വര്‍ത്തമാനകാല ബാങ്കിംഗും സാധാരണ ജനങ്ങളും

വര്‍ത്തമാനകാല ബാങ്കിംഗും  സാധാരണ ജനങ്ങളും
ഫോക്കസ് കെ.ജി സുധാകരന്‍   ര്‍ച്ചന ഭാര്‍ഗവ 1977ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ മാനേജ്‌മെന്റ് ട്രെയിനിയായി ജോലിയില്‍ പ്രവേശിച്ചു. മിടുക്കിയായതുകൊണ്ട് ഉന്നതങ്ങളില്‍ സ്ഥാനം പിടിക്കാന്‍ സാധിച്ചു. കനറാബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറും പിന്നീട് യുനൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ആയി. 2014 ഫെബ്രുവരി മാസത്തില്‍ വളണ്ടറി റിട്ടയര്‍മെന്റ് വാങ്ങി. ആരോഗ്യപരമായ കാരണങ്ങള്‍ പറഞ്ഞാണ് റിട്ടയര്‍മെന്റ് വാങ്ങിയത്.

അര്‍ച്ചനയുടെ അഴിമതിക്കഥകള്‍ ഓരോന്നായി പുറത്തുവരികയാണ്. അനധികൃതമായി സമ്പാദിച്ച വസ്തുക്കള്‍ സി ബി ഐ കണ്ടെടുത്തു. ഡല്‍ഹിയിലും മുംബൈയിലും ഉള്ള ബംഗ്ലാവുകള്‍ റെയ്ഡ് ചെയ്ത് 13.5 കോടി വിലമതിക്കുന്ന ആഭരണങ്ങളും നിക്ഷേപങ്ങളും കണ്ടെടുത്തു. 2013 ഡിസംബറില്‍ യുനൈറ്റഡ് ബാങ്കിന്റെ നഷ്ടം 1238 കോടി രൂപ. ബാങ്കിന്റെ നില മെച്ചപ്പെടുത്തുന്നതിനു പകരം വഴിവിട്ട് വായ്പകള്‍ നല്‍കാനാണ് അര്‍ച്ചന ശ്രമിച്ചത്. തന്റെ ഭര്‍ത്താവും മകനും ഉടമകളായ കമ്പനിക്കും വായ്പ നല്‍കി. മാത്രമല്ല ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് നിരസിച്ച പല വായ്പകളും നല്‍കാനും അര്‍ച്ചന മടിച്ചില്ല. സിന്‍ഡിക്കേറ്റ് ബാങ്ക് ചെയര്‍മാന്‍ ആയിരുന്ന സുധീര്‍കുമാര്‍ ജയിന്‍ വായ്പ നല്‍കാന്‍ 50 ലക്ഷം രൂപയാണ് കൈക്കൂലി വാങ്ങിയത്. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നടക്കുന്ന അഴിമതിയുടെ ചെറിയൊരു ചിത്രം മാത്രമാണിത്. ഇവരൊക്കെ നിരവധി പ്രക്രിയകള്‍ തരണം ചെയ്ത് ഉന്നത പദവിയില്‍ എത്തിയവരാണ്. എന്നാല്‍ ഇന്ന് മോഡി ഭരണം തുടരുമ്പോള്‍ ആര്‍ക്കുവേണമെങ്കിലും പൊതുമേഖലാ ബാങ്കിന്റെ ചെയര്‍മാനോ എക്‌സിക്യൂട്ടീവ് ഡയറക്ടറോ ആവാം. അഴിമതി ഇനിയും വ്യാപിക്കും എന്ന സൂചനകളാണ് ലഭിക്കുന്നത്.

