സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 2017

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം 2017

മുരളിവൈക്കം മുരളി

മുന്‍കാലങ്ങളില്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്ന ഒക്‌ടോബര്‍ മാസത്തിലെ ആദ്യത്തെ വ്യാഴാഴ്ച ലോകമെമ്പാടുമുള്ള സാഹിത്യാസ്വാദകരുടെ പ്രതീക്ഷകള്‍ പൂവണിയുകയും ചെയ്തിരുന്നു. 1901 മുതലുള്ള ഇതിന്റെ ചരിത്രം പരിശോധിച്ചാല്‍ നോബല്‍ സമ്മാനം ലഭിച്ചിട്ടുള്ളതില്‍ ഭൂരിഭാഗവും സര്‍ഗാത്മക പ്രതിഭകളുടെ രചനകള്‍ക്കായിരുന്നു. ടോള്‍സ്റ്റോയി, ജോര്‍ജ്ജ് ലൂയിബോര്‍ഹസ്സ്, കസാന്‍ദ്‌സാക്കിസ്, അന്ന അക്മത്തോവ, മാരിന സ്വെറ്റായേവ, ഔഗസ്‌തൊറൊഅബസ്‌തോസ് കാര്‍ലോസ് ഫുയന്‍തെസ്, തസിംഹിക്‌മെത്ത് തുടങ്ങിയ മഹാപ്രതിഭകളെ ഒഴിവാക്കിയിട്ടുള്ളതായ ചരിത്രമുണ്ട്. അതേസമയം ലാറ്റിനമേരിക്കന്‍ കവയിത്രി ഗബ്രികലമിസ്ട്രാര്‍, നെരൂദ, മാരിയൊബര്‍ഗാസ്‌യോസ, ടി.എസ്. എലിയറ്റ്, റ്റോമാസ്മന്‍, ഏലിയാസ് കനേറ്റി, സാരമാഗുകാഫ്ക, സാര്‍ത്ര്, ഹാല്‍ദോര്‍ ലാക്തനെസ്, വില്ല്യംഫോക്‌നര്‍, ബോറിസ് പാസ്റ്റര്‍നാക്ക്, കവാബത്ത, കെന്‍സാ ബുറൊഒയി, അസ്തുരിയാസ് തുടങ്ങി എത്ര മഹാപ്രതിഭകളുടെ പേരുകള്‍ വേണമെങ്കിലും ചുണ്ടിക്കാണിക്കുവാന്‍ കഴിയും. ആല്‍ഫ്രഡ് ബെണ്‍ഹാര്‍ട് നോബലിന്റെ വില്‍പത്ര പ്രകാരം രൂപപ്പെടുത്തിയ ഈ പുരസ്‌കാരത്തിന്റെ സാര്‍വ്വലൗകികമായ സ്വീകാര്യത കഴിഞ്ഞ കുറെവര്‍ഷങ്ങളായി പതിനെട്ടംഗ സ്വീഡിഷ് അക്കാദമി സമിതി തകിടം മറിച്ചിരിക്കുകയാണ്. അതിന് അവര്‍ അവരുടേതായ നിലവാരം കുറഞ്ഞ കാരണങ്ങള്‍ മുന്നോട്ടുവെക്കുന്നുമുണ്ട്. രാഷ്ട്രീയത്തിന്റെ അതിരുകടന്ന സ്വാധീനം ഇന്നത്തെപ്പോലെ നോബല്‍ സമ്മാനത്തെ ഒരിക്കലും വികലമാക്കിയിട്ടുമില്ല. കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ പോപ്പ് ഗായകനും ഗാനരചയിതാവുമായ ബോബ്ഡിലന് പുരസ്‌ക്കാരം കൊടുത്തതുവഴി അക്കാദമി നോബല്‍ സമ്മാനത്തെ തരംതാഴ്ത്തുകയായിരുന്നു.

