മലയാള ടെലിവിഷന്‍ ചാനലുകളും സരിത എസ്. നായരും
ആഗോളഗ്രാമം ടി.കെ. സന്തോഷ്കുമാര്‍
മുന്‍ മന്ത്രിസഭയെ പിടിച്ചുലയ്ക്കുകയും പരാജയത്തിലേക്ക് തള്ളിയിടുകയും ഇപ്പോള്‍ അവരുടെ മുന്നണി സംവിധാനത്തെ സ്തംഭനത്തിലേക്ക് കൊണ്ടുചെന്നെത്തിക്കുകയും ചെയ്ത സോളാര്‍ തട്ടിപ്പുകേസ് പുറത്തുകൊണ്ടുവന്നത്, കൈരളി – പീപ്പിള്‍ ചാനലിന്റെ കണ്ണൂര്‍ ബ്യൂറോ ചീഫ് ആയിരുന്നു പി.വി. കുട്ടനാണ്. (ഇപ്പോള്‍ അദ്ദേഹം അതേ ചാനലില്‍ മലബാര്‍ മേഖല ചീഫാണ്). വാര്‍ത്ത പുറത്തു കൊണ്ടുവന്നപ്പോള്‍ അതിനെ ”പൈങ്കിളി വാര്‍ത്ത” എന്ന് പലരും പരിഹസിച്ചിരുന്നു. എന്നാല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ മുന്‍നിര യു.ഡി.എഫ്. നേതാക്കന്മാര്ക്കെതിരെ, ബലാല്സംഗത്തിനുള്പ്പെടെ കേസെടുത്ത തരത്തില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. അത്, മുന്‍ സര്‍ക്കാര്‍തന്നെ നിയോഗിച്ച, ജസ്റ്റിസ് ശിവരാജന് കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്! അധികാരം, ലൈംഗികത, തട്ടിപ്പ്, പണം ഇവയെല്ലാം കൂടിക്കുഴഞ്ഞ കേസായതിനാല്‍ മാധ്യമങ്ങള്‍, വിശേഷിച്ച് ദൃശ്യമാധ്യമങ്ങള്‍ ഈ കേസ് വിടാതെ പിന്തുടര്ന്നു.
എത്രയോ കൊല്ലങ്ങളായി നമ്മുടെ ടെലിവിഷന്റെ മുഖ്യധാരാ പ്രമേയം/ഉള്ളടക്കം ആയിരിക്കുന്നത് ക്രൈം, കളി, സിനിമ എന്നിവയാണ്. വാസ്തവത്തില്‍ ഇവ മൂന്നും സോളാര്‍ തട്ടിപ്പുകേസിന്റെ വാര്‍ത്തയ്ക്കുള്ളില്‍ നിലനിന്ന ഉള്പ്പിരിവുകളായിരുന്നു. സാമ്പത്തിക തട്ടിപ്പും ലൈംഗീക പീഡനവുമായിരുന്നു സോളാര്‍ കേസിലെ ക്രൈമിന്റെ തലം. കേസും ലൈംഗീക പീഡന വെളിപ്പെടുത്തലുകളും ഉപയോഗിച്ച് അധികാര കേന്ദ്രങ്ങളെയും അധികാരത്തിന്റെ പ്രതിപുരുഷന്മാരേയും രാപകല്‍ അമ്മാനമാടി എന്നതായിരുന്നു ഇതിലെ കളി. കേസിന്റെ കേന്ദ്രമായി നിന്ന്, മാധ്യമങ്ങളിലെ നിരന്തര