 

പൊതുമേഖലാ ബാങ്കുകളുടെ ശവപ്പെട്ടിക്ക് ആണി അടിക്കുകയാണ് മോഡി സര്‍ക്കാര്‍. ലയനം നടപ്പിലാക്കി ബാങ്കുകള്‍ ഉറ്റ ചങ്ങാതിമാരായ കോര്‍പ്പറേറ്റുകളെ ഏല്‍പ്പിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു. ബാങ്ക് ബോര്‍ഡ് ബ്യൂറോ രംഗത്ത് സജീവമാണ്. ബാങ്ക് ചെയര്‍മാന്മാരെയും എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയും തെരഞ്ഞെടുക്കാന്‍ ഇന്റര്‍വ്യൂ നടക്കുകയാണ്. ആര്‍ക്കും പങ്കെടുക്കാം. ആരെയും ബാങ്ക് ഉന്നതാധികാരിയായി നിയമിക്കാം. മാത്രമല്ല ഇനി മുതല്‍ പൊതുമേഖലാ ബാങ്കുകളിലെ ഓഡിറ്റ് ആര് നടത്തണമെന്ന് ഈ സമിതി

തീരുമാനിക്കുക. റിസര്‍വ്വ് ബാങ്കും ധനമന്ത്രാലയവും നോക്കുകുത്തികള്‍ മാത്രം. ഒരു ജനാധിപത്യ രാജ്യത്ത് കാര്യങ്ങള്‍ നോക്കി നടത്താന്‍ ഒരുപിടി കോര്‍പ്പറേറ്റുകള്‍. ഒപ്പം പാദസേവ തുടരുന്ന തല്‍പ്പരകക്ഷികളും.

സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍ക്ക് വേഗതയും മൂര്‍ച്ചയും കൂടുകയാണ്. കണ്ണു ചിമ്മി തുറക്കുമ്പോഴേക്കും വലിയ മാറ്റങ്ങളാണ് ഇന്ത്യന്‍ ബാങ്കിംഗ് മേഖലയില്‍ നടക്കുന്നത്. വോട്ട് ചെയ്ത് അധികാരത്തില്‍ ഏറ്റിയ ജനതയെ ഇത്രയും ക്രൂരമായി ആക്രമിക്കാന്‍ ഒരുപക്ഷേ ഈ ഭീകര ഫാസിസ്റ്റുകള്‍ക്ക് മാത്രമേ കഴിയൂ. ബാങ്കുകള്‍ തന്നെ കുത്തകകളെ ഏല്‍പ്പിക്കാന്‍ നടപടികള്‍ തുടരുകയാണ്. പൊതുമേഖലാ ബാങ്കുകളുടെ തലപ്പത്ത് ഇനി മുതല്‍ സ്വകാര്യ മേഖലയിലെ മിടുക്കന്മാര്‍ ആയിരിക്കും. അവരെ നിയമിക്കാന്‍ ബാങ്ക് ബോര്‍ഡ് ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ആദ്യ യോഗം 2016 ഏപ്രില്‍ 8ന് നടന്നു. മുന്‍ സി.എ.ജി ആയിരുന്ന വിനോദ്‌റായ് ആണ് ഈ ബോര്‍ഡിന്റെ ചെയര്‍മാന്‍. ആസ്ഥാനം മുംബൈ. സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താന്‍ ഇനി അധികം ദൂരമില്ല എന്നാണ് സൂചനകള്‍.

ജനവിരുദ്ധ ബാങ്കിംഗ് പരിഷ്‌ക്കാരങ്ങള്‍ അതിവേഗതയിലാണ് മോഡി സര്‍ക്കാര്‍ തുടരുന്നത്. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണം സമ്പദ്ഘടനയില്‍ സൃഷ്ടിക്കുന്ന കനത്ത ആഘാതങ്ങള്‍ തീരെ ഗൗനിക്കാതെയാണ് പരിഷ്‌ക്കാരങ്ങള്‍ക്ക് വേഗത വര്‍ധിപ്പിക്കുന്നത്. Payment Bank, Small Bank തുടങ്ങിയ പേരുകളില്‍ സ്വകാര്യ മേഖലയില്‍ പെട്ടിക്കട ബാങ്കുകള്‍ കച്ചവടം തുടങ്ങി. നാളിതുവരെ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമായിരുന്ന സേവനങ്ങള്‍ അപ്രത്യക്ഷമാകുകയാണ്. സ്വകാര്യ ബാങ്കുകള്‍ ഗ്രാമ നഗര വ്യത്യാസമില്ലാതെ ചൂതാട്ട കേന്ദ്രങ്ങളായി മാറുകയാണ്.

   

No comments

Write a comment
No Comments Yet! You can be first to comment this post!

Write a Comment

<