കടപ്പാടിൽനിന്നു വർണങ്ങളെ മുക്തമാക്കുകയും ചിത്രതലത്തിൽ ത്രിമാനതയെ ദ്യോതിപ്പിക്കുന്നതിനു പകരം ദ്വിമാനതയ്ക്ക് പ്രാമുഖ്യംകൊടുക്കുകയുംചെയ്ത ഫൂവിസം, വസ്തുക്കളെ സിലിൻഡർ, ക്യൂബ്, വൃത്തം എന്നീ പ്രാഥമികരൂപങ്ങളിലേക്ക് സംഗ്രഹിക്കാനാവും എന്ന ഫ്രഞ്ചു ചിത്രകാരനായ പോൾ സെസാന്റെ നിരീക്ഷണത്തെ അംവലംബിച്ച് ദൃശ്യതലത്തിൽ വസ്തുക്കളുടെ ഭിന്നതലങ്ങളിൽനിന്നുള്ള കാഴ്ചയെ ഏകോപിപ്പിച്ച ക്യൂബിസം തുടങ്ങിയ കലാപ്രസ്ഥാനങ്ങൾ ദൃശ്യകലയിലെ അടിസ്ഥാനഘടകങ്ങളെ അപഗ്രഥിക്കുന്നതിനും വിശദീകരിക്കുന്നതിനുമുള്ള ശ്രമങ്ങളായിരുന്നു. ശാസ്ത്രത്തിന്റെ പ്രപഞ്ചവീക്ഷണം, മുതലാളിത്തത്തിന്റെ ആഗോളതാല്‍പര്യങ്ങൾ, സ്വാതന്ത്ര്യം എന്ന സങ്കല്പത്തിന്റെ, സ്വാതന്ത്ര്യം എന്ന മൂല്യത്തിന്റെ ആഗോളപ്രചാരം, അത് ലോകമെങ്ങുമുള്ള കോളനികളിൽ ഉയർത്തിയ മോചനത്തിന്റെ സ്വപ്നങ്ങൾ, സ്വാതന്ത്ര്യത്തിനുവേണ്ടി നടത്തിയ സമരങ്ങൾ, തൊഴിലാളിവർഗത്തിന്റെ സാർവദേശീയചിന്ത ഇവയുടെ സൈദ്ധാന്തികപ്രശ്നങ്ങളാണ് ആധുനികത എന്നു നാം കലയിലും സാഹിത്യത്തിലും മറ്റും വ്യവഹരിച്ചുപോരുന്ന വാക്കിന്റെ ആശയാടിത്തറ.
ആധുനികതയുടെ ലക്ഷ്യങ്ങൾ എന്തൊക്കെയായിരുന്നാലും അത്തരത്തിലുള്ള സാംസ്കാരികവീക്ഷണം ലോകമാകെയുള്ള ജനങ്ങളിലുണ്ടാവുന്നത് യൂറോപ്പിൽ ആധുനികത ഉരുവംകൊള്ളാനുണ്ടായ കാരണങ്ങൾ അതിനു പുറത്തുള്ള രാജ്യങ്ങളിൽ വ്യാപിച്ചതുമൂലമാണ്. അതായത്, യന്ത്രവൽകൃതമായ വൻകിട വ്യവസായസംരംഭങ്ങൾ, മുതലാളിത്തത്തിന്റെ വ്യാപനവും ചൂഷണവും, സാധാരണക്കാരുടെ അന്യവൽക്കരിക്കപ്പെടുന്ന സാമൂഹികാസ്തിത്വം, നഗരവൽക്കരണം, സർവതലസ്പർശിയായ സ്വതന്ത്രവീക്ഷണം, പരമ്പരാഗത ജീവിതശൈലികളിലുണ്ടായ പിളർപ്പ്, പാരമ്പര്യവിശ്വാസങ്ങളിലുള്ള നഷ്ടം, ശാസ്ത്രീയചിന്തകളുടെ വ്യാപനം തുടങ്ങിയവയാണ് ആധുനികത എന്ന ദർശനത്തെ ആഗോളസാമൂഹികപദ്ധതിതന്നെ ആക്കിത്തീർത്തത്. ശാസ്ത്രീയമായ പുരോഗതി, സാമൂഹികവും സാമ്പത്തികവുമായ പുരോഗതി, സ്വാതന്ത്ര്യം എന്നിവ മനുഷ്യരാശിയെ മുന്നോട്ടുനയിക്കും എന്നതായിരുന്നു ആധുനികതയുടെ രൂഢമൂലമായ വിശ്വാസം.