അമേരിക്കന്‍ സാഹിത്യത്തെയും അവര്‍ അപഹസിക്കുകയായിരുന്നു എന്നുള്ളതാണ് സത്യം. വില്യം ഗോള്‍ഡിങ്ങിനും, വില്യം ഫോക്‌നര്‍ക്കും, ഐവൊആന്‍ഡ്രിക്കിനും ലഭിച്ച പുരസ്‌ക്കാരമാണിതെന്ന് ഓര്‍ക്കണം. 2017ലെ അവാര്‍ഡ് പ്രഖ്യാപനത്തിലെങ്കിലും കാര്യങ്ങള്‍ മികച്ച രീതിയിലാകുമെന്ന പ്രതീക്ഷയും ഇല്ലാതായിരിക്കുന്നു. ഇത്തവണ പുരസ്‌കാരം നല്‍കിയത് ജപ്പാനിലെ നാഗസാക്കിയില്‍ 1954ല്‍ ജനിച്ച് 1960ല്‍ കുടുംബത്തോടൊപ്പം ഇംഗ്ലണ്ടിലേക്കു കുടിയേറിയ ഇംഗ്ലീഷ് എഴുത്തുകാരന്‍ കാസുവൊ ഇഷിഗുറുക്കാണ്. ജപ്പാന്‍ഭാഷയില്‍ ഇദ്ദേഹത്തിന്റെതായ രചനകള്‍ ഒന്നുംതന്നെ പുറത്തുവന്നിട്ടില്ല. തന്റെ ഭാവഗ്നതസ്പര്‍ശിയായ പ്രമേയങ്ങള്‍കൊണ്ട് പ്രശസ്തനായ എഴുത്തുകാരനാണ് ഇഷിഗുറൊയെന്ന് കുറച്ചെങ്കിലും നിരൂപകര്‍ വിലയിരുത്തുന്നുണ്ട്.

സൂക്ഷ്മമായ അന്തരംഗങ്ങള്‍ ദര്‍ശിക്കുന്ന ശുഭാപ്തിവിശ്വാസം രചനയിലേക്കു കൊണ്ടുവന്നുയെന്ന ആകര്‍ഷണവും അദ്ദേഹം നിലനിര്‍ത്തുന്നു. പക്ഷെ മൗലിക പ്രതിഭാശാലികളായ എത്രയോ എഴുത്തുകാര്‍ ഇന്ന് സമകാലീന ലോകസാഹിത്യത്തിലുണ്ട്. പോര്‍ച്ചുഗലിലെ അന്റോണിയൊ ലോബെറ അല്‍ത്യൂണ്‍സ്, സ്‌പെയിനിലെ ചാവിയര്‍ മാരിയാസ്, ഹംഗറിയിലെ പേറ്റര്‍താദംസ്, മിര്‍സിയകര്‍തറയ്ക്കു നോര്‍വീജിയന്‍ കാള്‍ ഒവെ നോസ് ഗാര്‍ഡ്, കെനിയയിലെ നൂഗി വാ തിയൊഗൊ, നിക്കാരാഗ്വയിലെ ജിയൊകോണ്ടബെല്ലി, എല്‍സാല്‍വദോറിലെ ഹൊനസിയൊ കാസ്റ്റലോനസ് മോയ, സെര്‍ബൊക്രൊയേഷ്യന്‍ ഡേവിഡ് അല്‍ബഹാരി. ജപ്പാനിലെ ഹാരുകി മുറകാമി ഇന്ത്യന്‍ എഴുത്തുകാരന്‍ അമിതാവ്‌ഘോഷ് അങ്ങനെ എത്ര പ്രതിഭാശാലികളുടെ പേരുകള്‍ വേണമെങ്കിലും എടുത്തുകാണിക്കുവാന്‍ കഴിയും. ‘ഓസ്ട്രിയന്‍ പ്രതിഭ പേറ്റര്‍ ഹാന്‍ഡ്‌കെയും വിസ്മരിക്കപ്പെട്ടിരിക്കുന്നു.

 