സാന്നിധ്യമായി സരിത എസ്. നായര്‍ നടത്തിയ പ്രകടനങ്ങളാണ് ഇതിലെ സിനിമ. ഇവ മൂന്നും ടെലിവിഷന്‍ നന്നായി ഭക്ഷിച്ചു മരിച്ചു. വാര്‍ത്താചാനലുകളില്‍ മാത്രമല്ല, വാര്‍ത്തേതര ചാനലുകളിലേയും സാന്നിധ്യമായി സരിത. ടെലിവിഷനില്‍നിന്ന് വളര്‍ന്ന് സിനിമയിലെ നായികാപദത്തില്വരെ എത്തി എന്നോര്‍ക്കുമ്പോള്‍, പുരുഷനോടു പ്രധാനമായ മാധ്യമസംസ്കാരത്തിന്റെ ഉന്മാദബിംബമായി സരിത മാറി എന്നര്‍ത്ഥം. അവരുടെ മേയ്ക്കപ്പും ആടയാഭരണങ്ങളും അതു ധരിക്കുന്ന രീതിയും വരെ വാര്‍ത്താ ചര്‍ച്ചയില്‍ മാത്രമല്ല, കോടതിമുറിയില്വരെ പരാമര്‍ശിക്കപ്പെട്ടു. ഇവിടെ പലപ്പോഴും ആ കേസിന്റെ ‘മെറിറ്റും’ ‘സ്ത്രീസംരംഭക’ എന്ന നിലയില്‍ സരിത വിരിച്ച വലകളും അകപ്പെട്ട ചതിക്കുഴികളും മാധ്യമ വാര്‍ത്തകളുടേയും ചര്‍ച്ചകളുടേയും കേന്ദ്രതലത്തില്നിന്ന് മാറിപ്പോയി. ഒരുഘട്ടം കഴിഞ്ഞപ്പോള്‍, മാധ്യമങ്ങള്‍ സരിതയെ ഉപയോഗിച്ചതിനേക്കാള്‍, സരിത മാധ്യമങ്ങളെ ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ദൃശ്യവാര്‍ത്താ ചാനലുകള്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ല.
സരിതയുമായി ബന്ധപ്പെട്ട ഏതു വാര്‍ത്തയും വാക്കും തലക്കെട്ടുകളാക്കി അവര്‍ ആഘോഷിച്ചു. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍, കേസിന്റെ നാള്‍വഴികള്‍ രേഖപ്പെടുത്തലില്‍, പി.വി. കുട്ടന്റെ പേര് പലപ്പോഴും വിസ്മരിക്കപ്പെട്ടു. താനാണ് ഈ കേസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതെന്ന്, മാധ്യമലോകത്തെ, പൊതുസമൂഹത്തെ സ്വയം ഓര്‍മ്മിപ്പിക്കേണ്ട സ്ഥിതി ആ മാധ്യമപ്രവര്ത്തകന് വന്നിരിക്കുന്നു. പി.വി. കുട്ടന്റെ പേരില്‍ ഫേയ്സ്ബുക്കിലും വാട്സ്ആപ്പിലും പ്രത്യക്ഷപ്പെട്ട ‘ഒടുവില്‍ പോരാട്ടം വിജയിച്ചിരിക്കുന്നു’ എന്ന പോസ്റ്റ് അത്തരത്തിലാണ് വിലയിരുത്തപ്പെടേണ്ടത്.