ഇന്ത്യയിൽ ആധുനികതയുടെ തുടക്കം ബ്രിട്ടീഷ് കൊളോണിയലിസംമൂലമുണ്ടായ യന്ത്രവൽക്കരണങ്ങളും, മുതലാളിത്തത്തിന്റെ ഉദയവും നടക്കുന്ന 1850 മുതലാണ്. പരുത്തിത്തുണിമില്ലുകൾ, ചായ, റെയിൽവെ, കപ്പൽ നിർമാണം, ഇരുമ്പുരുക്ക്, കൽക്കരി തുടങ്ങിയ വ്യവസായങ്ങൾ ബംഗാൾ, തമിഴ്നാട്, മഹാരാഷ്ട്ര, ഗുജറാത്ത് മുതലായ പ്രദേശങ്ങളിൽ നിലവിൽവന്നത് ഇന്ത്യൻ സംസ്കാരികരംഗത്ത് ചലനങ്ങളുണ്ടാക്കി. ആധുനിക ഇന്ത്യൻ കലയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന രവിവർമ എന്ന ചിത്രകാരന്റെ കാലഘട്ടം ഇതുതന്നെയാണ് എന്നത് സ്വാഭാവികം. എണ്ണച്ചായമുപയോഗിച്ച് ക്യാൻവാസിൽ ഛായാചിത്രങ്ങളും ആഖ്യാനചിത്രങ്ങളും രചിക്കുന്ന ചിത്രകാരൻ എന്ന നിലയിൽ ഇന്ത്യയിലാകമാനം പ്രസിദ്ധി നേടുകയുംചെയ്യുക എന്നത് മേൽപ്പറഞ്ഞ സാമൂഹികദശയിൽ മാത്രമേ സാധ്യമാവുക തരമുള്ളു. ഇന്ത്യൻ സമൂഹത്തിലുണ്ടായ ഭാവുകത്വവ്യതിയാനത്തിന്റെ ദൃഷ്ടാന്തമാണ് രവിവർമച്ചിത്രങ്ങളുടെ അക്കാലത്തെ പ്രസിദ്ധിയും പ്രചാരവും. അതേസമയം, യൂറോപ്പുപോലെ ഒരു ചെറുഭൂഖണ്ഡത്തിൽ വൻകിട വ്യാവസായികസംരംഭങ്ങൾ ഉണ്ടാക്കുന്ന സാമൂഹികപ്രശ്നങ്ങൾ ഇന്ത്യപോലെ വിശാലവും വൈവിധ്യമേറിയ സംസ്കാരങ്ങളുമുള്ള പ്രദേശത്ത് സംഭവിക്കുക അസാധ്യവും ആയിരുന്നു. എങ്കിലും, മേൽപ്പറഞ്ഞ വ്യവസായങ്ങൾ ഇന്ത്യയുടെ പരമ്പരാഗത ജീവിതശൈലിയിലും കാഴ്ചപ്പാടുകളിലും കാര്യമായ മാറ്റം വരുത്തി. നഗരങ്ങളായ കൽക്കത്തയിലും ബോംബെയിലും ആണ് ആധുനികതയുടെ ആശയങ്ങൾ ഉൾക്കൊണ്ട് പുരോഗമനം ലക്ഷ്യമാക്കിയ കലാകാരന്മാരുടെ കൂട്ടങ്ങൾ ‘കൽക്കത്ത ഗ്രൂപ്പ്’ എന്ന പേരിൽ 1943-ൽ കൽക്കത്തയിലും, പ്രോഗ്രസീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പ് എന്ന പേരിൽ 1947-ൽ ബോബെയിലും സ്വാതന്ത്ര്യം, മാനവികത, മാമൂൽ ധാരണകളോടുള്ള എതിർപ്പ് എന്നീ ആശയങ്ങളുടെ പിൻബലത്തിൽ പ്രവർത്തനംതുടങ്ങി എന്ന് ഓർമിക്കുക. എല്ലാത്തരം മാമൂലുകളിൽനിന്നും, പാരമ്പര്യങ്ങളിൽനിന്നും കുതറിമാറി, സ്വാതന്ത്ര്യം എന്ന സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ കലയെ അതിന്റെ മുൻധാരണകളിൽനിന്ന് വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബോംബെ പ്രോഗ്രസീവ് ആർട്ടിസ്റ്റ്സ് ഗ്രൂപ്പിൽ പ്രധാനിയായിരുന്ന ഫ്രാൻസിസ് ന്യൂട്ടൺ സൂസ (Francis Newton Souza 1924-2002) ചിത്രങ്ങൾ രചിച്ചത്. നാം പരിശീലിച്ചുവന്ന ധാരണകൾക്കനുസൃതമായ രേഖകൾക്കും വർണങ്ങൾക്കും രൂപങ്ങൾക്കും സൂസ ചിത്രതലത്തിൽ നൽകുന്ന സ്വാതന്ത്ര്യം അവയുടെ താത്വികമായ അടിത്തറ വ്യക്തമാക്കുന്നു. അതായത്, കൊളോണിയൽ ഭരണത്തിനുകീഴിലുണ്ടായ വ്യവസായങ്ങൾ, വൈദ്യുതി, അച്ചടിയും പത്രങ്ങളും, വിദ്യാഭ്യാസം, കാറും തീവണ്ടിയുമടക്കമുണ്ടായ വേഗമേറിയ യാത്രാസൗകര്യങ്ങൾ, ലോകയുദ്ധങ്ങളാൽ ഇന്ത്യയും അനുഭവിക്കേണ്ടിവന്ന ദുരിതങ്ങൾ-അഥവാ അന്യദേശങ്ങൾ മൂലം ഇന്നാട്ടുകാർ അനുഭവിക്കേണ്ടിവന്ന ആഗോളീകരിക്കപ്പെട്ട പ്രശ്നങ്ങൾ – തുടങ്ങിയവ ജന്മംകൊടുത്തതാണ് ഇന്ത്യയിലെ ആധുനികല. അതു വിദേശത്തുനിന്നുള്ള ഇറക്കുമതിയാണ് എന്ന പലരുടെയും വിമർശനം അസ്വീകാര്യമാകുന്നത് കലയുടെ രൂപത്തിൽ മാത്രമല്ല ഇന്ത്യയിൽ ആധുനികത കടന്നുവന്നിട്ടുള്ളത് എന്നതിനാലാണ്.
പക്ഷേ, ആധുനികതയുടെ ലോകവീക്ഷണം ഇന്ത്യയിൽ ഉൾക്കൊള്ളുന്നതിന് നിരവധി പ്രതിസന്ധികളും പ്രതിബന്ധങ്ങളും സാമൂഹികവ്യവസ്ഥയിൽ നിലനിന്നിരുന്നു. യൂറോപ്പിലെ ആധുനികത മുതലാളിത്തത്തിന്റെ വളർച്ചയോടെ സാമൂഹികബന്ധങ്ങളിലും, മൂല്യസങ്കല്പങ്ങളിലും കാതലായ മാറ്റം ഉണ്ടാക്കിയപ്പോൾ ഇന്ത്യയിൽ ശക്തമായി നിലനിന്ന ജന്മി-കുടിയാൻ വ്യവസ്ഥയും, ജാതിബോധവും ആധുനികതയുടെ ശാസ്ത്രീയയുക്തിയെയും പാരമ്പര്യനിരാസങ്ങളെയും ചെറുക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ, ആഗോളഭാവനയ്ക്കും, സർവതലസ്പർശിയായ സ്വാതന്ത്ര്യത്തിന്റെ ആവിഷ്ക്കാരങ്ങൾക്കുംവേണ്ടി നിലകൊള്ളുന്ന ആധുനികതാസങ്കല്പം സമൂഹത്തിൽ ആഴത്തിലുള്ള സ്വാധീനമൊന്നും ചെലുത്തിയില്ല. മറിച്ച്, തദ്ദേശീയമായ ആധുനികത, പാരമ്പര്യത്തിലൂന്നിയുള്ള ആധുനികത, ദേശീയസ്വത്വം വെളിവാക്കുന്ന ആധുനികത എന്നീ മുദ്രാവാക്യങ്ങളുയർത്തി ഒരുതരം ഗോത്രദർശനത്തിലൂന്നിയ ദൃശ്യാവിഷ്ക്കാരങ്ങൾക്കു ഇന്ത്യയിൽ സാധുത തേടുകയായിരുന്നു. ബംഗാൾ സ്കൂൾ ചിത്രകാരന്മാർ, ജാമിനി റോയ്, നിയോ താന്ത്രിക് കലാകാരന്മാർ, ജെ. സ്വാമിനാഥൻ തുടങ്ങി ഒട്ടേറെ ആർട്ടിസ്റ്റുകളുടെ രചനകൾ മേല്പറഞ്ഞ കലാചിന്തകളെ ഉദാഹരിക്കുന്നവയാണ്. ദേശം, ഭാഷ, സ്വത്വം, മതവിശ്വാസങ്ങൾ, സംസ്കാരവ്യത്യാസങ്ങൾ മുതലായവയൊന്നും തടസ്സമാകാത്ത സംവേദനം സാധ്യമാക്കുന്ന അമൂർത്തകല ഇന്ത്യയുടെ ദേശീയകലാപാരമ്പര്യത്തിൽനിന്നു കണ്ടെടുക്കുന്നതുപോലുള്ള ലളിതയുക്തികൾ കലാതത്വശ്ശാസ്ത്രത്തെ സ്വാധീനിച്ചു എന്നു പറയാം. യഥാർഥത്തിൽ പരസ്പരം വിഘടിച്ചുനിൽക്കുന്ന രണ്ടു ദർശനങ്ങളുടെ സമന്വയത്തിലുള്ള ശ്രമങ്ങളാണ് ഇന്ത്യൻ ആധുനിക കലയെ പ്രതിസന്ധിഭരിതമാക്കിയത്. മറ്റൊരുരീതിയിൽപ്പറഞ്ഞാൽ ആധുനികതയുടെ ദർശനത്തെ ഉൾക്കൊള്ളാനാവാതെ ഭാഗികമായി മാത്രം, എന്നുവച്ചാൽ, വൈദ്യുതി, വാർത്താവിനിമയം, ഗതാഗതം, വ്യവസായങ്ങൾ, വിദ്യാഭ്യാസം, എന്നിവമൂലം ആധുനികമാവുന്ന ജീവിതരീതി ഉൾക്കൊള്ളുകയും ഗോത്രപാരമ്പര്യങ്ങളിൽ നിർവൃതികൊള്ളുന്ന മനസ്സുകളുമായി മാറി ഇന്ത്യൻ ജനതയുടെ ആധുനികസ്വത്വം. ഈ ഒത്തുതീർപ്പ് ഇന്ത്യൻ ആധുനികതയുടെ മുഖമുദ്രയാണ്.
ഇന്ത്യ എന്താണ്, അതെന്താവണം, അതിന്റെ സാംസ്കാരികപാരമ്പര്യവും സ്വത്വവും എങ്ങനെയുള്ളതാണ് എന്നതൊക്കെ നിശ്ചയിച്ചത് കൊളോണിയൽ ഭരണാധികാരികളും യൂറോപ്പിലെ പൗരസ്ത്യവാദികളും ചേർന്നാണ്. അവരുടെ ആഗ്രഹത്തിനനുസരിച്ചുള്ള ഇന്ത്യയെ നിർമിച്ചെടുക്കുകയും നിയന്ത്രിക്കുകയുമാണ് രാഷ്ട്രീയാധികാരനഷ്ടത്തിനുശേഷവും യൂറോപ്പിലെ പല രാജ്യങ്ങളും ശ്രമിച്ചതും ശ്രമിച്ചുകൊണ്ടിരിക്കുന്നതും. പാശ്ചാത്യം/പൗരസ്ത്യം എന്നീ സംവർഗങ്ങളായി ലോകത്തെ വിഭജിക്കുകയും ഒന്നിനെ ഭൗതിക സംസ്കാരത്തിന്റെ വിളനിലമായും മറ്റേതിനെ ആധ്യാത്മികതയുടെ എക്കാലത്തെയും കേന്ദ്രമായും സൃഷ്ടിച്ചെടുത്ത ചരിത്രവീക്ഷണങ്ങളുടെ അടിസ്ഥാനരാഹിത്യം ഇന്നും പൊതുസമൂഹത്തിന്റെ ചിന്തയിൽ വരുന്നില്ല. കാരണം, കൊളോണിയലിസം എഴുതിയുണ്ടാക്കിയ ഇന്ത്യൻ ചരിത്രത്തിന്റെയും വിദ്യാഭ്യാസരീതികളുടെയും സാംസ്കാരിക ധാരണകളുടെയും അടിമത്തത്തിൽനിന്നു മോചനം നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. കൂടാതെ ഉത്തരാധുനികമായ സ്വത്വരാഷ്ട്രീയത്തിന്റെ കാലഘട്ടത്തിൽ കൊളോണിയലിസം ചാർത്തിത്തന്ന ഇന്ത്യയുടെ സാംസ്കാരികസ്വത്വത്തെയും പാരമ്പര്യത്തെയും ഉറപ്പിച്ചെടുക്കുന്നതിനുള്ള തീവ്രമായ ശ്രമങ്ങളാണ് നാമിക്കാലമത്രയും നടത്തിയിട്ടുള്ളതും.


