പ്രളയം തൊടാത്ത വാത്മീകം

Date:

രഘു പി.
പ്രളയം തൊടാത്ത വാത്മീകം

ജ്ഞാനത്തിന്റെ ഉറവയെക്കുറിച്ചുള്ള മൂല്യവത്തായ വിശകലനത്തിലാണ് സത്താപരമായ പൂർണതയുടെ സ്ഥാനം. കാലഭേദിയായ ആ സഞ്ചാരം അചഞ്ചലമായി നിലകൊള്ളുന്നത് ലിഖിതങ്ങളിലും. പകർപ്പിന്റെ രീതികളും മാധ്യമങ്ങളും മാറിവന്നാലും സ്ഥിതചിത്തന്റെ ചോദനകളായി ഇവ തുടിച്ചുനിൽക്കുന്നു. ലോകത്തിൽ അമൂല്യമായത് പുസ്തകങ്ങൾ മാത്രമാണെന്ന്  റൂമിയോട് പിതാവ് പറഞ്ഞതതുകൊണ്ടാണ്. ആരൊക്കെയോ എഴുതാനാഗ്രഹിച്ചതാണ് എഴുത്തുകാർ സ്വരൂപിക്കുന്നത്. സ്വന്തം ധിഷണയുടെ തികവിൽ ഇവ പുനർജനിക്കുന്നു. ജെനി ആൻഡ്രൂസിന്റെ കുറിപ്പുകളുടെ പുസ്തകമായ ‘തേനിലെത്തുവോളം’ മലയാളത്തിന് ഇതരമായ ഒരു വായനാനുഭവം പകരുന്നു. ലളിതമാനങ്ങളും നിയതരചനാധാരണകളുംവച്ച് ഈ പുസ്തകകവാടം തുറന്നുപോവാനാവില്ല. കവി ആരാണെന്ന  ചോദ്യത്തിന് പി.കൊടുത്ത മറുപടി ഓർക്കുക: വചനത്തിന്റെ സിര പിഴിഞ്ഞ മൗനത്തിൽ നിലാവലിയിക്കുന്നവനാണ് കവി.

അതിർത്തിഭേദിയായ ഒരു സഞ്ചാരമാണ് ഈ കുറിപ്പുകൾ. ഒരിടത്ത് നിർവഹണങ്ങളുടെ ജീവിതവാഞ്ഛയും മറുപകുതിയിൽ താൻ എത്തിനിൽക്കുന്ന മനോതലത്തിലെ ഉത്ക്രമണവും ജെനിയെ കുതുകിയാക്കുന്നു. ഒന്നിനെ അറിയാൻ അതാവുക മാത്രമാണ് വഴി, എന്ന സെൻ സൂക്തം സത്യമായും ഈ കുറിപ്പുകളുടെ അന്തർധാരയാണെന്നു കരുതട്ടെ. വിടുതിയില്ലാത്ത ത്വരകൾ എഴുത്തിലുടനീളം അഗ്രങ്ങളിൽ വിറകൊള്ളുന്ന സ്വപ്നങ്ങളായി, മണ്ണിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകളായി, പടരുന്നു. 167 താളുകൾ വായിച്ചുതീരുമ്പോൾ സമൃദ്ധമായ പോഷകനദികൾ ചേർന്ന ഒരു മഹാപ്രവാഹത്തിൽ ആഴ്ന്നുപോവും. അവിടെ വ്യഥയും വ്യാകുലതയും തീർപ്പുകളും നിഗമനങ്ങളുമുണ്ട്. ഒരു മയിലിനെ  ലേസർ ഛേദംകൊണ്ട് പകുത്താൽ അതിന്റെ കൊക്കിന്റെ ഇരുവശങ്ങൾപോലും അസന്തുലിതമെന്നു തിരിച്ചറിയും. ചേർത്തുവയ്ക്കുമ്പോൾ അതൊരു മായികഭംഗി കൈവരിക്കുന്നു. ഇതാണ് ഈ പുസ്തകത്തിന്റെയും ഉള്ളടക്കത്തിന്റെ സൗഭഗം. ഞാനും ഞാനും കലരുന്ന മിഥ്യയിൽനിന്ന് എന്നെ തുരന്നെടുക്കൽ.

കറുത്തവന്റെ സ്വാതന്ത്ര്യഗീതം പാടിപ്പാടി കഴുത്തിൽ കൊലക്കയറണിഞ്ഞ ബെഞ്ചമിൻ മൊളോയിസ്സിനോട്   ജീവിതത്തിന്റെ നിർവഹണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ റെഡ്ഇന്ത്യൻ ഗോത്രത്തലവൻ സിയാറ്റിലിന്റെ ചിത്രത്തിലേക്കും, അതിനടിയിൽ എഴുതിയ ‘ഭൂമി നമ്മുടെ അമ്മയാണ്’ എന്നതിലേക്കും വിരൽചൂണ്ടി. ഈ പാരസ്പര്യത്തിന്റെ ജീവസത്യം വിശദാർഥത്തിൽ ഉൾക്കൊണ്ടു മാത്രമേ ‘തേനി’ലേക്ക് ഇറങ്ങാൻ, സ്വയം സജ്ജരാവാൻ, കഴിയൂ. ദാർശനികമായ ഒരടിത്തറയാണ്, ‘തേനി’ന്റെ ഉള്ളടക്കത്തെ വേറിട്ടുനിറുത്തുന്നത്. ഒരു സങ്കരഭാഷ എന്ന നിലയിൽ മലയാളം ഒട്ടനവധി പ്രതിസന്ധികളെ ഇന്ന് അഭിമുഖീകരിക്കുന്നു. സാമ്പ്രദായികരചനാവക്താക്കൾ ഒരുവശത്ത് മാറിനിൽക്കുന്നു. വാമൊഴിയിലും എഴുത്തിലും അവകാശപ്പെടാൻ ഒരേകീകൃത ഘടന മലയാളത്തിനില്ല.

ഡിജിറ്റൽ വിവരവിജ്ഞാനവും എ.ഐയും കടന്ന് ഇ.ഐയിൽ എത്തിനിൽക്കുമ്പോൾ,  കേൾക്കുന്ന സംഗീതത്തിന്റെ വർണധാര ഹെഡ്ഫോണിലൂടെ മിഴിയടച്ച് അനുഭവിക്കാം എന്നുപോലുമാവുമ്പോൾ മലയാളി അമ്പരന്നുനിൽക്കുന്നു. എഴുത്തിൽ ഇതിന് അനുഗതമായ പദാവലി എവിടെ? അഥവാ എഴുതിയാൽത്തന്നെ സംവേദനം സാധ്യമാവുമോ? ഇതെല്ലാം ഈ കുറിപ്പുകളെ തെല്ല് അപരിചിതമാക്കാതിരിക്കുന്നില്ല. മുന്നിൽ തുറന്നിടപ്പെട്ട ഭൂമികയുടെ രചനാരീതിയോ സ്വഭാവമോ അല്ല പ്രശ്നം. അനുവർത്തിക്കുന്ന ശീലനങ്ങളിന്മേൽ പുലർത്തുന്ന മുൻ നിശ്ചയങ്ങളാണ്. ആൾക്കൂട്ടത്തിലെ അഭിസംബോധനകളിൽ ആനന്ദ് ദീക്ഷിച്ച അകാരച്ചുരുക്കങ്ങൾ ഇന്നും മാതൃകയാവുന്നതും ഇതുകൊണ്ടുതന്നെ. വിഭിന്നമായൊരു അനുഭവതലവും അതിൽ അന്തർവ്യാപനംചെയ്തു നിൽക്കുന്ന ഹൃദയഭാവങ്ങളും ജെനി കൈയടക്കത്തോടെ നേടിയെടുത്തിരിക്കുന്നു. വ്യക്തിഗതവും പാരിസ്ഥിതികവുമായ ഒരു സൂക്ഷ്മമേളനം മലയാളത്തിലും സാധ്യമാവുമെന്ന് അറിയിക്കുന്നു.

ഒരു രചന മൂല്യവത്തായി നിലനിൽക്കുന്നത് അതിന്റേതുമാത്രമായ സഞ്ചാരഗതിയിലാണ്, പകർത്തിപ്പഴകിയ രീതികളെ ഉപേക്ഷിച്ചുപോവുന്നിടത്താണ്. ലോകക്ലാസിക്കുകളിൽ കുറ്റവാളികളും നിന്ദിതരും കഥാപാത്രമായപ്പോൾ ആദ്യം രംഗം പകച്ചുപോയതോർക്കുന്നു. പരീക്ഷണത്തിനായുള്ള പുതുമ സൃഷ്ടിക്കലല്ലാതെ സത്താപരമായൊരു പൂർണതയിലേക്ക് എഴുത്ത് ആവാഹിക്കപ്പെടുമ്പോൾ നിലനിൽപിനെക്കുറിച്ചുള്ള ആശങ്കയ്ക്കും പ്രസക്തിയില്ല.

ഉറുമ്പുകളുടെ ഭാഷപോലും പഠിപ്പിച്ചിരുന്ന നളന്ദ സർവകലാശാലയുടെ ജ്ഞാനത്തിന്റെ ഉള്ളറകൾ… വിദ്യാർഥികളുടെ ശയനഗൃഹങ്ങൾ അവിടെ സജ്ജമാക്കിയത്, മുതിർന്ന വിദ്യാർഥി സ്വസ്ഥനായി താഴെയും നവവിദ്യാർഥി മുകൾത്തട്ടിലും ശയിക്കുംവിധം ആയിരുന്നു. വിശ്രാന്തിയിൽപ്പോലും പാഠ്യഭാഗങ്ങളുടെ ഒരു ശ്രവണമർമരം ശ്രദ്ധിക്കാൻ. എന്നിട്ടും ചരിത്രത്തിന്റെ കുത്തൊഴുക്കിൽ ആ സർവകലാശാലയും മറഞ്ഞു എന്നത്, അധികാരത്തിന് ജ്ഞാനത്തെ ഗ്രഹിക്കാൻ കഴിയാതെ വരുമ്പോൾ അതിനെ നിഷ്ക്രിയമാക്കുന്നു എന്നതുകൊണ്ടുമാത്രമാണ്.

‘തേനി’ലെ ‘ഒഴിഞ്ഞ കസേരയിൽ തലോടുമ്പോൾ’ ഒന്നു വായിച്ചുനോക്കാം: നിത്യയുടെ സങ്കേതമാണ് പ്രമേയം. ഒരു തിരിഞ്ഞൊഴുക്കിലൂടെ നദിയെ കണ്ട പ്രവാചകൻ നിത്യ. ഈ ചിന്തകൾക്ക് ഇതുവരെ പകരംവയ്ക്കാൻ ഒന്നുമില്ല. ഒരു ശരാശരി ആത്മീയാനുഷ്ഠാവാകേണ്ടിയിരുന്ന നിത്യ എന്തുകൊണ്ട് വാഞ്ഛകളുടെ ഇതര ഭൂവിടങ്ങൾ തേടിപ്പോയി? ഓരോദിവസവും തനിയ്ക്കെത്തുന്ന അസംഖ്യം കത്തുകൾ വായിച്ച് അവയ്ക്ക് മറുകുറി അയയ്ക്കുന്ന നിത്യ. ഇഹവ്യഥകൾക്ക് സമാശ്വാസം തേടിയെത്തുന്നവരെയും, കത്തുകളെയും കണ്ട് വിഷാദിച്ചിരിക്കണം. നീ തന്നെയാണ് നിന്റെ പ്രകാശവും ശാന്തിയും എന്നു ബുദ്ധൻ പറഞ്ഞ പ്രതിഹിതം ആവർത്തിച്ച് ഓർത്തിരിക്കണം. ഓരോ മനസ്സിന്റെയും അഭയവും പ്രവർത്തനവും സ്വന്തം ഹിതാഹിതങ്ങളുടെ നിഴൽക്കോലിലാണ് നിലകൊള്ളുന്നതെന്ന് ജെനി ഈ ഭാഗത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒരു ചേർന്നൊഴുകലിലേ ഇത് അനുഭവിച്ചറിയാനാവൂ. എന്താണെന്നറിയാൻ അതായി മാറുക എന്ന മുഖമൊഴിയാണ് ഈ കുറിപ്പുകളിലുടനീളം പ്രോജ്വലിച്ചു നിൽക്കുന്ന സത്ത.

ക്ഷണികമായ ഒരു നിമിഷത്തെ കോറലുകളാവാൻ ഈ വരികൾക്ക് കഴിയില്ല. ഇടയുമില്ല. ‘സകലതിനെയും തന്നിലേക്ക് ഏറ്റുവാങ്ങുന്ന മണ്ണായി’ അതു മാറിക്കഴിഞ്ഞു. ഇനിയൊരു പിൻമടക്കം എന്നത് വിദൂരസാധ്യതപോലുമല്ല. പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്ന വ്യക്തികൾക്കോ അവർ ഉൾപ്പെട്ട സംഭവങ്ങൾക്കോ സൂചിപ്പിക്കപ്പെടുന്ന പ്രദേശങ്ങൾക്കോ നിങ്ങൾ ക്ലിഷ്ടത കൽപ്പിക്കേണ്ടതില്ല. ഇതിനെല്ലാം ഇടയിൽ ജെനി  സ്വയം തിരയുന്ന തിരിനാളംപോലെ ശാന്തമായി, ചലനമറ്റ നാളമാവുന്നു.