2013 ഏപ്രിലില്‍ കര്‍ണ്ണാടക നിയമസഭാ തിരിഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ സമയത്താണ് പി.വി. കുട്ടന് സോളാര്‍ അഴിമതിയുടെ വിവരങ്ങള്‍ ലഭിച്ചത്. 2013 ജൂണ്‍ 11ന് രാവിലെ 10 മണിക്കാണ് കൈരളി – പീപ്പിളില്‍ വാര്‍ത്ത ‘ബ്രേക്ക്’ ചെയ്തത്. മറ്റു മാധ്യമങ്ങളും വാര്‍ത്ത ഏറ്റെടുത്തു. കുട്ടന്റെ ഭാഷയില്‍ പറഞ്ഞാല്‍ ”തുടര്‍ന്ന് സോളാര്‍ കഥകള്‍ നിറം പിടിപ്പിച്ചും അല്ലാതെയും മാധ്യമ വാര്‍ത്തകളില്‍ നിറഞ്ഞു.” സോളാര്ത്തട്ടിപ്പിന്റെ വിവരങ്ങളില്‍ അന്നത്തെ മുഖ്യമന്ത്രിക്കും മറ്റു ചില മന്ത്രിമാര്‍ക്കും സരിത എസ്. നായരുമായുള്ള (അന്ന് ലക്ഷ്മി നായര്‍) ബന്ധത്തെപ്പറ്റിയായിരുന്നു ഉണ്ടായിരുന്നത്. തുടര്‍ന്ന് പി.വി. കുട്ടന് അതിന്റെ പിന്നാലെ യാത്ര ചെയ്തു. രണ്ടു മാസത്തെ അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ കിട്ടി. അതില്‍ നൂറോളം പേജുള്ള ടെലിഫോണ്‍ രേഖകള്‍ കിട്ടി. അതോടെയാണ് ഇതിലെ അഴിമതി ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായത്. ഇത്തരം വസ്തുതാശേഖരണത്തിന്റെ ഒടുവിലായിരുന്നു ആ വാര്‍ത്ത സംപ്രേഷണം ചെയ്തത്. ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ യാതൊരു തെളിവുകളും കൈയിലില്ലാതെ ‘ബ്രേക്കിംഗ് ന്യൂസ്’ സൃഷ്ടിക്കുന്ന ദൃശ്യമാധ്യമ ലോകത്താണ്, ഈ മാധ്യമപ്രവര്ത്തകന്, അന്വേഷണം നടത്തിയതും തെളിവുകള്‍ കണ്ടെത്തിയതും!
നമ്മുടെ ടെലിവിഷന്‍ ജേണലിസം വസ്തുതകളുടെ പിന്നാലെയല്ല, പൊള്ളയായ ശബ്ദഘോഷങ്ങളുടെ പിന്നാലെയാണ് പോകുന്നതെന്ന് അരുണ്‍ഷൂരി പറഞ്ഞത് ഇവിടെ ഓര്‍ക്കുക. തനിക്കു കിട്ടിയ വാര്‍ത്ത സംബന്ധിച്ച് സ്വയം തീരുമാനങ്ങളില്‍ പി.വി. കുട്ടന് കുടുങ്ങി നിന്നില്ല എന്നതും ശ്രദ്ധേയമാണ്. വിവരങ്ങള്‍ കൈരളി ടിവിയുടെ എം.ഡി. ജോണ്‍ ബ്രിട്ടാസ്, ന്യൂസ് ഡയറക്ടര്‍ എന്‍.ഡി. ചന്ദ്രശേഖരന്, എക്സിക്യൂട്ടീവ് എഡിറ്റര്‍ എം. രാജീവ് എന്നിവരെ അപ്പപ്പോള്‍ അറിയിച്ചുകൊണ്ടിരുന്നു. വാസ്തവത്തില്‍ ഒരു വാര്‍ത്തയുടെ വളര്‍ച്ചയ്ക്ക് അത്തരം ആശയവിനിമയങ്ങള്‍, കൂടിയാലോചനകള്‍ ഉണ്ടാകുമ്പോഴാണ് അതിന് ഇരുത്തം വരുന്നത്. ലക്ഷ്മിനായര്‍ എന്ന സരിത എസ്. നായരുടെ ഫോണ്‍കോള്‍ വിശദാംശങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ സംപ്രേഷണം ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും ഔദ്യോഗിക വസതിയിലേക്കും സരിത നിരന്തരം ഫോണ്‍ ചെയ്തതിന്റെ രേഖകള്‍.
മുഖ്യമന്ത്രിയുടെ അനുചരവൃന്ദത്തില്പ്പെട്ടവരുമായി സരിത ദീര്‍ഘനേരം നടത്തിയ സംഭാഷണങ്ങളുടെ വിശദാംശങ്ങള്‍, യു.ഡി.എഫ് സര്‍ക്കാരിലെ ഭൂരിഭാഗം മന്ത്രിമാരും എം.എല്‍.എമാരുമായി സരിത നടത്തിയ ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ – ഇവിടെ നിന്നാണ് സോളാര്കഥകള് നിറം പിടിപ്പിച്ചും അല്ലാതെയും മാധ്യമങ്ങളില്‍ നിറഞ്ഞത്. ഇന്നതിനുണ്ടായിരിക്കുന്ന വഴിത്തിരിവ്, ”നിരപരാധികളെന്നു തെളിയിക്കപ്പെടുന്നതുവരെ വിശുദ്ധരെ അപരാധികളായി കാണണം” എന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ വാക്കുകളെ ഓര്‍മ്മിപ്പിക്കുന്നു.