കാസുവൊ ഇഷിഗുറയുടെ അത്രക്കൊന്നും സമ്പന്നമല്ലാത്ത രചനാലോകം ശരിക്കും വിശ്വസാഹിത്യത്തെ പ്രതിനിധാനം ചെയ്യുന്ന ഒന്നല്ല. 1960-ല്‍ ഇംഗ്ലണ്ടിലേക്കു കുടിയേറിയതിനുശേഷം അദ്ദേഹത്തിന്റെ വിദ്യാഭ്യാസം കെന്റിലും കിഴക്കന്‍ ആംഗ്ലിയയിലുമായാണ് നടന്നത്. 1981ല്‍ അവതരണം 7 പുതിയ എഴുത്തുകാരുടെ കഥകള്‍ എന്ന സമാഹാരത്തില്‍ ഇഷിഗുറോയുടെ മൂന്നു കഥകള്‍ പ്രസിദ്ധീകരിക്കപ്പെട്ടതോടെയാണ് സാഹിത്യപരമായ ഒരു ശ്രദ്ധ അദ്ദേഹം നേടിയെടുക്കുന്നത്. ഈ സമാഹാരത്തില്‍ മാര്‍ട്ടിന്‍ അമിസ്, ജയന്‍ മക്‌വാല്‍, സാല്‍മാന്‍ റൂഷ്ദി തുടങ്ങിയവരുടെ കഥകളുമുണ്ടായിരുന്നു. ഇഷിഗുറോയുടെ ആദ്യനോവല്‍ കുന്നുകളുടെ ഒരു വിളറിയ ദൃശ്യം 1982ല്‍ പുറത്തുവന്നു. ഒരു ജപ്പാനീസ് സ്ത്രീയായ എസ്തൂക്കൊ (ഋേൌസീ) അവരുടെ പുത്രിയായ കിയിക്കൊയുടെ ആത്മഹത്യാശ്രമവുമായുള്ള ഓര്‍മ്മകളാണീ നോവലിന്റെ പ്രമേയം.

 

രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള പാശ്ചാത്യസംസ്‌കാരത്തിന്റെ കടന്നുകയറ്റം അവിടെയുണ്ടാക്കിയ ദുരന്തങ്ങളാണീ നോവലിന്റെ മൊത്തത്തിലുള്ള പ്രമേയം. മദ്ധ്യവയസ്‌ക്കയായ എസ്തൂക്കൊയും പുത്രിയും ഇംഗ്ലണ്ടിലാണ് താമസിച്ചിരുന്നത്. രണ്ടാമത്തെ നോവല്‍, പൊങ്ങിക്കിടക്കുന്ന ലോകത്തിന്റെ ഒരു കലാകാരന്‍ 1986-ല്‍ പ്രസിദ്ധീകരിച്ചു. യുദ്ധാനന്തര ജപ്പാനില്‍ താമസിക്കുന്ന മാസുജിഓനൊ എന്ന കലാകാരനായ മനുഷ്യനാണിതിലെ പ്രധാന കഥാപാത്രം. ഇംപീരിയലിസ്റ്റ് പ്രചാരണത്തില്‍പ്പെട്ട അയാള്‍ തന്റെ പഴയകാലത്തെ ഓര്‍ത്തെടുക്കുന്നു. ഭൂതകാലത്തെ നേരിടുകയെന്നത് മസൂജിയെ സംബന്ധിച്ചിടത്തോളം ദുഷ്‌ക്കരമായ ഒരു കാര്യമായിരുന്നു. 1989-ല്‍ പുറത്തുവന്ന ദിനത്തിന്റെ അവശേഷിപ്പുകള്‍ ) ബുക്കര്‍ പുരസ്‌ക്കാരം നേടുകയും പിന്നീട് 1993-ല്‍ സിനിമയാവുകയും ചെയ്തു. ഇഷിഗുറൊയുടെ മികച്ച രചനയെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന നോവലാണിത്. പ്രഥമപുരുഷ ആഖ്യാനത്തില്‍ ഒരു പ്രായം ചെന്ന ഇംഗ്ലീഷ് പാചകക്കാരന്റെ ജീവിതസമസ്യകള്‍ ഇതില്‍ വിശകലനം ചെയ്യപ്പെടുന്നു. ഇഷിഗുറൊയുടെ ആഖ്യാനത്തിന്റെ ആവര്‍ത്തനവിരസതകൊണ്ട് ഔപചാരികതയുടെ മുഖംമൂടിക്കുള്ളില്‍ കഴിയുന്ന ഈ കഥാപാത്രം തികച്ചും ഒറ്റപ്പെട്ടുനില്‍ക്കുന്നു. മറ്റുള്ളവരുടെ സൗഹൃദം ഒരു വിലക്കപ്പെട്ട വസ്തുതയായി മാറി അയാള്‍ സങ്കീര്‍ണ്ണതകള്‍ക്കുള്ളില്‍ ജീവിക്കുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അടുത്ത കാലത്താണ് കുഴിച്ചുമൂടപ്പെട്ട അതികായന്‍ പുറത്തുവന്നത്.