‘മഷിക്കൂട്ടി’ന് അഭിമാനിക്കാം. കെട്ടിലും മട്ടിലും പുസ്തക ചട്ടത്തിൽ ‘തേൻ’ വേറിട്ടുനിൽക്കും. ജീവിതത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന ചിലതുണ്ട്. ജനി-മരണംപോലെ. മരണത്തിന്റെ നിയതമായ മന്ത്രവാതിൽ തുറക്കുന്നതറിയാത്ത ജീവിതവ്യവഹാരത്തിൽ സംയമനത്തോടെ തൃഷ്ണകളിൽനിന്നകന്ന്, അതിനെ നോക്കിക്കാണുകയെന്ന യത്നം പറയുക എളുപ്പമാണ്. പകർത്തലാണ് ശ്രമകരം. അഥവാ അതിനു കഴിഞ്ഞാലും തീവ്രതയിൽ നിഴലിട്ടതാവണമെന്നുമില്ല. പ്രാർഥനയിൽ ദൈവം തനിച്ചാവുംപോലെ രചനയിലും ഈ ഒറ്റ പുസ്തകംകൊണ്ട് ജെനി ആൻഡ്രൂസ് തനിച്ചാവുന്നു. നേരാർന്ന സാക്ഷ്യങ്ങൾക്കുമുന്നിൽ മുട്ടുകുത്തി ഇടിനാദം കേട്ട് വിഹ്വലനായ അനാദിയെപ്പോലെ. പക്ഷേ, ആ നാദത്തിന്റെ ഉറവിടം തന്റെ അന്തരാത്മാവുതന്നെ എന്നു തിരിച്ചറിഞ്ഞുകൊണ്ട്.

****

തേനിലെത്തുവോളം
ജെനി ആൻഡ്രൂസ്
(കുറിപ്പുകൾ, ലേഖനങ്ങൾ )

പ്രസാധകർ: മഷിക്കൂട്ട് ഇംപ്രിന്റ്, കോട്ടയം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Popular

More like this
Related

വഴിപിഴയ്ക്കുന്ന മോദിസർക്കാർ – എൻ.പി. ചെക്കുട്ടി

അധികാരത്തിന്റെ ദന്തഗോപുരങ്ങളിലിരുന്ന് അജയ്യതയുടെ മിഥ്യകൾ മെനയുന്നവർ പലപ്പോഴും ചരിത്രത്തിന്റെ ചുവരെഴുത്തുകൾ കാണാറില്ല....

വിപ്ലവത്തിന്റെ കാൽപ്പെരുമാറ്റം – സെഡ്രിക് പ്രകാശ്

അധികാരത്തിന്റെ കോട്ടകൊത്തളങ്ങളെ വിറപ്പിച്ചുകൊണ്ട് ഇന്ത്യൻ യുവത തെരുവിലിറങ്ങുമ്പോൾ, അതൊരു പുതുചരിത്രത്തിന്റെ പിറവിയാകുന്നു....

സെൻസർഷിപ്പ് എഴുത്തിലെ ഫയർ നഷ്ടമാക്കും – വി. ആർ. സുധീഷ് / ഡോ. സ്മിത ജി. നായർ

അരനൂറ്റാണ്ടു നീണ്ട ഒരു സർഗജീവിതം കേവലം അക്ഷരങ്ങളുടെ കൂട്ടിവയ്ക്കലുകളല്ല; അതു കാലത്തിന്റെ...

വേണം, വികസനത്തോടൊപ്പം സാമൂഹികസുരക്ഷാസംവിധാനങ്ങൾ – ഡോ. ജോസ് സെബാസ്റ്റ്യൻ

ലാഭക്കൊതിയിൽ മാത്രം വേരൂന്നിയ കമ്പോളയുക്തികളല്ല, താഴെത്തട്ടിലുള്ള മനുഷ്യരുടെ അതിജീവനമാണ് യഥാർഥവികസനം. പ്രകൃതിയെയും...