ഡി.എസ്. വെങ്കിടേശ്വരന്, ‘മലയാളിയും ടെലിവിഷനും – ചില കുറിപ്പുകള്‍’ എന്ന ലേഖനത്തില്‍ പറയുന്നു: ”അടുത്ത കാലത്ത് ടെലിവിഷനില്‍ നിറഞ്ഞുനിന്ന സോളാര്‍ സരിതാനായര്‍ വിവാദവും അതിലുള്‍പ്പെട്ട സ്ത്രീകള്‍ അവതരിപ്പിക്കപ്പെട്ട രീതിയും ഒരു ദൃഷ്ടാന്തമായെടുക്കാവുന്നതാണ്. സ്ത്രീക്ക് നമ്മുടെ സമൂഹത്തില്‍ ഏറിവരുന്ന സാന്നിധ്യം, പങ്ക്, (അതുകൊണ്ടുതന്നെ പലതരത്തിലുള്ള നിര്‍വാഹകത്വം) ഇവയോടുള്ള പുരുഷപ്രതികരണം/ഭീതി കൂടി ഇത്തരം മാധ്യമ പ്രതിനിധാനങ്ങളിലും വ്യവഹാരങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.” (ടെലിവിഷന്‍ പഠനങ്ങള്‍, പുറം 25). വാസ്തവത്തില്‍ ടെലിവിഷനുകള്‍ സരിതയ്ക്കുനേരെ തുറന്നുവച്ച കണ്ണുകള്‍ ആസക്തിയുടേതായിരുന്നു. കാമറകള്‍ അവളുടെ ശരീരത്തെ ഭക്ഷിക്കുകയായിരുന്നു. ഒരു വലിയ ആള്‍ക്കൂട്ടത്തിന്റെ വിശപ്പ് ആ കാമറകള്ക്കുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു അവരുടെ ലൈംഗികബന്ധങ്ങള്‍ ചിത്രീകരിക്കപ്പെട്ട സിഡി അന്വേഷിച്ച് പൊലീസ് സംഘം കോയമ്പത്തൂരിലേക്ക് പോയപ്പോള്‍ അതിനുപിന്നാലെ ന്യൂസ് കാമറകള്‍ പാഞ്ഞതും അതു തത്സമയം സംപ്രേഷണം ചെയ്തതും.
ടെലിവിഷനില്‍ മാത്രമല്ല, ഇന്റര്‍നെറ്റ് ഇടങ്ങളിലും നവമാധ്യമങ്ങളിലും അവരുടേതായി പ്രചരിക്കുന്ന അശ്ലീല വീഡിയോകളും അതിന്റെ പ്രേക്ഷകരുടെ എണ്ണവും സൂചിപ്പിക്കുന്നത്, തട്ടിപ്പുകേസിന്റെ കൗതുകങ്ങളല്ല എന്നു വ്യക്തം. വാര്‍ത്താമാധ്യമ മേഖലയില്‍ അതിവേഗം അതിസമര്‍ത്ഥം അധിനിവേശം ചെയ്തിരിക്കുന്ന വിനോദസ്വഭാവത്തിന്റെ പ്രതിഫലനമാണിത്. അവിടെ ഉടല് എന്നത് ഒരു ലൈംഗിക വസ്തുവായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. സോളാര്ത്തട്ടിപ്പിന്റെ ഏതു വാര്‍ത്തയും സരിതയുടെ ഉടല്ദൃശ്യങ്ങളുടെ വിഭിന്നഭാവങ്ങളിലൂടെയും കൊളാഷിലൂടെയും ആണ് നാളിതുവരെയും വിനിമയം ചെയ്തത്. അതിപ്പോഴും തുടരുന്നു