അത്രക്കൊന്നും പ്രശസ്തി അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയില്‍ പോലും നേടിയെടുക്കാന്‍ കഴിഞ്ഞില്ല. ഇടയ്ക്ക് കുറ്റാന്വേഷണ കഥകളിലും ശാസ്ത്രനോവലിലും ഭ്രമാത്മകതയിലുമൊക്കെ ശ്രമിച്ചുനോക്കിയെങ്കിലും സിനിമ മാത്രമാണ് അല്പമെങ്കിലും അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. മറ്റൊരു നിരാശാജനകമായ യാഥാര്‍ത്ഥ്യം സമ്മാനം കിട്ടിയതിനുശേഷമുള്ള ഇഷിഗുറൊയുടെ താരതമ്യങ്ങളാണ്. പൊതുവെ മാര്‍സല്‍പ്രൂസ്റ്റിന്റെ സമകാലീനനായ പിന്‍ഗാമി ഗാര്‍സിയ മാര്‍കേസിന്റെ രചനകളിലെ മാന്ത്രികഭാവം സൂക്ഷിക്കുന്ന എഴുത്തുകാരന്‍ എന്നൊക്കെയാണ് നോബല്‍സമിതിയടക്കം അഭിപ്രായങ്ങള്‍ വാരിച്ചൊരിയുന്നത്. ജെയിന്‍ ഓസ്റ്റിനെയും കാഫ്കയെയും ഒത്തുചേര്‍ത്താല്‍ എങ്ങനെയിരിക്കും അതാണ് ഇഷിഗുറൊയുടെ എഴുത്തിന്റെ സത്തയെന്നും വാക്കുകള്‍ വരുന്നു. അവഗണിക്കപ്പെടേണ്ട കാപട്യത്തിന്റെ തലങ്ങളാണിവയെല്ലാം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇഷിഗുറൊയുടെ കൃതികള്‍ക്ക് കാര്യമായ വിശകലനങ്ങള്‍ വരുന്നില്ല. ജെയിംസ് വുഡിനെ പോലുള്ള നിരൂപകര്‍ പോലും അദ്ദേഹത്തെ ബോധപൂര്‍വ്വം ഒഴിവാക്കുന്നു.

ഇനിയേറ്റവും അപകടകരമായ ഒരു വാര്‍ത്തയാണ് ലണ്ടനില്‍ നിന്നും കേള്‍ക്കുന്നത്. നോബല്‍ സമ്മാനം പ്രഖ്യാപിക്കുന്നതിനുമുമ്പ് തന്നെ ലിറ്റററിഏജന്റുമാരും ഊഹാപോഹക്കാരും വാതുവയ്പ്പുകാരും ചേര്‍ന്ന് ഫുട്‌ബോളിലേയും ക്രിക്കറ്റിലേയും പോലെ കോടികള്‍ ഇതിന്റെ പേരില്‍ വാരിക്കൂട്ടുന്നു. പ്രശസ്തരായവരുടെ പേരില്‍ ജനം വാതുവയ്ക്കുമ്പോള്‍ സമ്മാനം പുറത്തുവരുമ്പോള്‍ ഇഷിഗുറൊയെ പോലുള്ളവര്‍ അത് നേടിയെടുക്കുന്ന അവസ്ഥയില്‍ വാതുവയ്ക്കുന്നവരുടെ നഷ്ടം അതിഭീകരമാണ്. നോബല്‍സമിതിക്ക് ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ട ഒരവസ്ഥയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇത് കാലം തെളിയിക്കട്ടെ. ആല്‍ഫ്രഡ് നോബല്‍ വിചിന്തനം ചെയ്തത് എന്തോ അതിവിടെ തകര്‍ന്നുവീഴുകയാണ്. ഇനിയും ഈ കളി ആവര്‍ത്തിച്ചാല്‍ നഷ്ടം ലോകസാഹിത്യത്തിനും അതിനെ താങ്ങിനിര്‍ത്തുന്ന മഹാപ്രതിഭകള്‍ക്കുമാണ്. പാട്ടുകാരനും പാട്ടെഴുത്തുകാരനും തരംതാണ എഴുത്തുകാരും ചേര്‍ന്നതിനെ തമസ്‌ക്കരിക്കുന്നത് വേദനയോടെ മാത്രമെ കാണുവാന്‍ കഴിയൂന്നു.

 

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<